This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീങ്കണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീങ്കണ്ണി

Crocodile

ക്രോക്കൊഡൈലിഡേ (Crocodylidae) കുടുംബത്തില്‍പ്പെടുന്ന ശുദ്ധജലവാസിയായ ഉരഗം. യഥാര്‍ഥ ക്രോക്കൊഡൈലുകള്‍ ഉള്‍പ്പെട്ട ഈ കുടുംബത്തില്‍ മൂന്നു ജീനസ്സുകളിലായി പതിമൂന്നു സ്പീഷീസുകളാണ് ഇന്ന് ഭൂലോകത്ത് അവശേഷിച്ചിട്ടുള്ളത്.

ചീങ്കണ്ണി

ശുദ്ധജലവാസിയായ മഗ്ഗര്‍ (Muggar) അഥവാ മാര്‍ഷ് ക്രോക്കൊഡൈല്‍ എന്നറിയപ്പെടുന്ന ക്രൊക്കൊഡിലസ് പാലുസ്ട്രിസ് (Crocodylus palustris) ആണ് കേരളത്തില്‍ ചീങ്കണ്ണിയെന്ന പേരില്‍ അറിയപ്പെടുന്നത്. വേണ്ടത്ര ശാസ്ത്രപരിജ്ഞാനമില്ലായ്കയാലും യഥാര്‍ഥ മുതലകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായതിനാലും ചീങ്കണ്ണിയെയും മുതലയെന്നു വിളിക്കാറുണ്ട്. ഇതുകൊണ്ടാകണം പ്രശസ്ത ഉരഗശാസ്ത്രജ്ഞനായ ജെ.സി.ഡാനിയേല്‍ ഇവയെ ചീങ്കണ്ണിയെന്നും മുതലയെന്നും വിളിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ചെങ്കണ്ണു ബാധിച്ചതുപോലുള്ള കണ്ണുള്ളത് എന്നാണ് ചീങ്കണ്ണി എന്ന പേരിനര്‍ഥം. ആവാസവ്യവസ്ഥയുടെ പ്രത്യേകത പരിഗണിച്ചും മറ്റു സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനത്തിലും ചീങ്കണ്ണിയെയും മുതലയെയും പ്രത്യേകം വേര്‍തിരിച്ചു പരാമര്‍ശിക്കുന്നതാണ് ശരി എന്ന അഭിപ്രായമാണ് ജന്തുശാസ്ത്രജ്ഞര്‍ക്കും വന്യജീവി വിദഗ്ധര്‍ക്കുമുള്ളത്. ചീങ്കണ്ണികള്‍ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നുണ്ട്.

അഴിമുഖങ്ങളിലും സമുദ്രജലം അടിഞ്ഞുകൂടുന്ന സ്ഥലത്തും തീരപ്രദേശത്തെ ഉപ്പുജലം ഉള്‍ക്കൊള്ളുന്ന തടാകങ്ങളിലും കണ്ടുവരുന്ന എസ്റ്റുറൈന്‍ ക്രോക്കൊഡൈല്‍ (Estuarine crocodile) അഥവാ ക്രോക്കൊഡിലസ് പൊറോസസ് (Crocodylus porosus) ആണ് മുതല. മൂക്കും തലയും ഒന്നായിച്ചേര്‍ന്നത് എന്ന അര്‍ഥമാണ് മുതല എന്ന പദത്തിനുള്ളത്. നക്രം, ഗ്രാഹം എന്നീ പദങ്ങള്‍ മുതലയുടെ പര്യായങ്ങളായി സംസ്കൃതത്തില്‍ ഉപയോഗിക്കുന്നു. കാലുണ്ടെങ്കിലും ഏറെ നടക്കാന്‍ കഴിയാത്തത് എന്നാണ് 'നക്രം' എന്ന പദത്തിനര്‍ഥം. 'ഗ്രാഹം' എന്നാല്‍ ഗ്രഹിക്കുന്നത്. വായ് തുറന്നുവച്ച് ഈച്ചകളെയും മറ്റും ആകര്‍ഷിച്ചു പിടിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഈ പേര്‍ സിദ്ധിച്ചത്. വെള്ളത്തില്‍ ആവസിക്കുമ്പോള്‍ അതിലിറങ്ങുന്ന കുംഭിയെ-ആനയെക്കൂടി പിടിക്കാനുള്ള ശക്തി മുതലയ്ക്കുണ്ടെന്നതിനാല്‍ 'കുംഭീരം' എന്ന പേരും ഇതിനുണ്ട്.

1.ചീങ്കണ്ണി 2. മുതല

ഉപ്പു ജലവാസിയായ ഒരേ ഒരിനമാണ് ക്രോക്കൊഡൈല്‍ പൊറോസസ് അഥവാ മുതല. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ആസ്റ്റ്രേലിയ, പാപ്പുവ-ന്യൂഗിനി എന്നിവിടങ്ങളില്‍ ഇവ അധിവസിക്കുന്നു. സമുദ്രത്തിലേക്കു കടന്നുകയറി ഇവ കിലോമീറ്ററുകളോളം ഉള്ളിലേക്കു സഞ്ചരിക്കാറുണ്ട്. ഏറ്റവും വലിയ ഉരഗം എന്ന ബഹുമതി ഒരിക്കല്‍ മുതലയ്ക്കുണ്ടായിരുന്നു. ഒന്‍പതു മീ. നീളമുള്ളവയെ വരെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ നീളം ഏഴു മീറ്ററാണ്. കേരളത്തിലെ വേമ്പനാട് കായല്‍ മുതല്‍ തമിഴ്നാട്ടിലെ കാവേരി നദി, ഒഡിഷയിലെ ബ്രാഹ്മനി നദി എന്നിവ കടന്നു പശ്ചിമബംഗാളിലെ സുന്ദരവനം വരെ ഇവയുടെ വിഹാരതലങ്ങളായിരുന്നു. ഒഡിഷ, പശ്ചിമബംഗാള്‍, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ കണ്ടല്‍ വനങ്ങളില്‍ മാത്രമായി ഇപ്പോള്‍ ഇവ ഒതുങ്ങി. ഒഡിഷയിലെ ബ്രാഹ്മനി, വൈതരണി നദീതടങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഭിത്തര്‍ കനികാ ദ്വീപിലും മുതലസംരക്ഷണകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കണ്ടല്‍പ്രദേശങ്ങളില്‍ അധിവസിക്കാന്‍ യോജിച്ച അനുകൂലനമുള്ള ഇവ കണ്ടല്‍വനങ്ങളുടെ നാശത്തോടെയാണ് കേരളത്തില്‍ നിന്നും അപ്രത്യക്ഷമായത്. കേരളത്തില്‍ നൈസര്‍ഗിക ആവാസകേന്ദ്രങ്ങളില്‍ ഇന്നു മുതലകളില്ല. ഈ ഇനത്തില്‍ അവസാനമുണ്ടായിരുന്നതും നാല്പതുകളില്‍ കൊല്ലപ്പെട്ടുവെന്നാണ് രേഖകള്‍ കാണിക്കുന്നത്. ചീങ്കണ്ണികള്‍ മുതലകളോളം വലുപ്പം വയ്ക്കാറില്ല. ഏറ്റവും വലുതിനു നാലു മീറ്ററില്‍ കുടൂതല്‍ നീളമുണ്ടാകാറില്ല. ഇക്കാരണത്താല്‍ മുതലയുടെ ചെറിയ ഇനമാണ് ചീങ്കണ്ണിയെന്നൊരു ധാരണയും നിലവിലുണ്ട്.

വിസ്തൃതമായ മോന്ത, ജാലപാദിതമായ കൈകാലുകള്‍ എന്നിവ മുതലയുടെയും ചീങ്കണ്ണിയുടെയും പൊതുലക്ഷണങ്ങളാണ്. ഒന്നാംതരം നീന്തല്‍ക്കാരായ ഇവയ്ക്കു കാഴ്ച, കേള്‍വി, മണത്തറിയാനുള്ള കഴിവ് എന്നിവയുമുണ്ട്.

ചീങ്കണ്ണിയെ അപേക്ഷിച്ച് മുതലയ്ക്ക് അല്പം നീണ്ട മോന്തയാണുള്ളത്. കണ്ണിനു മുകളിലായി കാണപ്പെടുന്ന പ്രകടമായ തിണ്ട് (ridge) മുതലയുടെ പ്രത്യേകതയാണ്. തലയ്ക്കു പിന്നില്‍ ഒരേനിരയില്‍ അടുക്കിയിരിക്കുന്ന കൂര്‍ത്തതും ഉന്തിനില്ക്കുന്നതുമായ നാലു ശല്ക്കങ്ങള്‍ (പോസ്റ്റ് ഒക്സിപിറ്റല്‍ സ്ക്യൂട്ട്സ്) ചീങ്കണ്ണിയില്‍ വലുതും വ്യക്തവുമായി കാണാവുന്നതുമാണെങ്കിലും മുതലയില്‍ ഇവ ഇല്ലാതിരിക്കുക സാധാരണമാണ്.

കൂടുണ്ടാക്കുന്ന കാര്യത്തിലും മുതലയും ചീങ്കണ്ണിയും വ്യത്യസ്തസ്വഭാവം കാണിക്കുന്നു. പച്ചിലകളും മണ്ണും ചേര്‍ത്ത് കൂനയുണ്ടാക്കി അതില്‍ മുട്ടയിടുന്നതു മുതലയുടെ രീതിയാണ്. അതിനാല്‍ ഇവയെ 'മൗണ്ട് നെസ്റ്റേഴ്സ്' (mound nesters) എന്നു വിളിക്കാറുണ്ട്. അരുവി, തടാകം, നദി, ചതുപ്പുപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന ചീങ്കണ്ണികള്‍ മണ്ണുതുരന്നു മാളങ്ങളുണ്ടാക്കിയാണ് മുട്ടയിടുന്നത്.

കണ്ണിനു സമീപമുള്ള ഉപ്പുഗ്രന്ഥികളുടെ പ്രവര്‍ത്തനം മുതലകളില്‍ ഏറിയിരിക്കും. ശരീരത്തില്‍ അധികമായി പ്രവേശിക്കുന്ന ഉപ്പ്, ഗ്രന്ഥികളിലൂടെ ഒഴുക്കിക്കളയുന്നതിനാലാണ് (ഓസ്മോ റെഗുലേഷന്‍) മുതല കുടുംബക്കാര്‍ കണ്ണീര്‍ വാര്‍ക്കുന്നത്. ചിലപ്പോള്‍ കണ്‍പോളയ്ക്കുള്ളില്‍ നീര്‍ കെട്ടിനിര്‍ത്തുകയും മറ്റു ചിലപ്പോള്‍ ഓരത്തുകൂടി ഒഴുക്കിക്കളയുകയും ചെയ്യുന്നു. കപടദുഃഖം എന്നര്‍ഥത്തില്‍ 'മുതലക്കണ്ണീര്‍' (Crocodile tears) ഭാഷയില്‍ സര്‍വസാധാരണമായി പ്രയോഗിച്ചുവരുന്നു. ക്രോക്കൊഡൈലുകളുടെ കണ്ണുനീര്‍ ഗ്രന്ഥികള്‍ കണ്ണിനെ എപ്പോഴും നനവുള്ളതാക്കിത്തീര്‍ക്കും. ചീങ്കണ്ണിക്കും കണ്ണുനീര്‍ ഒഴുക്കുന്ന സ്വഭാവമുണ്ടെങ്കിലും മുതലയോളം പോന്നതല്ല.

ചീള്ളങ്കണ്ണികള്‍„ പൊതുവേ അപകടകാരികളല്ലƒ. പ്രകോപിപ്പിച്ചാല്‍‚ മാത്രമേ ഇവ ആക്രമിക്കാറുള്ളൂ. കേരളത്തില്‍‚ കുറച്ചു വര്‍ഷം മുമ്പ് വരെ ചീങ്കണ്ണികളെ അമ്പ’ലക്കുളങ്ങളില്‍‚ കണ്ടിരുന്നു. ഇന്നു ചീങ്കണ്ണികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കേരളത്തില്‍‚ നൈസര്‍€ഗികമായ വാസസ്ഥ˜ലങ്ങളില്‍‚ ഇവയുടെ എണ്ണം നൂറില്‍ത്താഴെയാണ്. തിരുവനന്തപുരത്തുള്ള… നെയ്യാര്‍€ഡാമിലും കോഴിക്കോട്ടുള്ള… പെരുവണ്ണാമൂഴിയിലും ചീങ്കണ്ണി വളര്‍ത്തല്‍‚ കേന്ദ്രങ്ങള്‍„ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രോക്കൊഡൈലിനെ മുതലയെന്നും അലിഗേറ്റിനെ ചീങ്കണ്ണിയെന്നും മറിച്ചും ചില ആധികാരിക ഗ്രന്ഥങ്ങളില്‍ വിവക്ഷിച്ചു കാണുന്നˆ‚തു ശരിയല്ലˆš. ചീങ്കണ്ണി-മുതല കുടുംബമായ ക്രോക്കൊഡൈലിഡേയില്‍ പെടുന്നവയല്ല അലിഗേറ്റുകള്‍. അലിഗേറ്റോറിഡേ (Alligatoridae) കുടുംബത്തില്‍ ഉള്‍പ്പെടുന്ന അലിഗേറ്റോറിന്റെ രൂപഘടനയും സ്വഭാവവിശേഷതയും ആവാസവ്യവസ്ഥയും മുതലകുടുംബത്തില്‍നിന്ന് ഏറെ വ്യത്യസ്തവുമാണ്. അലിഗേറ്റര്‍ ഇന്ത്യയില്‍ കാണപ്പെടുന്നില്ല.

ക്രോക്കഡീലിയ ഗോത്രം. ക്രോക്കഡീലിയ (Crocodilia) ഗോത്രത്തിലെ അംഗങ്ങള്‍ പ്രധാനമായും ക്രോക്കൊഡൈലിഡേ (Crocodylidae), അലിഗേറ്റോറിഡേ (Alligatoridae), ഗാവിയാലിഡേ (Gavialidae) എന്നീ മൂന്നു കുടുംബങ്ങളായാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ ഉള്‍പ്പെടുന്ന ഉരഗങ്ങള്‍ ട്രയാസിക് യുഗത്തില്‍ പരിണമിച്ചുണ്ടായതാണെന്ന് അനുമാനിക്കപ്പെടുന്നു. ക്രോക്കൊഡൈലും ഇവയുടെ അടുത്ത ബന്ധുക്കളായ അലിഗേറ്റര്‍ (Alligator), കൈമാന്‍ (Caiman), ഘരിയല്‍ (Gharial) എന്നിവയുമാണ് ഉരഗങ്ങളിലെ ഏറ്റവും വലിയ വര്‍ഗമായ ആര്‍ക്കോസോറിയ(Archosauria)യില്‍ ഇന്നു ശേഷിക്കുന്നത്. ക്രോക്കൊഡൈലുകള്‍ മണ്‍മറഞ്ഞ ദിനോസറുകളുടെ ഉറ്റ ബന്ധുക്കളാണ്. ജല ആവാസവ്യവസ്ഥയിലെ മുന്തിയ പരഭോജികളായ ഇവ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഭൂമുഖത്തു കാണുന്നതിന്റെ പ്രധാനകാരണം ഇവയുടെ ആവാസകേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കര, ജലം എന്നീ ജീവമേഖലയുടെ അരികിലുള്ള സഹവാസം യഥേഷ്ടം ഇരതേടുന്നതിനും വംശവര്‍ധന നടത്തുന്നതിനും ഇവയെ സഹായിക്കുന്നു. ഈ അനുകൂലനമാണ് ഇവയുടെ വംശം വേരറ്റുപോകാതെ ഇന്നും നിലനിര്‍ത്തുന്നത് നോ: ഇഴജന്തുക്കള്‍; ക്രോക്കഡീലിയ

ജന്തുഭൂമിശാസ്ത്രീയ വിതരണം (Zoogeographical distribution). ക്രോക്കഡീലിയ ഗോത്രത്തിലെ അംഗങ്ങള്‍ അടിസ്ഥാനപരമായി ഒരേ തരത്തിലുള്ളവയാണെങ്കിലും ഓരോന്നും ചെറിയ വ്യത്യാസങ്ങള്‍കൊണ്ടു വിഭിന്നമായിരിക്കുന്നു. മോന്തയുടെ ആകൃതി, പ്രശല്‍ക്കത്തിന്റെ ക്രമീകരണം, പല്ലുകളുടെ വിന്യാസം, ആവാസവ്യവസ്ഥ എന്നിവയില്‍ വ്യത്യാസങ്ങള്‍ പ്രകടമാണ്. സാധാരണയായി ഈ ഉരഗജീവികള്‍ അരുവി, തടാകം, കുളം, നദി, ചതുപ്പുപ്രദേശം, അഴിമുഖം എന്നിവിടങ്ങളിലൊക്കെയാണ് അധിവസിക്കുന്നത്. ഉഭയവാസ അനുകൂലനമുള്ള ഈ കുടുംബത്തിലെ ചില ഇനങ്ങള്‍ മണ്‍മറഞ്ഞുപോയിരിക്കുന്നു.

ക്രോക്കൊഡൈലിഡേ കുടുംബത്തില്‍ പതിമൂന്നു സ്പീഷീസുകള്‍ മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്. യു.എസ്സില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഒലീവ് നിറമുള്ള ഒരിനം ക്രോക്കൊഡൈലാണ് ക്രോക്കൊഡിലസ് അക്യൂറ്റസ് (Crocodylus acutus). തെക്കന്‍ ഫ്ളോറിഡ, പെനിന്‍സുല, ക്യൂബന്‍ ദ്വീപ്, ജെമൈക്ക, ഹിസ്പാനിയോള, മെക്സിക്കോ, കൊളംബിയ, ഇക്വഡോര്‍, വടക്കന്‍ പെറു തുടങ്ങി മധ്യ അമേരിക്ക മുതല്‍ വെനിസുല വരെ ഇവ കണ്ടുവരുന്നു. പ്രായമേറുന്നതോടെ കറുത്തനിറം കൈവരിക്കുന്ന, അധികം വലുപ്പമില്ലാത്ത ഒരിനമാണ് ക്രോക്കൊഡിലസ് മൊറിലെറ്റി (C. moreleti). ഇവ മെക്സിക്കോ, ടാസിക്കോ, ഹോണ്ഡുരാസിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ഗ്വാട്ടിമാല എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്.

ഭീമാകാരമുള്ള ക്രോക്കൊഡിലസ് ഇന്റര്‍മീഡിയസ് (C.intermedius) വെനിസുല, കൊളംബിയ എന്നീ പ്രദേശങ്ങളെ തഴുകി സ്ഥിതിചെയ്യുന്ന ഒറിങ്കോ തടാകത്തില്‍ കാണുന്നു. നൈല്‍ ക്രോക്കൊഡൈല്‍ എന്നറിയപ്പെടുന്ന ക്രോക്കൊഡിലസ് നിലോട്ടിക്കസ് (C.noloticus) ആഫ്രിക്കയിലുടനീളം കണ്ടുവരുന്നു. തെക്കന്‍ സഹാറ, മഡഗാസ്കര്‍, സെയ്ഷില്ലസ് ദ്വീപ് എന്നിവ ഇവയുടെ വിഹാരതലങ്ങളാണ്. വളരെ നീണ്ട മോന്തയോടുകൂടിയ ക്രോക്കൊഡിലസ് കറ്റാഫ്രാക്റ്റസ് (C. cataphractuts) പശ്ചിമ മധ്യ ആഫ്രിക്ക, ഉജിജി, ടാങ്കനിക്കാ തടാകം എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. തീരെ ചെറിയ മോന്തയുള്ള ഓസ്റ്റിയോലെമസ് ടെട്രാപ്സിസ് (Oesteolaemus tetrapsis) ക്രോക്കൊഡൈലാകട്ടെ പശ്ചിമ മധ്യ ആഫ്രിക്കയിലാണ് പ്രധാനമായും കണ്ടുവരുന്നത്. റോംബിഫെര്‍(rhombifer) ക്രോക്കൊഡൈല്‍ ക്യൂബയില്‍ മാത്രമാണുള്ളത്.

ഏകദേശം ഏഴ് ഇനത്തിലുള്ള ക്രോക്കൊഡൈലുകള്‍ തെക്കേ ഏഷ്യ, വടക്കന്‍ ആസ്റ്റ്രേലിയ, പാപ്പുവ-ന്യൂഗിനി എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. പ്രധാനമായും ശുദ്ധജലത്തില്‍ കണ്ടുവരുന്ന മഗ്ഗര്‍ അഥവാ മാര്‍ഷ് ക്രോക്കൊഡൈല്‍ എന്നറിയപ്പെടുന്ന ക്രോക്കൊഡിലസ് പാലുസ്ട്രിസ് (C.palustris) പെനിന്‍സുലാര്‍ ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. മഗ്ഗറിനെക്കാള്‍ അല്പം വലുപ്പം കുറഞ്ഞ ക്രോക്കൊഡിലസ് സിയാമെന്‍സിസ് (C.siamensis) തായ്ലണ്ട്, ജാവ, ബോര്‍നിയോ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ഉപ്പുവെള്ളത്തില്‍ താവളമടിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരിനമാണ് ക്രോക്കൊഡിലസ് പൊറോസസ് (C.porosus). ഇവ ഇന്ത്യ, ആസ്റ്റ്രേലിയ, പാപ്പുവ-ന്യൂഗിനി, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ക്രോക്കൊഡിലസ് മിന്‍ഡോറെന്‍സിസ് (C.mindorensis) ഫിലിപ്പൈന്‍സിലും ക്രോക്കൊഡിലസ് നോവെ-ഗുനിയ (C. novae-guineae) പാപ്പുവ-ന്യൂഗിനിയിലും ക്രോക്കൊഡിലസ് ജോണ്‍സ്റ്റോനി (C. johnstoni) വടക്കന്‍ ആസ്റ്റ്രേലിയയിലും മാത്രം കണ്ടുവരുന്നവയാണ്.

വിപഥയിനത്തില്‍പ്പെട്ട ഒരിനം ക്രോക്കൊഡൈലാണു ടോമി സ്റ്റോമ ഷീഗാലി (Tomistoma schegeli). കപട ഗാവിയല്‍ (false gavial) എന്നറിയപ്പെടുന്ന ഇവ ടോമിസ്റ്റോമ ജീനസ്സിലാണ് ഉള്‍പ്പെടുത്തിക്കാണുന്നത്. ഇവ മലായ് പെനിന്‍സുല, സുമാത്ര, ബോര്‍നിയോ എന്നിവിടങ്ങളില്‍ കാണുന്നു.

അലിഗേറ്റോറിഡേ കുടുംബത്തിലാണ് അലിഗേറ്ററും കൈമാനും ഉള്‍പ്പെടുന്നത്. ഇരുപതിലധികം സ്പീഷീസുകളുള്ള ക്രോക്കൊഡീലിയ ഗോത്രത്തില്‍ കേവലം രണ്ടെണ്ണം മാത്രമാണ് അലിഗേറ്റര്‍ വിഭാഗത്തില്‍പ്പെടുന്നത്. വലുപ്പം കൂടിയ ഇനമായ അമേരിക്കന്‍ അലിഗേറ്റര്‍ അഥവാ അലിഗേറ്റര്‍ മിസ്സിസ്സിപ്പീയെന്‍സിസ് (A. mississipiensis) തെക്കു കിഴക്കേ അമേരിക്കയിലും ചൈനീസ് അലിഗേറ്റര്‍ എന്നറിയപ്പെടുന്ന അലിഗേറ്റര്‍ സൈനെന്‍സിസ് (A. sinensis) ചൈനയിലെ യാങ്സി നദീതടത്തിലും കണ്ടുവരുന്നു.

അലിഗേറ്ററുമായി വളരെ അടുത്ത ബന്ധമുള്ള ക്രോക്കഡീലിയ ഗോത്രത്തിലെ മറ്റൊരു ജീനസാണ് കൈമാന്‍. കൈമാന്റെ ചില ഇനങ്ങള്‍ തെക്കേ അമേരിക്കയുടെ വടക്ക്, പ്രത്യേകിച്ച് ആമസോണ്‍ തടാകത്തില്‍ കണ്ടുവരുന്നു. ഇതില്‍ ഒരിനം മെക്സിക്കോയുടെ തെക്കേ അറ്റംവരെ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്പെക്റ്റക്കിള്‍ഡ് കൈമാന്‍ (Spectacled caiman) വിഭാഗത്തില്‍ കൈമാന്റെ അഞ്ച് ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലിഗേറ്ററും കൈമാനും ഇന്ത്യയില്‍ കാണപ്പെടുന്നില്ല.

ഗാവിയാലിഡ കുടുംബത്തിലെ ഒരേയൊരു അംഗമായ ഗാവിയാലിസ് ഗാന്‍ജെറ്റിക്കസ് (Gavialis gangericus) ഇന്ത്യയിലും നേപ്പാളിലുമുണ്ട്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, മഹാനദി എന്നിവിടങ്ങളിലും മ്യാന്മറിലെ ഇരാവദി, അരക്കന്‍ നദികളിലും ഇവ കാണുന്നു. ഗംഗാനദീവ്യൂഹത്തെ ചംബല്‍, ഗിര്‍വ, തപതി, നാരായണി എന്നീ നദികളിലാണ് ഇവ പ്രധാനമായും താവളമടിച്ചിരിക്കുന്നത്. സാധാരണയായി ഇന്ത്യന്‍ ഘരിയല്‍ ഗാവിയല്‍ എന്നും അറിയപ്പെടുന്നു. അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഈ ഇനം കേരളത്തിലില്ല.

ബാഹ്യഘടനയുടെ പ്രത്യേകത.മറ്റ് ഉരഗങ്ങളെപ്പോലെ ഈ ഗോത്രാംഗങ്ങള്‍ക്കും നീളമുള്ള ശരീരവും വലുപ്പംകുറഞ്ഞ കൈകാലുകളും വാലുമുണ്ട്. മുതുകുഭാഗത്തെ പൊതിഞ്ഞ് അസ്ഥിഫലകങ്ങള്‍ കാണപ്പെടുന്നു. ഇവ തമ്മില്‍ത്തമ്മിലും പ്രധാന അസ്ഥിവ്യൂഹവുമായും ബന്ധപ്പെട്ട സ്ഥിതിയിലല്ല. മറ്റ് ഇഴജന്തുക്കളെപ്പോലെ ഇവയ്ക്ക് ഉറയുരിക്കുന്ന സ്വഭാവം ഇല്ല. നാക്ക് പുറത്തേക്കു നീട്ടുവാനുള്ള കഴിവും ഇവയ്ക്കില്ല. ജീവിതകാലത്തുടനീളം പല്ലുകള്‍ പൊഴിയുകയും പകരം മുളയ്ക്കുകയും ചെയ്യുന്നു. ശക്തിയേറിയ ഇരപിടിയന്മാരായ ഇവയ്ക്ക് ബലമേറിയ താടിയെല്ലുകളും മൂര്‍ച്ചയുള്ള ദന്തനിരയുമുണ്ട്. വാല്‍ പരന്നിരിക്കുന്നു. പാര്‍ശ്വസമ്മര്‍ദിതമായ വാല് ജലത്തില്‍ ഒരു തുഴപോലെ ഉപയോഗിക്കാന്‍ പറ്റിയതാണ്. നാസാദ്വാരങ്ങള്‍, കണ്ണുകള്‍, ചെവികള്‍ എന്നിവ തലയുടെ മുന്നറ്റത്ത് ഉയര്‍ന്ന ഭാഗങ്ങളിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇത് ജലജീവിതത്തിനു സഹായകമായ അനുകൂലനമാണ്. ജലോപരിതലത്തോടു ചേര്‍ന്ന് ശരീരം വെളിയില്‍ കാണത്തക്ക സ്ഥിതിയില്‍ പരിസരനിരീക്ഷണം നടത്തി കറങ്ങിനടക്കാനും ഈ അനുകൂലനങ്ങള്‍ സഹായിക്കുന്നു. ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചും ഹൃദയസ്പന്ദനം ലഘൂകരിച്ചും ദീര്‍ഘനേരം ഇവയ്ക്ക് വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുവാന്‍ കഴിയും. മോന്തയുടെ അഗ്രത്തുള്ള നാസാരന്ധ്രങ്ങളും വദനഗഹ്വരത്തിലെ ഒരു ജോടി വാല്‍വുകളും ജലത്തില്‍ മുങ്ങിക്കിടക്കുവാന്‍ യോജിച്ച അനുകൂലനങ്ങളാണ്.

ക്രോക്കൊഡൈലി (A)ന്റെയും അലിഗേറ്ററി (B)ന്റെയും ദന്തവ്യത്യാസം

പശ്ചിമ മധ്യ ആഫ്രിക്കയില്‍ കണ്ടുവരുന്ന ക്രോക്കൊഡിലസ് കറ്റാഫ്രാക്റ്റസ്സിനു വളരെ നീളമുള്ള മോന്തയാണുള്ളത്. ഈ പ്രദേശത്തു കണ്ടുവരുന്ന ഓസ്റ്റിയോലെമസ് ടെട്രാപ്സിസ്സിന്റേതാകട്ടെ തീരെ നീളം കുറഞ്ഞ മോന്തയാണ്. ഈ ഇനത്തിലുള്ളവ 1.2 മീറ്ററിലധികം വലുപ്പം വയ്ക്കില്ല. വണ്ണം കുറഞ്ഞ് നീളമുള്ള മോന്തയും കണ്ണിനു മുന്നിലായി മോന്തയില്‍ കാണപ്പെടുന്ന അര്‍ധവൃത്താകൃതിയില്‍ ഗോപുരംപോലുള്ള ഘടനയും അമേരിക്കന്‍ ക്രോക്കൊഡൈല്‍ എന്നറിയപ്പെടുന്ന ക്രോക്കൊഡിലസ് അക്യൂറ്റസ്സിന്റെ സവിശേഷതകളാണ്. ലോകത്തിലെ വലുപ്പമുള്ള ക്രോക്കൊഡൈലുകളില്‍ ഒന്നായ ഇവ ഏഴു മീറ്ററോളം വലുപ്പം വയ്ക്കും. ഗ്വാട്ടിമാലയില്‍ കണ്ടുവരുന്ന ക്രോക്കൊഡിലസ് മൊറിലെറ്റിക്കാകട്ടെ കണ്ണിനു മുന്നിലായി മോന്തയില്‍ ഒരു കട്ടിയേറിയ ഭാഗം കാണാം. ക്യൂബന്‍ ഇനമായ റോംബിഫെര്‍ ക്രോക്കൊഡൈലിനു കണ്ണിനു മുന്നിലായി ത്രികോണാകൃതിയില്‍ പൊന്തിനില്‍ക്കുന്ന ഭാഗം പ്രകടമായിക്കാണാം. ആഫ്രിക്കയില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന നൈല്‍ ക്രോക്കൊഡൈല്‍ എന്നറിയപ്പെടുന്ന ക്രോക്കൊഡിലസ് നിലോട്ടിക്കസ് ഏകദേശം ആറു മീ. നീളം വയ്ക്കും.

ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടു ക്രോക്കൊഡൈല്‍ ഇനങ്ങളാണ് നേരത്തേ സൂചിപ്പിച്ച ചീങ്കണ്ണി (ക്രോക്കൊഡിലസ് പാലുസ്ട്രിസ്)യും മുതല (ക്രോക്കൊഡിലസ് പൊറോസസ്)യും.

രൂപത്തില്‍ വളരെയധികം സാദൃശ്യമുള്ള ജീവികളാണ് ക്രോക്കൊഡൈലും അലിഗേറ്ററും. മോന്തയുടെ ആകൃതിയും പ്രകൃതിയും മാത്രം നോക്കി ഇവയെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതു ദുഷ്കരമാണ്. അതിനാല്‍ ദന്തക്രമീകരണം അടിസ്ഥാനമാക്കിയാണ് ഇവയെ വേര്‍തിരിക്കുന്നത്. ക്രോക്കൊഡൈലുകളുടെ തല വിസ്തൃതവും ഏകദേശം ത്രികോണാകൃതിയിലുള്ളതുമാണ്; മോന്ത ചെറുതും. അലിഗേറ്ററിന്റെ മോന്തയും തലയും അല്പം പരന്നു ഗോളാകൃതി (oval ) പൂണ്ടതാണ്.

ക്രോക്കൊഡൈലിനും അലിഗേറ്ററിലും കീഴ്ത്താടിയിലെ ഓരോ വശത്തും കാണുന്ന നാലാമത്തെ പല്ല് മറ്റു പല്ലുകളെ അപേക്ഷിച്ച് വലുപ്പമേറിയവയാണ്. ക്രോക്കൊഡൈലില്‍ ഈ പല്ല് മേല്‍ത്താടിയില്‍ വിടവില്‍ യോജിച്ചിരിക്കുന്നതിനാല്‍ വായ് അടച്ചാല്‍പ്പോലും ഇതു പുറമേനിന്നും കാണാം. അലിഗേറ്ററാകട്ടെ ഈ പല്ല് വായ്ക്കകത്തുതന്നെ ഉള്‍ക്കൊള്ളുന്നതിനാല്‍ പുറമേ നിന്നും കാണുകയില്ല.

അലിഗേറ്ററില്‍ കീഴ്ത്താടിയിലെ പല്ലുകള്‍ മേല്‍ത്താടിയില്‍ നിരന്നു കാണുന്ന വിടവുകളിലേക്ക് ഉന്തിനില്‍ക്കുന്നു. തന്മൂലം വായ് അടച്ചാല്‍ മേല്‍നിരയിലെ പല്ലുകളാണ് പുറമേ കാണുന്നത്. അതിനാല്‍ ഇവയെ പാര്‍ശ്വഭാഗത്തുനിന്നും വീക്ഷിച്ചാല്‍ 'ചിരിച്ചുകൊണ്ടിരിക്കുന്ന' രൂപത്തിലാണ് കാണുന്നത്.

സാധാരണയായി, ക്രോക്കൊഡൈലിന്റെ മേല്‍ത്താടിയും കീഴ്ത്താടിയും യോജിച്ചിരുന്നാല്‍പ്പോലും ഇരുനിരകളിലെയും പല്ലുകള്‍ പുറമേ കാണാവുന്നതാണ്. പ്രത്യേകിച്ച് വലുപ്പമേറിയ നാലാമത്തെ പല്ല് മേല്‍ത്താടിയിലെ നിരയില്‍നിന്നും ഉയര്‍ന്നു നില്‍ക്കുന്നതുമൂലം നാസാരന്ധ്രങ്ങളുടെ പിന്‍ഭാഗം ചുരുങ്ങിയിരിക്കുന്നതുപോലെ തോന്നും. അതിനാല്‍ ക്രോക്കൊഡൈലിന്റെ 'ചിരി' 'പല്ലു കാട്ടിയുള്ള ഒളിനോട്ട'മായി വിശേഷിപ്പിക്കപ്പെടുന്നു. ലിസാര്‍ഡ് (Lizard) എന്നര്‍ഥം വരുന്ന എല്‍ ലാര്‍ഗാട്ടോ (el largato) എന്ന സ്പാനിഷ് പദത്തില്‍നിന്നാണ് അലിഗേറ്റര്‍ എന്ന ആംഗലേയ പദമുണ്ടായത്.

ക്രോക്കഡീലിയ ഗോത്രത്തിലെ മറ്റൊരു ജീനസായ കൈമാന്റെ പ്രധാന വ്യത്യാസം ഉദരഭാഗത്ത് ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവച്ചിരിക്കുന്ന അസ്ഥിഫലകങ്ങളുടെ സാന്നിധ്യമാണ്. കരയിലും (ഹ്രസ്വദൂരത്തില്‍) ജലത്തിലും അസാമാന്യവേഗതയില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിവുണ്ട്. വിസ്തൃതമായ മോന്തയോടുകൂടിയ കൈമാന്‍ ലാറ്റിറോസ്ട്രിസ് (Caiman latirostris), മൃദുവായ മോന്തയോടുകൂടിയ പാലിയോസൂക്കസ് പാല്‍പ്പിബ്രോസസ് (Paleosuchus palpebrosus), കറുത്ത ഇനമായ മെലാനോസൂക്കസ് നൈജര്‍ (Melanosuchus niger) എന്നിവയും കൈമാന്‍ ജീനസ്സില്‍പ്പെട്ടതാണ്.

ഗാവിയാലിഡേ കുടുംബത്തില്‍പ്പെട്ട ഒരേയൊരു ഇനമായ ഘരിയല്‍ അഥവാ ഗാവിയാലിസ് ഗാന്‍ജെറ്റിക്കസിനു നീണ്ടു കനം കുറഞ്ഞ മോന്തയാണുള്ളത്. ഇവയുടെ കീഴ്ത്താടിയിലെ ആദ്യത്തെ മൂന്നു പല്ലുകള്‍ മേല്‍ത്താടിയിലെ വിടവുകളില്‍ യോജിച്ചു കാണുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍ ഘരിയലിന്റെ മോന്തയുടെ അഗ്രതലത്തില്‍ കുടത്തിന്റെ ആകൃതിയിലുള്ള തരുണാസ്ഥി നിര്‍മിതമായ ഭാഗം കാണാം. ഘരീ (ghari) എന്ന ഹിന്ദിവാക്കിനു 'കുടം' എന്നാണ് അര്‍ഥം. ഇതില്‍ നിന്നാണ് ഘരിയല്‍ എന്ന പേരുണ്ടായത്. 6.75 മീ. നീളമുള്ള ഘരിയല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ആഹാരം. ക്രോക്കഡീലിയ ഗോത്രത്തിലെ അംഗങ്ങള്‍ എല്ലായിനത്തിലുമുള്ള ജന്തുക്കളെയും ആഹരിക്കുന്നു. ഷട്പദങ്ങള്‍ ഉള്‍പ്പെടെയുള്ള അകശേരുകികള്‍ തുടങ്ങി വ്യത്യസ്ത വലുപ്പത്തിലുള്ള കശേരുകികള്‍ വരെ ഇവയുടെ ഇരകളില്‍ ഉള്‍പ്പെടുന്നു. പിടികൂടാന്‍ കഴിയുന്നതിനെയൊക്കെ കീഴ്പ്പെടുത്താനും ആഹരിക്കുവാനും അസാമാന്യമായ വിരുത് ഇവയ്ക്കുണ്ട്. ശക്തിയേറിയ ഹരനുക്കളും വിസ്തൃതമായ മോന്തയും ഇരയെ പിടികൂടാനും ഞെരിച്ചമര്‍ത്താനും ഉപയുക്തമാണ്. ഇരയെ പിടികൂടാനാണ് പല്ലുകള്‍ പ്രധാനമായും ഉപയോഗിക്കുക. കടിച്ചുകീറാന്‍ പല്ലുകള്‍ ഉപയോഗിക്കാറില്ല. വലുപ്പമുള്ള കണ്ഠം ഇരയെ വിഴുങ്ങുവാന്‍ സഹായകമാണ്. പൂര്‍ണമായും വിഴുങ്ങുവാന്‍ സാധിക്കാത്തത്ര വലുപ്പമുള്ള ഇരകളെയും ഇവ ആക്രമിക്കുക പതിവാണ്. പിടികൂടപ്പെട്ട ഇരകളെ ഒന്നിലധികം ക്രോക്കൊഡൈലുകള്‍ ഒരുമയോടെ ആഹരിച്ചുതീര്‍ക്കുന്നതും അപൂര്‍വമല്ല.

ഇന്ത്യയില്‍ കാണപ്പെടുന്ന മഗ്ഗര്‍ അഥവാ ചീങ്കണ്ണി, മത്സ്യങ്ങളെ ഇരയാക്കുകയാണ് പതിവ്. എന്നിരുന്നാലും ഏതു ജന്തുവിനെയും പിടികൂടി ആഹരിക്കുന്നതിന് ഇവയ്ക്ക് അശേഷം മടിയില്ല. താഴ്വരയിലോ വെള്ളത്തിനരികിലോ ഇരയെക്കണ്ടാല്‍ തക്കം പാര്‍ത്തിരുന്നു പൊടുന്നനെ ആക്രമിക്കാന്‍ ഇവയ്ക്ക് അസാമാന്യ കഴിവുണ്ട്. പുള്ളിപ്പുലി, കഴുതപ്പുലി, കരടി, കുരങ്ങ്, പട്ടി, ആട്, പന്നി, പശുക്കുട്ടി, താറാവ്, വിവിധയിനം കാട്ടുപക്ഷികള്‍ എന്നിവയൊക്കെ ഇവ ആഹാരമാക്കാറുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഇവ മനുഷ്യരെ ആക്രമിക്കാറില്ല. ഇവയുടെ ആവാസകേന്ദ്രങ്ങളില്‍ വെള്ളം വറ്റുമ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോള്‍ പ്രകോപനമുണ്ടാകുമ്പോഴുമാണ് ആക്രമണോത്സുകരായി കാണുന്നത്. എന്നാല്‍ സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങളും മനുഷ്യശരീരങ്ങളും ചത്ത ക്രോക്കൊഡൈലിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത് ഇവ നദിയിലൂടെയും മറ്റും ഒഴുകി വരുന്ന മൃതശരീരത്തെ അകത്താക്കുന്നതിന്റെ തെളിവാണ്. കല്ലുകള്‍ വിഴുങ്ങുന്ന സ്വഭാവം ഇവയുടെ മറ്റൊരു സവിശേഷതയാണ്. ഈ കല്ലുകള്‍ ദഹനത്തെ സഹായിക്കുകയും വെള്ളത്തില്‍ പൊങ്ങിക്കിടക്കുവാനും മുങ്ങുവാനും ഉപകരിക്കുന്ന സ്ഥിരകഭാരമായി വര്‍ത്തിക്കുകയും ചെയ്യുന്നു. വയറ്റിലെ കല്ലിന്റെ എണ്ണവും ജന്തുവിന്റെ വലുപ്പവുമായി ബന്ധമുണ്ട്. 3.5 മീ. നീളമുള്ള ഒരു ക്രോക്കൊഡൈലിന്റെ വയറ്റില്‍ ഒരു കി.ഗ്രാം വരെ ഭാരമുള്ള കല്ല് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ശക്തിയേറിയ ദഹനരസത്തിന് എല്ലിനെയും കട്ടിയുള്ള കവചങ്ങളെയും ദഹിപ്പിക്കുവാന്‍ കഴിവുണ്ട്.

അഴിമുഖങ്ങളിലും ഉപ്പുവെള്ളത്തിലും അധിവസിക്കുന്ന മുതല അഥവാ എസ്റ്റുറൈന്‍ ക്രോക്കൊഡൈല്‍ മത്സ്യങ്ങളെ വേട്ടയാടുവാന്‍ ഏറെ ഇഷ്ടപ്പെടുന്നു. വലിയ ജന്തുക്കളെയും ഇവ പിടികൂടാറുണ്ട്. ഒഡിഷയില്‍ പിടികൂടിയ 5 മീ. നീളമുള്ള ഒരു മുതലയുടെ വയറ്റില്‍നിന്ന് ഒരു മനുഷ്യശരീരവും മനുഷ്യന്റെ ഒരു കാലും ഒരു തലയും ആയുധങ്ങളും കണ്ടെടുത്തതായി രേഖപ്പെടുത്തിക്കാണുന്നു.

ഘരിയലിന്റെ വണ്ണം കുറഞ്ഞു നീണ്ട മോന്ത, ദന്തവിന്യാസം, ഹനുക്കള്‍ എന്നിവ മത്സ്യങ്ങളെ പിടികൂടി ആഹരിക്കുന്നതിന് ഏറെ അനുയോജ്യമാണ്. അതിനാല്‍ ഇതിനെ 'മീന്‍തീനി മുതല' എന്നും വിളിക്കാറുണ്ട്.

പ്രജനനം. ക്രോക്കഡീലിയകള്‍ മുട്ടയിട്ടു വിരിയിച്ചാണ് വംശവര്‍ധന നടത്തുന്നത്. പ്രജനനകാലത്ത് ഗന്ധഗ്രന്ഥികള്‍ സജീവമാകുന്നു. ഇണചേരുന്നതു വെള്ളത്തില്‍ വച്ചാണ്. ഇണചേരല്‍ പ്രക്രിയ പത്തുമിനിട്ടോളം നീണ്ടുനില്‍ക്കും. പെണ്‍ ക്രോക്കൊഡൈലുകള്‍ അവയുടെ ആവാസകേന്ദ്രത്തിനു സമീപം തന്നെ മുട്ടയിടുവാനായി മാളങ്ങള്‍ തീര്‍ക്കുകയും മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതുവരെ കൂടു സംരക്ഷിക്കുകയും ചെയ്യുന്നു.

ഘരയില്‍ മുട്ട വിരിയുന്നു

സൂര്യപ്രകാശത്തിന്റെ സാന്നിധ്യവും മാളങ്ങളിലെ ജൈവവസ്തുക്കള്‍ ചീഞ്ഞുണ്ടാകുന്ന പദാര്‍ഥങ്ങളും മുട്ടയുടെ വളര്‍ച്ചയെ സഹായിക്കുന്നു. പെണ്‍ ക്രോക്കൊഡൈലുകളുടെ പ്രായവും വലുപ്പവും അനുസരിച്ചാണ് മുട്ടയുടെ എണ്ണം. മുതല ഒരു തവണ 10-75 മുട്ടകള്‍ നിക്ഷേപിക്കാറുണ്ട്. ചീങ്കണ്ണി 8-45 വരെ മുട്ടകള്‍ ഒരു തവണ ഇടുന്നു. മുട്ടകള്‍ക്കു കട്ടികൂടിയ പുറന്തോടുണ്ട്. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരാനായി 55-80 ദിവസങ്ങളോളം വേണ്ടിവരും. ഊഷ്മാവ്, ക്രോക്കൊഡൈലിന്റെ ഇനം എന്നിവ അനുസരിച്ച് ഈ സമയദൈര്‍ഘ്യത്തിനും വ്യത്യാസമുണ്ടാകും. വിരിഞ്ഞുവരുന്നതിനു അല്പം മുമ്പ്, മുട്ടയ്ക്കുള്ളില്‍ ഇരുന്നുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ ചെറിയ ശബ്ദത്തില്‍ കരയാറുണ്ട്. കൂട്ടിനടുത്തുള്ള അമ്മയുടെ ശ്രദ്ധ ക്ഷണിക്കാനും അതുവഴി മുട്ടയില്‍ നിന്നും പുറത്തുവരുന്ന കുഞ്ഞുങ്ങളെ നീന്താന്‍ സഹായിച്ച് വാസസ്ഥലത്തേക്ക് ആക്കാനുമാണ് ഈ 'കരച്ചില്‍'. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഏകദേശം 30-50 സെ.മീ. നീളവും 0.2-1 കി.ഗ്രാം. ഭാരവുമുണ്ടാകും. ഇവയ്ക്ക് ദിനംപ്രതി 15-30 ഗ്രാം ആഹാരം വേണ്ടിവരും. ഒരു വയസ്സിനുതാഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ തവള, ഞണ്ടുകള്‍, കൂത്താടി എന്നിവ ആഹരിച്ചാണ് ജീവിക്കുന്നത്. വളര്‍ച്ച പുരോഗമിക്കുന്നതോടെ ഒച്ചുകളെയും മത്സ്യങ്ങളെയും ഇവ ഇരയാക്കാറുണ്ട്. പ്രായപൂര്‍ത്തി കൈവരിക്കാന്‍ അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ സമയമെടുക്കും. ക്രോക്കൊഡൈലുകളുടെ ഇനമനുസരിച്ച് ഈ കാലയളവിനും വ്യത്യാസമുണ്ട്.

ക്രോക്കൊഡൈലിന്റെ മുട്ടയ്ക്കും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കും ധാരാളം ശത്രുക്കളുണ്ട്. ഉടുമ്പ് (Monitor lizard), വലിയ മത്സ്യങ്ങള്‍, കഴുകന്‍, ആമ എന്നിവയൊക്കെ ഇവയുടെ മുട്ടയെയും കുഞ്ഞുങ്ങളെയും ആഹാരമാക്കുന്നു. ക്രോക്കൊഡൈലുകള്‍ കുഞ്ഞുക്രോക്കൊഡൈലുകളെ ഇരയാക്കുന്ന രീതിയുമുണ്ട്. ശാസ്ത്രലോകത്തിന് ഇവയുടെ ആയുസ്സിനെക്കുറിച്ചുള്ള അറിവു പരിമിതമാണ്. നൂറു വര്‍ഷത്തോളം ജീവിച്ചിരിക്കുമെന്ന് കരുതുന്നു.

വംശനാശ ഭീഷണിയും സാമ്പത്തിക മൂല്യവും. ലോകത്തെമ്പാടുമുള്ള ക്രോക്കഡീലിയകള്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. തോലിനായി ഇവയെ വേട്ടയാടുന്നതും കൗതുകത്തിനായി വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതുംമൂലം മിക്കയിനവും വേരറ്റുപോകാന്‍ തുടങ്ങി. തുകല്‍ വ്യവസായരംഗത്ത് വളരെയധികം വിലപിടിപ്പുള്ള വസ്തുവാണ് ക്രൊക്കഡീലിയകളുടെ തൊലി. യൂറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇവയുടെ തൊലികൊണ്ടുള്ള തുകല്‍വ്യവസായത്തിന്റെ നടുനായകത്വം വഹിക്കുന്നത്. പാപ്പുവ-ന്യൂഗിനി, തായ്ലണ്ട്, സിംബാവെ, ഫിലിപ്പൈന്‍സ്, ആസ്റ്റ്രേലിയ, അമേരിക്ക, സുരിനാം എന്നീ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ക്രോക്കൊഡൈലിന്റെ തൊലി കൊണ്ടാണ് യൂറോപ്പിലെയും ജപ്പാനിലെയും വ്യാപാരം പുഷ്ടിപ്പെടുന്നത്. 1972 വരെ ഇന്ത്യയും അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രോക്കൊഡൈല്‍ തൊലി കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ഇന്ന് അന്താരാഷ്ട്രതലത്തില്‍ ഈ വ്യാപാരത്തിനു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തില്‍ ഉണ്ടായിരുന്ന ഇരുപതിലധികം സ്പീഷീസുകളുള്ള ക്രോക്കഡീലിയ ഗോത്രത്തില്‍ 18 എണ്ണം വംശനാശഭീഷണി നേരിടുന്നവയാണ്. ഭാരതത്തില്‍ കാണുന്ന മൂന്നിനത്തിന്റെയും അവസ്ഥ ഇതുതന്നെ. മിക്ക രാജ്യങ്ങളിലും ഇവയെ സംരക്ഷിക്കുന്നതിനു പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. ഇന്ത്യയില്‍ ഇവയെ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയില്‍ കണ്ടുവരുന്ന ചീങ്കണ്ണി, മുതല, ഘരിയല്‍ ഇനങ്ങളെ സംരക്ഷിക്കുന്നതിനു പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ക്രോക്കൊഡൈല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, ഇന്ത്യയിലെ ക്രോക്കൊഡൈല്‍ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ താഴെ ചേര്‍ക്കുന്നു.

(ഡോ. ആര്‍. രാജേന്ദ്രന്‍)


ആയുര്‍വേദത്തില്‍. ആയുര്‍വേദശാസ്ത്രത്തില്‍ മത്സ്യവര്‍ഗത്തിലാണ് മുതലഗണത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതലയുടെയും ചീങ്കണ്ണിയുടെയും മാംസവും വസയും ഔഷധഗുണമുള്ളവയാണ്. ഇവ ഉപയോഗിച്ചു പലതരം ഔഷധങ്ങള്‍ തയ്യാറാക്കുന്നു.

ആനുപമാംസം എന്നാണ് മുതലമാംസം അറിയപ്പെടുന്നത്. ഉഷ്ണവീര്യവും ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ള (ഗുരു)തുമായ മുതലമാംസം സ്നിഗ്ധഗുണമുള്ളതാണ്. ഇതിന്റെ രസം മധുരമാണ്. വിപാകത്തിലും (bio-chemical action) മധുരമായിരിക്കുന്നതിനാല്‍ ശരീരപുഷ്ടിക്കും ജനനേന്ദ്രിയങ്ങളുടെ ദൃഢതയ്ക്കും ബീജപുഷ്ടിക്കും ഉതകും. രക്തസഞ്ചാരത്തിനു തടസ്സവും സന്നി(convulsion)യും ബാധിച്ചവര്‍ക്കുവേണ്ടി 'നക്രതൈലം' എന്നൊരു ഔഷധം തയ്യാറാക്കാറുണ്ട്. വാതരോഗചികിത്സാ സംഗ്രഹത്തില്‍ ഈ ഔഷധയോഗത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സയില്‍ മുതലനെയ്ക്കു വിശേഷസ്ഥാനമുണ്ട്.

(ചിറ്റാറ്റിന്‍കര എന്‍. കൃഷ്ണപിള്ള വൈദ്യന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍