This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുവര്‍ പത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുവര്‍ പത്രം

ഒരു വാര്‍ത്താമാധ്യമം. 14-ാം ശതകത്തില്‍ അച്ചടിയുടെ കണ്ടുപിടിത്തവും വാണിജ്യവികസനവുമാണ് വൃത്താന്തപത്രങ്ങളെ പ്രചാരത്തില്‍ കൊണ്ടുവന്നത്. അച്ചടിച്ച വൃത്താന്തപത്രങ്ങളുടെ ആവിര്‍ഭാവത്തിനുമുമ്പ്, വാമൊഴിയിലൂടെയും ചുവര്‍ പത്രങ്ങളിലൂടെയുമാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്. പേപ്പറില്‍ വാര്‍ത്തകളും മറ്റു വിവരങ്ങളും എഴുതി, ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ ചുവരുകളില്‍ പതിക്കുന്നു. ഈ രീതിയിലുള്ള വാര്‍ത്താവിതരണത്തെയാണ് ചുവര്‍ പത്രം എന്നു പറയുന്നത്.റോമാ സാമ്രാജ്യത്തിന്റെ അന്ത്യനാളുകളില്‍ ആക്ട ദ്യുര്‍ണ (Acta Diurna), ആക്ട സെനറ്റ്സ് (Acta senatus), ആക്ട പബ്ലിക്ക (Acta publica) തുടങ്ങിയ പേരുകളില്‍ കൈകൊണ്ട് എഴുതിയ പത്രങ്ങള്‍ ചുവരുകളില്‍ പതിക്കുക പതിവായിരുന്നു. നിയമ നിര്‍മാണം, നിയമസഭാ പ്രസംഗങ്ങള്‍ തുടങ്ങി റോമന്‍ സെനറ്റിനെ സംബന്ധിച്ച വാര്‍ത്തകള്‍ വരെ ഇത്തരം ചുവര്‍ പത്രങ്ങളിലൂടെയായിരുന്നു ജനങ്ങളെ അറിയിച്ചിരുന്നത്. ജൂലിയസ് സീസറിന്റെ ഭരണകാലത്ത്, സെനറ്റിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ രേഖപ്പെടുത്തിയ പത്രങ്ങള്‍ ജനങ്ങളുടെ അറിവിലേക്കായി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പഴയ ചൈനീസ് സാമ്രാജ്യം 'മെട്രോപ്പൊലിറ്റന്‍ ഗസറ്റുകള്‍' എന്ന പേരില്‍ ചുവര്‍ പത്രങ്ങള്‍ ഇറക്കിയിരുന്നു. ഭരണകൂടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത്തരം ചുവര്‍ പത്രങ്ങളിലൂടെയായിരുന്നു ജനങ്ങള്‍ അറിഞ്ഞിരുന്നത്. അച്ചടിയുടെ ആവിര്‍ഭാവത്തിനുമുമ്പ്, വ്യാപാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കിയിരുന്നത് ചുവര്‍ പത്രങ്ങളിലൂടെയായിരുന്നു.

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടങ്ങളില്‍, രാഷ്ട്രീയ പ്രചാരണത്തിന്റെ രംഗത്ത് ചുവര്‍ പത്രങ്ങള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യനാളുകളിലെ മുഖ്യപ്രചാരണോപാധി ചുവര്‍ പത്രമായിരുന്നു. പോസ്റ്ററുകള്‍, വാര്‍ത്താബോര്‍ഡുകള്‍ എന്നിവ വ്യാപകമായതോടെ ചുവര്‍ പത്രങ്ങളുടെ പ്രചാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍