This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുരുളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുരുളി

നിത്യഹരിത ഔഷധവൃക്ഷം. ഗട്ടിഫെറെ (guttiferae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: മെസുവ ഫെറിയ (Mesua ferea). നാങ്ക്, എലിപ്പൊങ്ങ്, നാഗചെമ്പകം, നാകപ്പൂവ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന് 'അയേണ്‍വുഡ്' എന്നാണ് ആംഗലേയ നാമം. അസം, ബംഗാള്‍, കേരളം, കര്‍ണാടകം, ആന്‍ഡമാന്‍ ദ്വീപുകള്‍, മ്യാന്മര്‍ എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്നു. 2000 മി.മീ. വരെ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ വനങ്ങളില്‍ വളരുന്ന ഈ മരം തണല്‍ ഇഷ്ടപ്പെടുന്നു.

ചുരുളി

ചുരുളിയുടെ മഞ്ഞക്കറയുള്ള മരത്തൊലിക്ക് തവിട്ടുനിറമാണ്. ഈ വൃക്ഷം ഇടയ്ക്കിടെ അപശല്കനം (മരത്തൊലി പൊഴിക്കല്‍) നടത്താറുണ്ട്. സരളമായ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. 5-15 സെന്റിമീറ്ററോളം നീളമുള്ള ഇലകള്‍ വീതികുറഞ്ഞ് അണ്ഡാകൃതിയിലാണ്.

പുഷ്പകാലം ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ്. വെളുപ്പുനിറവും നാലു സെന്റിമീറ്ററോളം വ്യാസവുമുള്ള പുഷ്പങ്ങള്‍ സമമിതമാണ്. ബാഹ്യദളങ്ങളും ദളങ്ങളും നാലെണ്ണം വീതമുണ്ടായിരിക്കും. ഇളംനിറത്തിലുള്ള അനേകം കേസരങ്ങളുണ്ട്. രണ്ടറകളുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണിതിനുള്ളത്. വര്‍ത്തികയ്ക്ക് കേസര തന്തുക്കളുടെ ഇരട്ടി നീളമുണ്ടായിരിക്കും. മൂന്നോ നാലോ വിത്തുകളുള്ള ഫലങ്ങള്‍ക്ക് അണ്ഡാകൃതിയാണ്. വിത്തുകള്‍ പാകി തൈകള്‍ പറിച്ചുനട്ട് പ്രജനനം നടത്തുന്നു.

നല്ല ബലവും ഉറപ്പും ഉള്ള ഇതിന്റെ തടിയുടെ കാതലിന് തവിട്ടുനിറമാണ്; തടിയുടെ വെള്ളയ്ക്ക് ഇളം മഞ്ഞനിറവും. പാലം, റെയില്‍വേ സ്ലീപ്പറുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ചുരുളിത്തടി ഉപയോഗിച്ചുവരുന്നു. ചുരുളിയുടെ ഇലകളും പുഷ്പങ്ങളും പാമ്പുവിഷത്തിനും തേള്‍വിഷത്തിനും ഔഷധമാണ്. വയറിളക്കരോഗങ്ങള്‍ക്ക് പൂമൊട്ടുകള്‍ ഔഷധമായി ഉപയോഗിക്കാറുണ്ട്. കായ്കളില്‍ നിന്നെടുക്കുന്ന എണ്ണ സോപ്പുനിര്‍മാണത്തിന് പ്രയോജനപ്പെടുന്നു.

ചെറിയ ഇലയും വലിയ പുഷ്പവും ഉള്ള, കാതല്‍കുറഞ്ഞ ഒരിനം ചുരുളി മണിനാങ്ക് (Mesua coromandellina) എന്നറിയപ്പെടുന്നു. വളരെ വീതികുറഞ്ഞ ഇലയും വലിയ പുഷ്പങ്ങളും ഏറെ ഉയരത്തില്‍ വളരുന്നതുമായ ചുരുളിയാണ് നീര്‍നാങ്ക് (Mesua speciosa).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%B0%E0%B5%81%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍