This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീരാമകവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീരാമകവി

രാമചരിതം എന്ന അതിപ്രാചീനമായ മലയാള പാട്ടുകൃതിയുടെ കര്‍ത്താവ്. ഗ്രന്ഥത്തിലെ പരാമര്‍ശത്തില്‍ നിന്നാണ് 'ചീരാമന്‍' എന്ന പേര് ലഭ്യമായിട്ടുള്ളത്. അതല്ലാതെ അദ്ദേഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. രാമചരിതത്തിന്റെ അവസാനത്തെ പാട്ടില്‍

ആതിതേവനിലമിഴ്ന്ത മനകാമ്പുടയ ചീ-

രാമനമ്പിനൊടിയമ്പിന, തമിഴ്ക്കവി വെല്‍വേര്‍,

എന്നു കാണുന്നുണ്ട്. കവി ഒരു 'ചീരാമന്‍' ആണെന്ന് ഇത് വ്യക്തമാക്കുന്നു. 'പോകിപോകചയനാ കവിയെനിക്കരുള്‍ചെയ്യേ' എന്നും 'പോകിപോകചയനന്‍ ചരണതാരണവരേ' എന്നുമുള്ള പരാമര്‍ശങ്ങള്‍ ചീരാമന്‍ ശ്രീപദ്മനാഭ ഭക്തനായ കവിയാണെന്ന അനുമാനത്തിനു വഴിതെളിച്ചിട്ടുണ്ട്. യുദ്ധകാണ്ഡത്തെ അവലംബിച്ച് വീരരസത്തിനു പ്രാമുഖ്യം നല്‍കി രാമചരിതം എഴുതിയ ഇദ്ദേഹം ഒരു ക്ഷത്രിയനായിരിക്കുമെന്നും അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1196-ല്‍ വേണാടു ഭരിച്ചിരുന്ന ശ്രീവീരരാമവര്‍മയാണ് ചീരാമകവി എന്ന നിഗമനത്തിലാണ് മഹാകവി ഉള്ളൂര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. 'ശ്രീരാമന്റെ' തദ്ഭവമാണ് ചീരാമന്‍ എന്നതാണ് മുഖ്യന്യായീകരണമായി ഇദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. എന്നാല്‍ കേരളഭാഷാചരിത്രകാരനായ ആര്‍. നാരായണപ്പണിക്കര്‍ ഈ വാദത്തെ എതിര്‍ക്കുന്നു. ചീരാമന്‍ 'ശിവരാമ'ന്റെ തദ്ഭാവമായിക്കൂടേ എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം.

സംസ്കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന പ്രതിഭാശാലിയായിരുന്നു ചീരാമകവി എന്നു മാത്രമേ നിസ്സന്ദേഹം പറയാന്‍ കഴിയൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍