This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറയ്ക്കല്‍ രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറയ്ക്കല്‍ രാജവംശം

ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു പുരാതന രാജവംശം. പ്രസിദ്ധമായ മൂഷകവംശത്തെയും ഉത്തരകേരളത്തിന്റെ ഭാഗമായ കോലത്തുനാട് ഭരിച്ചിരുന്ന കോലത്തിരി രാജവംശത്തെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയായി ഇതു നിലനില്ക്കുന്നു.

ചിറയ്ക്കല്‍ കൊട്ടാരം

മൂഷകരാജവംശവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ചിറയ്ക്കലിന്റെ ചരിത്രം. യുദ്ധത്തില്‍ മരിച്ച മാഹിഷ്മതി രാജാവിന്റെ പത്നി ഒരു തോണി (കോലം) വഴി ഏഴിമലയില്‍ എത്തിച്ചേര്‍ന്നുവെന്നും അവിടത്തെ വാക (മൂഷികം) മരക്കാട്ടില്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചെന്നും ഈ കുട്ടിയെ പരശുരാമന്‍ രാമഘടമൂഷകന്‍ എന്നു നാമകരണം ചെയ്ത് മൂഷകരാജ്യത്തിന്റെ അധിപനാക്കി എന്നുമാണ് ഐതിഹ്യം. അവസാനത്തെ മൂഷകരാജാവായ ശ്രീകാന്തന്റെ പിന്‍ഗാമികള്‍ കോലത്തിരിരാജാക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടു. മൂഷകവംശം കോലസ്വരൂപമായി മാറിയതിന്റെ ചരിത്രപശ്ചാത്തലം അജ്ഞാതമാണ്.

ഇംഗ്ലീഷുകാര്‍ മലബാറില്‍ ആധിപത്യം സ്ഥാപിച്ചകാലത്ത് കോലത്തുസ്വരൂപത്തിന് ഏഴു വിഭാഗങ്ങളുണ്ടായിരുന്നു: ചിറയ്ക്കല്‍ അഥവാ യഥാര്‍ഥ കോലത്തുനാട്, കോട്ടയം, കടത്തനാട് ജില്ല, കണ്ണൂര്‍, ഇരവിനാട്, കൊരിണ്ടോട്ടി, രണ്ടുതറ.

തെക്ക് കോരപ്പുഴയും വടക്ക് കാസര്‍കോടുമായിരുന്നു കോലത്തുനാടിന്റെ അതിര്‍ത്തികള്‍. ആദ്യകാലത്ത് പള്ളിക്കോവിലകം, ഉദയമംഗലം കോവിലകം എന്നിങ്ങനെ രണ്ട് കോവിലകങ്ങളുണ്ടായിരുന്ന കോലത്തുസ്വരൂപം കാലാന്തരത്തില്‍ പല താവഴികളായി. പള്ളിക്കോവിലകം എട്ടും ഉദയമംഗലം കോവലികം മൂന്നും കൂടുംബങ്ങളായി ഭാഗിക്കപ്പെട്ടു. അവ താഴെപറയുന്ന വിധമാണ്.

1. പള്ളിക്കോവിലകം

2. ചിറയ്ക്കല്‍ കോവിലകം

3. പലവുകാട്ട് കോവിലകം

4. കൗനച്ചേരി കോവിലകം

5. പുതുവാലി കോവിലകം

6. പയവയാലി കോവിലകം

7. ചിങ്ങോട്ടു കോവിലകം

8. തെനാവോട് കോവിലകം

ഉദയമംഗലം

1. ഉദയമംഗലം കോവിലകം

2. മേലാറ്റെ കോവിലകം

3. ജയ കോവിലകം

രണ്ടു കുടുംബങ്ങളിലെയും ഏറ്റവും മുതിര്‍ന്നയാളെ കോലത്തിരി രാജാവായും അടുത്തയാളെ തെക്കെളംകൂറായും മൂന്നാമനെ വടക്കെളംകൂറായും നാലാമനെ നാലാംകൂറായും അഞ്ചാമനെ അഞ്ചാംകൂറായും വാഴിച്ചുപോന്നു. അങ്ങനെ ഇവര്‍ കൂര്‍വാഴ്ച സമ്പ്രദായമാണ് പിന്തുടര്‍ന്നത്.

ചിറയ്ക്കല്‍ രാജാക്കന്മാരെക്കുറിച്ചുള്ള ചരിത്രപരമായ ആദ്യത്തെ പരാമര്‍ശം എന്നു കരുതപ്പെടുന്നത് ആല്‍ബറൂണിയുടെതാണ്. ഹിലി രാജ്യം എന്നാണ് ആല്‍ബറൂണി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 13-ാം ശതകത്തില്‍ 'ഏലി രാജ്യം സ്വതന്ത്രമാണെന്നും കുരുമുളകാല്‍ സമൃദ്ധമാണെന്നും' മാര്‍ക്കോപോളോ രേഖപ്പെടുത്തിയിരിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കോലത്തിരികള്‍ യൂറോപ്യന്‍ ശക്തികളുടെ കിടമത്സരങ്ങളില്‍ സജീവമായി ഇടപെട്ടുതുടങ്ങി. പരമ്പരാഗതമായി സാമൂതിരിമാരോട് ശത്രുതയില്‍ കഴിഞ്ഞിരുന്നവരാണ് കോലത്തിരികള്‍. അതിനാല്‍ സാമൂതിരിയുമായി ഇടഞ്ഞുനിന്ന പോര്‍ച്ചുഗീസുകാരോട് ഇവര്‍ അനുകമ്പാപൂര്‍വമായ സമീപനം പുലര്‍ത്തി. പോര്‍ച്ചുഗീസുകാര്‍ 1505-ല്‍ കോലത്തിരിമാരുടെ അനുവാദത്തോടെ കണ്ണൂരില്‍ സെന്റ് ആഞ്ചലോ കോട്ട പണിതു.

തുടര്‍ന്നുവന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സൗകര്യം പോലെ നാട്ടുരാജ്യങ്ങളുമായി ചേരിചേരുകയും അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഈ സന്ദിഗ്ധാവസ്ഥ മുതലെടുത്തുകൊണ്ട് സാമന്തപദവിയിലിരുന്ന കണ്ണൂരിലെ ആലി രാജവംശം സ്വതന്ത്രമായി. 1663-ല്‍ ഡച്ചുകാര്‍ കണ്ണൂരിലെ പോര്‍ച്ചുഗീസുകാരുടെ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കി. 1728-ല്‍ ചിറയ്ക്കല്‍നാട് ആക്രമിച്ച ബെദനൂരിലെ കന്നഡിഗര്‍ പല പ്രദേശങ്ങള്‍ കീഴടക്കുകയും തുടര്‍ന്ന് ബേക്കല്‍, ഹോസ്ദുര്‍ഗ് മുതലായ കോട്ടകള്‍ സ്ഥാപിക്കുകയും ചെയ്തു. 1738-ല്‍ കോലത്തിരി ഒരു കുടുംബക്കരാര്‍ പ്രകാരം ഭരണാധിപത്യം ഒഴിഞ്ഞ് മറ്റൊരു ശാഖയായ ചിറയ്ക്കലേക്കു വിട്ടുകൊടുത്തു. അങ്ങനെ കോലസ്വരൂപം ചിറയ്ക്കല്‍ രാജവംശമായിത്തീര്‍ന്നു.

1757-ല്‍ ചിറയ്ക്കല്‍ രാജാവും ഇംഗ്ളീഷുകാരും തമ്മില്‍ ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു. 1763-ല്‍ ഹൈദരലി ബെദനൂര്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് കോലത്തിരിയുമായി ഇടഞ്ഞുനിന്ന ആലിരാജ ഹൈദരലിയെ സന്ദര്‍ശിച്ച് അദ്ദേഹത്തെ കേരളത്തിലേക്കു ക്ഷണിച്ചു. 1766-ല്‍ ഹൈദരുടെയും ആലിരാജയുടെയും സംയുക്തസേന കോലത്തുനാട് ആക്രമിച്ചു. യുദ്ധത്തില്‍ വധിക്കപ്പെട്ട ചിറയ്ക്കല്‍ രാജാവിന്റെ ഏഴുവയസ്സുള്ള മകനെ ഹൈദര്‍ കൂടെ കൊണ്ടുപോയി ആയാസ്ഖാന്‍ എന്നു പേരിട്ടു. ചിറയ്ക്കല്‍ കുടുംബാംഗങ്ങള്‍ പ്രാണരക്ഷാര്‍ഥം തിരുവിതാംകൂറിലേക്കു കടന്നു. കീഴടക്കപ്പെട്ട കോലത്തുനാടിന്റെ മേല്‍നോട്ടം വര്‍ഷംതോറും കപ്പം നല്കാമെന്ന ധാരണയില്‍ ആലിരാജയ്ക്കു കൈമാറി. എന്നാല്‍ കപ്പം കൃത്യമായി നല്കുന്നതില്‍ വീഴ്ച വരുത്തിയ ആലിരാജയുടെ മേല്‍നോട്ടത്തില്‍ നിന്ന് കോലത്തുനാട് ഹൈദര്‍ തിരിച്ചെടുത്തു. ഈ അവസരത്തില്‍ തിരുവിതാംകൂറില്‍ നിന്നു തിരിച്ചെത്തിയ ചിറയ്ക്കല്‍ രാജകുടുംബം ഹൈദറിനെ നേരില്‍ക്കണ്ട് കപ്പം കൊടുക്കാമെന്നു ബോധിപ്പിച്ചതിനെത്തുടര്‍ന്ന് 1774-ല്‍ ഇവര്‍ക്ക് രാജ്യം തിരികെ കിട്ടി. അന്നു മുതല്‍ 1789 വരെ ചിറയ്ക്കല്‍ ഭരണാധികാരികള്‍ മൈസൂര്‍ ഭരണാധികാരികളോട് കൂറു പുലര്‍ത്തിയിരുന്നു. 1790-ല്‍ ടിപ്പുവിനെതിരെ ഇംഗ്ളീഷുകാര്‍ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ ചിറയ്ക്കല്‍-കാര്‍ത്തിനാട്, കൊട്ടിയോടി രാജാക്കന്മാരുമായി രക്ഷാ ഉടമ്പടിയിലേര്‍പ്പെട്ടു. മൈസൂര്‍ സൈന്യം ധീരമായി പൊരുതിയെങ്കിലും ഇംഗ്ലീഷുകാരോട് അടിയറവു പറയേണ്ടിവന്നു. 1792-ലെ 'ശ്രീരംഗപട്ടണം കരാര്‍' പ്രകാരം മലബാര്‍ ഇംഗ്ലീഷ് കമ്പനിയുടെ അധീനതയിലായി.

1792-ല്‍ തന്നെ മലബാറിലെ എല്ലാ രാജാക്കന്മാര്‍ക്കും ഇംഗ്ലീഷുകാര്‍ അവരുടെ രാജ്യം മടക്കിക്കൊടുത്തു. കമ്പനിക്കുള്ള നികുതി സമാഹരണത്തിനായിട്ടാണ് രാജാക്കന്മാരെ പുനഃസ്ഥാപിച്ചതെങ്കിലും രാജാക്കന്മാര്‍ നികുതി ഏല്പിക്കുന്നതില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് കമ്പനി രാജാക്കന്മാരെ അവരുടെ സ്ഥാനങ്ങളില്‍നിന്നു നീക്കം ചെയ്ത് അവര്‍ക്ക് അടുത്തൂണ്‍ (പെന്‍ഷന്‍) അനുവദിച്ചു. അങ്ങനെ ചിറയ്ക്കല്‍ രാജവംശം ഇംഗ്ലീഷ് കമ്പനിയുടെ അടുത്തൂണ്‍കാരായിത്തീര്‍ന്നു.

സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ ഉടലെടുത്ത രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ചിറയ്ക്കല്‍ രാജവംശവും വിധേയമായി. 1964-ഓടെ ഭൂപരിഷ്കരണനിയമപ്രകാരം കോവിലകത്തിന്റെ ആയിരത്തോളം ഏക്കര്‍ ഗവണ്‍മെന്റ് ഏറ്റെടുത്തതോടെ കോവിലകം ക്ഷയിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍