This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുഴലിക്കൊടുങ്കാറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുഴലിക്കൊടുങ്കാറ്റുകള്‍

Cyclones

ചുറ്റിയടിക്കുന്നതും വേഗമേറിയതുമായ ഒരുതരം കൊടുങ്കാറ്റ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ രൂപംകൊള്ളുന്ന ഇത്തരം കൊടുങ്കാറ്റുകള്‍ സര്‍വസാധാരണമായി കാണാറുള്ളത് അറേബ്യന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗങ്ങളിലുമാണ്. ഉത്തരാര്‍ധഗോളത്തില്‍ കാറ്റ് അപ്രദക്ഷിണദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ പ്രദക്ഷിണദിശയിലും ചുറ്റിത്തിരിയുന്നതിന്റെ ഫലമായി അന്തരീക്ഷത്തില്‍ സംജാതമാകുന്ന ശക്തമായ ന്യൂനമര്‍ദവ്യവസ്ഥയാണ് ചുഴലിക്കാറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കാറ്റിന്റെ ചംക്രമണത്തിലുള്ള പ്രത്യേകതമൂലം ഈ വ്യൂഹത്തിന്റെ കേന്ദ്രഭാഗത്തിന് ചുറ്റുപാടിനെ അപേക്ഷിച്ച് മര്‍ദം വളരെ കുറവാകുന്നു.

വെസ്റ്റ് ഇന്‍ഡീസില്‍ 'ഹരിക്കേന്‍' എന്നറിയപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീന്‍ ദ്വീപുകളിലും ചൈനാക്കടലിലും ജന്മമെടുക്കുമ്പോള്‍ 'ടൈഫൂണ്‍' എന്നാണ് അറിയപ്പെടുന്നത്.

ചുഴലിക്കൊടുങ്കാറ്റിന്റെ വേഗത മണിക്കൂറില്‍ 32 മുതല്‍ 48 കി.മീ. വരെയാകാം. എന്നാല്‍ കാറ്റ് ചുറ്റിത്തിരിയുന്നതിന്റെ വേഗത മണിക്കൂറില്‍ 144-210 കി.മീ. വരെയാകുന്നു. 80 മുതല്‍ 1440 കി.മീ. വരെയാണ് ചുഴലിക്കൊടുങ്കാറ്റിന്റെ സാധാരണ വ്യാസം.

ചുഴലിക്കൊടുങ്കാറ്റ് രൂപംകൊള്ളുന്ന പ്രദേശങ്ങളെ ആസ്പദമാക്കി പ്രധാനമായി രണ്ടുതരത്തില്‍ ഇതിനെ വര്‍ഗീകരിച്ചിരിക്കുന്നു: (1) ഉഷ്ണമേഖലാ സൈക്ലോണുകള്‍ (Tropical cyclones), (2) ക്രാന്തിമണ്ഡലാതീത സൈക്ലോണുകള്‍ (Extra-tropical cyclones). ഉഷ്ണമേഖലാ സൈക്ലോണുകള്‍. എന്നാല്‍ മധ്യ-അക്ഷാംശപ്രദേശങ്ങളില്‍ ജന്മമെടുക്കുന്നവ ക്രാന്തിമണ്ഡലാതീത സൈക്ലോണുകള്‍ എന്നറിയപ്പെടുന്നു. ഇവയെ അപേക്ഷിച്ച് ഉഷ്ണമേഖലാ സൈക്ലോണുകളാണ് താരതമ്യേന കൂടുതല്‍ അപകടകാരികള്‍. വ്യത്യസ്തരീതികളില്‍ ഇവ രൂപം കൊള്ളുന്നു.

സൈക്ലോജെനസിസ്. ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന പ്രത്യേക പ്രതിഭാസമാണ് സൈക്ലോജെനസിസ് എന്നറിയപ്പെടുന്നത്. അന്തരീക്ഷത്തിലെ മര്‍ദം കുറവായ മേഖലകളിലാണ് ചുഴലികള്‍ എപ്പോഴും രൂപംകൊള്ളുന്നത്. ചുഴലിയോടനുബന്ധിച്ച് ഉദ്ഭൂതമാകുന്ന ന്യൂനമര്‍ദത്തെ സൈക്ലോജെനസിസ് എന്ന പദം കൊണ്ടു സൂചിപ്പിക്കുന്നു. മിക്കപ്പോഴും ചുഴലിക്കാറ്റുണ്ടാകുന്നതിന്റെ പെട്ടെന്നുള്ള കാരണം അന്തരീക്ഷത്തില്‍ തിരശ്ചീനമായി സംഭവിക്കുന്ന വായുവിന്റെ ഏകദിശയിലേക്കുള്ള ത്വരിതകേന്ദ്രീകരണമാണ്.

അന്തരീക്ഷത്തില്‍ മര്‍ദം കുറഞ്ഞ മേഖലയിലേക്കാണ് സാധാരണയായി ഇപ്രകാരം വായുപ്രവാഹം ഉണ്ടാകുന്നത്. ഭൂമിയുടെ പ്രത്യേകഭ്രമണരീതിമൂലം ഉത്തരാര്‍ധഗോളത്തില്‍ വായു ഒരു ന്യൂനമര്‍ദകേന്ദ്രത്തിനു ചുറ്റും അപ്രദക്ഷിണദിശയിലും (anti clockwise) ദക്ഷിണാര്‍ധഗോളത്തില്‍ പ്രദക്ഷിണദിശയിലും (clockwise)മാത്രമേ സഞ്ചരിക്കൂ.

ഉഷ്ണമേഖലാചുഴലികള്‍ സാധാരണ രൂപംകൊള്ളുന്നത് മിതോഷ്ണ സമുദ്രജലോപരിതലത്തിലാണ്. ഈ മേഖലകളില്‍ ജലത്തിന്റെ ഉപരിതലോഷ്മാവ് 26°C മുതല്‍ 29°C വരെയായിരിക്കും. ഭൂമധ്യരേഖയില്‍നിന്ന് 5° മുതല്‍ 20° വരെ വടക്കോട്ടോ തെക്കോട്ടോ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റുകള്‍ രൂപംകൊള്ളുന്നത്. വടക്കുപടിഞ്ഞാറന്‍ പസിഫിക് സമുദ്രം ഒഴിച്ചുള്ള പ്രദേശങ്ങളിലെല്ലാം ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റുകള്‍ ജന്മമെടുക്കുന്നത് വേനല്‍ക്കാലത്തും ശരത്കാലത്തുമാകുന്നു. എന്നാല്‍ വടക്കു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തില്‍ ചില കൊടുങ്കാറ്റുകള്‍ വസന്തത്തിലും ശിശിരത്തിലും രൂപം കൊള്ളാറുണ്ട്. ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ രൂപവത്കരണം നടക്കുന്നത് നന്നേ ഈര്‍പ്പമുള്ളതും സോപാധികമായി അസ്ഥിരവും എന്നാല്‍ തിരശ്ചീനമായി ഐകരൂപ്യമുള്ളതും ആയ വായുപിണ്ഡത്തിലാണ്. താഴ്ന്നതലങ്ങളില്‍ തിരശ്ചീനമായി കേന്ദ്രീകരിക്കുന്ന വായുസഞ്ചാരമാണ് ഉഷ്ണമേഖലാചുഴലിക്കാറ്റിനെ രൂപപ്പെടുത്തി പരിരക്ഷിക്കുന്നത്. മാത്രമല്ല, ഇത്തരം ചുഴലിക്കാറ്റിലെ പ്രചണ്ഡമായ ചാക്രികചംക്രമണത്തെ രൂപപ്പെടുത്തുന്നതും പരിരക്ഷിക്കുന്നതും ഇതേപോലുള്ള കേന്ദ്രീകൃത-വായുസഞ്ചാരമാണുതാനും. വായു, കേന്ദ്രാഭിമുഖമായി ചുറ്റിത്തിരിയുകയും ഒപ്പം കേന്ദ്രത്തില്‍നിന്ന് കുറേ അകലെവച്ചുതന്നെ മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ഇപ്രകാരം ചംക്രമണഗതിയില്‍ വായു ഉയര്‍ന്ന ദിശയില്‍ എത്തിച്ചേരും.

ട്രോപസ്ഫീറിന്റെ മേല്‍ത്തട്ടില്‍വച്ച് വായു തിരശ്ചീനമായി വ്യാപരിക്കുന്നതിന്റെ ഫലമായി വായുവിന് അതിന്റെ ചാക്രികചംക്രമണം നഷ്ടമാവുന്നു.

ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ രൂപവത്കരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളുണ്ട്: (1) ആരോഹണം ചെയ്യുന്ന വായുപ്രവാഹത്തില്‍ നിന്നും ഘനീകരണം/സാന്ദ്രീകരണംമൂലം മുക്തമാകുന്ന താപം, (2) ഭൗമോപരിതലത്തിനു സമീപമുള്ള പ്രക്ഷുബ്ധമായ വായുഘര്‍ഷണം. ഈ പ്രക്രിയയെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഉഷ്ണമേഖലാ ചുഴലിക്കാറ്റ് എങ്ങനെ എവിടെവച്ച് രൂപംകൊള്ളുന്നു എന്നതിനെക്കുറിച്ച് പൊതുവായി ഒരു വിവരവും ലഭ്യവുമല്ല. ഇപ്പോഴും ഇവയെക്കുറിച്ചുള്ള ഗവേഷണ-പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

മധ്യ-അക്ഷാംശങ്ങളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ കൊടുങ്കാറ്റുകളാണ് ക്രാന്തിമണ്ഡലാതീത സൈക്ലോണുകള്‍. സാധാരണയായി 2400 കി.മീ. വരെ വ്യാസമുള്ള ഇവയുടെ വേഗതാ നിരക്ക് മണിക്കൂറില്‍ 32-48 കി.മീ. ആണ്. ഇത്തരം കൊടുങ്കാറ്റുകളോടൊപ്പം മേഘങ്ങളും വര്‍ഷവും ഉണ്ടാകാറുണ്ട്.

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ രൂപീകരണവ്യവസ്ഥയ്ക്കു വിപരീതമായി ക്രാന്തിമണ്ഡലാതീത സൈക്ളോണുകള്‍ രൂപംകൊള്ളുന്നത് അന്തരീക്ഷോഷ്മാവിന് തിരശ്ചീനതലത്തില്‍ വ്യതിയാനം സംഭവിക്കുകയും, ഒപ്പംതന്നെ ക്രമാനുഗതമായി ലംബദിശയില്‍ വ്യക്തമായ വായുച്ഛേദനം സംഭവിക്കുകയും ചെയ്യുന്ന മേഖലകളിലാണ്. അന്തരീക്ഷത്തില്‍ ഇത്തരം അവസ്ഥ വിശേഷിച്ചും കാണപ്പെടുന്നത് 'ഫ്രണ്ടല്‍' മേഖലകളില്‍ (താപനിലയില്‍ ദ്രുതവ്യതിയാനങ്ങളുണ്ടാകുന്ന മേഖല) ആണ്. ഇത് സാധാരണ മധ്യ-ഉന്നതതലങ്ങളിലെ ട്രോപസ്ഫീറിന്റെ ഘടനയിലാണുതാനും. ട്രോപസ്ഫീറിനു പുറത്ത് ചുഴിക്കാറ്റുകള്‍ ഉദ്ഭൂതമാകുന്ന മുഖ്യകേന്ദ്രങ്ങള്‍ ഇത്തരം 'സോണു'കളാണ്.

ഉത്തരാര്‍ധഗോളത്തിലെ ക്രാന്തിമണ്ഡലാതീത സൈക്ലോണുകളുടെ വിവരണം. ചുവടെ കൊടുത്തിരിക്കുന്നു.

താഴ്ന്ന മേഖലകളില്‍ ക്രാന്തിമണ്ഡലാതീത സൈക്ളോണുകള്‍ പ്രത്യക്ഷപ്പെടുന്നത് അടഞ്ഞ ചംക്രമണം പോലെയാണ്. ഉത്ഥാപനം കൂടുന്നതിനനുസരിച്ച് ഇവ പടിഞ്ഞാറന്‍ വായുപ്രവാഹത്തിലെ തരംഗ-അപനതികളായി തുടരുന്നു. പൊതുവേ സൈക്ളോജെനസിസ് എന്ന പ്രക്രിയ സൂചിപ്പിക്കുന്നത് ഉത്ഥാപനം കുറഞ്ഞ മേഖലകളിലെ ചുഴലിക്കാറ്റിന്റെ രൂപവത്കരണത്തെയും ഉപരിതടങ്ങളെയുമാണ്.

'പോളര്‍ ഫ്രണ്ട്' സിദ്ധാന്ത പ്രകാരം ക്രാന്തിമണ്ഡലാതീത സൈക്ളോണുകള്‍ രൂപം കൊള്ളുന്നത് നേരത്തേയുണ്ടായിരുന്ന പോളര്‍ ഫ്രണ്ടിനു മുമ്പില്‍ വികാസം പ്രാപിക്കുന്ന തരംഗ പ്രക്ഷുബ്ധത ആയിട്ടാണ്. കാലാവസ്ഥാഭൂപടങ്ങളുടെ പഠനത്തില്‍നിന്ന് ഗോഡ്സ്കിയും മറ്റും മേല്പറഞ്ഞ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മിതശീതോഷ്ണമേഖലകളിലും ധ്രുവപ്രദേശങ്ങളിലും ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നത് പോളര്‍ ഫ്രണ്ടില്‍ തരംഗങ്ങള്‍ പോലെയാണ്. ഇപ്രകാരം രൂപമെടുക്കുന്നവ പിന്നീട് സാധാരണ സംഭവിക്കാറുള്ള ജീവനചക്രത്തില്‍ക്കൂടി കടന്നുപോകുന്നു.

ചുഴലികള്‍ ആരംഭിക്കുന്നത് ഒരു ചെറിയ തരംഗ പ്രക്ഷുബ്ധത ആയിട്ടാണെന്നു കരുതുകയാണെങ്കില്‍, ഇതിന്റെ ആദ്യഘട്ടത്തിലെ വികാസം ഗണിതശാസ്ത്രപരമായി വ്യാഖ്യാനിക്കാവുന്നതാണ്. 1930-ല്‍ സോള്‍ബര്‍ഗ് എന്ന ശാസ്ത്രജ്ഞന്‍ ഇതിനുള്ള പ്രത്യേക സമവാക്യം (linear perturbation equation) ഉപയോഗിച്ച് ചുഴലിക്കാറ്റുകളുടെ ജനനത്തെ വിവരിക്കുകയുണ്ടായി.

മധ്യ-അക്ഷാംശങ്ങളില്‍ പശ്ചിമവാതങ്ങളുടെ പ്രവാഹം മിക്കവാറും പ്രക്ഷുബ്ധമായ അവസ്ഥയിലായിരിക്കും. അതിനാല്‍ ഇത്തരം മേഖലകളില്‍ എല്ലായ്പ്പോഴും തന്നെ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാറുണ്ട്. ഒരിക്കലും ഋജുവാകാത്ത ഇത്തരം പ്രവാഹങ്ങള്‍ ചില നിശ്ചിത മേഖലകളില്‍ പ്രക്ഷുബ്ധമായിരിക്കില്ല. ഇവിടെ ഉരുത്തിരിയുന്ന വായുപ്രവാഹങ്ങള്‍ 'വേവ് സൈക്ളോണ്‍സ് ഇന്‍സ്റ്റെബിലിറ്റി' സിദ്ധാന്തപ്രകാരമായിരിക്കും രൂപംകൊള്ളുന്നത്. പ്രക്ഷുബ്ധമേഖലകളില്‍ സംജാതമാകുന്ന ചുഴലിക്കാറ്റിന്റെ വികാസത്തെ സമീപപ്രദേശത്ത് മുമ്പുണ്ടായിരുന്ന പ്രക്ഷുബ്ധത സ്വാധീനിക്കുന്നു. സമുദ്രനിരപ്പില്‍ സൈക്ളോജെനസിസ് എന്ന പ്രക്രിയ ആരംഭിക്കുന്നത് പലപ്പോഴും വളരെ പതുക്കെ സഞ്ചരിക്കുന്ന 'കോള്‍ഡ് ഫ്രണ്ടും' അതിവേഗം സഞ്ചരിക്കുന്ന 'അപ്പര്‍ ട്രഫും' തമ്മില്‍ അടുക്കുമ്പോഴാണ്.

ഭൂതലത്തില്‍ വികാസം പ്രാപിച്ച് ട്രോപസ്ഫീറിലേക്കുയരുന്ന സാധാരണ ചുഴലിക്കാറ്റുകളെപ്പോലെ, മധ്യ-അക്ഷാംശങ്ങളില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന്റെ വ്യൂഹവും ഉന്നത-മധ്യ-അക്ഷാംശങ്ങളിലെ ട്രോപസ്ഫീര്‍ ചലനങ്ങളെ സ്വാധീനിക്കുന്നവയാണ്.

വ്യസ്തചുഴലി (Anticyclone). അന്തരീക്ഷത്തില്‍ മര്‍ദം കൂടിയ മേഖല കേന്ദ്രമായും അതിനെ ചുറ്റി മര്‍ദരഹിതമായ ഒരു വലയവും കാണുന്ന പ്രക്രിയ. തെളിഞ്ഞ ആകാശവും കുറഞ്ഞ അന്തരീക്ഷ ക്ളിന്നതയും വ്യസ്തചുഴലിയിലേക്കു നയിക്കുന്ന പ്രത്യേകതകളാണ്. ഇവിടെ കാറ്റ്, മാര്‍ദം കൂടിയ ഒരു കേന്ദ്രത്തിനു ചുറ്റും ഉത്തരാര്‍ധഗോളത്തില്‍ പ്രദക്ഷിണദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ അപ്രദക്ഷിണദിശയിലുമാണ് സഞ്ചരിക്കുന്നത്. വ്യസ്തചുഴലി, ചുഴലിക്കാറ്റിന്റെ നേരേ എതിര്‍സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

അന്തരീക്ഷത്തിലെ മര്‍ദംകൂടിയ കേന്ദ്രങ്ങളോ ഭാഗങ്ങളോ ആണ് വ്യസ്തചുഴലി. ഇതില്‍ ചുഴലിയുടെ രൂപത്തില്‍ കാറ്റ് മര്‍ദംകൂടിയ വായുമണ്ഡലത്തില്‍നിന്ന് പുറത്തേക്കു പായുകയാണ് ചെയ്യുന്നത്. വായുവിന്റെ മര്‍ദം കേന്ദ്രത്തില്‍നിന്നു പുറത്തേക്കു വരുന്തോറും കുറഞ്ഞുവരുന്നു. ഇക്കാരണത്താല്‍ വ്യസ്തചുഴലി വായുപ്രവാഹവ്യൂഹം കേന്ദ്രഭാഗത്തുനിന്ന് ആഞ്ഞടിക്കുകയാണ് ചെയ്യുന്നത്. വ്യസ്തചുഴലിക്കാറ്റ് ഉത്തരാര്‍ധഗോളത്തില്‍ പ്രദക്ഷിണദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ അപ്രദക്ഷിണദിശയിലും ചംക്രമണം ചെയ്യുന്നത് കോറിയോലിസ് ബലത്തിന്റെ ഫലമായാകുന്നു.

വ്യസ്തചുഴലി മറ്റു ന്യൂനമര്‍ദചുഴലിക്കാറ്റിനെയോ വായുപ്രവാഹവ്യൂഹങ്ങളെയോ അപേക്ഷിച്ച് എപ്പോഴും അതിന്റെ ദാര്‍ഢ്യം നിലനിര്‍ത്തുന്ന ഒന്നാണ്. വിരളമായി മാത്രമേ ഇവയ്ക്ക് നിശ്ചിത ഫ്രണ്ടുകളോ വായു-വ്യതിയാനരേഖകളോ ഉണ്ടാകാറുള്ളൂ. പക്ഷേ, ഇതു കടന്നുപോകുമ്പോള്‍ കാറ്റിന്റെ ദിശയ്ക്കു മാറ്റം സംഭവിക്കാറുണ്ട്. ചൂടുപിടിച്ച പ്രതലങ്ങളില്‍ക്കൂടി വ്യസ്തചുഴലി സഞ്ചരിക്കുമ്പോള്‍ മേഘാവരണം തുലോം കുറവായതിനാല്‍ മഴ ഉണ്ടാകുന്നില്ല. കാറ്റിന്റെ ഛേദനം, അവനമനം, 'ഫ്രണ്ടല്‍' പ്രവണതകള്‍ മുതലായ പ്രക്രിയകള്‍ മിക്കവാറും രണ്ടു വ്യസ്തചുഴലിക്കാറ്റുകളുടെ ഇടയ്ക്കുള്ള മര്‍ദംകുറഞ്ഞ നിമ്ന തടങ്ങളിലാണ് വികാസം പ്രാപിക്കുക.

ശൈത്യകാലത്ത് ഉന്നത-മധ്യ അക്ഷാംശമേഖലകളില്‍ വ്യസ്തചുഴലികള്‍ കോള്‍ഡ്ഫ്രണ്ടിന്റെ രൂപത്തില്‍ ചുഴലിവ്യൂഹത്തിലേക്ക് പാഞ്ഞിരമ്പിക്കയറാറുണ്ട്. ഇത് തണുത്തു ദൃഢമായ വായുപിണ്ഡത്തിന്റെ ഉദ്ഭവ പ്രദേശത്തോട് താദാത്മ്യം പുലര്‍ത്തുന്നു. ട്രോപസ്ഫീറിന്റെ അടിത്തട്ടില്‍ മാത്രം നിയന്ത്രിതമായി കാണപ്പെടുന്ന ഇത്തരം വ്യസ്തചുഴലികളെ 'ശീത-വ്യസ്തചുഴലികള്‍' (cold anticyclones) എന്നാണു വിളിക്കുന്നത്. ചുഴലിക്കാറ്റിന്റേതിലെപ്പോലെ വ്യസ്ത ചുഴലിക്കാറ്റിന്റെയും മര്‍ദവ്യത്യാസം ചിത്രീകരിക്കുന്നത്, വൃത്താകാരത്തിലോ അണ്ഡാകാരത്തിലോ ഉള്ള ഐസോബാറുകള്‍ മൂലമാണ്.

വ്യസ്തചുഴലിയുടെ വ്യാസം 100 മുതല്‍ 3000 കി.മീ. വരെയാകാം. വ്യസ്തചുഴലിയുടെ ശരാശരിവേഗത മാതൃകാചുഴലിക്കാറ്റിന്റേതിനെക്കാള്‍ കുറവാകുന്നു. എന്നാല്‍ ഇവ ചുഴലിക്കാറ്റിനെ അപേക്ഷിച്ച് സ്വന്തം ദിശയില്‍ കൂടുതല്‍ അസ്ഥിരമായിരിക്കും.

ഉപോഷ്ണമേഖലകളിലെ വ്യസ്തചുഴലികള്‍ കാണുന്നത് പൊതുചംക്രമണത്തിലെ ഉന്നതമേഖലകള്‍ക്കൊപ്പമാണ്. മാത്രമല്ല, ഇവ ഉയര്‍ന്ന അക്ഷാംശങ്ങളിലേതിനെക്കാള്‍ ചൂടുള്ളതാണുതാനും. ഭീമാകാരമായ വായുപിണ്ഡങ്ങള്‍ തകരുന്നതുമൂലമാണ് ഇവയ്ക്ക് മര്‍ദം ലഭിക്കുന്നത്. മിക്കവാറും ഇവ നിശ്ചലാവസ്ഥയിലേതുപോലെ ആയിരിക്കും; ചില ഭാഗങ്ങളില്‍ ഇതില്‍നിന്നു വിട്ടുപോവുകയും പശ്ചിമവാതങ്ങളുടെ അരികില്‍ക്കൂടി സഞ്ചരിക്കുകയും ചെയ്യുന്നു. ധ്രുവങ്ങളില്‍ നിന്നുദ്ഭവിക്കുന്ന വ്യസ്തചുഴലികള്‍ ഇവയുമായി കൂടിച്ചേര്‍ന്ന് ഇവയുടെ ശക്തി വര്‍ധിപ്പിക്കുന്നതും സാധാരണമാണ്.

യു.എസ്സില്‍ വ്യസ്തചുഴലി പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. ഇവ വളരെ മന്ദഗതിയിലാണ് സഞ്ചരിക്കുക. ചിലപ്പോള്‍ ദിവസങ്ങളോളം നിശ്ചലാവസ്ഥയിലായിരിക്കുകയും ചെയ്യും. ക്യൂമുലസ് ഇനത്തില്‍പ്പെട്ട മേഘങ്ങളുടെ രൂപവത്കരണത്തിനും വ്യസ്തചുഴലി കാരണമാകാറുണ്ട്. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള മേഖലകളില്‍ ഇത് ഹിമധൂമിക (smog) സൃഷ്ടിക്കുന്നു.

മിതോഷ്ണതാപനില, തെളിഞ്ഞ ആകാശം, മന്ദമാരുതന്‍ തുടങ്ങിയവ സമശീതോഷ്ണമേഖലകളില്‍ സംജാതമാകുന്ന വേനല്‍ക്കാല വ്യസ്തചുഴലിക്കാറ്റിന്റെ സവിശേഷതകളാണ്. എന്നാല്‍ താഴ്ന്ന ഊഷ്മാവ്, തെളിഞ്ഞ ആകാശം, ശക്തികൂടിയ കാറ്റ് എന്നിവ ശൈത്യകാല വ്യസ്തചുഴലികളുടെ പ്രത്യേകതകളാകുന്നു. വേനല്‍ക്കാലത്ത് യു.എസ്സിന്റെ കിഴക്കന്‍ മേഖലയെ സ്വാധീനിക്കുന്ന ഒരു വ്യസ്തചുഴലിയാണ് 'ബെര്‍മ്യൂഡാ ഹൈ'. 'നിശ്ചല വ്യസ്ത ചുഴലി' എന്നു വിശേഷിപ്പിക്കാവുന്ന 'ബെര്‍മ്യൂഡാ'യുടെ കേന്ദ്രം വടക്കന്‍ കാരളൈനയുടെ തീരത്തുള്ള ബെര്‍മ്യൂഡ എന്ന ദ്വീപാണ്. 'ബെര്‍മ്യൂഡാ ഹൈ' കാരബീയന്‍ പ്രദേശങ്ങളില്‍നിന്ന് മിതോഷ്ണവും നീരാവിനിറഞ്ഞതുമായ വായുവിനെ യു.എസ്സിന്റെ തെക്കു-കിഴക്കന്‍ ഭാഗങ്ങളിലേക്കു കൊണ്ടുവരുന്നു.

സ്ഥിര-വ്യസ്ത ചുഴലികള്‍ കരയുടെയും കടലിന്റെയും ഉപരിതലങ്ങളില്‍ രൂപം കൊള്ളുക പതിവാണ്. മഞ്ഞില്‍പ്പൊതിഞ്ഞ സൈബീരിയയെ ഒരു വലിയ വ്യസ്ത ചുഴലി ഓരോ ശൈത്യത്തിലും പതിവായി മൂടുന്നത് ശ്രദ്ധേയമായ സംഭവമാകുന്നു. 30ീ വടക്കും 30ീ തെക്കുമായി സമുദ്രത്തില്‍ സ്ഥിര-വ്യസ്തചുഴലികള്‍ രൂപംകൊള്ളുന്നതും ഏതാണ്ട് സാധാരണ സംഭവംതന്നെ: ഇവ വാണിജ്യവാതങ്ങളെ മാത്രമല്ല, ആഴ്ചകളോളം നീണ്ടുനില്ക്കുന്നതും ഒരേദിശയില്‍ വീശുന്നതുമായ മന്ദമാരുതനെയും സൃഷിട്ക്കാറുണ്ട്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലും മധ്യ-അക്ഷാംശങ്ങളിലും രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ ചെറുതാണെങ്കിലും ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ഈ ചുഴലിക്കാറ്റുകളെ പ്രത്യേക പേരുകള്‍ കൊണ്ടാണ് വിവരിക്കുന്നത്. ഹരിക്കേന്‍, ടൊര്‍ണേഡോ, ജലസ്തംഭം (Water-spout), വിലി-വിലി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നവയാണ്.

ഹരിക്കേന്‍. മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്നതും വന്‍നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നതുമായ ഒരു തരം ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ഹരിക്കേന്‍. ജന്മമെടുക്കുന്നയിടങ്ങളെ ആസ്പദമാക്കിയാണ് ഉഷ്ണമേഖലാ ഹരിക്കേനുകള്‍ക്ക് വിവിധ പേരുകള്‍ നല്കിയിട്ടുള്ളത്. വടക്കു പടിഞ്ഞാറന്‍ അത്ലാന്തിക് സമുദ്രോപരിതലത്തില്‍ രൂപംകൊള്ളുന്നവയാണ് 'ഹരിക്കേന്‍' എന്ന പേരില്‍ ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപംകൊള്ളുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ടൈഫൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 'വിലി-വിലി' എന്ന പേര് ആസ്റ്റ്രേലിയയ്ക്കു സമീപം രൂപംകൊള്ളുന്ന ഉഷ്ണമേഖലാ-ചുഴലിക്കാറ്റുകള്‍ക്കുള്ളതാണ്.

ഹരിക്കേനുകളുടെ വ്യാസം 80 മുതല്‍ 1600 കി.മീ. വരെയാണ്. ഇത്തരം ചുഴലിക്കാറ്റുകളില്‍ വായുവിന്റെ വേഗത മണിക്കൂറില്‍ 128 മുതല്‍ 210 കി.മീ. വരെയായിരിക്കും. കൊടുങ്കാറ്റുകളുടെ കേന്ദ്രഭാഗം (eye) എപ്പോഴും അതീവ ശാന്തമാണ്. ഈ വ്യൂഹം ഋജുവോ വളഞ്ഞതോ ആയ പാതകളിലൂടെ സഞ്ചരിക്കുന്നു.

കാറ്റിന്റെ ശക്തി അളക്കുന്നതിനുപയോഗിക്കുന്ന 'ബ്യൂഫെര്‍ട്സ്കേല്‍' പ്രകാരം ഹരിക്കേന്റെ ശരാശരി വേഗത സെക്കന്‍ഡില്‍ 34 മീ. ആയിരിക്കും; ശക്തി പന്ത്രണ്ടും.

ഹരിക്കേന്‍ രൂപംകൊള്ളുന്നതിന് അനേകം ഘടകങ്ങള്‍ ആവശ്യമാണ്. സമുദ്രജലോഷ്മാവ് കുറഞ്ഞത് 27ീഇ എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഒരു ഹരിക്കേന് ഉരുത്തിരിയാനാവൂ. ഇത് രൂപം കൊള്ളുന്ന മേഖല ഭൂമധ്യരേഖയില്‍നിന്ന് 5ീ അക്ഷാംശത്തിലായിരിക്കണം. ഭൂമധ്യരേഖയില്‍ കോറിയോലിസ് ബലം അനുഭവപ്പെടുകയില്ല. എന്നാല്‍ ചുഴലിക്കാറ്റിന്റെ ചംക്രമണം സംജാതമാകുന്നതിന് കോറിയോലിസ് ബലം കൂടിയേ തീരൂതാനും. ആദ്യത്തെ രണ്ടു ഘടകങ്ങളും ഒരുമിക്കുന്നതോടെ അന്തരീക്ഷത്തില്‍ ഒരു ന്യൂനമര്‍ദമേഖല സൃഷ്ടിക്കപ്പെടുന്നു. തുടര്‍ന്ന് അന്തരീക്ഷവായു ചുഴലിക്കാറ്റിന്റെ ദിശയില്‍ ഈ മേഖലയ്ക്കു ചുറ്റുമായി കറങ്ങിത്തിരിയാന്‍ തുടങ്ങും. ഇതോടൊപ്പം സമുദ്രജലം സമൃദ്ധമായി ബാഷ്പീകരിക്കുകയും തുടര്‍ന്ന് ഘനീഭവിക്കുകയും ചെയ്യുന്നതുകൊണ്ട് കാര്‍മേഘവും, പലപ്പോഴും അതിവൃഷ്ടിയും സംഭവിക്കുന്നു.

ഉപഗ്രഹങ്ങളുടെ സഹായത്താലുള്ള പഠനം കൊടുങ്കാറ്റുകളുടെ ഘടനയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം തരുന്നു. ഹരിക്കേനിന്റെ വളരെ ശാന്തമായ കേന്ദ്രഭാഗത്ത് മര്‍ദവും തീരെ കുറവായിരിക്കും. കൊടുങ്കാറ്റിന്റെ 'കണ്ണ്' (eye) എന്നാണ് ഈ ഭാഗം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന്റെ വ്യാസം 5 മുതല്‍ 15 വരെ കി. മീറ്ററാകുന്നു. ഇവിടെ അതിശാന്തമായ ദിനാന്തരീക്ഷസ്ഥിതിയാണുള്ളത്. 'കണ്ണി'നു ചുറ്റും വൃത്താകൃതിയില്‍ കാണപ്പെടുന്ന ഭാഗമാണ് ആനുലസ്. പ്രക്ഷുബ്ധമായ കാലാവസ്ഥ ആനുലസിന്റെ പ്രത്യേകതയാണ്. ഭീമന്മാരായ ക്യൂമുലോനിംബസ് മേഘങ്ങള്‍ കാറ്റിന്റെ നേത്രത്തിനു ചുറ്റും ഒരു ആവരണം സൃഷ്ടിക്കുന്നു. ഇവിടെ ശക്തമായ ഇടിയും മഴയും, ഒപ്പം മണിക്കൂറില്‍ 210-240 കി.മീ. വേഗത്തിലാഞ്ഞടിക്കുന്ന കാറ്റുകളും ഉണ്ടാകും. ആനുലസിനു ചുറ്റിലുമായി സര്‍പ്പിലാകൃതിയിലാണ് ഇതനുഭവമാകുന്നത്. പൂര്‍ണരൂപമെത്തിയ ഹരിക്കേനിന്റെ വ്യാസം 480 മുതല്‍ 960 വരെ കി.മീ. ആകുമെങ്കിലും അപൂര്‍വമായി ഇതിലും വളരെ കൂടുതല്‍ ആകാറുണ്ട്.

സാധാരണയായി പശ്ചിമദിശയിലേക്കു പ്രയാണമാരംഭിക്കുന്ന ഹരിക്കേനിന്റെ ഗതി ക്രമേണ വടക്കോട്ടോ വടക്കു-കിഴക്കോട്ടോ വ്യതിചലിക്കാം. മെക്സിക്കന്‍ കടലിടുക്കിന്റെ തീരപ്രദേശങ്ങളിലും കിഴക്കന്‍ യു.എസ്സിന്റെ ഭാഗങ്ങളിലുമാണ് ഹരിക്കേനിന്റെ ഇത്തരം ഗതി രേഖപ്പെടുത്തിക്കാണുന്നത്. ശക്തമായ കൊടുങ്കാറ്റുകളുടെ ഫലമായി സമുദ്രങ്ങളില്‍ ഭീമന്മാരായ വന്‍തിരമാലകള്‍ (storm surge) ഉണ്ടാകാറുണ്ട്. കിലോമീറ്ററുകളോളം ഉയരമുള്ള ഈ വിനാശകാരികള്‍ തീരപ്രദേശങ്ങളില്‍ കടുത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കുന്നു. കരയില്‍ക്കൂടി സഞ്ചരിക്കുന്ന ഹരിക്കേനുകള്‍ കാറ്റിന്റെയും മഴയുടെയും തീവ്രത വര്‍ധിപ്പിക്കുന്നവയാണ്. അപൂര്‍വമായി ചിലയിടങ്ങളില്‍ മണിക്കൂറുകളോളം കാറ്റോ മഴയോ ഒട്ടും ഇല്ലാതിരുന്നെന്നും വരാം. എന്നാല്‍ കൊടുങ്കാറ്റിന്റെ നേത്രം ചലിക്കാനാരംഭിക്കുന്നതോടെ മഴയും കാറ്റും തിരിച്ചെത്തുന്നു.

അതിവേഗം കടലില്‍ക്കൂടി സഞ്ചരിക്കുന്ന കൊടുങ്കാറ്റിന്റെ ശക്തി കരയിലെത്തുന്നതോടെ വളരെപ്പെട്ടെന്നു ക്ഷയിക്കുന്നു. കാറ്റും കരയും തമ്മിലുള്ള ഘര്‍ഷണം മൂലവും, നീരാവിയുടെ കുറവു മുഖേനയുമാണ് ഇങ്ങനെ ശക്തിക്ഷയം സംഭവിക്കുന്നത്.

രാജ്യത്തിലെ കാലാവസ്ഥാനിരീക്ഷണകേന്ദ്രം എപ്പോഴും കൊടുങ്കാറ്റിന്റെ പ്രവണതകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കൊടുങ്കാറ്റിന്റെ ഭീഷണി ഉണ്ടായാല്‍ ഉടന്‍തന്നെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കും. ആ പ്രദേശത്തെ ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിനാണ് ഇങ്ങനെ മുന്നറിയിപ്പു നല്കുന്നത്.

ഓരോ വര്‍ഷവും കൊടുങ്കാറ്റുകള്‍ ലോകത്തിന്റെ നാനാഭാഗത്തും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. പലപ്പോഴും വെള്ളപ്പൊക്കത്തിനും സംഹാരതാണ്ഡവമാടുന്ന കാറ്റുകള്‍ക്കും കാരണമാകുന്നവയാണ് ഹരിക്കേനുകള്‍. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെന്നറിയപ്പെടുന്ന ഹരിക്കേനുകള്‍, വര്‍ഷംതോറും 50 എണ്ണം വീതമെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വേനല്‍ക്കാലത്തിന്റെ അവസാനത്തിലും ശരത്കാലത്തിനു തൊട്ടുമുമ്പുമാണ് ഏറ്റവും കൂടുതല്‍ കൊടുങ്കാറ്റുകള്‍ രൂപംകൊള്ളുന്നത്. ഈ സമയത്ത് സമുദ്രം നന്നായി ചൂടുപിടിക്കുന്നതാണ് ഇതിനു കാരണം.

കൊടുങ്കാറ്റുകളുടെ സംഹാരതാണ്ഡവത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലെ രാജ്യങ്ങളിലാണ് ഇവ കൂടുതല്‍ നാശം വിതച്ചിട്ടുള്ളതെന്നു കാണാം. 1969 ആഗസ്റ്റില്‍ അമേരിക്കയുടെ 'ഗള്‍ഫ്' തീരത്ത് ആഞ്ഞടിച്ച 'കാമില്‍' എന്ന കൊടുങ്കാറ്റ് 300-ല്‍പ്പരം ആളുകളുടെ ജീവന്‍ അപഹരിക്കുകയുണ്ടായി. 1703-ല്‍ ഇംഗ്ളണ്ടില്‍ ഉണ്ടായ 'മഹാവാത'വും (The Great Storm) ധാരാളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തു. ഏതാണ്ട് 8000-ത്തില്‍പ്പരം ആളുകളാണ് അന്നിവിടെ മരിച്ചുവീണത്; 14,000-ത്തിലേറെ വീടുകള്‍ നശിച്ചു. 1780-ല്‍ ബാര്‍ബഡോസിനെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റാണ് 'ദ ഗ്രേറ്റ് ഹരിക്കേന്‍'. മധ്യ-അത്ലാന്തിക്കില്‍ അവസാനിച്ച ഈ കൊടുങ്കാറ്റ് 20,000-ത്തില്‍പ്പരം ജീവന്‍ അപഹരിച്ചു. 1886-ല്‍ ടെക്സസില്‍ വീശിയടിച്ച കൊടുങ്കാറ്റ് അക്കാലത്തു രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും ഭീകരമായ ഒന്നായിരുന്നു. ഇത് വലിയ വെള്ളപ്പൊക്കത്തിനും വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായി; 150 ആളുകള്‍ മരണമടഞ്ഞു.

1971 ഒക്ടോബര്‍ അവസാനം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നാഞ്ഞടിച്ച കൊടുങ്കാറ്റ് ഒറീസയുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് 10,000-ത്തില്‍പ്പരം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു; 10 ലക്ഷത്തില്‍പ്പരം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 1856-ല്‍ ഉണ്ടായ ടൈഫൂണ്‍ ബോംബെ തുറമുഖത്ത് വന്‍നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. 1876 ഒ. 31-ന് കിഴക്കന്‍ ബംഗാള്‍ കൊടുങ്കാറ്റിന്റെ പിടിയിലമര്‍ന്നു. 1920-ല്‍ വീശിയ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തില്‍ കല്‍ക്കത്ത നഗരത്തിനു സംഭവിച്ച നാശനഷ്ടങ്ങള്‍ ഭീമമായിരുന്നു.

ഇന്ത്യന്‍ ഉപദ്വീപില്‍ നാശം വിതച്ച കൊടുങ്കാറ്റുകള്‍ മിക്കതും രൂപം കൊണ്ടിട്ടുള്ളത് ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലുമാണ്. 1891-1960 കാലയളവില്‍ ഉണ്ടായിട്ടുള്ള കൊടുങ്കാറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍, ആകെയുണ്ടായ 396 കൊടുങ്കാറ്റുകളില്‍ 314 എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും 82 എണ്ണം അറേബ്യന്‍ സമുദ്രത്തിലുമാണ് രൂപം കൊണ്ടിട്ടുള്ളത്. സമുദ്രോപരിതലത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദങ്ങള്‍ കൊടുങ്കാറ്റുകളായി തീരപ്രദേശങ്ങളിലേക്കാഞ്ഞടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയായിരുന്നു.

1996 ന. 6-ന് അര്‍ധരാത്രിയില്‍ ആന്ധ്രപ്രദേശിലെ കോനസീമ മേഖലയില്‍ കാക്കിനഡ തുറമുഖ പട്ടണത്തിനു സമീപം ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ നാനൂറോളം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. കോടികളുടെ നാശനഷ്ടം വരുത്തിയ പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ്, ആന്ധ്രപ്രദേശ് ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായത്. 178 പേര്‍ മരിച്ച കിഴക്കന്‍ ഗോദാവരി ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. ആയിരക്കണക്കിനു മരങ്ങള്‍ കടപുഴകി വീണതിനു പുറമേ, നൂറുകണക്കിനു കന്നുകാലികളും ചത്തൊടുങ്ങി.

ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച വന്‍ തിരമാലകള്‍ മൂന്നുമീറ്ററോളം ഉയരുകയും തീരദേശപട്ടണങ്ങളായ കാക്കിനഡ, അമലപുരം, ഉപ്പള, യാനം എന്നിവിടങ്ങളില്‍ വന്‍നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തു. തീരദേശ ദേശീയപാതയില്‍ രണ്ടു മീറ്റര്‍ ഉയരത്തില്‍ വെള്ളംപൊങ്ങി. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ നരസപൂരും കോവൂരുമാണ് ചുഴലിക്കാറ്റിന്റെ കെടുതിക്കിരയായ മറ്റു പ്രദേശങ്ങള്‍. വാര്‍ത്താവിനിമയ-ഗതാഗത ബന്ധങ്ങളുടെ വിച്ഛേദംമൂലം ഈ സമയത്ത് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ രൂപം കൊള്ളുന്ന കൊടുങ്കാറ്റുകളുടെ പ്രത്യേകത, അവ ആരംഭിക്കുന്നത് ചെറിയ ന്യൂനമര്‍ദങ്ങള്‍ ആയിട്ടാണ് എന്നതാകുന്നു. ദ്രുതഗതിയില്‍ വേഗമാര്‍ജിക്കുന്ന വായുപ്രവാഹം കൊടുങ്കാറ്റുകളുടെ ശക്തിയും വേഗതയും അതിവേഗം ഉള്‍ക്കൊള്ളുകയാണു പതിവ്. ഈ ചുഴലിക്കാറ്റുകളുടെ 'നേത്ര' വ്യാസം 15 മുതല്‍ 20 കി.മീ. വരെയായിരുന്നു.

ഈ നൂറ്റാണ്ടില്‍ തമിഴ്നാടിന്റെയും കേരളത്തിന്റെയും ഉള്‍പ്രദേശങ്ങള്‍ മിക്കതിലും നാശനഷ്ടങ്ങള്‍ വിതറിയ ചുഴലിക്കാറ്റാണ് 1992 ന. 15-ന് തമിഴ്നാട്ടിലെ തൂത്തുക്കുടി കേന്ദ്രമായി രൂപം കൊണ്ട 'തൂത്തുക്കുടി സൈക്ളോണ്‍'. 1992 ന. 11-ന് മധ്യ-കിഴക്കന്‍ ബംഗാളില്‍ രൂപമെടുത്ത ഒരു ചെറിയ ന്യൂനമര്‍ദമേഖലയാണ് പരിവര്‍ത്തനം സംഭവിച്ച് ചുഴലിക്കാറ്റായി മാറിയത്. ഈ ചുഴലിക്കാറ്റിന്റെ ഫലമായി തൂത്തുക്കുടി, മധുര തുടങ്ങിയ പ്രദേശങ്ങളിലും കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായി; തമിഴ്നാട്ടില്‍ 130 ആളുകളും കേരളത്തില്‍ 41 പേരും മരണമടഞ്ഞു. ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഏറെ ആളുകളും മരിച്ചത്.

ടൊര്‍ണേഡോ. ഉഷ്ണമേഖലാ പ്രദേശങ്ങളിലും മധ്യ-അക്ഷാംശങ്ങളിലും വന്‍നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്ന മറ്റൊരുതരം ചുഴലിക്കാറ്റാണ് ടൊര്‍ണേഡോ. കടുത്ത ഇടിമിന്നലോടു കൂടിയ മഴയില്‍നിന്ന് വികാസം പ്രാപിക്കുന്ന ശക്തമായ കൊടുങ്കാറ്റാണിത്. സാധാരണ ഒരു 'കോള്‍ഡ് ഫ്രണ്ടി'ന്റെ ഒപ്പമാണ് ടൊര്‍ണേഡോയും രൂപം കൊള്ളുക. കോള്‍ഡ് ഫ്രണ്ട് എപ്പോഴും തണുത്ത വരണ്ട വായുവിനെ ചൂടുള്ളതും നീരാവി നിറഞ്ഞതുമായ വായുവില്‍നിന്ന് വേര്‍തിരിക്കുന്നു. ഈ പ്രത്യേകഭാഗമാണ് 'സ്ക്വാള്‍ ലൈന്‍' എന്നറിയപ്പെടുന്നത്. മേല്പറഞ്ഞതരം കോള്‍ഡ് ഫ്രണ്ടുകള്‍ അന്തരീക്ഷത്തിലെ ചൂടുപിടിച്ചതും നീരാവി നിറഞ്ഞതുമായ വായുവിനെ തണുത്ത വായുവിനു മുകളിലേക്ക് ഉയര്‍ത്തുന്നു. ഇപ്രകാരം ഉയര്‍ന്നു പോകുന്ന വായു കടുത്ത ഇടിമിന്നലിനും പെരുമഴയ്ക്കും ഹേതുവായിത്തീരുന്നു. ഇത്തരം മഴ പലപ്പോഴും ചുഴലിക്കാറ്റിന്റെ ചംക്രമണത്തിന് ഇടയാകാറുണ്ട്. ഇടി-മഴയുടെ മേഖലയില്‍നിന്ന് മേഘം ഒരു ചോര്‍പ്പിന്റെ ആകൃതിയില്‍ താഴേക്കു സഞ്ചരിക്കുകയും താഴെയുള്ള വായുവിനെ ചോര്‍പ്പിനുള്ളില്‍ക്കൂടി മുകളിലേക്കു വലിക്കുകയും ചെയ്യും. ഇപ്രകാരം ചോര്‍പ്പിനുള്ളില്‍ക്കൂടി കറങ്ങിക്കറങ്ങി മുകളിലെത്തുന്ന വായുപ്രവാഹം ഭൗമോപരിതലത്തില്‍നിന്ന് പൊടിപടലവും ഉയര്‍ത്തിക്കൊണ്ടുപോകാറുണ്ട്. 'ചോര്‍പ്പ്' ഭൗമോപരിതലത്തില്‍ മുട്ടുമ്പോഴാണ് ടൊര്‍ണേഡോ എന്ന് അതിനെ വിശേഷിപ്പിക്കുന്നത്.

ടൊര്‍ണേഡോയുടെ ചോര്‍പ്പിനുള്ളില്‍ ഘനീഭവിച്ച മേഘകണങ്ങള്‍ നിറഞ്ഞിരിക്കും. ചുറ്റുപാടിനെ അപേക്ഷിച്ച് ചോര്‍പ്പിന്റെ ശീര്‍ഷത്തില്‍ മര്‍ദം വളരെ കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ചോര്‍പ്പിന്റെ ഉയരം എപ്പോഴും മേഘത്തിന്റെ അടിത്തട്ടിനെ ആസ്പദമാക്കിയായിരിക്കും. ടൊര്‍ണേഡോ വിതയ്ക്കുന്ന വിനാശത്തിന്റെ വ്യാപ്തി കിലോമീറ്ററുകളോളമാകാം; ഇതിന്റെ ഗതി ഏതു ദിശയിലേക്കും ആവുകയും ചെയ്യാം. പക്ഷേ മിക്കതും സാധാരണ സഞ്ചരിക്കുന്നത് തെക്കു-പടിഞ്ഞാറു നിന്നാണ്; ചിലത് വടക്കു-പടിഞ്ഞാറുനിന്നും സഞ്ചാരം ആരംഭിക്കാറുണ്ട്. ഇവ ദിവസത്തിന്റെ ഏതു സമയത്തുവേണമെങ്കിലും രൂപമെടുക്കാം. എന്നാല്‍ മിക്കതും ഉച്ചമുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളിലാണ് സംജാതമാകുന്നത്.

ചുഴലിക്കൊടുങ്കാറ്റുകളുടെ രൂപവത്കരണത്തിന് ചില ഘടകങ്ങള്‍ അത്യന്താപേക്ഷിതമായി സംയോജിച്ചിരിക്കണം. അന്തരീക്ഷത്തിലെ താപത്തിന്റെ യാന്ത്രിക പ്രവര്‍ത്തനത്തിനുള്ള വ്യക്തമായ അസ്ഥിരതയും നീരാവിയും കൂടിച്ചേര്‍ന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കു വഴിതെളിക്കുന്നു. ട്രോപസ്ഫീറിന്റെ മേല്‍ത്തട്ടിലുണ്ടാകുന്ന ശക്തമായ കാറ്റും ഈ പ്രക്രിയയില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം അവസ്ഥാവിശേഷം സ്ക്വാള്‍ ലൈനിന്റെ വികാസത്തിനു വഴിതെളിക്കുന്നു. ഈ സമയത്ത് 10 മുതല്‍ 30 വരെ ടൊര്‍ണേഡോകള്‍ ഉണ്ടാകാറുണ്ട്. താപത്തിന്റെ അസ്ഥിരതയ്ക്കാനുപാതികമായി ടൊര്‍ണേഡോകള്‍ ഉണ്ടാകാനുള്ള സാഹചര്യവും വര്‍ധിക്കുന്നു. ഏറ്റവും വലിയ ടൊര്‍ണേഡോകള്‍ ഉണ്ടാകുന്നത് ഇടിമിന്നലിനും മഴയ്ക്കും ഒപ്പമാണ്. ഈ മഴയുടെ അനുബന്ധമായി രൂപംകൊള്ളുന്ന ക്യൂമുലസ് മേഘങ്ങളോടൊപ്പവും ടൊര്‍ണേഡോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ടൊര്‍ണേഡോയുടെ വിസ്തൃതി ഏതാനും മീറ്ററുകള്‍ മുതല്‍ കീലോമീറ്ററുകള്‍ വരെ എത്തുന്നതായി രേഖപ്പെടുത്തിക്കാണുന്നു. മണിക്കൂറില്‍ 16 മുതല്‍ 40 വരെ കി.മീ. വേഗതയിലാണ് ടൊര്‍ണേഡോ മുന്നോട്ടു സഞ്ചരിക്കുന്നത്. ടൊര്‍ണേഡോകള്‍ വളരെ അല്പായുസ്സുകളാണ്; ഏറിയാല്‍ ഒരു മണിക്കൂര്‍. ആകയാല്‍ ഇത്തരം കാറ്റുകള്‍ 200 മീ. മുതല്‍ 300 മീ. വരെ വിസ്തൃതിയില്‍ മാത്രമേ വ്യാപിക്കുന്നുള്ളൂ. ഇവയും ചക്രവാതങ്ങളുടെ ദിശയില്‍ത്തന്നെയാണു സഞ്ചരിക്കുന്നത്. ടൊര്‍ണേഡോയ്ക്കു ചുറ്റും അന്തരീക്ഷമര്‍ദം വളരെ കുറവായിരിക്കും. മര്‍ദത്തിന്റെ ഈ കുറവുമൂലം ടൊര്‍ണേഡോ രൂപം കൊള്ളുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഭയാനകമായ ശബ്ദത്തോടുകൂടി പൊട്ടിപ്പിളര്‍ന്നെന്നു വരാം. ഇവ പലപ്പോഴും വാഹനങ്ങളെയും വീടുകളെയും ആളുകളെയും പൊക്കിയെടുത്ത് വളരെ ദൂരംവരെ കൊണ്ടുപോകുന്നു.

പലപ്പോഴും ടൊര്‍ണേഡോകള്‍ ഉണ്ടാകുന്നത് ആസ്റ്റ്രേലിയയിലും യു.എസ്സിലുമാണ്. യു.എസ്സില്‍ മധ്യപടിഞ്ഞാറന്‍ സ്റ്റേറ്റുകളിലും തെക്കന്‍ സ്റ്റേറ്റുകളിലുമാണ് ഇവയുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുക. ഏറ്റവും കൂടുതല്‍ ടൊര്‍ണേഡോകള്‍ രൂപമെടുക്കുന്ന പ്രദേശത്തിന് ഉത്തമോദാഹരണമാണ് മിസ്സിസ്സിപ്പി നദീതടം. അടുത്തകാലത്ത് യു.എസ്സില്‍ മാത്രമായി പ്രതിവര്‍ഷം ശരാശരി 700 ടൊര്‍ണേഡോകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യു.എസ്സില്‍ ടെക്സസ്, പാന്‍ഹാന്‍ഡില്‍, ഒക്ലഹോമ, കാന്‍സസ് തുടങ്ങിയ പ്രദേശങ്ങള്‍ ചേര്‍ന്ന 'ടൊര്‍ണേഡോ ആലേ ബെല്‍റ്റ്' മേഖലയിലാണ് ടൊര്‍ണേഡോകളുടെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഹരിക്കേനിനെ അപേക്ഷിച്ച് ടൊര്‍ണേഡോകളാണ് കൂടുതല്‍ അപകടകാരികള്‍.

ജലസ്തംഭം (Water-spout). ജലോപരിതലത്തില്‍ രൂപം കൊള്ളുകയോ ജലോപരിതലത്തില്‍ക്കൂടി കടന്നുപോകുകയോ ചെയ്യുന്ന ഹരിക്കേനിനെയും ടൊര്‍ണേഡോകളെയും വിളിക്കുന്ന പേര്. ഇവ സമുദ്രത്തില്‍ നിന്ന് സ്തംഭകേന്ദ്രത്തിലേക്കു ജലം വലിച്ചെടുക്കുമെന്ന് ഒരിക്കല്‍ വിശ്വസിച്ചിരുന്നു. കപ്പലുകളുടെ മുകളില്‍ കൂടി കടന്നുപോകുന്നവ കപ്പലിന്റെ പുറത്ത് ശുദ്ധജലത്തിന്റെ കണികകള്‍ വീഴ്ത്താറുണ്ട്. ജലസ്തംഭത്തില്‍ കൂടുതല്‍ ഈര്‍പ്പമുള്ള പരിതഃസ്ഥിതി ആയതിനാല്‍ ഇതിന് ഘനീഭവിക്കല്‍ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ വളരെ ശക്തികുറഞ്ഞ ചുഴികള്‍ പോലും പ്രത്യക്ഷപ്പെടുന്നത് ചുഴലിക്കൊടുങ്കാറ്റുകളെ കുറിച്ചുള്ള ഒരു അനിഷ്ട സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ധാരാളമായി ജലസ്തംഭങ്ങള്‍ രൂപമെടുക്കാറുണ്ടെങ്കിലും ഹരിക്കേനുകളെയോ ടൊര്‍ണേഡോകളെയോപോലെ ഭയാനകമായവ വളരെ വിരളമാണ്. ഇടിമിന്നലും മഴയുമുണ്ടാകുന്ന സമയത്തു രൂപംകൊള്ളുന്ന ജലസ്തംഭങ്ങള്‍ പതിവായി കാണപ്പെടുന്നത് 'കോള്‍ഡ് ഫ്രണ്ടി'നോടൊപ്പമോ ഉഷ്ണമേഖലാ വാതങ്ങളുടെ ഒപ്പമോ ആയിരിക്കും. ജലസ്തംഭത്തിലെ ചോര്‍പ്പില്‍ അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച അവസ്ഥയിലാകുന്നു. ഈ ചോര്‍പ്പ് ക്യൂമുലസ് ഇനം മേഘങ്ങളില്‍നിന്ന് ജലോപരിതലത്തിലേക്കു താണു കിടക്കുന്നതുപോലെയാണ് ദൃശ്യമാകുന്നത്. ഈ ചോര്‍പ്പിന്റെ വ്യാസം മീറ്ററുകളോളം വരും; മാത്രമല്ല, ഇവയ്ക്ക് ചെറിയ വാഹനങ്ങളെ മറിച്ചിടാന്‍ പോലുമുള്ള ശക്തിയുമുണ്ട്.

ഇടി-മഴയുടെ ഉദ്ഭവത്തിന് ഹേതുവാകാന്‍ സാധ്യതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അസ്ഥിരമായ ജലോപരിതലത്തിലാണ് ജലസ്തംഭങ്ങള്‍ കൂടുതലും കാണപ്പെടുന്നത്. മിക്കതും ഉഷ്ണമേഖലാ സമുദ്രങ്ങളുടെ മുകളിലാണ് രൂപപ്പെടുന്നതെങ്കിലും ഉയര്‍ന്ന അക്ഷാംശമേഖലകളിലും ഇവയെ കണ്ടിട്ടുണ്ട്. വേനല്‍ക്കാലങ്ങളില്‍ ഉള്‍പ്രദേശങ്ങളിലെ തടാകങ്ങളിലും ഇവ പ്രത്യക്ഷപ്പെടുക പതിവാണ്. ഭയാനകവും ഭീമാകാരവുമായ ജലസ്തംഭങ്ങള്‍ യഥാര്‍ഥത്തില്‍ ഇടിമഴയ്ക്കൊപ്പം കരയില്‍ രൂപംകൊള്ളുകയും അവിടെനിന്ന് സമുദ്രോപരിതലത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്ന ചുഴലിക്കൊടുങ്കാറ്റുകളാണ്.

സ്ക്വാള്‍. കാറ്റിന്റെ വേഗതയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവ്. സെക്കന്‍ഡുകള്‍ മാത്രം നിലനില്ക്കുന്നതാണ് ഈ വര്‍ധനവ്. സെക്കന്‍ഡില്‍ 68 മീ. വരെ വേഗതയിലാണ് സ്ക്വാളുകള്‍ സഞ്ചരിക്കുക. സെക്കന്‍ഡില്‍ 11 മീറ്ററോ അതില്‍ കൂടുതലോ വര്‍ധന വേഗതയിലുണ്ടാകുന്ന പക്ഷം സ്ക്വാള്‍ ചിലപ്പോള്‍ ഒരു മിനിറ്റ് വരെ നിലനിന്നെന്നുവരാം. സെക്കന്‍ഡുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ തന്നെ ഇവയുടെ അന്ത്യം സംഭവിക്കുന്നു.

സംവഹനം മുഖേന താപവിസര്‍ജനം സംഭവിക്കുന്ന അസ്ഥിര വായൂമണ്ഡലത്തിലെ ശക്തിയും വേഗതയും കൂടിയ കാറ്റുകളുടെയും ഇടി-മഴകളുടെയും നിര 'സ്ക്വാള്‍ ലൈന്‍' എന്നാണറിയപ്പെടുന്നത്. ഇത് ഒരു അസ്ഥിരനിരയാണ്. കോള്‍ഡ് ഫ്രണ്‍ടുകളാണ് ഇവയുടെ ഉദ്ഭവത്തിനു കാരണം. 100-ല്‍പ്പരം കി.മീറ്ററുകളോളം നീളമുള്ള ഇത്തരം നിരകളെ ചിലപ്പോള്‍ 'ഫോള്‍സ് ഫ്രണ്‍ട്' എന്നും വിളിക്കുന്നു. ഇവയോടൊപ്പം ചണ്ഡവാതവും ആലിപ്പഴം പൊഴിയലും മഴയും അപൂര്‍വമായി ടൊര്‍ണേഡോകളും ഉണ്ടാകാറുണ്ട്.

ദക്ഷിണാര്‍ധഗോളത്തിലും മധ്യ-അക്ഷാംശമേഖലകളിലും അവിടത്തെ പ്രാദേശികാവസ്ഥ സ്ക്വാള്‍ ലൈനിന്റെ വ്യാപ്തി വര്‍ധിപ്പിക്കാറുണ്ട്. അര്‍ജന്റീനയും ദക്ഷിണ ആസ്റ്റ്രേലിയയും ഇത്തരം മേഖലകള്‍ക്ക് ഉദാഹരണങ്ങളാകുന്നു.

ടൈഫൂണ്‍. ചൈനാക്കടലിലും ഫിലിപ്പീന്‍സ് ദ്വീപുകളിലും തെക്കു-പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലും രൂപം കൊള്ളുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ്. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സ്വഭാവസവിശേഷതകളെല്ലാം തന്നെ ടൈഫൂണിനും ഉണ്ടാകുന്നതായി കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍