This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുര

ചുര: ഇലയും കായും

കുക്കുര്‍ബിറ്റേസി (Cucurbitaceae ) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം: ലാജിനേറിയ വള്‍ഗാരിസ് (Lagenaria vulgaris ). കുക്കുര്‍ബിറ്റ ലാജിനേറിയ (Cucurbita lagenaria ) പേരിലാണ് മുമ്പ് ഈ ചെടി അറിയപ്പെട്ടിരുന്നത്. വളരെക്കാലം മുമ്പുമുതലേ ചുര കൃഷിചെയ്തിരുന്നുവെന്ന് ചരിത്രരേഖകളുണ്ട്. മെക്സിക്കോയിലെ ഗുഹകളില്‍നിന്നും ഈജിപ്തിലെ ശവകുടീരങ്ങളില്‍നിന്നും ചുരയ്ക്കയുടെ തോട് കണ്ടെടുത്തിട്ടുണ്ട്. മൊളുക്കസ്, അബിസീനിയ, ഭാരതം എന്നിവിടങ്ങളില്‍ ചുര കൃഷിചെയ്തുവരുന്നു. വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ വളരുന്ന ഇനങ്ങളുണ്ടെങ്കിലും ഇതിന്റെ കൃഷി പ്രധാനമായും വേനല്‍ക്കാലത്താണ് നടത്താറുള്ളത്. സാധാരണ പന്തലുകളില്‍ പടര്‍ന്നുകയറുന്ന ഈ ചെടി വേനല്‍ക്കാലത്ത് നിലത്തും പടര്‍ന്നുവളരും.

ചെടിയുടെ തണ്ടിന് അഞ്ചുകോണുകളുണ്ട്. തണ്ടില്‍ നേര്‍ത്ത ലോമങ്ങള്‍ കാണപ്പെടുന്നു. പ്രതാനങ്ങളുടെ അഗ്രം രണ്ടായി പിളര്‍ന്നിരിക്കും. അണ്ഡാകാരമോ ഹൃദയാകാരമോ ആയ ഇലകള്‍ക്ക് 15 സെന്റിമീറ്ററോളം വ്യാസം ഉണ്ടായിരിക്കും. ഇലകളുടെ അരികുകള്‍ ദന്തുരവും ഇരുവശവും ലോമിലവുമാണ്. ഇലഞെടുപ്പുകളുടെ ചുവട്ടില്‍ രണ്ട് ഗ്രന്ഥികളുണ്ട്. വെളുപ്പുനിറത്തിലുള്ള ഏകലിംഗിപുഷ്പങ്ങള്‍ ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് ഒറ്റയായിട്ടാണ് ഉണ്ടാകുന്നത്. ആണ്‍പുഷ്പങ്ങള്‍ക്ക് പെണ്‍പുഷ്പങ്ങളെ അപേക്ഷിച്ച് നീളം കൂടിയ ഞെടുപ്പുകളാണുള്ളത്. ആണ്‍പുഷ്പങ്ങള്‍ക്കും പെണ്‍പുഷ്പങ്ങള്‍ക്കും അഞ്ച് ബാഹ്യദളങ്ങളും അഞ്ച് ദളങ്ങളും ഉണ്ടായിരിക്കും. ആണ്‍പുഷ്പങ്ങളില്‍ മൂന്ന് കേസരങ്ങള്‍ ഉണ്ട്. പെണ്‍പുഷ്പങ്ങളില്‍ ചെറിയ വര്‍ത്തികയും മൂന്നായി പിളര്‍ന്ന വര്‍ത്തികാഗ്രവും കാണപ്പെടുന്നു. മൂന്ന് അറകളുള്ള അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ടായിരിക്കും.

ചുരയുടെ മൂപ്പെത്താത്ത കായ്കള്‍ പച്ചക്കറിയായും ഹല്‍വ മുതലായ മധുര പലഹാരങ്ങളും അച്ചാറുകളും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. കായ്കളുടെ ഉള്ളിലുള്ള ഭാഗം, കാണ്ഡം, ഇല എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട്. ഇല ഉപയോഗിച്ചുള്ള കഷായം പഞ്ചസാര ചേര്‍ത്ത് മഞ്ഞപ്പിത്തത്തിന് ഔഷധമായി ഉപയോഗിക്കുന്നു. വിത്ത് അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. കായ്കള്‍ ഭക്ഷിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും. വൈന്‍, സ്പിരിറ്റ് തുടങ്ങിയവ സൂക്ഷിക്കാന്‍ ചുരയ്ക്കയുടെ അകത്തെ പള്‍പ്പ് തുരന്നുകളഞ്ഞതിനുശേഷമുള്ള പുറംതോടുകള്‍ ഉപയോഗിച്ചുവരുന്നതിനാലാണ് തുരന്നകായ് (bottle gourd) എന്ന് ഇതിനു പേര് ലഭിച്ചത്. കായ്കള്‍ ഇളം പ്രായത്തിലായിരിക്കുമ്പോള്‍ത്തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം. ചെറിയ ഇനം കായ്കള്‍ക്കാണ് കൂടുതല്‍ വില. രണ്ടോ മൂന്നോ ദിവസം കായ്കള്‍ കേടുകൂടാതെ സൂക്ഷിക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍