This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുണ്ണാമ്പുകല്‍പ്പണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുണ്ണാമ്പുകല്‍പ്പണി

ഇസ്ലാമിക വാസ്തുവിദ്യാരീതിയിലുള്ള അലങ്കാരപ്പണി. കെട്ടിടങ്ങളിലെ മുറികളുടെ തട്ടില്‍നിന്ന് തൊങ്ങലുകളായാണ് ഇത് പണിയുന്നത്. ചുണ്ണാമ്പുഗുഹകള്‍ക്കകത്തു കാണുന്ന സ്റ്റാലക്ടൈറ്റുകളുടെ (stalactites) രൂപമുള്ളതിനാല്‍ ചുണ്ണാമ്പുകല്‍പ്പണിയെന്നും തേനീച്ചക്കൂടിന്റെ ആകൃതിയുള്ളതിനാല്‍ തേന്‍കൂടുപണിയെന്നും ഇതറിയപ്പെടുന്നു. 'ഉന്തിനില്ക്കുന്നത്' എന്നര്‍ഥത്തില്‍ അറബിഭാഷയില്‍ 'അല്‍-ഹൂലയ്മാതുല്‍-ഉല്‍യാ' എന്നും കൂട്ടിയോജിപ്പിക്കുന്നത് എന്നര്‍ഥത്തില്‍ 'മുഖര്‍റന' (muqarna) എന്നും അറിയപ്പെടുന്നു.

വിവിധരൂപത്തിലുള്ള ത്രിമാനഭാഗങ്ങള്‍ ചേര്‍ത്ത് സമമിതരീതിയിലാണ് ചുണ്ണാമ്പുകല്‍പ്പണി ചെയ്യുന്നത്. ഇസ്ലാമികരീതിയില്‍ പണിതിട്ടുള്ള കെട്ടിടങ്ങളില്‍ ഒരു സമചതുരരൂപത്തില്‍നിന്നും ഗോളാകൃതിയിലുള്ള കപോളകളിലേക്ക് നയിക്കുന്ന പരിവര്‍ത്തനമേഖലകളുടെ പ്രധാന ഘടകമാണീ മുഖര്‍റനകള്‍.

ആദ്യകാല ഇസ്ലാമിക വാസ്തുവിദ്യയില്‍ ഈ ശൈലി പ്രചാരത്തിലില്ലാതിരുന്നു. 10-ാം ശതകത്തിലാണ് ഇതിന് ഇറാനില്‍ അംഗീകാരം ലഭിച്ചത്. പില്ക്കാലത്ത് ചുണ്ണാമ്പുകല്‍പ്പണി ഇസ്ലാമിക വാസ്തുവിദ്യയുടെയും അലങ്കാരപ്പണിയുടെയും സവിശേഷതയായിത്തീര്‍ന്നു.

മുഖര്‍റനകള്‍ ആഡംബരത്തിനുവേണ്ടി പണിതിരുന്ന വാസ്തുശില്പമാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അവ വളരെ കൃത്യമായ ജ്യാമിതീയ കണക്കുകള്‍ക്കനുസൃതമായി പണിതിട്ടുള്ളവയാണ്. 11,12 ശതകങ്ങളില്‍ ഇറാനില്‍ പണിത വാസ്തുശില്പങ്ങളില്‍ ഗോളകങ്ങളുടെ താങ്ങുകള്‍ എന്ന രീതിയില്‍ സംരചനോദ്ദേശ്യത്തോടുകൂടിയും മുഖര്‍റനകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു.

ആദ്യകാല ഗ്രെക്കോ-റോമന്‍ വാസ്തുവിദ്യയില്‍ സ്ക്വിഞ്ച് (squinch) കമാനങ്ങളോടായിരുന്നു പ്രിയം. പിന്നീട് ഇത്തരം സ്ക്വിഞ്ച് കമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് അവയെ ഒരു ചങ്ങലയില്‍ എന്നപോലെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന രീതി നിലവില്‍വന്നു. ഒരേ സമയം ഒരു സംരചനാഭാഗമായും അലങ്കാരമായും ഉപയോഗിക്കാന്‍ പറ്റിയതായിരുന്നു ഈ നിര്‍മാണരീതി. ക്രമേണ ഈജിപ്ത്, വടക്കേ അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളിലും ഈ രീതി പ്രചരിച്ചു. എന്നാല്‍ പില്ക്കാലത്ത് മുഖര്‍റനകള്‍ തന്നെ തട്ടുകളായി മാറി. ഉരുണ്ടതോ ബഹുഭുജരൂപത്തിലുള്ളതോ ആയ കപോളകളെ ഒരു സമചതുര അടിത്തറയില്‍ ഉറപ്പിക്കാന്‍വേണ്ടി രൂപപ്പെടുത്തിയെടുത്ത മുഖര്‍റനകള്‍ കാലാന്തരത്തില്‍ മുറികളുടെ തട്ടുകളായിത്തീര്‍ന്നു. 12-ാം ശതകത്തോടെ വ്യാപകമായിത്തീര്‍ന്ന ഈ നിര്‍മാണരീതി 14,15 ശതകങ്ങളില്‍ അതിന്റെ പാരമ്യതയിലെത്തി.

ലളിതമായും സങ്കീര്‍ണമായും പല രൂപത്തില്‍ ചെയ്തിരുന്ന ചുണ്ണാമ്പുകല്‍പ്പണിയെ കണ്ണറകളുടെ രൂപത്തില്‍ നതമധ്യവക്രമായി പണിയുന്നവ, ചുവര്‍പ്പൊത്തുകളുടെ രൂപത്തിലുള്ള ഇടകളുടെ ലംബനിരകള്‍ക്ക് പ്രാധാന്യം നല്കുന്നവ, സങ്കീര്‍ണമായ ത്രിമാനരൂപങ്ങളെ അന്യോന്യം കൂട്ടിമുട്ടുന്ന തരത്തില്‍ വിന്യസിക്കുന്നവ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

പേര്‍ഷ്യന്‍ വാസ്തുവിദ്യാരീതിയുടെ തനതു സ്വഭാവമാണിത്. ഇന്ത്യയില്‍ മുഗള്‍വംശക്കാലത്ത് നിര്‍മിച്ച വാസ്തുശില്പങ്ങളിലും ഇപ്രകാരം സങ്കീര്‍ണതകള്‍ കാണുന്നുണ്ട്.

ഇസ്ലാമിക വാസ്തുവിദ്യയില്‍ വാതിലിന്റെ മുകള്‍ഭാഗം, ചുമര്‍പ്പൊത്ത്, ഗൃഹോപകരണങ്ങള്‍, പ്രാകാരശീര്‍ഷം, മിനാരഗാലറികള്‍ എന്നിവയ്ക്കിടയിലെ ബ്രാക്കറ്റിങ് സംവിധാനം തുടങ്ങിയവയെ മോടിപിടിപ്പിച്ചിരുന്നത് ചുണ്ണാമ്പുകല്‍പ്പണികൊണ്ടാണ്. 'പ്രിസ'ത്തിന്റെ രൂപത്തിലുള്ള ചുണ്ണാമ്പുകല്‍പ്പണി സ്പെയിനില്‍ മൂര വംശജര്‍ പണിത കെട്ടിടങ്ങളില്‍ സുലഭമാണ്. പരല്‍രൂപത്തില്‍ ചെത്തിമിനുക്കിയ മുഖപ്പോടുകൂടിയ ഒരു നിര്‍മാണരീതി തുര്‍ക്കിയില്‍ പ്രചാരത്തിലുണ്ടായിരുന്നു.

സമചതുരാകൃതിയില്‍നിന്നും ഗോളാകൃതിയിലേക്കുള്ള പരിവര്‍ത്തനം നടത്തിയിരുന്നത് മുഖര്‍റനകളിലൂടെയായിരുന്നു. ഇസ്ലാമിക വാസ്തുവിദ്യാ സങ്കേതപ്രകാരം സമചതുരം എന്നത് നാലുഭൂതം, നാല് ഋതുക്കള്‍, നാല് മുഖ്യദിശകള്‍ എന്നിവയടങ്ങിയ ഭൂമിയുടെ പ്രതീകമാണ്. മാന്ത്രികവൃത്തം, സ്വര്‍ഗം, അനശ്വരത എന്നിവയെ ഗോളാകൃതി സൂചിപ്പിക്കുന്നു. ഒരു വൃത്തത്തിനകത്തുള്ള സമചതുരങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും സമചതുരം വൃത്തമായി മാറുന്നതും ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്കുള്ള പ്രയാണത്തെ കുറിക്കുന്നു. മുഖര്‍റനകള്‍, സമചതുരാകൃതിയില്‍നിന്ന് ഒരു പ്രവേശനകവാടത്തിന്റെ മുകളിലുള്ള ചതുര്‍ഥാംശ ഭാഗത്തിലേക്ക് നയിക്കുന്നതിനാല്‍ (ഈ പ്രവേശനകവാടം ഒരു മുസ്ലിംപള്ളി അല്ലെങ്കില്‍ മദ്രസയിലേക്കായതിനാല്‍ മോക്ഷപ്രാപ്തിയെ സൂചിപ്പിക്കുന്നു), ഭൂമിയില്‍നിന്നും അനശ്വരതയിലേക്കുള്ള പ്രയാണപാതയുടെ പ്രതീകങ്ങളാണവ. അതുപോലെ മുഖര്‍റനകളുടെ തട്ട് പ്രതീകവത്കരിക്കുന്നത് സ്വര്‍ഗഗോളകത്തെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍