This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീന്‍ രാജവംശം (ബി.സി. 221 - 207)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീന്‍ രാജവംശം (ബി.സി. 221 - 207)

ചൈന ഭരിച്ചിരുന്ന ഒരു രാജവംശം. ചൗ രാജവംശത്തിനുശേഷമാണ് ഇതിന്റെ കാലഘട്ടം. ചൈന എന്ന പേരിന്റെ ഉദ്ഭവം ഈ വംശത്തില്‍ നിന്നാണ്.

നിരവധി നാടുവാഴി ദേശങ്ങളായി വിഭജിക്കപ്പെട്ടു കിടന്ന ചൈന (ബി.സി. 1024-221) ചീന്‍ രാജവംശത്തിന്റെ കീഴില്‍ 221-താമാണ്ടില്‍ ഒരു ഏകീകൃത സാമ്രാജ്യമായി. ചൗ മേല്‍ക്കോയ്മ അംഗീകരിച്ച ആശ്രിതരാജ്യമായിട്ടായിരുന്നു ഷെന്‍സി ആസ്ഥാനമായ ചീന്‍ രാജവംശത്തിന്റെ തുടക്കം (ബി.സി. 8-ാം ശ.). ആരംഭത്തില്‍ ചൗ രാജാക്കന്മാര്‍ ഫ്യൂഡല്‍ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയെങ്കിലും അവര്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണം ചൌ രാജവംശത്തിന്റെ ശിഥിലീകരണത്തിലാണ് കലാശിച്ചത്. 8-ാം ശതകത്തില്‍ ചൗ വംശത്തിന്റെ ഭരണം നാമമാത്രമായതിനെത്തുടര്‍ന്ന് അയല്‍രാജ്യങ്ങളെയും ഗോത്രങ്ങളെയും കീഴ്പ്പെടുത്തിക്കൊണ്ട് ചീന്‍ കൂടുതല്‍ ശക്തമായിത്തീര്‍ന്നു. ചീന്‍ നാടുവാഴിയായ സിയാവോവിന്റെ പ്രഗല്ഭനായി മന്ത്രി ഷാങ്യാങ് നടത്തിയ ഭരണപരിഷ്കാരങ്ങള്‍ ചീന്‍ രാജ്യത്തിന് നല്ലൊരു അടിത്തറയായി. ഇതിന്‍പ്രകാരം പ്രഭുവര്‍ഗക്കാരെ മാത്രം ഭരണത്തിലെടുക്കുന്ന കീഴ്വഴക്കത്തിനു മാറ്റം സംഭവിച്ചു. യോഗ്യതയുള്ളവരെ തത്സ്ഥാനത്തു നിയമിച്ച് ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിക്കു പകരം ഉദ്യോഗസ്ഥ മേധാവിത്വസംവിധാനത്തിന് ഇത് തുടക്കം കുറിച്ചു. പ്രഭുവര്‍ഗങ്ങള്‍ അനുഭവിച്ചുപോന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയെങ്കിലും ഭൂമി സ്വകാര്യാവശ്യത്തിനു കൈവശം വയ്ക്കുന്നത് തടഞ്ഞില്ല. അളവ്, തൂക്കം എന്നിവ ക്ലിപ്തപ്പെടുത്തി. വ്യവസായത്തിന്റെയും കൃഷിയുടെയും പുരോഗതിക്ക് സഹായകമായി ഈ പരിഷ്കാരങ്ങള്‍. ഒരു നല്ല സൈന്യത്തെ വാര്‍ത്തെടുത്ത ചീന്‍ സാമന്തരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സൈനികശക്തിയായി മാറി. ബി.സി. 325-ല്‍ ചീന്‍ രാജാവായ ഹുയീ വാങ് (സിയാവോയുടെ പുത്രന്‍) ചക്രവര്‍ത്തിപദം സ്വീകരിച്ചു. കിഴക്കന്‍ രാജ്യങ്ങളായ ചീ, വെയ് എന്നിവയ്ക്ക് ഇതൊരു വെല്ലുവിളിയായി. ശത്രുക്കളെ ഭിന്നിപ്പിച്ചു പരാജയപ്പെടുത്തുക എന്നതായിരുന്നു ചീ, ചൂ, യെന്‍, ഹാന്‍ ചവോ, വെയ് എന്നീ കിഴക്കന്‍ രാജ്യങ്ങള്‍ക്കെതിരെ ചീന്‍ അവലംബിച്ച യുദ്ധതന്ത്രം. ബി.സി. 260-ല്‍ ചീന്‍, ചവോ രാജാക്കന്മാരെ പരാജയപ്പെടുത്തി. 230-221 കാലഘട്ടത്തില്‍ നടന്ന പോരാട്ടത്തില്‍ ശേഷിച്ച കിഴക്കന്‍ രാജ്യങ്ങളെയും കീഴ്പ്പെടുത്തിക്കൊണ്ട് ചീന്‍ ഭരണാധികാരിയായ ചെങ് ചൈനയെ ഏകീകരിച്ചു (ബി.സി. 221).

ഏകീകരണാനന്തരം ചെങ്, ആദ്യത്തെ ഭരണാധികാരിയായ ചക്രവര്‍ത്തി എന്നര്‍ഥം വരുന്ന 'ചീന്‍ ഷി ഹുയാങ് തീ' എന്ന സ്ഥാനപ്പേരു സ്വീകരിച്ചു. ഷി ഹുയാങ് തീ മന്ത്രിയായ ലീ സൂവിന്റെ സഹായത്തോടെ പല പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തി. ചീന്‍ രാജ്യത്തു നിലവിലിരുന്ന ലിപി ലഘൂകരിക്കുകയും അത് ചൈനയിലാകെ പ്രചരിപ്പിക്കുകയും ചെയ്തതോടൊപ്പം കര്‍ക്കശമായ നിയമസംഹിതയും ഇദ്ദേഹം ചിട്ടപ്പെടുത്തി. തന്റെ സാമ്രാജ്യത്തെ നാല്പതു പ്രിഫക്ചറുകളായി വിഭജിച്ച്, ഓരോ പ്രിഫക്ചറും പല കൌണ്ടികളാക്കി. ഇവരുടെ ഭരണം കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്കായിരുന്നു. നിലവിലിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതി നിര്‍ത്തലാക്കപ്പെട്ടു. റോഡുകളുടെയും ഹൈവേകളുടെയും ഒരു ശൃംഖല പടുത്തുയര്‍ത്തിക്കൊണ്ട് ഗതാഗതസൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. വടക്കു നിന്നുള്ള നാടോടികളുടെ ഭീഷണി ചെറുക്കുന്നതിനായി ചീനാവന്‍മതിലിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. അളവു-തൂക്കങ്ങള്‍ ഏകീകരിച്ചു. ഇപ്രകാരമൊക്കെയായിരുന്നെങ്കിലും ചക്രവര്‍ത്തിയുടെ ചില ചെയ്തികള്‍ സ്വേച്ഛാധിപതി എന്ന അപഖ്യാതി ഉണ്ടാക്കി. തന്റെ നയങ്ങളെ വിമര്‍ശിച്ചവരെ ഇദ്ദേഹം വകവരുത്തി. ജനങ്ങളില്‍ സ്വതന്ത്രചിന്താഗതി വളര്‍ത്തുന്ന ഗ്രന്ഥങ്ങള്‍ കത്തിച്ചുകളയുകവരെ ചെയ്തു. ബി.സി. 210-ല്‍ ഇദ്ദേഹം നിര്യാതനായി.

ചീന്‍ ഷി ഹുയാങ് തീയുടെ ഭരണപരിഷ്കാരങ്ങള്‍ പൊതുവില്‍ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ദൂരവ്യാപകമായ സാമൂഹ്യദുരന്തങ്ങള്‍ക്ക് വഴിതെളിക്കുന്നവയായിരുന്നു അവ. അന്ധമായ നിയമസംഹിതകളും കടുത്ത നികുതികളും ജനങ്ങളെ അസ്വസ്ഥമാക്കി. സ്വന്തം ചിന്തയെപ്പോലും നിയന്ത്രിച്ച ഭരണകൂടത്തിനെതിരെയുള്ള അവരുടെ രോഷം രണ്ടാം ചീന്‍ സമ്രാട്ടിന്റെ കാലഘട്ടത്തില്‍ (ബി.സി. 209) സൈനികകര്‍ഷക കലാപങ്ങളായി പൊട്ടിത്തെറിച്ചു. ഈ അരാജകത്വം മുതലെടുത്തുകൊണ്ട് പഴയ നാടുവാഴി ദേശങ്ങള്‍ ചീനിന് ഭീഷണിയായി ഉയര്‍ന്നു. രണ്ടാം സമ്രാട്ട് വധിക്കപ്പെട്ടതോടെ ചീന്‍ സാമ്രാജ്യം നാമാവശേഷമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍