This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലന്തിച്ചെടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിലന്തിച്ചെടി

ഓക്നേസി (Ochnaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുമരം. ശാസ്ത്രനാമം: ഓക്ന സ്ക്വാരോസ (Ochna squarrosa). �മ്യാന്മര്‍, ശ്രീലങ്ക, ഭാരതത്തിലെ അസം, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ വളരുന്നു. അലങ്കാരച്ചെടിയായി പൂന്തോട്ടങ്ങളില്‍ വളര്‍ത്താറുണ്ട്.'

ചിലന്തിച്ചെടി

5-12 സെ.മീറ്ററോളം നീളമുള്ള ഇലകള്‍ ഏകാന്തരാന്യാസത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഇലകള്‍ തിളക്കമുള്ളതും ദന്തുരവും ആണ്. 4-6 മി.മീ. നീളമുള്ള രണ്ട് അനുപര്‍ണങ്ങളുണ്ടായിരിക്കും. കാണ്ഡത്തിലെ ഇലകൊഴിഞ്ഞുപോയ വടുക്കളുടെ തൊട്ടുമുകളില്‍നിന്നു പാനിക്കിളുകളായി കടുംമഞ്ഞനിറവും സുഗന്ധവും ഉള്ള പുഷ്പങ്ങള്‍ ഉണ്ടാകുന്നു. 1.5-2 സെ.മീറ്ററോളം നീളമുള്ള കൊഴിഞ്ഞുപോകാത്ത അഞ്ചു ബാഹ്യദളങ്ങളുണ്ട്. പുഷ്പങ്ങളില്‍ പച്ചനിറത്തില്‍ കാണപ്പെടുന്ന ബാഹ്യദളങ്ങള്‍ ഫലങ്ങള്‍ പാകമാകുമ്പോഴേക്കും കടുംചുവപ്പുനിറത്തിലായിത്തീരും. ബാഹ്യദളങ്ങളെക്കാള്‍ അല്പം നീളം കൂടിയ 5-12 ദളങ്ങളുണ്ടാവും. അനേകം കേസരങ്ങളുണ്ടെങ്കിലും അവ വേഗം കൊഴിഞ്ഞുപോകുന്നു. കേസരതന്തുക്കള്‍ വളരെചെറുതും പരാഗപുടങ്ങള്‍ നീളം കൂടിയതുമാണ്. വര്‍ത്തികകള്‍ സംയുക്തമായി ചേര്‍ന്നു കേസരങ്ങളെക്കാള്‍ നീളത്തില്‍ കാണപ്പെടുന്നു. 3-6 ആമ്രകം ഒന്നിച്ചു ചേര്‍ന്നതാണു ഫലം. ഞെടുപ്പുകളില്ലാത്ത ഫലത്തിനു കറുപ്പുനിറമായിരിക്കും. ഫലങ്ങള്‍ക്കുചുറ്റും കടുംചുവപ്പുനിറത്തിലുള്ള ബാഹ്യദളങ്ങള്‍ കാണപ്പെടുന്നു.

മരത്തൊലി ദഹനക്കുറവിന് ഔഷധമായുപയോഗിക്കുന്നു. ഇലകളിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു കഴുകുന്നതു ത്വക്കിനെ മൃദുലമാക്കുന്നതിനു സഹായിക്കുന്നു. വേര് പാമ്പുവിഷത്തിനും ആസ്ത്മയ്ക്കും ഔഷധമായുപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍