This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുട്ടി

ചുട്ടിക്കാരന്‍ ചുട്ടി കുത്തുന്നു

കഥകളി നടന്മാരുടെ മുഖത്ത് മനയോല, അരിമാവ്. ചായില്യം മുതലായവകൊണ്ട് ഉണ്ടാക്കുന്ന ഒരു മുഖാലങ്കാരം. ചുട്ടിക്കാരന്‍ എന്നറിയപ്പെടുന്ന അണിയറ ശില്പിയാണ് ചുട്ടി കുത്തുന്നത്. കവികളിലൂടെ താടിവരെ പച്ച മനയോലകൊണ്ട് ഒരു വളയംവച്ച് മുഖത്തെ തേപ്പിനുള്ള അതിരുകള്‍ നിര്‍ണയിച്ചശേഷമാണ് ചുട്ടികുത്ത് ആരംഭിക്കുക. ആദ്യം പച്ചരിമാവും ചുണ്ണാമ്പും ചുട്ടിച്ചിരട്ടയില്‍ എടുത്ത് യഥാവിധി യോജിപ്പിച്ച് വേണ്ടത്ര വെള്ളം ചേര്‍ത്തു കുഴച്ചാണ് ചുട്ടിമാവുണ്ടാക്കുന്നത്. എന്നിട്ട് ചുട്ടിക്കാരന്‍ നടന്റെ മുഖത്തു വരച്ചിട്ടുള്ള വളയത്തില്‍ പശ തേച്ച് അരികുകളില്‍ അരിമാവിന്‍ കുഴമ്പുകൊണ്ട് ഒരു രേഖ വരയ്ക്കുന്നു. ഏകദേശം ഒരു മി.മീ. വീതിയില്‍ ഒരു വരയും അതിനെത്തുടര്‍ന്ന് മറ്റൊരു വെളുത്ത വരയും വരയ്ക്കുകയാണ് അടുത്തപടി. പൊട്ടിപ്പോവാതിരിക്കാനായി കനംകുറഞ്ഞ ഒരു തുണിക്കഷണവും ഇതില്‍ വയ്ക്കാറുണ്ട്.

പച്ചയ്ക്ക് മുഖത്തിനു ചുറ്റും ചെവിക്കരികെ വരെ ഒരു വിരലിലധികം വീതിയില്‍ ഭംഗിയുള്ള ചുട്ടിയാണ് കുത്തുക. കത്തിയുടെ ചുട്ടിക്ക് പച്ചയുടേതിനെക്കാള്‍ വിസ്താരം ഉണ്ടായിരിക്കും. ചുവന്ന താടിയുടെ ചുട്ടിയില്‍ അരിമാവു തേച്ചുപിടിപ്പിച്ചശേഷം, മുകളിലായി ചിറകുപോലെ കത്രിച്ചെടുത്ത കടലാസുതുണ്ടുകള്‍ ചേര്‍ത്തുപിടിപ്പിക്കും. വട്ടമുടിക്ക് കവിളിന്റെ ഇരുവശത്തുമായി പ്രത്യേകാകൃതിയില്‍ വളഞ്ഞ രണ്ടു ചുട്ടികള്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. അവയുടെ അറ്റം ചുവന്ന പൊട്ടുകളില്‍ അവസാനിക്കും. ഇതില്‍ത്തന്നെ ഹനുമാന്റെ ചുട്ടി വളരെയേറെ സവിശേഷതകളുള്ളതാണ്. അത് പൂര്‍ത്തിയാക്കാന്‍ രണ്ടു മണിക്കൂറിലധികം സമയം വേണ്ടിവരും കരിവേഷക്കാര്‍ക്ക് ചുട്ടി കുത്താറില്ല.

ആദ്യകാലത്ത് ചുട്ടിമാവുകൊണ്ടുതന്നെയാണ് ചുട്ടിയുടെ മുഴുവന്‍ പണിയും ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കട്ടികൂടിയ വെള്ളക്കടലാസ് അര്‍ധചന്ദ്രാകൃതിയില്‍ വെട്ടി മുഖത്തിന്റെ അരികിലായി വച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

വേഷഭംഗിക്കു മാറ്റു വര്‍ധിപ്പിക്കുന്നു എന്നതിനു പുറമേ, ചുട്ടി മുഖത്തു പ്രകടമാകുന്ന ഭാവങ്ങള്‍ സ്പഷ്ടമാക്കുകയും ചെയ്യുന്നു. നോ. കഥകളി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍