This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറ്റാംവുഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറ്റാംവുഡ്

അനാകാര്‍ഡിയേസി (Anacardiaceae) സസ്യകുടുംബത്തില്‍പ്പെട്ട ഇലകൊഴിയും വൃക്ഷം. 'അമേരിക്കന്‍ സ്മോക് ട്രീ' (American smoke tree) എന്നു പരക്കെ അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം റസ് വാള്ളിച്ചി (Rhus wallichii) എന്നാണ്. കോട്ടിനസ് കോജീറിയ (Cotinus coggyria) എന്നറിയപ്പെടുന്ന ഒരു യുറേഷ്യന്‍ ജീനസും ഉണ്ട്. അമേരിക്കന്‍ ജീനസ്സിനും യുറേഷ്യന്‍ ജീനസിനും തമ്മില്‍ ഇലകളുടെ ആകൃതിയിലുള്ള വ്യത്യാസമേയുള്ളൂ. യുറേഷ്യന്‍ ജീനസ്സിന്റെ ഇലകള്‍ സരളമാണ്. എന്നാല്‍ അമേരിക്കന്‍ ജീനസ്സിന് പിച്ഛകാകാര ഇലകളാണുള്ളത്. ഹിമാലയസാനുവിലും കാശ്മീരിലും നേപ്പാളിലും കാണപ്പെടുന്ന ഈ വൃക്ഷം 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്നു.

ശാഖോപശാഖകളായി പടര്‍ന്നു വളരുന്ന ഈ വൃക്ഷത്തിന് 9 മീറ്ററോളം വണ്ണം വയ്ക്കും. രണ്ടുമീറ്ററോളമേ ഉയരം ഉണ്ടാവാറുള്ളൂ. വൃക്ഷത്തിന്റെ കടുംതവിട്ടുനിറമുള്ള തൊലി ഇടയ്ക്കിടെ വിണ്ടുകീറിയതുപോലെയിരിക്കും. ഇലകള്‍ കൊഴിഞ്ഞുണ്ടാകുന്ന വടുക്കള്‍ കട്ടിയുള്ള ശല്ക്കങ്ങള്‍ പോലെ തൊലിയില്‍ കാണാം. ഇളം മഞ്ഞനിറമുള്ള തടിയില്‍ ഇളം ചുവപ്പോ ഓറഞ്ചോ നിറമുള്ള വരകള്‍ ഉണ്ടാവും. തടിയില്‍നിന്നു ചായമെടുക്കുന്നു. ശാഖകള്‍ ലോലവും നിറയെ ചാരനിറത്തിലുള്ള ലോമങ്ങളുള്ളതുമാണ്. ഇളം തണ്ടുകളില്‍ നിറയെ പട്ടുപോലുള്ള തവിട്ടു ലോമങ്ങളുണ്ട്. പിച്ഛകാകാരത്തിലുള്ള ഇലകള്‍ക്ക് 30-60 സെ.മീ. നീളമുണ്ടായിരിക്കും. ഇലഞെടുപ്പിലും മൃദുവായ തവിട്ടുലോമങ്ങള്‍ കാണപ്പെടുന്നു. ഓരോ ഇലയിലും അഞ്ചുമുതല്‍ ഒമ്പതുവരെ പത്രകങ്ങളുണ്ടായിരിക്കും. അഗ്രത്തിലുള്ള പത്രകത്തിനു മറ്റു പത്രകങ്ങളെക്കാള്‍ വലുപ്പക്കൂടുതലുണ്ട്. കടുംപച്ചനിറമുള്ള ഇലകളുടെ മധ്യസിരയ്ക്ക് ഇളം പച്ചനിറമാണ്. ഇലയുടെ അടിഭാഗത്തു മധ്യസിരയില്‍ ലോമങ്ങളുണ്ട്.

ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് 10-30 സെ.മീ. നീളമുള്ള പാനിക്കിളുകളായി പുഷ്മഞ്ജരിയുണ്ടാകുന്നു. പുഷ്പങ്ങള്‍ 2½  5 മി.മീ. വ്യാസമുള്ളവയാണ്. ഇളം പച്ചകലര്‍ന്ന മഞ്ഞനിറമുള്ള പുഷ്പങ്ങള്‍ക്കു സുഗന്ധമുണ്ട്. പുഷ്പങ്ങളുടെ ഞെടുപ്പ് വളരെ ചെറുതായിരിക്കും. 8-10 മി.മീ. വ്യാസമുള്ള ഉരുണ്ട പച്ച ഡ്രൂപ്പാണ് ഫലം. പാകമായ കായ്കള്‍ അറ്റത്തുനിന്നും ചുവട്ടിലേക്കു പലഭാഗങ്ങളായി പൊട്ടിത്തുറക്കുന്നതിനാല്‍ കായ്കള്‍ക്കു നക്ഷത്രാകൃതിയായിരിക്കും. ഇലയുടെ ചാറ് മനുഷ്യശരീരത്തില്‍ പൊള്ളല്‍ ഏല്പിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍