This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീങ്കണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:43, 27 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചീങ്കണ്ണി

Crocodile

ക്രോക്കൊഡൈലിഡേ (Crocodylidae) കുടുംബത്തില്‍പ്പെടുന്ന ശുദ്ധജലവാസിയായ ഉരഗം. യഥാര്‍ഥ ക്രോക്കൊഡൈലുകള്‍ ഉള്‍പ്പെട്ട ഈ കുടുംബത്തില്‍ മൂന്നു ജീനസ്സുകളിലായി പതിമൂന്നു സ്പീഷീസുകളാണ് ഇന്ന് ഭൂലോകത്ത് അവശേഷിച്ചിട്ടുള്ളത്.

ചീങ്കണ്ണി

ശുദ്ധജലവാസിയായ മഗ്ഗര്‍ (Muggar) അഥവാ മാര്‍ഷ് ക്രോക്കൊഡൈല്‍ എന്നറിയപ്പെടുന്ന ക്രൊക്കൊഡിലസ് പാലുസ്ട്രിസ് (Crocodylus palustris) ആണ് കേരളത്തില്‍ ചീങ്കണ്ണിയെന്ന പേരില്‍ അറിയപ്പെടുന്നത്. വേണ്ടത്ര ശാസ്ത്രപരിജ്ഞാനമില്ലായ്കയാലും യഥാര്‍ഥ മുതലകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായതിനാലും ചീങ്കണ്ണിയെയും മുതലയെന്നു വിളിക്കാറുണ്ട്. ഇതുകൊണ്ടാകണം പ്രശസ്ത ഉരഗശാസ്ത്രജ്ഞനായ ജെ.സി.ഡാനിയേല്‍ ഇവയെ ചീങ്കണ്ണിയെന്നും മുതലയെന്നും വിളിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ചെങ്കണ്ണു ബാധിച്ചതുപോലുള്ള കണ്ണുള്ളത് എന്നാണ് ചീങ്കണ്ണി എന്ന പേരിനര്‍ഥം. ആവാസവ്യവസ്ഥയുടെ പ്രത്യേകത പരിഗണിച്ചും മറ്റു സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനത്തിലും ചീങ്കണ്ണിയെയും മുതലയെയും പ്രത്യേകം വേര്‍തിരിച്ചു പരാമര്‍ശിക്കുന്നതാണ് ശരി എന്ന അഭിപ്രായമാണ് ജന്തുശാസ്ത്രജ്ഞര്‍ക്കും വന്യജീവി വിദഗ്ധര്‍ക്കുമുള്ളത്. ചീങ്കണ്ണികള്‍ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നുണ്ട്.

അഴിമുഖങ്ങളിലും സമുദ്രജലം അടിഞ്ഞുകൂടുന്ന സ്ഥലത്തും തീരപ്രദേശത്തെ ഉപ്പുജലം ഉള്‍ക്കൊള്ളുന്ന തടാകങ്ങളിലും കണ്ടുവരുന്ന എസ്റ്റുറൈന്‍ ക്രോക്കൊഡൈല്‍ (Estuarine crocodile) അഥവാ ക്രോക്കൊഡിലസ് പൊറോസസ് (Crocodylus porosus) ആണ് മുതല. മൂക്കും തലയും ഒന്നായിച്ചേര്‍ന്നത് എന്ന അര്‍ഥമാണ് മുതല എന്ന പദത്തിനുള്ളത്. നക്രം, ഗ്രാഹം എന്നീ പദങ്ങള്‍ മുതലയുടെ പര്യായങ്ങളായി സംസ്കൃതത്തില്‍ ഉപയോഗിക്കുന്നു. കാലുണ്ടെങ്കിലും ഏറെ നടക്കാന്‍ കഴിയാത്തത് എന്നാണ് 'നക്രം' എന്ന പദത്തിനര്‍ഥം. 'ഗ്രാഹം' എന്നാല്‍ ഗ്രഹിക്കുന്നത്. വായ് തുറന്നുവച്ച് ഈച്ചകളെയും മറ്റും ആകര്‍ഷിച്ചു പിടിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഈ പേര്‍ സിദ്ധിച്ചത്. വെള്ളത്തില്‍ ആവസിക്കുമ്പോള്‍ അതിലിറങ്ങുന്ന കുംഭിയെ-ആനയെക്കൂടി പിടിക്കാനുള്ള ശക്തി മുതലയ്ക്കുണ്ടെന്നതിനാല്‍ 'കുംഭീരം' എന്ന പേരും ഇതിനുണ്ട്.

ഉപ്പു ജലവാസിയായ ഒരേ ഒരിനമാണ് ക്രോക്കൊഡൈല്‍ പൊറോസസ് അഥവാ മുതല. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ആസ്റ്റ്രേലിയ, പാപ്പുവ-ന്യൂഗിനി എന്നിവിടങ്ങളില്‍ ഇവ അധിവസിക്കുന്നു. സമുദ്രത്തിലേക്കു കടന്നുകയറി ഇവ കിലോമീറ്ററുകളോളം ഉള്ളിലേക്കു സഞ്ചരിക്കാറുണ്ട്. ഏറ്റവും വലിയ ഉരഗം എന്ന ബഹുമതി ഒരിക്കല്‍ മുതലയ്ക്കുണ്ടായിരുന്നു. ഒന്‍പതു മീ. നീളമുള്ളവയെ വരെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ നീളം ഏഴു മീറ്ററാണ്. കേരളത്തിലെ വേമ്പനാട് കായല്‍ മുതല്‍ തമിഴ്നാട്ടിലെ കാവേരി നദി, ഒഡിഷയിലെ ബ്രാഹ്മനി നദി എന്നിവ കടന്നു പശ്ചിമബംഗാളിലെ സുന്ദരവനം വരെ ഇവയുടെ വിഹാരതലങ്ങളായിരുന്നു. ഒഡിഷ, പശ്ചിമബംഗാള്‍, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ കണ്ടല്‍ വനങ്ങളില്‍ മാത്രമായി ഇപ്പോള്‍ ഇവ ഒതുങ്ങി. ഒഡിഷയിലെ ബ്രാഹ്മനി, വൈതരണി നദീതടങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഭിത്തര്‍ കനികാ ദ്വീപിലും മുതലസംരക്ഷണകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കണ്ടല്‍പ്രദേശങ്ങളില്‍ അധിവസിക്കാന്‍ യോജിച്ച അനുകൂലനമുള്ള ഇവ കണ്ടല്‍വനങ്ങളുടെ നാശത്തോടെയാണ് കേരളത്തില്‍ നിന്നും അപ്രത്യക്ഷമായത്. കേരളത്തില്‍ നൈസര്‍ഗിക ആവാസകേന്ദ്രങ്ങളില്‍ ഇന്നു മുതലകളില്ല. ഈ ഇനത്തില്‍ അവസാനമുണ്ടായിരുന്നതും നാല്പതുകളില്‍ കൊല്ലപ്പെട്ടുവെന്നാണ് രേഖകള്‍ കാണിക്കുന്നത്. ചീങ്കണ്ണികള്‍ മുതലകളോളം വലുപ്പം വയ്ക്കാറില്ല. ഏറ്റവും വലുതിനു നാലു മീറ്ററില്‍ കുടൂതല്‍ നീളമുണ്ടാകാറില്ല. ഇക്കാരണത്താല്‍ മുതലയുടെ ചെറിയ ഇനമാണ് ചീങ്കണ്ണിയെന്നൊരു ധാരണയും നിലവിലുണ്ട്.

വിസ്തൃതമായ മോന്ത, ജാലപാദിതമായ കൈകാലുകള്‍ എന്നിവ മുതലയുടെയും ചീങ്കണ്ണിയുടെയും പൊതുലക്ഷണങ്ങളാണ്. ഒന്നാംതരം നീന്തല്‍ക്കാരായ ഇവയ്ക്കു കാഴ്ച, കേള്‍വി, മണത്തറിയാനുള്ള കഴിവ് എന്നിവയുമുണ്ട്.

ചീങ്കണ്ണിയെ അപേക്ഷിച്ച് മുതലയ്ക്ക് അല്പം നീണ്ട മോന്തയാണുള്ളത്. കണ്ണിനു മുകളിലായി കാണപ്പെടുന്ന പ്രകടമായ തിണ്ട് (ridge) മുതലയുടെ പ്രത്യേകതയാണ്. തലയ്ക്കു പിന്നില്‍ ഒരേനിരയില്‍ അടുക്കിയിരിക്കുന്ന കൂര്‍ത്തതും ഉന്തിനില്ക്കുന്നതുമായ നാലു ശല്ക്കങ്ങള്‍ (പോസ്റ്റ് ഒക്സിപിറ്റല്‍ സ്ക്യൂട്ട്സ്) ചീങ്കണ്ണിയില്‍ വലുതും വ്യക്തവുമായി കാണാവുന്നതുമാണെങ്കിലും മുതലയില്‍ ഇവ ഇല്ലാതിരിക്കുക സാധാരണമാണ്.

കൂടുണ്ടാക്കുന്ന കാര്യത്തിലും മുതലയും ചീങ്കണ്ണിയും വ്യത്യസ്തസ്വഭാവം കാണിക്കുന്നു. പച്ചിലകളും മണ്ണും ചേര്‍ത്ത് കൂനയുണ്ടാക്കി അതില്‍ മുട്ടയിടുന്നതു മുതലയുടെ രീതിയാണ്. അതിനാല്‍ ഇവയെ 'മൗണ്ട് നെസ്റ്റേഴ്സ്' (mound nesters) എന്നു വിളിക്കാറുണ്ട്. അരുവി, തടാകം, നദി, ചതുപ്പുപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന ചീങ്കണ്ണികള്‍ മണ്ണുതുരന്നു മാളങ്ങളുണ്ടാക്കിയാണ് മുട്ടയിടുന്നത്.

കണ്ണിനു സമീപമുള്ള ഉപ്പുഗ്രന്ഥികളുടെ പ്രവര്‍ത്തനം മുതലകളില്‍ ഏറിയിരിക്കും. ശരീരത്തില്‍ അധികമായി പ്രവേശിക്കുന്ന ഉപ്പ്, ഗ്രന്ഥികളിലൂടെ ഒഴുക്കിക്കളയുന്നതിനാലാണ് (ഓസ്മോ റെഗുലേഷന്‍) മുതല കുടുംബക്കാര്‍ കണ്ണീര്‍ വാര്‍ക്കുന്നത്. ചിലപ്പോള്‍ കണ്‍പോളയ്ക്കുള്ളില്‍ നീര്‍ കെട്ടിനിര്‍ത്തുകയും മറ്റു ചിലപ്പോള്‍ ഓരത്തുകൂടി ഒഴുക്കിക്കളയുകയും ചെയ്യുന്നു. കപടദുഃഖം എന്നര്‍ഥത്തില്‍ 'മുതലക്കണ്ണീര്‍' (Crocodile tears) ഭാഷയില്‍ സര്‍വസാധാരണമായി പ്രയോഗിച്ചുവരുന്നു. ക്രോക്കൊഡൈലുകളുടെ കണ്ണുനീര്‍ ഗ്രന്ഥികള്‍ കണ്ണിനെ എപ്പോഴും നനവുള്ളതാക്കിത്തീര്‍ക്കും. ചീങ്കണ്ണിക്കും കണ്ണുനീര്‍ ഒഴുക്കുന്ന സ്വഭാവമുണ്ടെങ്കിലും മുതലയോളം പോന്നതല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍