This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലപ്പതികാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിലപ്പതികാരം

തമിഴ് കാവ്യം. കേരളീയനായ ഇളങ്കോവടികളാണ് കര്‍ത്താവ്. ദ്രാവിഡസംസ്കാരത്തില്‍ നിന്നു പിറവിയെടുത്ത ആദ്യത്തെ സ്വതന്ത്ര ഇതിഹാസകാവ്യവും ഇതാണ്.

നീതിപഥത്തില്‍നിന്നും വ്യതിചലിക്കുന്ന രാജാവിനെ നീതിതന്നെ നശിപ്പിക്കും, പാതിവ്രത്യം എക്കാലവും പ്രകീര്‍ത്തിക്കപ്പെടും, കര്‍മഫലം അനുഭവിച്ചേ തീരൂ എന്നീ തത്ത്വങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഇതിന്റെ രചനയെന്ന് ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കിയിട്ടുണ്ട്. കോവലന്‍, കണ്ണകി എന്നീ വണിക ദമ്പതികളുടെയും അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന മാധവി എന്ന ഗണികയുടെയും കഥയാണ് ചിലപ്പതികാരം (നോ. കണ്ണകി, കോവലന്‍). ഈ ഇതിവൃത്തം തിരഞ്ഞെടുത്തതിലൂടെ ചിലപ്പതികാരം രണ്ടു സവിശേഷസ്ഥാനങ്ങളിലേക്ക് ഉയരുന്നുണ്ട്. ഇതര ഭാരതീയ ഭാഷകളില്‍ നിന്നു വ്യത്യസ്തമായി, സംസ്കൃതത്തില്‍ നിന്നും കടംകൊള്ളാതെ, ഒരു പ്രാദേശിക വിഷയം അവലംബമാക്കി എന്നതാണ് ആദ്യത്തെ സവിശേഷത. തമിഴിലെ അക്കാലത്തെ കാവ്യങ്ങളില്‍നിന്നു വ്യത്യസ്തമായി രാജപ്രശംസാപരമായൊരു വിഷയം സ്വീകരിക്കാതിരുന്നു എന്നതാണ് രണ്ടാമത്തേത്. തമിഴകത്ത് ദീര്‍ഘങ്ങളായ ആഖ്യാനകവിതകള്‍ക്ക് നാന്ദികുറിച്ച കാവ്യം എന്ന ബഹുമതിയും ചിലപ്പതികാരത്തിനുണ്ട്.

തമിഴകത്തിന്റെ തലസ്ഥാന നഗരങ്ങളായിരുന്ന പുകാര്‍, വഞ്ചി, മധുര എന്നിവിടങ്ങളിലായാണ് ഇതിലെ കഥ നടക്കുന്നത്. സംഭവബഹുലവും സങ്കീര്‍ണവുമായ ഈ കഥയിലെ പ്രധാന വഴിത്തിരിവുകളിലെല്ലാം കണ്ണകിയുടെ ചിലമ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിവൃത്തശകലങ്ങളെ കൂട്ടിയിണക്കി പിരിമുറുക്കവും ആര്‍ജവവുമുള്ള കഥാഘടന ഉണ്ടാക്കിയെടുക്കുന്നതില്‍ ആ ചിലമ്പിന് വളരെയധികം പങ്കുണ്ട്. അങ്ങനെ ചിലമ്പിനെ അധികരിച്ചുനില്ക്കുന്ന ഇതിവൃത്തം എന്ന അര്‍ഥത്തിലാണ് ചിലപ്പതികാരം എന്ന ഗ്രന്ഥനാമം പ്രസക്തമാകുന്നത്.

ഗ്രന്ഥാരംഭത്തിലെ പതിക(ആമുഖ)ത്തില്‍ കര്‍ത്താവിനെപ്പറ്റി ഇങ്ങനെയൊരു പരാമര്‍ശമുണ്ട്:

'കുന്നവായിര്‍ കോട്ടത്തരച്ചു തുറന്തിരുന്ത

കുടക്കോച്ചേരലിളങ്കോവടി'

ഇളങ്കോവടികള്‍ ഒന്നാംചേരസാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭരായ ചെങ്കുട്ടുവപ്പെരുമാളിന്റെ ഇളയ സഹോദരന്‍ ആണെന്നും പഞ്ചിപട്ടണ(ഇന്നത്തെ കൊടുങ്ങല്ലൂര്‍)ത്തില്‍ വച്ചാണ് ഇതിന്റെ രചന നടത്തിയതെന്നും കരുതപ്പെടുന്നു. നോ. ഇളങ്കോവടികള്‍

വഞ്ചിക്കാണ്ഡം എന്ന അധ്യായത്തിലുള്ള ചില പരാമര്‍ശങ്ങളെ അവലംബിച്ചാണ് ഇതിന്റെ കാലഗണന നടത്തിയിട്ടുള്ളത്. രണ്ടാം ശതകത്തിലാണ് ഇതു രചിക്കപ്പെട്ടതെന്ന് പൊതുവേ കരുതപ്പെടുന്നു. എന്നാല്‍ വയ്യാപുരിപിള്ള ഇത് എട്ടാം ശതകത്തിലാണെന്നും പ്രൊഫ. നീലകണ്ഠശാസ്ത്രി ആറാം ശതകത്തിലാണെന്നും സെല്‍വനായകം നാലാം ശതകത്തിലാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കാവ്യത്തെ പുകാര്‍കാണ്ഡം, മതുരൈക്കാണ്ഡം, വഞ്ചിക്കാണ്ഡം എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. പുകാറില്‍ 'മംഗളവാല്ത്തുപ്പാടല്‍' തുടങ്ങി 10 ഗാഥകളും മതുരൈയില്‍ 'കാടുകാണല്‍ കാതൈ' മുതലായ 13 ഗാഥകളും വഞ്ചിയില്‍ 'കുന്റക്കുരവൈ' തുടങ്ങിയ 7 ഗാഥകളുമുണ്ട്. ചോളതലസ്ഥാനത്തു നടക്കുന്ന സംഭവങ്ങള്‍ പുകാറിലും പാണ്ഡ്യതലസ്ഥാനത്തു നടക്കുന്നവ മതുരൈയിലും ചേരരാജ്യത്തോടു ബന്ധപ്പെട്ടവ വഞ്ചിയിലുമാണ് വിവരിച്ചിട്ടുള്ളത്. പുകാറില്‍ ആദര്‍ശപ്രേമത്തിന്റെയും മതുരൈയില്‍ കഠിനവിഷാദത്തിന്റെയും വഞ്ചിയില്‍ ധീരോദാത്തതയുടെയും മുഹൂര്‍ത്തങ്ങള്‍ കാവ്യചാരുതയാര്‍ജിച്ചിരിക്കുന്നു.

സംഘം കവിതകള്‍ സാമാന്യമായി അകവാല്‍വൃത്തത്തില്‍ രചിച്ചവയാണ്. എന്നാല്‍ ചിലപ്പതികാരം അശിരിയം, കലിപ്പാ തുടങ്ങിയ വിരുത്തങ്ങളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. വിഭിന്നവികാരങ്ങള്‍ പ്രകടമാക്കുന്നതിന് അനുയോജ്യമായ പുതിയ വൃത്തങ്ങളും ഇതില്‍ സ്വീകരിച്ചിട്ടുണ്ട്. ഉത്പ്രേക്ഷ, രൂപകം, ഉപമ, അതിശയോക്തി മുതലായ അര്‍ഥാലങ്കാരങ്ങളും നിരവധി ശബ്ദാലങ്കാരങ്ങളുംകൊണ്ട് കമനീയമാണ് ഈ കൃതി. നാടകീയത, കാവ്യാത്മകത, ദ്രാവിഡ സംസ്കാരചൈതന്യം എന്നിവ ഈ കൃതിയെ ദീപ്തമാക്കുന്ന മറ്റു ഘടകങ്ങളാണ്. കാവ്യരൂപത്തിന്റെയും രസാവിഷ്കാരത്തിന്റെയും കാര്യത്തില്‍ ഇത് തനതായ ഒരു ശൈലി സ്വീകരിച്ചിട്ടുണ്ട്. മിക്ക രസങ്ങള്‍ക്കും ഇടമുണ്ടെങ്കിലും കരുണരസം മുറ്റിനില്ക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഇതിലേറെയും.

പ്രാചീന തമിഴകത്തിന്റെ വിശദമായ ചിത്രം ഈ കൃതി നല്കുന്നു. മൂന്നു നഗരങ്ങളുടെ മാഹാത്മ്യാതിശയങ്ങളും ചേരചോളപാണ്ഡ്യരാജാക്കന്മാരുടെ ഗുണഗണങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്തെ സാമൂഹിക ജീവിതം, ഉത്സവം, കച്ചവടം, കൈത്തൊഴില്‍, കൃഷി, ആചാരം, വിദ്യാകേന്ദ്രങ്ങള്‍, വേഷഭൂഷാദികള്‍, നൃത്തസംഗീതവാദ്യാദികലകള്‍, വാദ്യവിശേഷങ്ങള്‍, പര്‍വതങ്ങള്‍, ഋതുവിശേഷങ്ങള്‍, ഗോത്രജീവിതരീതി എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം കൂടിയാണിത്.

ഇളങ്കോവടികള്‍ക്കു മുമ്പുള്ള കവികളാരും തന്നെ നാടോടിപ്പാട്ടുകള്‍ക്കും നൃത്തവൈവിധ്യങ്ങള്‍ക്കും പരമ്പരാഗത സംഗീതത്തിനും തങ്ങളുടെ രചനകളില്‍ ഇടം നല്കിയിരുന്നില്ല. എന്നാല്‍ ഈ വക കാര്യങ്ങള്‍ അതിന്റെ തനിമയോടെ ആവിഷ്കരിക്കുക വഴി ചിലപ്പതികാരത്തെ വ്യത്യസ്തമായൊരു കാവ്യലോകമാക്കി മാറ്റാന്‍ ഇളങ്കോവടികള്‍ക്കു കഴിഞ്ഞു. കടല്‍ത്തീരത്തെ ഗാനങ്ങള്‍ (കാനല്‍വരി), വേട്ടുവരുടെ ഗാനങ്ങളും നൃത്തങ്ങളും (വേട്ടുവവരി), ഇടയരുടെ നൃത്തഗാനങ്ങള്‍ (ആച്ചിയര്‍ കുരവൈ), മലവര്‍ഗക്കാരുടെ ഗാനങ്ങള്‍ നൃത്തങ്ങള്‍ (കുന്റക്കുരവൈ), സ്തുതിഗാനങ്ങള്‍ (വാഴ്ത്തുക്കതൈ), ഊഞ്ഞാല്‍പ്പാട്ട് (ഊശല്‍), പന്തുപാട്ട് (കന്ദുകവരി) തുടങ്ങിയ നാടോടിഗാനപാരമ്പര്യത്തിന്റെയെല്ലാം യഥോചിതവും തനിമയാര്‍ന്നതുമായ സന്നിവേശം ഇതില്‍ കാണാം. അക്കാലത്തെ പ്രധാനപ്പെട്ട സംഗീതോപകരണങ്ങളെക്കുറിച്ചും അവ പ്രയോഗിക്കുന്ന വിധത്തെക്കുറിച്ചുമുള്ള ആധികാരിക പരാമര്‍ശങ്ങളും ഇതിലുണ്ട്.

കാവ്യാത്മകമായ തത്ത്വവിചാരത്തിന്റെ ഉത്തമനിദര്‍ശനം കൂടിയാണ് ചിലപ്പതികാരം. ജൈനമതത്തിന്റെ ആദര്‍ശസാരം ഇതിലുടനീളം പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ സങ്കുചിതമായ രീതിയില്‍ മതപ്രചാരണം നടത്തുവാന്‍ ശ്രമിക്കുന്നില്ല എന്നതാണ് പ്രത്യേകത. എല്ലാ മതങ്ങളോടും സനാതനമൂല്യങ്ങളോടും കവിക്കുള്ള ബഹുമാനം ഇതു തെളിയിക്കുന്നു.

തമിഴകത്തിന്റെ ചരിത്രത്തിലാദ്യമായി സ്ത്രീക്ക് മഹനീയമായ പദവി നല്കിയ ബൃഹത്കാവ്യം ചിലപ്പതികാരമാണ്. കണ്ണകിയെ ഉന്നതമായ സ്ഥാനത്ത് അവരോധിക്കുകയും രാജാക്കന്മാരാലും ജനങ്ങളാലും ആരാധിക്കപ്പെടുന്നതായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. പാതിവ്രത്യത്തിലധിഷ്ഠിതമായ സ്ത്രൈണശക്തിയുടെ ഉദാത്തവത്കരണമായ ഇതിലെ നായിക-കണ്ണകി-ഇന്നും സ്ത്രീയുടെ കരുത്തിന്റെ പ്രതീകമായി നിലനില്ക്കുന്നു. മാധവി എന്ന ഗണികയെ നിന്ദിക്കപ്പെടേണ്ട ഒരു വ്യക്തിത്വമായല്ല, ആദരണീയമായ പ്രണയത്തിന്റെ ഉടമയായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രതിനായകനില്ലാത്ത കാവ്യം എന്ന സവിശേഷതയും ഇതിനുണ്ട്. പില്ക്കാലകവികളും വ്യാഖ്യാതാക്കളും പാണ്ഡ്യരാജാവിനെയും തട്ടാനെയും പ്രതിനായകനായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്. സ്വന്തം കഷ്ടതകള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയരുതെന്നും സ്വന്തം കര്‍മഫലങ്ങളില്‍ത്തന്നെ അവയ്ക്കുള്ള കാരണം കണ്ടെത്തുകയാണു വേണ്ടതെന്നുമുള്ള നിലപാടായിരിക്കണം ഈ പ്രതിനായകനിരാസത്തിനുകാരണം.

മുത്തമിഴിന്റെ ലക്ഷണങ്ങളായ ഇയല്‍ (കാവ്യം), ഇശൈ (ഗീതം), നാടക് എന്നീ മൂന്നു ഗുണങ്ങളും അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനെ മുത്തമിഴ്ക്കാവ്യ(മുത്തമിഴ്ക്കാപ്പിയം/ത്രിമാന തമിഴ് ഇതിഹാസം)മെന്നു വിശേഷിപ്പിക്കുന്നു. ഇതിന് നാടകീയ ഇതിഹാസം എന്നര്‍ഥമുള്ള 'നടക്കാപ്പിയം' എന്ന പേരുമുണ്ട്. സംഘം കവിതയുടെ വികാസത്തെ പ്രതിനിധീകരിക്കുന്ന രചനയാണ് ചിലപ്പതികാരമെന്നു പറയാം. സംഘം കവിതകള്‍ പൊതുവേ ആത്മഭാഷണങ്ങളുടെ രൂപത്തിലുള്ളവയായിരുന്നു. ചിലപ്പതികാരത്തില്‍ ആഖ്യാനരീതിക്കാണ് പ്രാധാന്യം കല്പിച്ചിട്ടുള്ളത്.

ചിലപ്പതികാരം തമിഴകത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കൃതി കൂടിയാണ്. അക്കാലത്ത് തമിഴ് സംസാരിച്ചിരുന്ന സ്ഥലം ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു. സംഘകാലകവിതകളധികവും ഇതിലേതെങ്കിലും ഒരു ശക്തിയെ വാഴ്ത്തുന്ന തരത്തിലുള്ളതാണ്. തൊല്‍ക്കാപ്പിയം മാത്രം ഇതിന് നേരിയ അപവാദമാകുന്നു. ചിലപ്പതികാരമാകട്ടെ ഈ മൂന്നു രാഷ്ട്രശക്തികളെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഇതിവൃത്തം സ്വീകരിക്കുക വഴി തമിഴകത്തിന്റെ ഐക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണു ചെയ്തത്. രാഷ്ട്രീയൈക്യത്തിലുപരിയായി സാംസ്കാരികൈക്യത്തെ പ്രതിഷ്ഠിക്കുന്ന പുരോഗമനപരവും സ്വാഗതാര്‍ഹവുമായ കീഴ്വഴക്കത്തിന് അത് മാതൃകയായിട്ടുണ്ട്.

ചിലപ്പതികാരത്തോടൊപ്പം പരാമര്‍ശിക്കാറുള്ള മറ്റൊരു ഇതിഹാസകാവ്യമാണ് മണിമേഖല. ഇവയെ യുഗ്മകാവ്യങ്ങള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. മണിമേഖലയിലെ കേന്ദ്രകഥാപാത്രം കോവലന്റെയും മാധവിയുടെയും മകളായതിനാല്‍ ഇതിന്റെ തുടര്‍ച്ചയായി അത് വിവക്ഷിക്കപ്പെടുന്നു. നോ. മണിമേഖല

ചിലപ്പതികാരത്തിലൂടെ വിഖ്യാതയായ കണ്ണകി തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായി ആരാധിക്കപ്പെടുന്നുണ്ട്. കൊടുങ്ങല്ലൂരമ്മ കണ്ണകിയാണെന്നാണ് സങ്കല്പം. കേരളത്തിലെ തോറ്റംപാട്ടിലും കളമെഴുത്തുപാട്ടിലും മുടിയേറ്റിലുമെല്ലാം ഈ കഥയുണ്ട്.

ഈ കൃതിക്കുണ്ടായിട്ടുള്ള രണ്ടു പ്രാചീനവ്യാഖ്യാനങ്ങളാണ് അരുമ്പതവുരൈയാവിരിയരും അടിയാര്‍ക്കുനല്ലാരും എഴുതിയവ. മലയാളത്തില്‍ ഈ കൃതിക്കുണ്ടായിട്ടുള്ള വിസ്തൃതവ്യാഖ്യാനം നെന്മാറ പി. വിശ്വനാഥന്‍നായരുടേതാണ്. നെന്മാറ പി. നാരായണന്‍ നായര്‍ (1931), ആര്‍. നാരായണപ്പണിക്കര്‍ (1957) എന്നിവര്‍ ഇതിന്റെ ഗദ്യവിവര്‍ത്തനം നടത്തിയിട്ടുണ്ട്. എസ്. രമേശന്‍നായരും (1978), കിളിമാനൂര്‍ വിശ്വംഭരനും ഇതിന് പദ്യരൂപത്തില്‍ത്തന്നെയുള്ള പരിഭാഷ രചിച്ചവരാണ്. പുകാര്‍കാണ്ഡം സി. നീലകണ്ഠപ്പണിക്കരും 'വഞ്ചി' എസ്.വി. സുബ്രഹ്മണ്യവുമാണ് മറ്റ് രണ്ട് വിവര്‍ത്തകര്‍. ഇതര സാഹിത്യരൂപങ്ങളായും ചിലപ്പതികാരം അവതരിപ്പിച്ചിട്ടുണ്ട്. കെ.പി. ഉദയഭാനുപിള്ള ഇതിന്റെ സംഗീത നാടകരൂപം തയ്യാറാക്കി. ഭാഷാനാടകമായി യഥാക്രമം പി.കെ. വേലുപ്പിള്ളയും കെ.ആര്‍. നീലകണ്ഠപ്പിള്ളയും 1921-ലും 1924-ലും ചിലപ്പതികാരം ഇറക്കിയിട്ടുണ്ട്.

തമിഴ് സാഹിത്യത്തിനു കേരളം നല്കിയ ഏറ്റവും മികച്ച സംഭാവനയാണ് ചിലപ്പതികാരം. ഈ കൃതിയെ 'നെഞ്ചൈ അള്ളും ചിലപ്പതികാരം' എന്നാണ് സുബ്രഹ്മണ്യഭാരതി വിശേഷിപ്പിച്ചിട്ടുള്ളത്. നോ. ഇളങ്കോവടികള്‍; കണ്ണകി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍