This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുവപ്പുകോട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുവപ്പുകോട്ട

Red Fort

ചുവപ്പുകോട്ട

പഴയ ഡല്‍ഹിയില്‍, യമുനയുടെ തീരത്തായുള്ള ഒരു മുഗള്‍കൊട്ടാരം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതാണിത്. 11 വര്‍ഷക്കാലം തലസ്ഥാനമായിരുന്ന ആഗ്രയില്‍നിന്നും ഷാജഹാന്‍ തലസ്ഥാനനഗരം ഡല്‍ഹിയിലേക്ക് മാറ്റിയതോടെ ഈ നഗരം അതിന്റെ നഷ്ടപ്പെട്ട ഗാംഭീര്യം വീണ്ടെടുത്തു. ആഗ്രയിലും ലാഹോറിലുമുള്ള തന്റെ കൊട്ടാരങ്ങളോട് കിടപിടിക്കത്തക്ക ഒന്ന് ഡല്‍ഹിയിലും പണിയുവാന്‍ ഇദ്ദേഹം ശില്പികളോട് ആവശ്യപ്പെട്ടു. 1638-ലാണ് ചുവപ്പുകോട്ടയുടെ ശിലാസ്ഥാപനം. തുടക്കത്തില്‍ നിര്‍മാണ മേല്‍നോട്ടം ഇസ്സത്ത് ഖാന് ആയിരുന്നു. പിന്നീടത് അല്ലാവര്‍ദി ഖാന് ആയി. മക്ക്റാമത്ത് ഖാന്റെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത് (1648). അഹമദ്, ഹമീദ് എന്നീ പ്രസിദ്ധ വാസ്തുശില്പികളായിരുന്നു ഇത് രൂപകല്പന ചെയ്തത്. മുഹമ്മദ് സാലി എന്ന ഔദ്യോഗിക ചരിത്രകാരന്‍ തന്റെ ലിഖിതങ്ങളില്‍ ചുവപ്പുകോട്ടയുടെ ഉദ്ഘാടനച്ചടങ്ങ് വളരെ ആര്‍ഭാടകരവും വര്‍ണപ്പൊലിമയുള്ളതുമായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കോട്ട നിര്‍മിക്കുവാനുപയോഗിച്ചിരിക്കുന്ന ചുവപ്പുമണല്‍ക്കല്ലുകളാണ് ഈ കോട്ടയ്ക്ക് ചുവപ്പുകോട്ട എന്ന പേര് നല്കിയത്. ഈ കോട്ട നില്ക്കുന്ന പ്രദേശം പണ്ട് ഷാജഹാനാബാദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരാതനകാലത്തെയും ആധുനികകാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ കോട്ടയില്‍വച്ച് സ്വാതന്ത്യ്രദിന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. 'പൗരസ്ത്യ ദേശത്തെയെന്നല്ല, ഒരു പക്ഷേ ലോകത്തിലേക്കേറ്റവും വലിയ കൊട്ടാരം' എന്ന് പ്രശസ്ത സഞ്ചാരിയായിരുന്ന ഫര്‍ഗ്സന്‍ തന്റെ യാത്രാവിവരണങ്ങളില്‍ ചുവപ്പുകോട്ടയെ വിവരിക്കുന്നു. ഷാജഹാന്‍ സ്ഥാപിച്ച മഹത്തായ 'ഏഴാം ഡല്‍ഹി സാമ്രാജ്യ'ത്തിന്റെ നിത്യസ്മാരകമാണ് ചുവപ്പുകോട്ട.

ചുവപ്പുകോട്ടയ്ക്ക് അസമമായ അഷ്ടഭുജാകൃതിയാണുള്ളത്. നീളംകൂടിയ രണ്ടു ഭാഗങ്ങള്‍ കിഴക്കുപടിഞ്ഞാറും നീളം കുറഞ്ഞ ആറ് ഭാഗങ്ങള്‍ തെക്കുവടക്കായും സ്ഥിതിചെയ്യുന്നു. ഈ കോട്ടയ്ക്ക് മൊത്തത്തില്‍ 915 മീ. നീളവും 518 മീ. വീതിയുമുണ്ട്. 2.4 കി.മീ. ആണ് ഇതിന്റെ ചുറ്റളവ്. നദിക്കഭിമുഖമായി വരുന്ന ഭാഗങ്ങളിലെ ചുറ്റുമതിലിന് താരതമ്യേന ഉയരം കുറവാണ്: 18.2 മീ. മറ്റു ഭാഗങ്ങളില്‍ ഇത് 33.5 മീ. വരെയുണ്ടാവും. കോട്ടയ്ക്ക് ചുറ്റുമായി 9.1 മീ. താഴ്ചയും 22.8 മീ. വീതിയുമുള്ള ഒരു കിടങ്ങുണ്ട്. നദിയോട് അടുത്തുകിടക്കുന്ന കോട്ടഭാഗത്ത് കിടങ്ങില്ല. ബെര്‍ണിയെ എന്ന ഫ്രഞ്ച് സഞ്ചാരിയുടെ വിവരണങ്ങളില്‍നിന്നും മുഗള്‍ഭരണകാലത്ത് ഈ കിടങ്ങ് വെള്ളം നിറഞ്ഞതും ധാരാളം മത്സ്യങ്ങളുള്ളതും ആയിരുന്നുവെന്ന് മനസ്സിലാക്കാം. കാവല്‍ഗോപുരത്തിനടുത്ത് കിടങ്ങിന് കുറുകെയായി വലിച്ചുമാറ്റാവുന്ന തടിപ്പാലങ്ങളുണ്ടായിരുന്നു. ഇന്ന് അവിടെ കാണുന്ന പാലങ്ങള്‍ അക്ബര്‍ II മാറ്റി സ്ഥാപിച്ചതാണ്. ഗോപുരങ്ങളും കാവല്‍പ്പുരകളും മണിമാളികകളും തുടങ്ങി ഈ കോട്ടയുടെ ഓരോ ഭാഗവും മുഗള്‍ സാമ്രാജ്യത്തിന്റെ മഹനീയ ശില്പബോധം വിളിച്ചോതുന്നവയാണ്.

ചുവപ്പുകോട്ട പുറംലോകവുമായി ലാഹോര്‍ ഗേറ്റുവഴിയും ഡല്‍ഹി ഗേറ്റുവഴിയും ബന്ധപ്പെട്ടിരിക്കുന്നു. പാകിസ്താനിലെ ലാഹോര്‍ നഗരത്തിനഭിമുഖമായി നിലകൊള്ളുന്ന 70 മീ. നീളവും 8 മീ. വീതിയും 12.5 മീ. ഉയരവുമുള്ള ലാഹോര്‍ ഗേറ്റാണ് മുഖ്യ കവാടം. ചാന്ദ്നീ ചൗക്കിലേക്ക് തുറക്കുന്ന ഈ കവാടം ഇപ്പോള്‍ വിക്ടോറിയാ ഗേറ്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനടുത്തായി 12 മീ. ഉയരത്തിലുള്ള കാവല്‍ഗോപുരം അറംഗസേബിന്റെ കാലത്ത് പണി കഴിപ്പിച്ചതാണ്.

ലാഹോര്‍ ഗേറ്റിനടുത്തായി കമാനാലങ്കൃതമായ 32 മുറികള്‍ കാണാം. മുഗള്‍ ഭരണകാലത്തെ പ്രധാന ആഭരണ വ്യാപാരകേന്ദ്രങ്ങളായിരുന്നു ഇവ. ഇവ കടന്ന് നേരെ എത്തുന്നത് നൌബത്ത് അഥവാ നഖാര്‍ ഖാനയിലേക്കാണ്. രാജകീയവാദ്യമേളക്കാരുടെ ആസ്ഥാനമായിരുന്ന നഖാര്‍ ഖാനയാണ് ചുവപ്പുകോട്ടയിലെ പ്രധാനമന്ദിരമായ ദിവാനി ആമിലേക്കുള്ള പ്രവേശനകവാടം. 164.5 മീ. നീളവും 128 മീ. വീതിയുമുള്ള ദിവാനി ആമില്‍ വച്ചായിരുന്നു രാജാവ് പൊതുജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നത്.

യമുനാതീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ദിവാനി ഖാസ് തനിക്ക് വേണ്ടപ്പെട്ടവരുമായുള്ള ചര്‍ച്ചകള്‍ക്കുവേണ്ടി രാജാവ് ഉപയോഗപ്പെടുത്തി. ഈ ചര്‍ച്ചാവേദിക്ക് 27.5 മീ. നീളവും 20.5 മീ. വീതിയുമുണ്ട്. വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ മന്ദിരവും ഇതിലെ തൂണുകളും ഷാജഹാന്റെ മണിമന്ദിരങ്ങളില്‍ ഏറ്റവും വശ്യതയാര്‍ന്നതാണ്. ഇവിടെയുള്ള വിശാലമായ ഒരു മുറിയുടെ മേല്‍ക്കൂര വെള്ളിയില്‍ തീര്‍ത്തതായിരുന്നു. ഇത് മറാത്താ ഭരണാധികാരികള്‍ ഇല്ലാതാക്കി.

ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതും ശില്പഭംഗിയുള്ളതുമായ ദിവാനി ഖാസ് മുഗളരുടെ പല ദുരന്തങ്ങള്‍ക്കും മൂകസാക്ഷിയായിട്ടുണ്ട്. 1739-ല്‍ നാദര്‍ ഷാ മുഹമദ് ഷായെ തോല്പിച്ച് വിലപിടിച്ച പല വസ്തുക്കളും കൊള്ളയടിച്ചത് ഇവിടെ വച്ചാണ്. 1757-ല്‍ അഹമദ് ഷാ അബ്ദാലി വീണ്ടും ഇവിടം കൊള്ളയടിച്ചു. 1785-ല്‍ റോഹിലാനേതാവായിരുന്ന ഗുലാം ഖാദര്‍ ഇവിടം ആക്രമിച്ച് ഷാ ആലം ചക്രവര്‍ത്തിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. 1857-ല്‍ ജനങ്ങള്‍ ഹിന്ദുസ്ഥാന്‍ ചക്രവര്‍ത്തിയായി അവരോധിച്ച ബഹാദൂര്‍ ഷാ I-നെ ബ്രിട്ടീഷുകാര്‍ വിചാരണ ചെയ്ത് റംഗൂണിലേക്ക് നാടുകടത്തിയതും ഇവിടെ വച്ചുതന്നെ. ദിവാനി ഖാസിന്റെ മധ്യത്തായി ഇപ്പോഴും കാണുന്ന മാര്‍ബിള്‍ പ്ലാറ്റ്ഫോമിലാണ് വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സ്ഥാപിച്ചിരുന്നത്. 1739-ല്‍ ഇവിടം ആക്രമിച്ച നാദിര്‍ ഷാ മറ്റു പലതിനോടുമൊപ്പം മയൂരസിംഹാസനവും കൊള്ളയടിച്ചു.

അലങ്കാരങ്ങളുടെ മാസ്മരികഭംഗി വഴിഞ്ഞൊഴുകുന്ന 'രംഗ് മഹല്‍' 47 മീ. നീളവും 21 മീ. വീതിയുമുള്ള മനോഹരസൗധമാണ്. ഇവിടത്തെ മച്ചുകളും ചുവരുകളും തൂണുകളുമെല്ലാം കൊത്തുപണികളാലും ചിത്രങ്ങളാലും നിറഞ്ഞിരിക്കുന്നു. മധ്യഭാഗത്തായുള്ള കൃത്രിമജലധാരായന്ത്രം ശ്രദ്ധേയമാണ്. രത്നഖചിതവും ശില്പാലങ്കൃതവുമായ വിവിധ വര്‍ണ മാര്‍ബിളുകളില്‍ തീര്‍ത്ത ഈ ജലധാരയുടെ പല ഭാഗങ്ങളും ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിലേക്കുവേണ്ട ജലമെത്തിച്ചിരുന്നത് 10 കി.മീ. അകലെയുള്ള യമുനയില്‍ നിന്നായിരുന്നു.

രംഗ് മഹലിനും ദിവാനി ആമിനുമിടയിലായി മനോഹരമായ ഒരു ഉദ്യാനമുണ്ട്. ചുവപ്പുകോട്ടയിലെ മറ്റ് പ്രധാന മന്ദിരങ്ങള്‍ മുസമാംബര്‍ജ് എന്ന അഷ്ടഭുജഗോപുരം, ഖ്വാബ്ഗഡ് എന്ന ശയ്യാഗൃഹം, ഷാബര്‍ജ് എന്ന രാജകീയഗോപുരം, ഹമാം (രാജകീയ സ്നാനഘട്ടം), മഴമേഘങ്ങളുടെ പേരുള്ള രണ്ട് പവിലിയനുകള്‍ എന്നിവയാണ്. 'മുത്തുകളുടെ ശേഖരം' എന്നര്‍ഥം വരുന്ന 'മോത്തി മസ്ജിദ്' ചുവപ്പുകോട്ടയില്‍ നിര്‍മിച്ചുചേര്‍ത്തത് അറംഗസേബും 'രത്നങ്ങളുടെ കൊട്ടാരം' എന്നര്‍ഥമുള്ള 'ഹീറാ മന്‍സില്‍' നിര്‍മിച്ചത് ബഹാദൂര്‍ ഷായുമാണ്.

ലോകപ്രശസ്തങ്ങളായ മയൂരസിംഹാസനവും കോഹിനൂര്‍ രത്നവും വിലപിടിപ്പുള്ള മറ്റനേകം രത്നങ്ങളും ആഭരണങ്ങളും ചുവപ്പുകോട്ടയിലുണ്ടായിരുന്നു. ഈ അമൂല്യശേഖരങ്ങളെല്ലാംതന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പഴയ പ്രതാപവും ഗാംഭീര്യവും നഷ്ടപ്പെട്ടുവെങ്കിലും ഇന്നും ചുവപ്പുകോട്ട ലോകത്തിലെതന്നെ അദ്ഭുതമാണ്. ഇവിടത്തെ ഓരോ മുക്കും മൂലയും മുഗള്‍സാമ്രാട്ടിന്റെ സൌന്ദര്യബോധവും പ്രൌഢിയും വിളിച്ചുപറയുന്നു.

ചുവപ്പുകോട്ടയുടെ ചരിത്രം 'ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ'യിലൂടെ എല്ലാ ദിവസവും വൈകുന്നേരം കോട്ടയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 'ഇന്ത്യാ വിനോദസഞ്ചാരവികസന കേന്ദ്ര'ത്തിന്റെ മേല്‍നോട്ടത്തിലാണ് ഇത് നടത്തുന്നത്. ചരിത്രത്തിന്റെ ഏടുകളിലൂടെ കടന്നുപോകുന്ന ഈ ദൃശ്യാവിഷ്കാരം ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 50 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വപരിപാടി ഏഷ്യയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍