This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലിയന്‍വാലാ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിലിയന്‍വാലാ യുദ്ധം

പഞ്ചാബില്‍ ഝലം നദിക്കരയിലുള്ള ചിലിയന്‍വാലാ എന്ന ഗ്രാമത്തില്‍ രണ്ടാം സിഖ് യുദ്ധത്തിന്റെ ഭാഗമായി നടന്ന യുദ്ധം. 1849 ജനു. 13-നായിരുന്നു ഇത്. സര്‍ദാര്‍ ഷേര്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സിഖ് സേനയും ഹ്യൂ ഗൊഫിന്റെ അധീനതയിലുള്ള ബ്രിട്ടീഷ് സേനയും തമ്മില്‍ നടന്ന ഈ യുദ്ധം വിജയി ആരെന്നതില്‍ വ്യക്തമായി തീര്‍പ്പു കല്പിക്കാനാവാത്ത ഒന്നാണ്. ബ്രിട്ടീഷുകാര്‍ ജയിച്ചതായി വിവരിക്കുന്ന കുറേപ്പേരുള്ളപ്പോള്‍ ഏറെ ഇംഗ്ലീഷുകാര്‍ തന്നെ ഇതിനെ അവരുടെ പരാജയമായി കാണുന്നു. മൂന്നാമതൊരു കൂട്ടര്‍ ഇതിനെ 'ആരും ജയിക്കാത്ത യുദ്ധം' എന്നു പറയുന്നു. ഏതായാലും ബ്രിട്ടീഷുകാരന്റെ മനോവീര്യത്തെ ഈ യുദ്ധം വളരെ പ്രതികൂലമായാണ് ബാധിച്ചത് എന്നതില്‍ സംശയമില്ല.

ബ്രിട്ടീഷ് റസിഡന്റായിരുന്ന ലോറന്‍സ് അവധിയില്‍ പോയതിനെത്തുടര്‍ന്ന് മുള്‍ട്ടാനിലെ സിഖ് ഗവര്‍ണറായിരുന്ന മുള്‍രാജ് ലാഹോര്‍ ഗവണ്‍മെന്റിനെതിരെ പടയിളക്കി (1848 ഏപ്രില്‍). ഗവര്‍ണര്‍ ജനറലായ ഡല്‍ഹഹൗസി പ്രഭു ഇതമര്‍ച്ച ചെയ്യാന്‍ തയ്യാറായെങ്കിലും ശൈത്യകാലം തീരുന്നതുവരെ കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിനു കിട്ടിയ ഉപദേശം. ഇതോടെ സിഖ് പട്ടാളം മറ്റു വിപ്ലവകാരികളുമായി ചേര്‍ന്ന് ഒരു പ്രാദേശിക ജനക്ഷോഭമായിട്ടാരംഭിച്ച സംഭവത്തെ ഒരു ദേശീയയുദ്ധമായി മാറ്റി. ന. 16-ന് കമാന്‍ഡര്‍ ഗൊഫ് തന്റെ സൈന്യവുമായി രവിനദി കടന്നു. രാംനഗറിലും ചിലിയന്‍വാലായിലും വച്ച് ബ്രിട്ടീഷ് സൈന്യം സിഖ് സൈന്യത്തോടേറ്റുമുട്ടി. രക്തരൂഷിതമായിരുന്ന ഈ യുദ്ധങ്ങള്‍ ആരുടെയും പരാജയം കാണാതെ സമനിലയില്‍ പിരിഞ്ഞു. 1849 ഫെ. 21-ന് ഗുജറാത്തില്‍ വച്ചു നടന്ന ഭീകരയുദ്ധത്തിന്റെ മുന്നോടിയായിരുന്നു ഇവ.

ചിലിയന്‍വാലായില്‍ ബ്രിട്ടീഷുകാര്‍ക്കേറ്റ അപമാനം വിവരണാതീതമായിരുന്നു. രാത്രിയായപ്പോഴേക്കും 2446 ഭടന്മാരും 4 ഗണ്ണുകളും മൂന്ന് റെജിമെന്റുകളുടെ പതാകകളും ബ്രിട്ടനു നഷ്ടമായി. ഇതോടെ ഇംഗ്ലണ്ടില്‍ ഗൊഫിന്റെ പ്രശസ്തിക്ക് കോട്ടം തട്ടുകയും ചാള്‍സ് നേപ്പിയറെ ഗൊഫിനു പകരം നിയമിക്കുകയും ചെയ്തു. എന്നാല്‍ നേപ്പിയര്‍ ഇന്ത്യയിലെത്തും മുമ്പുതന്നെ ഗൊഫ്, ഗുജറാത്ത് യുദ്ധത്തില്‍ സിഖുകാരെ നിര്‍മാര്‍ജനം ചെയ്ത് പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍