This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചുണ്ടെലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചുണ്ടെലി
സസ്തനികളിലെ കീടഭോജി (Insectivora) വര്‍ഗത്തില്‍പ്പെട്ട ഒരു ചെറു ജീവി. ഇംഗ്ലീഷില്‍ ഗ്രേ മസ്ക് ഷ്റു (grey musk shrew) എന്നറിയപ്പെടുന്നു. ശാസ്ത്രനാമം: സങ്കസ് മ്യൂറിനസ് (Sunkus murinus). ചെറിയ ഒരിനം എലിയുടെ ആകൃതിയിലുള്ള ചുണ്ടെലി കരണ്ടുതീനി വര്‍ഗത്തില്‍പ്പെടുന്നില്ല. ചെറുപ്രാണികളാണ് ഇവയുടെ പ്രധാന ഇരകള്‍. ചുണ്ടെലിയുടെ ശരീരത്തിനു മങ്ങിയ ചാരനിറമാണുള്ളത്. നീണ്ടുകൂര്‍ത്ത തലയുള്ള ഇവയുടെ ശരീരത്തിന് 15 സെ.മീ. നീളം വരും; സ്വതന്ത്രാഗ്രത്തിലേക്ക് കൂര്‍ത്തു കൂര്‍ത്തു വരുന്ന വാലിന്റെ നീളം 8 സെ.മീറ്ററും. മേല്‍ത്താടി കീഴ്ത്താടിയെക്കാള്‍ മുന്നോട്ടു തള്ളിയ നിലയിലാണ്. പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ചെവിയാണിവയ്ക്കുള്ളത്. ശരീരം നിറയെ മൃദുവായ രോമങ്ങളുണ്ട്.
ചുണ്ടെലിയുടെ ശരീരത്തിന്റെ ഇരുഭാഗങ്ങളിലായി ഓരോ ഗ്രന്ഥി കാണപ്പെടുന്നു. ഇതിന്റെ സ്രവത്തിന് ഒരു പ്രത്യേക ഗന്ധമുണ്ട്. ഇതുകൊണ്ടാവാം ഇവയ്ക്ക് ഗ്രേ മസ്ക് ഷ്റു എന്ന് ഇംഗ്ലീഷില്‍ പേരുള്ളത്. സന്ധ്യ മയങ്ങുന്നതോടെയാണ് ഇവ ഇരതേടി ഇറങ്ങാറുള്ളത്. ഈ സമയം വീടുകളിലും മറ്റും കടന്നുവന്ന് ചെറുപ്രാണികളെ തേടിപ്പിടിച്ചു ഭക്ഷിക്കുകയാണു പതിവ്. വീടുകള്‍ക്കുള്ളിലെ ചെറുപ്രാണികളെ നശിപ്പിക്കുന്നതില്‍ ഇവയ്ക്കു കാര്യമായ പങ്കുണ്ട്. എലികളെ ഓടിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
ചുണ്ടെലി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടാവും. അമ്മയുടെ വാലില്‍ പിടിച്ചു പിന്നാലെ നടക്കുന്ന ഒരു പ്രത്യേകസ്വഭാവം ചുണ്ടെലിക്കുഞ്ഞുങ്ങള്‍ക്കുണ്ട്.