This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീലാന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീലാന്തി

മാല്‍വേസി (Malvaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം: തെസ്പീസിയ പോപ്പുള്‍നിയ (Thespesia populnea). 'ദൈവികം' എന്നര്‍ഥമുള്ള തെസ്പീസിയോസ് (Thespesios) എന്ന ഗ്രീക്കുപദത്തില്‍ നിന്ന് തെസ്പീസിയ എന്നും യൂറോപ്പിലെ പോപ്ലര്‍ (poplar) വൃക്ഷത്തിന്റെ ഇലയുമായി ചീലാന്തിയുടെ ഇലയ്ക്കുള്ള സാദൃശ്യം 'പോപ്പുള്‍നിയ' എന്നും പേരുകള്‍ ഇതിനു ലഭിക്കാന്‍ ഇടയാക്കി. 'പൂവരശ്' എന്നു പരക്കെ അറിയപ്പെടുന്ന ചീലാന്തിയുടെ ആംഗലേയ നാമങ്ങള്‍ ബെന്‍ഡിട്രീ, പോര്‍ട്രിയ ട്രീ, ടൂളിപ് ട്രീ എന്നിങ്ങനെയാണ്. ഭാരതത്തിലെയും മ്യാന്മറിലെയും തീരപ്രദേശവനങ്ങള്‍, ഏഷ്യന്‍ ഉഷ്ണമേഖലാ പ്രദേശങ്ങള്‍, ആഫ്രിക്ക, പസിഫിക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ചീലാന്തി സമൃദ്ധമായി വളരുന്നു. ഇവ കേരളത്തിലെ തീരപ്രദേശങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്നുണ്ട്.

ചീലാന്തി വൃക്ഷം (ഉള്‍ചിത്രം : പൂവ്)

ചീലാന്തി 10-15 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണ്. ചാരനിറത്തിലുള്ള മരത്തൊലിയുടെ ഉള്‍ഭാഗം ചുവന്നിരിക്കും. തടിക്കു നല്ല മിനുസമുണ്ട്. ഹൃദയാകാരത്തിലുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മിനുസവും മാര്‍ദവവുമുള്ള ഇലകളുടെ അഗ്രം ലംബമായിരിക്കും. ഇലകള്‍ക്ക് 5-7 പ്രധാന സിരകളുണ്ടായിരിക്കും. ഇലഞെടുപ്പിന് 5-10 സെ.മീറ്ററോളം നീളമുണ്ട്. എല്ലാക്കാലവും പുഷ്പിക്കുന്ന ചീലാന്തിയുടെ ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണു പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ വലുതും ഇളം മഞ്ഞനിറത്തിലുള്ളതുമാണ്. അഞ്ചു ബാഹ്യദളങ്ങളും അഞ്ചു ദളങ്ങളുമുണ്ട്. ബാഹ്യദളങ്ങളുടെ ചുവടുഭാഗം യോജിച്ചു കപ്പിന്റെ ആകൃതിയിലായിരിക്കുന്നു. ദളങ്ങള്‍ അഞ്ചും ചേര്‍ന്നു കോളാമ്പിയുടെ ആകൃതിയില്‍ കാണപ്പെടുന്നു. ദളങ്ങള്‍ ചുളുങ്ങിയ കടലാസുപോലിരിക്കും. പുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു പോകാറാകുമ്പോള്‍ ദളങ്ങള്‍ക്ക് ഇളം ചുവപ്പുകലര്‍ന്ന ധൂമ്രവര്‍ണമായിരിക്കും. അനേകം കേസരങ്ങള്‍ യോജിച്ചു ചേര്‍ന്ന് ഒരു കറ്റപോലെ കാണപ്പെടുന്നു. അണ്ഡാശയം ഊര്‍ധ്വവര്‍ത്തി; അഞ്ചറകളുള്ള അണ്ഡാശയത്തിന്റെ ഓരോ അറയിലും രണ്ടോ മൂന്നോ ബീജാണ്ഡങ്ങള്‍ ഉണ്ട്. വര്‍ത്തികാഗ്രം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉരുണ്ടു മുകള്‍ഭാഗം പരന്ന ക്യാപ്സ്യൂളാണു ഫലം. വിളഞ്ഞു പാകമായ വിത്തുകളില്‍ ഫോസ്ഫെറിക് അമ്ളം അടങ്ങിയിട്ടുണ്ട്.

കമ്പ് മുറിച്ചു നട്ടാണു പ്രജനനം നടത്തുന്നത്. വളരെ വേഗത്തില്‍ വളരുന്ന ചീലാന്തിയുടെ ഏതു വലുപ്പത്തിലുമുള്ള കമ്പും മുറിച്ചു നടാം. തണുപ്പു കൂടുതലുള്ള കാലാവസ്ഥയിലാണു കൂടുതല്‍ പുഷ്പങ്ങളുണ്ടാകുന്നത്. തണലിനു വേണ്ടിയും അലങ്കാര വൃക്ഷമായും വഴിവക്കുകളിലും അതിരുകളിലും ഇവ നട്ടുവളര്‍ത്തുന്നു. ഗ്രീക്കുകാര്‍ ഇതിനെ ഒരു പവിത്ര വൃക്ഷമായി കരുതി ദേവാലയങ്ങള്‍ക്കു സമീപം നട്ടു വളര്‍ത്തിയിരുന്നു.

മരത്തൊലിയില്‍നിന്നു നല്ല ബലമുള്ള ഒരിനം നാര് എടുക്കുന്നു. വീട്ടുപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍, ബോട്ട്, പെട്ടി, വണ്ടിച്ചക്രം, തോക്കിന്റെ പിടി എന്നിവ ഉണ്ടാക്കാനും വീടുപണിക്കും ചീലാന്തിത്തടി ഉപയോഗിക്കുന്നു. തടി ഈട്ടിത്തടിപോലെ മിനുസപ്പെടുത്താന്‍ കഴിയും. തടിയുടെ കാതലില്‍ ഗാര്‍ണറ്റ് റെഡ്, റെസിന്‍ ഇവ അടങ്ങിയിരിക്കുന്നു. വേരും മരത്തൊലിയും ഔഷധമാണ്. മരത്തൊലിയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങളില്‍ നിന്നും ഫലത്തില്‍ നിന്നും ഒരിനം മഞ്ഞച്ചായം ലഭിക്കുന്നു. ഇതിന്റെ മരപ്പട്ട കൊണ്ടു തയ്യാറാക്കുന്ന കഷായവും വെളിച്ചെണ്ണയും ത്വഗ്രോഗങ്ങള്‍ക്കു ഫലപ്രദമായ ഔഷധമാണ്. പുഷ്പങ്ങളും മരത്തൊലിയും വിത്തും ചൊറിക്കും ചിരങ്ങിനും ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അണുനാശകമായി ചീലാന്തിപ്പൂവ് അരച്ചു പുരട്ടാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍