This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചിലി

Chile

ചിലി

തെക്കേ അമേരിക്കയിലെ ഒരു രാഷ്ട്രം. ഔദ്യോഗികനാമം: റിപ്പബ്ളിക് ഒഫ് ചിലി. പസിഫിക് സമുദ്രത്തോടു ചേര്‍ന്ന് തെക്കേ അമേരിക്കയുടെ കിഴക്കായി കിടക്കുന്ന പ്രദേശമാണിത്. വീതി വളരെ കുറഞ്ഞ്, റിബണ്‍പോലെ നീളത്തില്‍ കാണപ്പെടുന്ന ഇതിന്റെ തലസ്ഥാനം: സാന്തിയേഗോ. ഉത്തരായനരേഖയ്ക്കു മുകളില്‍ നിന്നാരംഭിച്ച് 'കേപ് ഹോണ്‍', മുനമ്പുവരെ വ്യാപിച്ചു കിടക്കുന്നു. ഈ റിപ്പബ്ളിക്കിന്റെ നീളം 4,300 കിലോമീറ്ററും പരമാവധി വീതി 350 കി. മീറ്ററുമാണ്. വിസ്തീര്‍ണം: 7,56,096 ച.കി.മീ.; ജനസംഖ്യ: 16,341,929 (2012); ജനസാന്ദ്രത: 22 ച.കി.മീ. (2012). അതിരുകള്‍: വടക്ക് പെറു, കിഴക്ക് ബൊളീവിയാ, അര്‍ജന്റീന, പടിഞ്ഞാറും തെക്കും പസിഫിക് സമുദ്രം. പസിഫിക് സമുദ്രത്തിലെ ഈസ്റ്റര്‍ ദ്വീപും മറ്റു നിരവധി ചെറുദ്വീപുകളും ചിലിയില്‍ ഉള്‍പ്പെടുന്നു. സ്പാനിഷാണ് ഔദ്യോഗികഭാഷ.


ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ചിലിയെ വടക്കന്‍ പ്രദേശങ്ങള്‍, മധ്യപ്രദേശങ്ങള്‍, തെക്കന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. കിഴക്കുഭാഗത്ത് ആന്‍ഡീസ് പര്‍വതനിരകള്‍ ഈ മൂന്നു പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. അറ്റക്കാമ മരുഭൂമിയാണ് വടക്കന്‍ പ്രദേശത്തിന്റെ ഭൂരിഭാഗവും. പെറുവിന്റെ തെക്കനതിര്‍ത്തിയില്‍ 1000 കി.മീ. ദൈര്‍ഘ്യമുള്ള ഈ മരുഭൂമി കിഴക്കു പടിഞ്ഞാറ് പസിഫിക് സമുദ്രം മുതല്‍ ആന്‍ഡീസ് പര്‍വതനിരവരെ വ്യാപിച്ചു കിടക്കുന്നു. ഇതിനോടു തൊട്ടു കാണുന്ന ആന്‍ഡീസ് കൊടുമുടികളില്‍ ചിലത് കുത്തനെ ഉയര്‍ന്നുവരുന്നതും അഗ്നിപര്‍വത സ്വഭാവമുള്ളവയുമാണ്. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓജൊസ്-ദെല്‍-സാലഡോ അര്‍ജന്റീനയുടെ അതിര്‍ത്തിയിലാണ്. ഇത് എപ്പോഴും ഹിമാവൃതമായിരിക്കും.

സാന്തിയേഗോ നഗരം

ഏതാണ്ട് 1600 കി.മീ. നീളത്തില്‍ അറ്റക്കാമയുടെ തെക്കേയറ്റം മുതല്‍ കോര്‍ക്കവാഡോ ഉള്‍ക്കടല്‍ വരെ വ്യാപിച്ചു കിടക്കുന്നതാണു മധ്യപ്രദേശങ്ങള്‍. ആന്‍ഡീസും തീരദേശപര്‍വതമായ കോര്‍ദിയേറാ ദ ലാ കോസ്തയും ഇതിലുള്‍പ്പെടുന്നു. ഈ രണ്ടു പര്‍വതപ്രദേശങ്ങള്‍ക്കും ഇടയിലാണ് ചിലിയിലെ മധ്യതാഴ്വരകള്‍. ഈ താഴ്വാരങ്ങള്‍ ഇവിടത്തെ പ്രധാന കാര്‍ഷിക പ്രദേശങ്ങളാണ്; ചിലിയിലെ ജനങ്ങളില്‍ ഭൂരിഭാഗവും വസിക്കുന്നതും ഇവിടെത്തന്നെ. 70-90 മീ. വരെ ഉയരമുള്ള ഈ താഴ്വര പ്രദേശം ഭൂകമ്പബാധിതമാണ്.

നിമ്നോന്നതവും ധാരാളം ദ്വീപുകളുള്ളതുമാണ് തെക്കന്‍ പ്രദേശങ്ങള്‍. ആന്‍ഡീസ് പര്‍വതനിരകളുടെ കടലിനോടു ചേര്‍ന്നുള്ള ഇവിടത്തെ തീരപ്രദേശങ്ങള്‍ ഇടുങ്ങി, കിഴുക്കാംതൂക്കായ പാറകളോടുകൂടിയതാണ്. ഈ പ്രദേശത്തുള്ള ആന്‍ഡീസ് കൊടുമുടികള്‍ക്ക് മധ്യ-വടക്കന്‍ പ്രദേശങ്ങളിലുള്ളവയോളം ഉയരമില്ല. 3,350 മീറ്ററിലും ഉയരമുള്ള കൊടുമുടികള്‍ വളരെ വിരളമാകുന്നു. ഈ ഉയരത്തില്‍ത്തന്നെ ചില കൊടുമുടികള്‍-ധ്രുവപ്രദേശങ്ങള്‍ക്കടുത്തായതിനാലാകാം-എപ്പോഴും മഞ്ഞ് മൂടിയതാണ്. മെഗലന്‍ കടലിടുക്കിനു തെക്കായി ചിലിയുടെ തെക്കേയറ്റത്തുള്ള ടീറ-ദെല്‍-ഫ്വാഗോ എന്ന ദ്വീപസമൂഹം ചിലിക്കും അര്‍ജന്റീനയ്ക്കും അവകാശപ്പെട്ടിരിക്കുന്നു.

ജലസമ്പത്ത്

ചിലിയിലെ ഭൂരിഭാഗം നദികളും ആന്‍ഡീസില്‍ നിന്നുദ്ഭവിച്ച് പസിഫിക് സമുദ്രത്തില്‍ പതിക്കുന്നു. ഇവിടത്തെ ഭൂപ്രകൃതിമൂലം ചിലിയിലെ നദികളെല്ലാം നീളം കുറഞ്ഞ് അപ്രധാനമായവയാണ്. എങ്കിലും ചില നദികള്‍ ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും ഉപയുക്തമാകുന്നു. ചിലിയില്‍ കിഴക്കു-പടിഞ്ഞാറായി ഒഴുകുന്ന നദികളില്‍ ഏറ്റവും വലുത് ലോവയാണ്. അറ്റക്കാമ മരുഭൂമിയെ മുറിച്ചു കടക്കുന്ന ഏകനദിയായ ഇതിന് 435 കി.മീ. നീളമുണ്ട്. പ്യൂര്‍ട്ടോ-മോണ്ട് എന്ന നഗരത്തിനു വടക്കായി സ്ഥിതിചെയ്യുന്ന ഹിമാനി-പര്‍വതതടാകങ്ങള്‍ പ്രകൃതി മനോഹരമാണ്. ഇവയില്‍ വലുപ്പം കൂടിയവ റാങ്കോ (404 ച.കി.മീ.), ലാന്‍കൂഹു (846 ച.കി.മീ.) എന്നിവയാകുന്നു.

കാലാവസ്ഥ

ഉയരത്തിലും അക്ഷാംശത്തിലുമുള്ള അന്തരം കാരണം ചിലിയിലെ പല ഭാഗങ്ങളിലും പലതരത്തിലുള്ള കാലാവസ്ഥയാണനുഭവപ്പെടുന്നത്. ഉയരത്തിനനുസരിച്ച് താപനില കുറഞ്ഞുവരുന്ന പര്‍വതപ്രദേശങ്ങളിലെ ഉയരം കൂടിയ പര്‍വതഭാഗങ്ങളില്‍ തണുപ്പുകൂടിയിരിക്കുന്നു. മഴ തീരെ കുറവായ പ്രദേശമാണെങ്കിലും അറ്റക്കാമ മരുഭൂമിയിലെ താപനില പൊതുവേ കുറവാണ്. പെറു ശീതജലപ്രവാഹത്തിന്റെ സാമീപ്യമാണ് ഇതിനുകാരണം. ഈ മരുപ്രദേശം ഭൗമോപരിതലത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ്.

മധ്യ ചിലിയിലെ കാലാവസ്ഥ തെക്കന്‍ കാലിഫോര്‍ണിയയുടേതു പോലുള്ള മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ്. വരണ്ടതും ചൂടുള്ളതുമായ വേനല്‍ക്കാലവും തണുത്തതും മഴയുള്ളതുമായ മഞ്ഞുകാലവും ഈ കാലാവസ്ഥയുടെ പ്രത്യേകതകളാകുന്നു. മധ്യതാഴ്വാരങ്ങളിലെ താപനില ചിലിയില്‍ ഏറ്റവും കൂടിയതാണ്. ചിലപ്പോള്‍ ഇത് ഉയര്‍ന്ന് 38°C വരെ ആകാറുണ്ട്.

മറ്റുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം വിഭിന്നമായതാണ് തെക്കന്‍ ചിലിയിലെ കാലാവസ്ഥ. തണുപ്പേറിയ-മിതോഷ്ണകാലാവസ്ഥയാണ് വര്‍ഷം മുഴുവനും അനുഭവപ്പെടാറുള്ളത്. വടക്കേ അമേരിക്കയുടെ പസിഫിക് തീരത്തിലേതുപോലെയുള്ള കാലാവസ്ഥയാണിത്. തെക്കന്‍ചിലിയിലെ ചില ഉന്നതതടങ്ങളില്‍ മഴ വളരെ കൂടുതലാണ് (500 സെന്റി മീറ്ററിലേറെ). എന്നാല്‍ പാറ്റഗോണിയയില്‍ മെഗലന്‍ കടലിടുക്കിന്റെ കിഴക്കായിവരുന്ന പ്രദേശത്ത് വര്‍ഷത്തിലാകമാനം 50 സെന്റിമീറ്റര്‍ താഴെ മാത്രമേ മഴ ലഭിക്കുന്നുള്ളൂ.

സസ്യ-ജന്തുജാലം

ചിലിയിലെ സസ്യജന്തുജാലവും കാലാവസ്ഥയ്ക്ക് അനുസൃതങ്ങളാണ്. വടക്കന്‍ പ്രദേശങ്ങളിലെ മരുഭൂമികളില്‍ തരിശുനിലങ്ങളാണധികവും. മധ്യതാഴ്വാരങ്ങളില്‍ നിത്യഹരിതകുറ്റിച്ചെടികളും മുള്ളുള്ള ചെറുചെടികളും കാക്റ്റസ് ഇനത്തില്‍പ്പെട്ടവയുമാണ് പ്രധാനമായുള്ളത്. തെക്കന്‍ചിലിയിലും ചിലിയിലെ പര്‍വതപ്രദേശങ്ങളിലും ഏതാണ്ട് ഒരേപോലെയുള്ള സസ്യജാലം കാണപ്പെടുന്നു. സ്തൂപികാഗ്രിതവനങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. ചില മലഞ്ചരിവുകളിലും പാറ്റഗോണിയയിലും പുല്ലുകള്‍ സമൃദ്ധമാണ്.

പ്യൂമ (Felis concolor), വിവിധതരം മാനുകള്‍, കുറുക്കന്‍ തുടങ്ങിയ സസ്തനികളും പലതരം പക്ഷികളും ഇവിടത്തെ കാടുകളില്‍ ജീവിക്കുന്നു.

സമ്പദ് വ്യവസ്ഥ

20-ാം ശതകത്തിന്റെ ആരംഭംവരെ ചിലിയുടെ സമ്പദ്ഘടന അവിടത്തെ കൃഷിയെയും ഖനിജങ്ങളെയും ആശ്രയിച്ചായിരുന്നു. എന്നാല്‍ 1930-കള്‍ക്കു ശേഷമുണ്ടായ വ്യാവസായിക പുരോഗതിയുടെ ഫലമായി ചിലി ഇന്ന് തെക്കേ അമേരിക്കയിലെ വികസിതരാജ്യങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം ജനതയുടെ പരിശ്രമവും ഗവണ്‍മെന്റുകളുടെ താത്പര്യവുമാണ് ചിലിയുടെ അഭിവൃദ്ധിക്ക് മുഖ്യകാരണം. പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും ശുദ്ധീകരണത്തിലും 1960-കളില്‍ മുന്‍നിരയിലെത്തിച്ചേര്‍ന്ന ചിലി അതേ കാലഘട്ടത്തില്‍ത്തന്നെ ഗതാഗതവാര്‍ത്താവിനിമയ മേഖലകളിലും കാര്യമായ പുരോഗതി നേടി. 1970 മുതല്‍ 73 വരെ ഇവിടെ ഭരണത്തിലുണ്ടായിരുന്ന മാര്‍ക്സിസ്റ്റ് ഗവണ്‍മെന്റ് ചിലിയിലെ ഖനികള്‍, ബാങ്കുകള്‍ തുടങ്ങി മിക്കവാറും എല്ലാ മേഖലകളും ദേശസാത്കരിച്ചു. നാണയം: പിസൊ.

വ്യാവസായികോത്പന്നങ്ങളുടെ വന്‍തോതിലുള്ള നിര്‍മാണമാണ് ചിലിയിലെ സമ്പദ്വ്യവസ്ഥിതിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകം. ഭക്ഷ്യസംസ്കരണവും വസ്ത്രനിര്‍മാണവുമാണ് ചിലിയിലെ വലുതും പഴക്കമുള്ളതും അതേസമയം ഏറ്റവും പുരോഗമിച്ചതുമായ വ്യവസായമേഖല. മറ്റു പ്രധാനപ്പെട്ട വ്യാവസായികോത്പന്നങ്ങള്‍ ഇരുമ്പ്, പേപ്പര്‍, പള്‍പ്പ്, രാസവസ്തുക്കള്‍, മോട്ടര്‍വാഹനഭാഗങ്ങള്‍, വൈദ്യുതസാമഗ്രികള്‍ എന്നിവയാണ്. ചിലിയിലെ വ്യാവസായികമേഖല സാന്തിയേഗോയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു.

ചിലിയിലെ കാര്‍ഷികോത്പാദനം ആന്തരികോപഭോഗത്തിന്റെ കാല്‍ഭാഗം വരുമെങ്കിലും രാജ്യത്തിന്റെ മൊത്തം ഉത്പാദനം നോക്കുമ്പോള്‍ ഇതിന്റെ പങ്ക് വളരെ ചെറുതാണ്. പുരാതന കൃഷിസമ്പ്രദായങ്ങള്‍, മൂലധനത്തിന്റെ അഭാവം എന്നിവയാണ് ഇതിനുകാരണം. മധ്യചിലിയിലെ വളക്കൂറുള്ളതും ജലസേചിതവുമായ താഴ്വാരങ്ങളാണ് ചിലിയിലെ പ്രധാന കാര്‍ഷികമേഖല. പ്രധാന വിളയായ ഗോതമ്പ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യപ്പെടുകയും ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഉരുളക്കിഴങ്ങ്, കരിമ്പ്, ചോളം, ബാര്‍ലി, ഓട്സ്, ഉള്ളി, പലതരം പഴങ്ങള്‍ എന്നിവയാണ് മറ്റു മുഖ്യവിളകള്‍. മധ്യമേഖലയില്‍ കന്നുകാലി വളര്‍ത്തലും തെക്കന്‍ പ്രദേശങ്ങളില്‍ ആടുവളര്‍ത്തലും മുഖ്യ ഉപജീവനമാര്‍ഗങ്ങളാണ്.

ധാതുവിഭവസമ്പന്നമാണ് ചിലി. ചെമ്പയിരാണ് മുഖ്യധാതു. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും ഇതുതന്നെ. ഉത്തര-മധ്യചിലിയിലുള്ള ആന്‍ഡീസിലും അടിവാരങ്ങളിലുമായി വ്യാപിച്ചിരിക്കുന്ന വിസ്തൃതമായ ചെമ്പയിരുമേഖല ലോകപ്രശസ്തമാണ്. മറ്റു പ്രധാനധാതുക്കള്‍ ഇരുമ്പയിര്, മാങ്ഗനീസ്, മോളിബ്ഡനം, സിങ്ക്, വെള്ളി, സ്വര്‍ണം എന്നിവയാകുന്നു.

1930-ല്‍ സിന്തറ്റിക് നൈട്രേറ്റുകള്‍ ലോകവിപണി കീഴടക്കുന്നതുവരെയും നൈട്രേറ്റ് ഖനനം തെക്കന്‍ചിലിയിലെ പ്രധാന വ്യവസായമായിരുന്നു. 1850-ല്‍ ആരംഭിച്ച വ്യവസായമാണിത്. ടീറ ദെല്‍ ഫ്വാഗോയിലാണ് പ്രധാനമായി പെട്രോളിയവും പ്രകൃതിവാതകവും ഉത്പാദിപ്പിക്കപ്പെടുന്നത്. കോണ്‍സെപ്സിയോണിനടുത്ത് കല്‍ക്കരി ഖനനം ചെയ്യപ്പെടുന്നു.

തടിയും വനസമ്പത്തും ഇവയോടനുബന്ധിച്ചുള്ള വ്യവസായങ്ങളും ചിലിയുടെ സമ്പദ്ഘടനയ്ക്ക് ഗണ്യമായ തോതില്‍ സംഭാവന നല്കുന്നുണ്ട്. പലതരം പൈനുകളാണ് വനവിഭവങ്ങളില്‍ പ്രധാനം. വനസമ്പത്തിനെ ആശ്രയിച്ചുള്ള പ്രധാനോത്പന്നങ്ങള്‍ തടി, പള്‍പ്പ്, പേപ്പര്‍, വെനീര്‍ എന്നിവയാകുന്നു. ഗതാഗത സൗകര്യം കുറവായതിനാല്‍ വനവിഭവോപയോഗം അപര്യാപ്തമാണ്.

ചിലിയിലെ തീരപ്രദേശത്തും ആഴക്കടലിലുമായി ഞണ്ടുകള്‍, ചെമ്മീന്‍ തുടങ്ങിയവയും ചൂര തുടങ്ങി പലതരം മത്സ്യങ്ങളുമുണ്ട്. മത്സ്യോത്പന്നങ്ങളുടെ കയറ്റുമതിയും പ്രധാനപ്പെട്ട വരുമാനമാര്‍ഗമാണ്.

ഗതാഗതം-വാര്‍ത്താവിനിമയം

ചിലിയിലെ ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങളെല്ലാം പ്രധാനമായി വടക്കന്‍ പ്രദേശങ്ങളില്‍ കേന്ദ്രീകൃതമായിരിക്കുന്നു. നിമ്നോന്നത ഭൂപ്രകൃതിയും കുറഞ്ഞ ജനസംഖ്യയുംമൂലം തെക്കന്‍ പ്രദേശങ്ങള്‍ ഇത്രത്തോളം വികസിതമല്ല.

രാജ്യത്തിന്റെ തെക്കു-വടക്കായുള്ള 'പാന്‍ അമേരിക്കന്‍ ഹൈവേ'യാണ് ചിലിയിലെ രാജപാത. ഇത് ആന്‍ഡീസ് പര്‍വതനിരമുറിച്ച് അര്‍ജന്റീനയിലേക്കും കടക്കുന്നു. ഇവിടത്തെ റോഡുകള്‍ക്ക് മൊത്തം 78,000 കി.മീറ്ററിലധികം ദൈര്‍ഘ്യമുണ്ട്.

പട്ടണങ്ങളെയും തുറമുഖങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്നതാണ് പ്രധാന റെയില്‍പ്പാതകള്‍. മൊത്തം നീളം: സു. 7,000 കി.മീ. (1991). ഇതില്‍ 1936 കി.മീ. (91) വൈദ്യുതീകരിച്ചതാണ്. സാന്തിയേഗോയില്‍ 27.3 കി.മീ. നീളമുള്ള മെട്രോലൈനും ഉണ്ട്.

വാല്‍പറൈസോയാണ് ചിലിയിലെ പ്രധാന തുറമുഖം. മറ്റു തുറമുഖങ്ങള്‍: ആന്റോ ഫഗാസ്റ്റ, കോക്കിംബോ, ടാല്‍കാവാനോ, പ്യൂര്‍ട്ടോമോണ്ട്, പ്യൂണ്ടാ അരേനാസ്. നദികള്‍ ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ജലഗതാഗതം പ്രധാനമല്ല.

സാന്തിയേഗോയിലെ വിമാനത്താവളമുള്‍പ്പെടെ ഒന്‍പത് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ചിലിയിലുണ്ട്. പ്രധാന വിമാനസര്‍വീസ് സര്‍ക്കാരുടമയിലുള്ള ലീനിയ ഏരിയ നാഷണല്‍- (LAN) ആണ്. ഈ വിമാനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നു.

ജനങ്ങള്‍

മെസ്റ്റിസോ വംശത്തില്‍പ്പെട്ടവരാണ് ഭൂരിഭാഗം ജനങ്ങളും. ഇവര്‍ യൂറോപ്പ് (സ്പാനിഷ്)-ഇന്ത്യന്‍ സങ്കരവംശജരുടെ പിന്മുറക്കാരാണ്. ബാക്കിയുള്ളവര്‍: വെള്ളക്കാര്‍ (30 ശ.മാ.), ഇന്ത്യക്കാര്‍ (2 ശ.മാ.). സ്പാനിഷ് ജനതയെ കൂടാതെ ഐറിഷ്, ഫ്രഞ്ച്, ബ്രിട്ടിഷ്, ജര്‍മന്‍ തുടങ്ങിയവരും തെക്കന്‍ പ്രദേശങ്ങളിലുണ്ട്. ഔദ്യോഗികഭാഷ സ്പാനിഷ് ആണ്. ഒരു പ്രത്യേക മതം ഈ രാജ്യത്തിന്റേതായിട്ടില്ലെങ്കിലും ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. ഇതില്‍ 85 ശ.മാ. റോമന്‍ കത്തോലിക്കരാകുന്നു.

സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ചിലി. 2003-ല്‍ 15 വയസ്സിനു മുകളിലുള്ള 95.7 ശ.മാ. പേര്‍ മാത്രമാണ് സാക്ഷരരായിരുന്നു. പുരാതനവും വലുതുമായ ചിലിസര്‍വകലാശാല ഗവണ്‍മെന്റ് നേരിട്ടു നിയന്ത്രിക്കുന്നു. ഇത് 1842-ലാണ് സ്ഥാപിതമായത്. ജനങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം സോക്കറാണ്.

ഭരണകൂടം

ചിലി ഒരു റിപ്പബ്ലിക്കാണ്. 13 മേഖലകളും ഒരു മെട്രോപൊളിറ്റന്‍ പ്രദേശവും ചേര്‍ന്നതാണിത്. 1981 മാ. 11-ന് പുതിയ ഭരണഘടന പ്രാബല്യത്തിലായി. ഈ ഭരണഘടന പ്രകാരം പരമാധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കുന്നു. കാബിനറ്റ് നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നാലുവര്‍ഷത്തേക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു. നിയമനിര്‍മാണാധികാരം നാഷണല്‍ കോണ്‍ഗ്രസിനാണ്. രണ്ടു സഭകളുള്ള ഇതില്‍ 47 അംഗങ്ങളുള്ള സെനറ്റും 120 അംഗങ്ങളുള്ള ചേംബര്‍ ഒഫ് ഡെപ്യൂട്ടീസും ഉള്‍പ്പെടുന്നു. 334 മുനിസിപ്പാലിറ്റികള്‍ ഉണ്ട്.

ജൂഡീഷ്യറിയുടെ പരമാധികാരം സുപ്രീംകോടതിക്കാണ്. ഇതിന്റെ കീഴില്‍ 25 പ്രവിശ്യകളുണ്ട്. ധാരാളം ചെറുകോടതികള്‍ രാജ്യത്തിലങ്ങളോമിങ്ങോളം പ്രവര്‍ത്തിച്ചു വരുന്നു. ചിലി യു.എന്‍., ഒ.എ.എസ്. എന്നീ സംഘടനകളില്‍ അംഗമാണ്.

ചരിത്രം

1533-ല്‍ ഇങ്കാസാമ്രാജ്യത്തെ സ്പെയിന്‍കാര്‍ അധികാരത്തില്‍നിന്നു നിഷ്കാസനം ചെയ്തു. തുടര്‍ന്ന് പെറുവില്‍നിന്ന് ദീയേഗോ ദ ആല്‍മാഗ്രോ തെക്കന്‍ ചിലിയിലുണ്ടായിരുന്ന ഇങ്കാവംശജരെ കീഴടക്കാന്‍ ഒരു വിഫലശ്രമം നടത്തി. രണ്ടാമത്തെ തവണ പീഡ്രോ ദ വാള്‍ഡീവിയയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് 1541-ല്‍ സാന്തിയേഗോ നഗരം സ്ഥാപിച്ചത്. ചിലിയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായിരുന്ന ഇന്ത്യക്കാരെ പെട്ടെന്ന് നിയന്ത്രണത്തിലാക്കുവാന്‍ കഴിഞ്ഞുവെങ്കിലും 1883-ഓടുകൂടി മാത്രമേ തെക്കന്‍ഭാഗത്തുണ്ടായിരുന്ന ആറോക്കേനിയരെ കീഴടക്കുവാന്‍ കഴിഞ്ഞുള്ളൂ.

വാല്‍പറൈസോ തുറമുഖം

സ്വര്‍ണം, വെള്ളി തുടങ്ങിയ നിക്ഷേപങ്ങളൊന്നും തന്നെ ചിലിയില്‍ നിന്നു ലഭിച്ചിരുന്നില്ല. മധ്യചിലിയിലെ പ്രദേശങ്ങള്‍ കൃഷിക്കും കുന്നുകാലിവളര്‍ത്തലിനും വളരെ അനുയോജ്യമായവയായിരുന്നു. ഇവിടെ വാസമുറപ്പിച്ചവര്‍ പലപ്പോഴും വലിയ തോട്ടങ്ങളുടെ ഉടമകളായിത്തീര്‍ന്നു. ചിലിവംശജരായ ഇന്ത്യക്കാരായിരുന്നു ഇവിടത്തെ തൊഴിലാളികള്‍. എന്നാല്‍ ആറോക്കേനിയരുടെ ആക്രമണത്തെ ഭയന്ന സ്പെയിന്‍കാരുടെ ചിലിയിലേക്കുള്ള കുടിയേറ്റം നിയന്ത്രിതമായിരുന്നു. ചിലിയന്‍ അതിര്‍ത്തിസേനയെ പരിപാലിക്കുവാനുള്ള അധികച്ചെലവ് ചിലിയെ കൊളോണിയല്‍ കാലഘട്ടത്തില്‍ പെറുവിന്റെ കീഴിലുണ്ടായിരുന്ന കോളനികളില്‍ ഒട്ടും സ്വയം പര്യാപ്തമല്ലാത്ത ഒരു പ്രദേശമാക്കിമാറ്റി.

ചിലിയില്‍ ഉരുത്തിരിഞ്ഞ ഉദ്ധാരണ-നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അടങ്ങാത്ത ഒരു അഭിവാഞ്ഛ ഇവിടെ രൂപം കൊണ്ടു. 1808-ല്‍ നെപ്പോളിയന്‍ സ്പെയിനിനെ കടന്നാക്രമിച്ചത് ചിലിയിലും തുടര്‍ന്നുള്ള വിപ്ലവത്തിന് സന്ദര്‍ഭം സൃഷ്ടിച്ചു.

1810-ല്‍ ചിലിയില്‍ രൂപമെടുത്ത പല ചെറുസ്വാതന്ത്ര്യസമരങ്ങളും സ്പാനിഷ്സേന 1814-ഓടെ അടിച്ചമര്‍ത്തിയെങ്കിലും ദേശസ്നേഹികളായിരുന്ന പല പൗ രന്മാരും അര്‍ജന്റീനയിലെ മെന്‍ഡോസയില്‍ പരിശീലനം നേടിയിരുന്ന സേനയില്‍ രഹസ്യമായി അംഗത്വം നേടി. പെറുവിന്റെയും ചിലിയുടെയും സ്വാതന്ത്ര്യലബ്ധി ആയിരുന്നു ഈ സേനയ്ക്കു രൂപം നല്കുമ്പോള്‍ സാന്‍ മാര്‍ട്ടിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. 1817-ല്‍ ആന്‍ഡീസ് നിര മുറിച്ചു കടന്ന സാന്‍മാര്‍ട്ടിന്റെ സേന ചിലിയില്‍ പ്രവേശിച്ച് സ്പാനിഷ് സേനയെ പരാജയപ്പെടുത്തി. അങ്ങനെ 1818 ഫെ. 12-ന് ചിലി സ്വതന്ത്രയായി. തുടര്‍ന്ന് വിപ്ളവത്തില്‍ പങ്കെടുത്ത ബര്‍ണാഡോ ഒ' ഹിഗിന്‍സ് എന്ന സ്വദേശീയനായ നേതാവില്‍ ചിലിയന്‍ജനത തങ്ങളുടെ രാഷ്ട്രീയാധികാരം സമര്‍പ്പിച്ചു.

ചിലിയിലെ ഒരു ചെമ്പുഖനി

അക്കാലത്ത് ചിലിയന്‍ ജനങ്ങള്‍ക്കിടയില്‍ രണ്ടുവിഭാഗങ്ങളുണ്ടായിരുന്നു; യാഥാസ്ഥിതികരും ലിബറലുകളും. ഈ രണ്ടു കൂട്ടരെയും ഒരു അനുരഞ്ജനമാര്‍ഗത്തിലേക്കു നയിക്കാന്‍ കഴിയാതിരുന്ന ഹിഗിന്‍സിന് 1823-ല്‍ നാടുവിടേണ്ടിവന്നു. ചിലിയിലെ തുടര്‍ന്നുള്ള ഏഴു വര്‍ഷം കലാപങ്ങളുടെയും താറുമാറായ ഭരണത്തിന്റെയും കാലഘട്ടമായിരുന്നു. 1830-ല്‍ യാഥാസ്ഥിതിക പാര്‍ട്ടി ഒരു സൈനിക ആഫീസറായ യോയാക്കിന്‍ പ്രേതോയുടെയും ബിസിനസ്സുകാരനായിരുന്ന ദീയേഗോ പോര്‍ട്ടേല്‍സിന്റെയും നേതൃത്വത്തില്‍ തങ്ങളുടെ എതിരാളികളെ തറ പറ്റിച്ചു. ഇതോടെ 31 വര്‍ഷം ദൈര്‍ഘ്യമുള്ള (1830-61) 'ആട്ടോക്രാറ്റിക് റിപ്പബ്ലിക്കി'ന് തുടക്കമാവുകയും ചെയ്തു. എന്നാല്‍ റിപ്പബ്ലിക്കിന്റെ ശില്പിയും വഴികാട്ടിയുമായിരുന്ന പോര്‍ട്ടേല്‍സ് 1837-ല്‍ വധിക്കപ്പെടുകയാണുണ്ടായത്. താത്ത്വികകാരണങ്ങളെക്കാള്‍ പ്രായോഗികതാവാദ കാരണങ്ങളാല്‍ യാഥാസ്ഥിതികനായിരുന്ന ഇദ്ദേഹം മതഭ്രാന്തിനെ ചെറുക്കാന്‍ ശക്തമായി പ്രയത്നിച്ചതോടൊപ്പം മിതത്വത്തിലൂന്നിയ ഒരു ഭരണകാലഘട്ടം വികസിപ്പിച്ചെടുക്കകയും ചെയ്തു.

1830-80 വരെയുള്ള കാലഘട്ടം ചിലിയില്‍ കാര്യമായ സാമ്പത്തിക പുരോഗതി ഉണ്ടായ ഒന്നാണ്. ഇതിന്റെ തുടക്കത്തില്‍ത്തന്നെ ദീര്‍ഘവീക്ഷണമുള്ള ഒരു വിഭാഗം ചിലിയിലെ ധാതുവിഭവങ്ങളെ കണ്ടെത്തുകയുണ്ടായി. ഇവിടത്തെ കല്‍ക്കരിനിക്ഷേപങ്ങളോടൊപ്പം വെള്ളിയുടെ കാര്യമായ നിക്ഷേപങ്ങളും കണ്ടെത്തിയത് സാരമായ വരുമാനം കൊണ്ടുവന്നു. 1870-കളില്‍ ചിലിയുടെ വടക്കുഭാഗത്തുള്ള മരുപ്രദേശത്തു കണ്ടെത്തിയ നൈട്രേറ്റ് ധാതുക്കളും അളവറ്റ സമ്പത്തിനുറവിടമായി. 1881-ല്‍ ചിലിയിലെ കയറ്റുമതി വിഭവങ്ങളില്‍ 80 ശതമാനവും ഖനിജങ്ങളായിരുന്നത് ഇന്നും അങ്ങനെ തന്നെ തുടരുന്നു.

ഖനനംമൂലം രാജ്യത്തിന് പെട്ടെന്നുണ്ടായ സാമ്പത്തിക പുരോഗതി ഒരു സാമൂഹ്യരൂപവത്കരണത്തിനു കാരണമായി. ഈ ഭൂപ്രഭുക്കളുടെ ഭരണം അനേകം പേര്‍ക്ക് പെട്ടെന്നു സമ്പന്നരാകാന്‍ വഴി വച്ചു. 19-ാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും ഈ വിഭാഗത്തില്‍ ചിലിയന്‍ജനതയെ കൂടാതെ ഇംഗ്ലീഷ്, സ്കോട്ടിഷ്, ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയവരുമുണ്ടായിരുന്നു.

1840-കളുടെ അവസാനത്തോടെ ചിലിയില്‍ സ്വതന്ത്രബുദ്ധികളുടെയും രാജ്യതന്ത്രജ്ഞരുടെയും ഒരു പുതിയ തലമുറ രൂപംകൊണ്ടു. ജോസ് വിക്തറീനോ ലാസ്താറിയ, ഫ്രാന്‍സിസ്കോ ബില്‍ബേവോ, സാന്തിയേഗോ ആര്‍കോസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഭരണവികേന്ദ്രീകരണത്തിനും, വോട്ടിങ്ങിന്റെ പ്രായപരിധി കൂട്ടുന്നതിനും, പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനും, കത്തോലിക്കാ പള്ളികള്‍ക്ക് ദൈനംദിന ജീവിതത്തിലുള്ള സ്വാധീനം നിയന്ത്രിക്കുന്നതിനും വേണ്ടി നിലകൊണ്ടു. തുടര്‍ന്ന് ശക്തമായി വന്ന ലിബറല്‍ പാര്‍ട്ടിയെ യാഥാസ്ഥിതികര്‍ നഖശിഖാന്തം എതിര്‍ക്കാന്‍ ആരംഭിച്ചു.

1870-കളില്‍ ലിബറലുകള്‍ 'റാഡിക്കല്‍' പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. ഈ ലയനം യാഥാസ്ഥിതിക പാര്‍ട്ടിയുടെ കുതിച്ചു കയറ്റത്തെ തടയുകയും റിപ്പബ്ലിക്കിലെ സ്ഥാപനങ്ങള്‍ ഇങ്ങനെ കുറേക്കൂടി സ്വതന്ത്രമാവുകയും ചെയ്തു. 1833-ല്‍ പോര്‍ട്ടേല്‍സ് രൂപം കൊടുത്ത ഭരണഘടനയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനശൈലികളും 1865 മുതല്‍ 85 വരെയുള്ള കാലഘട്ടത്തില്‍ നവീകരണവിധേയമായി. മന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ്സിനോടുള്ള ബാധ്യത ഏറിയതും വോട്ടിങ് പ്രായം ഉയര്‍ന്നതും വിദ്യാഭ്യാസ നിയന്ത്രണംവഴിയുള്ള പള്ളിയുടെ പല അധികാരങ്ങളും വെട്ടിച്ചുരുക്കിയതും ഇതിന്റെ സത്ഫലങ്ങളായിരുന്നു.

രാഷ്ട്രീയഘടനയിലും സ്റ്റേറ്റും ചര്‍ച്ചും തമ്മിലുള്ള ബന്ധത്തിലും ചിലിയിലുണ്ടായ വ്യതിയാനങ്ങള്‍ സമാധാനപരമായ ഭരണഘടനാ മാര്‍ഗങ്ങളുപയോഗിച്ചാണ് പ്രാവര്‍ത്തികമാക്കിയത്. ഇങ്ങനെ ഉടലെടുത്ത രാഷ്ട്രീയസ്ഥിരത ചിലിയുടെ അനുസ്യൂതമായ സാമ്പത്തിക വളര്‍ച്ചയ്ക്കു കാരണമായി. 1879 മുതല്‍ 83 വരെ നടന്ന പസിഫിക് യുദ്ധത്തില്‍ പെറു, ബൊളീവിയ തുടങ്ങിയയിടങ്ങളിലെ സംയുക്തസേനയ്ക്കു മീതെ വിജയം നേടുവാന്‍ ചിലിയെ ഇതു സഹായിച്ചു. രാഷ്ട്രീയപരമായി ക്രമീകൃതമാകാതെയിരുന്ന പ്രദേശങ്ങളെ കീഴടക്കി ചിലി തന്റെ അതിര്‍ത്തി വടക്കേയറ്റംവരെ വ്യാപിപ്പിച്ചു. ഇങ്ങനെ അതിവിശാലമായ നൈട്രേറ്റ് ഖനികളും ബൊളീവിയന്‍ തീരവും പെറുവിന്റെ തെക്കേയറ്റത്തുള്ള പ്രദേശങ്ങളും ചിലിയുടെ സ്വന്തമായിത്തീര്‍ന്നു.

വിദേശരാജ്യങ്ങളുടെ സേനാഭീഷണിയെ ഇപ്രകാരം അതിജീവിച്ച ചിലി താമസിയാതെ ആഭ്യന്തരപ്രശ്നങ്ങളില്‍പ്പെട്ട് ഞെരുങ്ങാന്‍ തുടങ്ങി. 1830 കഴിഞ്ഞതോടെ ഇവിടെ ആഭ്യന്തരകലാപമാരംഭിച്ചു. 1886-ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് മനുവല്‍ ബാല്‍മസീദയില്‍ അമിതമായ ആത്മവിശ്വാസമുണ്ടായിരുന്ന ചിലിയന്‍ ജനത സാവധാനം ആലസ്യത്തിലേക്കു വഴുതിവീഴുന്നതിന്റെ അപകടം മനസ്സിലാക്കി, പരിഹാരമായി ഒരു കേന്ദ്രീകൃത സാമ്പത്തിക-ആസൂത്രണ പദ്ധതിക്കു രൂപം നല്കി. നൈട്രേറ്റ് കയറ്റുമതിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വരുമാനം പ്രത്യേക ആസൂത്രണ-വികസന പദ്ധതികളിലേക്കു തിരിച്ചുവിടാന്‍ തീരുമാനമായത് ഇതിന്റെ ഫലമായിട്ടായിരുന്നു. എന്നാല്‍ നൈട്രേറ്റ് ഖനികളില്‍ മുതല്‍ മുടക്കിയിരുന്ന ബ്രിട്ടീഷുകാരും അവരുടെ കെണിയില്‍ വീണു പോയ ഏതാനും നാവികോദ്യോഗസ്ഥരും ചേര്‍ന്നു തുടക്കമിട്ട ഒരു ആഭ്യന്തരകാലപത്തിന്റെ ഫലമായി 1891-ല്‍ ബാല്‍മസീദ അധികാരത്തില്‍നിന്നും നിഷ്കാസിതനായി.

1892 മുതല്‍ 1920 വരെയുള്ള കാലഘട്ടത്തില്‍ ചിലിയില്‍ പാര്‍ലമെന്ററി ഗവണ്‍മെന്റ് ആണ് നിലനിന്നത്. ഇക്കാലത്ത് രാജ്യത്തിന് ധാരാളം സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു. തൊഴിലാളിപ്രശ്നങ്ങള്‍ അധികരിച്ചതിന്റെ ഫലമായുണ്ടായ പല തൊഴില്‍ സമരങ്ങളും അക്രമാസക്തമായതിനെത്തുടര്‍ന്ന് അവയെ ബലമായി അടിച്ചമര്‍ത്തേണ്ടിവന്നത് ഒരു പതിവായി മാറി. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുണ്ടായ ജനങ്ങളുടെ പ്രവാസവും തത്ഫലമായി നഗരത്തിലുണ്ടായ തൊഴിലാളി ചൂഷണവുമെല്ലാം ഇതിന്റെ വിവിധമുഖങ്ങളായിരുന്നു.

1920-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 'ലിബറല്‍-റാഡിക്കല്‍ മുന്നണി' സ്ഥാനാര്‍ഥിയായിരുന്ന ആര്‍റ്റൂറോ ആലസാന്ദ്രി പാല്‍മനേരിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ അംഗീകാരം നേടുന്നതില്‍ ഇദ്ദേഹം പരാജിതനായി. തുടര്‍ന്നുണ്ടായ സേനാ ഇടപെടലില്‍ രാജ്യഭ്രഷ്ടനാക്കപ്പെട്ട ഇദ്ദേഹത്തെ 1925-ല്‍ തിരിച്ചുവിളിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി. പുതിയ ഒരു ഭരണഘടന അനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ഭരണം.

1927-ല്‍ പ്രസിഡന്റ് പദവി തട്ടിയെടുത്ത കേണല്‍ കാര്‍ലോസ് ഈവാനിയെത് ചെറിയ തോതിലുള്ള ഒരു സ്വേച്ഛാധിപത്യഭരണം നടപ്പിലാക്കി. 1929-ല്‍ ലോകമെമ്പാടുമുണ്ടായ വ്യാപാരമാന്ദ്യം ചിലിയെയും ബാധിച്ചു. ഇതിന്റെ ഫലമായി ലോകകമ്പോളത്തിലും വിദേശനിക്ഷേപങ്ങളിലും മൂലധനത്തിലുമുള്ള ചിലിയുടെ ആധിപത്യം നഷ്ടമായി. തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഈവാനിയെത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി (1931). ഇത് ചെറിയ ഒരു കാലയളവിലേക്കായിരുന്നെങ്കിലും ചിലിയില്‍ രാഷ്ട്രീയ അസ്ഥിരതയ്ക്കു കാരണമായി.

1932-ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആലസാന്ദ്രി ചിലിയെ ക്രമമായ ഒരു ഭരണസംവിധാനത്തിലേക്കു കൊണ്ടുവന്നു. സാമ്പത്തിക സ്ഥിരത വീണ്ടെടുക്കുന്നതിന് മറ്റെന്തിനെക്കാളും വില കല്പിച്ച ഇദ്ദേഹത്തിന് പുതുതായി രൂപം കൊണ്ട ലിബറല്‍-കണ്‍സര്‍വേറ്റീവ് സഖ്യം നിര്‍ലോഭമായ സഹായം നല്കി. ഇതിനിടയില്‍ ഫാസിസ്റ്റുകള്‍ കമ്യൂണിസ്റ്റുകള്‍, മാര്‍ക്സിയന്‍ സോഷ്യലിസ്റ്റുകള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വെല്ലുവിളികള്‍ നേരിടേണ്ടിവന്നെങ്കിലും ആലസാന്ദ്രി ക്രമസമാധാന പരിപാലനത്തില്‍ വിജയം നേടുക തന്നെ ചെയ്തു.

1938-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റാഡിക്കല്‍-സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് ഒരു ജനകീയ മുന്നണിക്കു രൂപം നല്കി. ഈ മുന്നണിയെ പ്രതിനിധീകരിച്ച പീദ്രോ അശൂര്‍ സേര്‍ദ നേരിയ ഭൂരിപക്ഷത്തോടെ വിജയിയായെങ്കിലും 1941-ല്‍ ഇദ്ദേഹം അന്തരിച്ചു. ഇവാനിയെത്തിന്റെ ഭരണത്തിനുശേഷം ചിലി കണ്ട ഏറ്റവും നല്ല ഭരണമായിരുന്നു മുന്നണി കാഴ്ചവച്ച ഈ മൂന്നു വര്‍ഷത്തേത്. വിപുലമായ തോതിലുള്ള ഭവനനിര്‍മാണ-വിദ്യാഭ്യാസപരിപാടികള്‍, വ്യാവസായിക വികസനം, തൊഴിലാളികളുടെ പുതുക്കിയ വേതനനിരക്കുകള്‍ എന്നിവയെല്ലാം ഈ ഭരണകാലത്തെ നേട്ടങ്ങളാണ്.

1942 മുതല്‍ 52 വരെയുള്ള ചരിത്രത്തില്‍ ചിലി ഭരിച്ച രണ്ടു പ്രസിഡന്റുമാരും റാഡിക്കല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായിരുന്നു. വളരെക്കാലം നീണ്ടുനിന്ന മുഖ്യസാമ്പത്തിക പ്രശ്നമായ 'പണപ്പെരുപ്പം' ചിലിയില്‍ ഉടലെടുത്തത് ഈ കാലഘട്ടത്തിലാണ്. ഭാരിച്ച ജീവിതച്ചെലവുകള്‍, ഉദ്യോഗസ്ഥമേധാവിത്തത്തിന്റെ അതിപ്രസരം എന്നിവയും ഇക്കാലത്തെ മുഖ്യപ്രശ്നങ്ങളായിരുന്നു. ഈ സാഹചര്യങ്ങളില്‍ ഹതാശരും അസംതൃപ്തരുമായ ചിലിയന്‍ ജനത 1952-ലെ തിരഞ്ഞെടുപ്പില്‍ ഈവാനിയെത് വാഗ്ദാനം ചെയ്ത നവീകരണപദ്ധതികളെ സ്വാഗതം ചെയ്യുകയും തങ്ങളുടെ പഴയ സ്വേച്ഛാധിപതിയെ ചിലിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തു.

ഭരണത്തലവന്‍ എന്ന നിലയില്‍ പ്രസിഡന്റ് ഈവാനിയെത് മുമ്പ് പ്രകടമാക്കിയിരുന്നതിന്റെ നൂറിലൊരംശം ചൊടിയും ഉത്സാഹവും പോലും പ്രകടിപ്പിച്ചില്ല. രാഷ്ട്രീയ കൗശലങ്ങളും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന കാബിനറ്റ് പ്രശ്നങ്ങളും നേരിടാനുള്ള സമയം മാത്രമേ ഇദ്ദേഹത്തിന് ഈ ഭരണകാലത്തുണ്ടായിരുന്നുള്ളൂ. 1958-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റായിരുന്ന ആര്‍റ്റൂറോ ആലസാന്ദ്രിയുടെ പുത്രനും, ലിബറല്‍-കണ്‍സര്‍വേറ്റിവ് മുന്നണിസ്ഥാനാര്‍ഥിയുമായിരുന്ന ജോര്‍ജ് ആലസാന്ദ്രി റോഡ്രിഗസ് ആണ് വിജയിയായത്.

നല്ലൊരു ഭരണകര്‍ത്താവും നിശ്ചയദാര്‍ഢ്യമുള്ളവനുമായിരുന്നെങ്കിലും ആലസാന്ദ്രി സ്വന്തമായ വ്യക്തിപ്രഭാവമുള്ള ഒരാളായിരുന്നില്ല. ശരാശരിയിലും താഴെയായിരുന്നു ഇദ്ദേഹത്തിന്റെ നവീകരണ പരിപാടികള്‍. പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന സുപ്രധാന ദൗത്യത്തില്‍പ്പോലും ഇദ്ദേഹം പരാജയപ്പെട്ടു. 1964-ലെ തിരഞ്ഞെടുപ്പില്‍ ലിബറലുകളും കണ്‍സര്‍വേറ്റിവ്-റാഡിക്കല്‍ വിഭാഗത്തില്‍പ്പെട്ട ചിലരും കരിസ്മാറ്റിക് ക്രിസ്ത്യന്‍ ഡെമക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന എഡ്വാര്‍തോ ഫ്രേയെ പിന്താങ്ങുകയും തത്ഫലമായി എഫ്ആര്‍എപിയുടെ (Popular Action Front) സ്ഥാനാര്‍ഥിയായ അല്ലന്‍ഡേ (സാല്‍വദോര്‍ ആയെന്‍ദെ ഗോസെന്‍സ്) പരാജയപ്പെടുകയും ചെയ്തു. 1957-നുശേഷം ക്രിസ്ത്യന്‍ ഡെമക്രാറ്റിക് ചിലിയില്‍ അടിസ്ഥാന സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ വരുത്തി. ഭൂനികുതിയും പരിഷ്കരിച്ചു. ഇത് ഗോത്രവര്‍ഗാധിഷ്ഠിതമായ ഒരു കമ്യൂണിറ്റേറിയന്‍ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സഹായകമായി. ക്രമേണ ഒരു പ്രധാന ഭരണലക്ഷ്യമായി മാറിയ ഈ പദ്ധതിക്ക് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. 1966-ലെ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസിന്റെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷം നേടാന്‍ ഈ പാര്‍ട്ടിക്ക് കഴിഞ്ഞെങ്കിലും പാര്‍ട്ടി താമസിയാതെ 'പ്രോ ഫ്രേ', 'ആന്റി ഫ്രേ' എന്നിങ്ങനെ രണ്ടു ശാഖകളായി പിരിഞ്ഞു.

ചിലിയിലെ ചെമ്പുവ്യവസായം ദേശസാത്കരിക്കുവാനുള്ള പദ്ധതികളാവിഷ്കരിക്കുവാനും വിദേശവ്യവസായശാലകളുടെ നികുതി വ്യവസ്ഥകള്‍ ക്രമീകരിക്കുവാനും ഈ സ്വതന്ത്ര സര്‍ക്കാരിനു കഴിഞ്ഞു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിപുലീകരിച്ചതും ഈ ഗവണ്‍മെന്റിന്റെ ഒരു സുപ്രധാന നേട്ടം തന്നെ (1967). എന്നാല്‍ മറ്റൊരു മുഖ്യപ്രശ്നമായ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

1970-ലെ പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ അല്ലന്‍ഡേയുടെ എതിരാളികള്‍ക്കോ എഫ്ആര്‍എപിക്കോ ഒരു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുവാനായില്ല. ഭരണഘടനാപരമായ കാരണങ്ങളാല്‍ എഡ്വാര്‍തോ ഫ്രേയെ സ്ഥാനാര്‍ഥിയാക്കുവാന്‍ കഴിയാതെ പോയതിനാല്‍ ക്രിസ്ത്യന്‍ ഡെമക്രാറ്റുകള്‍ അത്ര ജനസമ്മതനല്ലാത്ത റാഡമീര്‍ റ്റോമിക്കിനെ തങ്ങളുടെ സ്ഥാനാര്‍ഥിയാക്കി. നാഷണല്‍ പാര്‍ട്ടി (ലിബറല്‍-കണ്‍സര്‍വേറ്റിവ് സഖ്യം) സ്ഥാനാര്‍ഥിയായ 71-കാരന്‍ ആലസാന്ദ്രിയായിരുന്നു ഇവിടെ ഒരു മുഖ്യ എതിരാളി. മാര്‍ക്സിസ്റ്റ്-സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്ന അല്ലന്‍ഡേക്ക് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് 37 ശ.മാ. മാത്രമായിരുന്നെങ്കിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാതെ വന്ന സാഹചര്യത്തില്‍ അല്ലന്‍ഡേയുടെ അഭ്യര്‍ഥനപ്രകാരം ഇദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചു (1970). ലാറ്റിനമേരിക്കന്‍ ചരിത്രത്തില്‍ത്തന്നെ ആദ്യത്തെ ജനസമ്മതനായ ഭരണത്തലവനായിരുന്നു ഇദ്ദേഹം.

ഒരു വര്‍ഷത്തിനുള്ളില്‍ ചെമ്പുനിക്ഷേപങ്ങളുടെയും മറ്റു ഖനികളുടെയും, വിദേശ വ്യാവസായിക സംരംഭങ്ങളുടെയും, സ്വകാര്യ ബാങ്കുകളുടെയും അധികാരം സര്‍ക്കാരിന്റെ കൈകളിലായി. ഭൂപരിഷ്കരണ നിയമങ്ങള്‍ പുനഃക്രമീകരിച്ചതും ഇക്കാലത്തുതന്നെ.

1972 അവസാനത്തോടെ ചിലിയിലുണ്ടായ രൂക്ഷമായ നാണയപ്പെരുപ്പം സാമ്പത്തിക പ്രതിസന്ധിക്കു കാരണമായി. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നടന്ന പണിമുടക്കുകള്‍ പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചു. ചിലിയുടെ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കാനും അങ്ങനെ ചിലിയില്‍ സോഷ്യലിസത്തിന്റെ സംസ്ഥാപനം തടയാനും യു.എസ്. ഈ അവസരത്തില്‍ ശ്രമിച്ചു. ചിലിക്കു നല്കിക്കൊണ്ടിരുന്ന വായ്പകള്‍ കുറയ്ക്കാന്‍ ഇന്റര്‍ അമേരിക്കന്‍ ഡെവലപ്മെന്റ് ബാങ്കിനെയും യു.എസ്. സ്വാധീനിച്ചു. 1973 ആയതോടെ ചിലിയുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ വഷളായി. പണിമുടക്കുകളും സമരങ്ങളുംമൂലം ചിലിയില്‍ ആഭ്യന്തരവിപ്ലവം ഉണ്ടാകുമെന്ന നിലവന്നു. ജൂണില്‍ നടന്ന ഒരു സൈനിക വിപ്ളവം പരാജയപ്പെട്ടുവെങ്കിലും സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുണ്ടായില്ല. ആഭ്യന്തരസമാധാനം സൃഷ്ടിക്കാന്‍ അല്ലന്‍ഡേ നടത്തിയ രാഷ്ട്രീയ ശ്രമങ്ങളും ഫലവത്തായില്ല. മിക്ക രാഷ്ട്രീയ കക്ഷികളും അല്ലന്‍ഡേക്കുനേരെ തിരിഞ്ഞു. ഈ സാഹചര്യം മുതലെടുത്തു കൊണ്ട് മൂന്നു സേനാവിഭാഗങ്ങളും അര്‍ധസൈനിക പൊലീസും ചേര്‍ന്ന് 1973 സെപ്. 11-നു നടത്തിയ സൈനിക വിപ്ലവത്തില്‍ അല്ലന്‍ഡേയുടെ മാര്‍ക്സിസ്റ്റ് സഖ്യ ഗവണ്‍മെന്റു പുറത്താക്കപ്പെട്ടു. വിപ്ലവം നടന്ന ദിവസം തന്നെ അല്ലന്‍ഡേ വധിക്കപ്പെട്ടു. അട്ടിമറി നടത്തിയ സൈന്യം പിന്നീട് ഒരു സൈനിക ഗവണ്‍മെന്റിന് രൂപംകൊടുത്തു. നാല് സേനാ മേധാവികള്‍ അടങ്ങിയ ഒരു സമിതിയാണ് സൈനിക ഗവണ്‍മെന്റ് ഉണ്ടാക്കിയത്. കരസേനാ മേധാവി ജനറല്‍ ഔഗുസ്തോ പിനോചെറ്റ് ഊഗാര്‍തെ 1974 ഡി. 17-ന് പ്രസിഡന്റായി സ്ഥാനമേറ്റു. എന്നാല്‍ 1988-ല്‍ നടന്ന ജനഹിത പരിശോധന ഊഗാര്‍തെയ്ക്കെതിരായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ഭരണമാറ്റം ആവശ്യപ്പെട്ടു തുടങ്ങിയെങ്കിലും 1990 വരെ ഭരണത്തില്‍ തുടരാനാണ് ഇദ്ദേഹം തീരുമാനിച്ചത്.

1993 ഡി. 12-ന് ചിലിയില്‍ പൊതു തിരഞ്ഞെടുപ്പു നടന്നതിന്റെ ഫലമായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എഡ്വാര്‍തോ ഫ്രേ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1994 മാ. 11-നായിരുന്നു പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

1994-ല്‍ 'നാഫ്ത'യില്‍ (North American Free Trade Agreement) ചേരുന്നതിന് ക്ഷണിക്കപ്പെട്ട ചിലി ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ തെക്കേ അമേരിക്കന്‍ രാജ്യമായിത്തീര്‍ന്നു. നോ: അല്ലന്‍ഡേ സാല്‍വഡോര്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍