This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുരുട്ടമണ്ഡലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുരുട്ടമണ്ഡലി

ഇന്ത്യയില്‍ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ചെറിയ ഒരിനം വിഷപ്പാമ്പ്. ശാസ്ത്രനാമം: എക്കിസ് കാരിനേറ്റസ് (Echis carinatus). തല ത്രികോണാകൃതിയിലുള്ളതും തവിട്ടുനിറത്തോടുകൂടിയതുമാണ്. തലയില്‍ ത്രിശൂലാകൃതിയിലുള്ള ഒരു വെളുത്ത അടയാളം കാണപ്പെടുന്നു. ഉടലിന് ചാരനിറം കലര്‍ന്ന തവിട്ടുനിറമാണുള്ളത്. ഉടലില്‍ വിളറിയ പാടുകളും ധാരാളമുണ്ട്. തുടര്‍ച്ചയായി കാണപ്പെടുന്ന ഈ പാടുകളുടെ എണ്ണം 25 മുതല്‍ 32 വരെ ആകാറുണ്ട്. ഇവയുടെ വക്കുകളില്‍ കറുത്ത പുള്ളികളും കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗത്തിന് വെള്ളനിറമാണ്. ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ചെതുമ്പലുകളുടെ രണ്ടറ്റത്തും കറുത്ത പുള്ളികളുണ്ട്. ചുരുട്ടമണ്ഡലി ഇഴയുന്നത് പള്ളതിരിഞ്ഞ ഒരു പ്രത്യേകരീതിയിലാണ്. ഇവ ഇഴയുമ്പോള്‍ ചെതുമ്പലുകള്‍ തമ്മില്‍ കൂട്ടിയുരസി കര്‍...കര്‍ എന്നൊരു ശബ്ദം ഉണ്ടാകുന്നു. ചന്ദ്രക്കലപോലെ ചുരുണ്ടു വളഞ്ഞാണ് ഇവ വിശ്രമിക്കാറുള്ളത്. ഈ സമയം പാമ്പിന്റെ തല വളവിന്റെ മധ്യഭാഗത്തായിട്ടാണ് കാണപ്പെടുക.

ചുരുട്ടമണ്ഡലി

ചുരുട്ടമണ്ഡലിയുടെ തലയില്‍ ചെറിയ ചെതുമ്പലുകള്‍ അര്‍ധവൃത്താകൃതിയില്‍ ഒന്നിനുമേല്‍ മറ്റൊന്ന് എന്ന നിലയില്‍ വിന്യസിച്ചിരിക്കുന്നു. താരതമ്യേന വലിയ കണ്ണുകളാണിവയ്ക്കുള്ളത്. കൃഷ്ണമണി ദീര്‍ഘവൃത്താകൃതിയില്‍ കാണപ്പെടുന്നു. കണ്ണിനു ചുറ്റുമായി ചെറിയ ചെതുമ്പലുകള്‍ ഒരു വരിയായി അടുക്കിയിരിക്കുന്നു. വാലിനടിയില്‍ ഒറ്റവരിയായി 24-25 ചെതുമ്പലുകള്‍ കാണാറുണ്ട്.

തവളക്കുഞ്ഞുങ്ങള്‍, ഓന്ത്, ചെറിയയിനം പാമ്പുകള്‍, തേള് തുടങ്ങിയവയാണ് ചുരുട്ടമണ്ഡലിയുടെ പ്രധാന ഇരകള്‍. കല്ലുകള്‍ക്കിടയിലും മറ്റും ചുരുണ്ടുകൂടി കിടക്കുന്ന ഇവയെ വേഗം തിരിച്ചറിയാനാവില്ല. ചുറ്റുപാടിനോട് ഇണങ്ങുന്ന നിറവുമാണ് ഇവയ്ക്കുള്ളത്. ഇവ ഇഴഞ്ഞുപോകുമ്പോള്‍ തല അല്പം ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ചുരുട്ടമണ്ഡലി വിഷപ്പാമ്പ് ആണെങ്കിലും ഒറ്റക്കടികൊണ്ട് മാരകമായ അളവില്‍ വിഷം കുത്തിക്കയറ്റാന്‍ ഇവയ്ക്കാവില്ല. കടിയേല്ക്കുന്ന ഭാഗത്ത് വീക്കം ഉണ്ടാവുന്നു. മുറിപ്പാടില്‍നിന്നും ചുവന്ന ദ്രാവകം ഒലിച്ചിറങ്ങിക്കൊണ്ടിരിക്കും. വിഷം പലപ്പോഴും മാരകമാവാറുണ്ട്.

ജൂലായ്-ആഗസ്റ്റ് മാസങ്ങളില്‍ മഴ തുടങ്ങുന്നതോടെയാണ് ഇവയുടെ പ്രജനനഘട്ടം ആരംഭിക്കുന്നത്. ചുരുട്ടമണ്ഡലി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചുരുട്ടമണ്ഡലി ധാരാളമായുള്ളത്. കേരളത്തിലും ഇവ കാണപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍