This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറയ്ക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറയ്ക്കല്‍

കണ്ണൂര്‍ ജില്ലയിലുള്ള ഒരു പ്രദേശം. ചിറയ്ക്കല്‍ രാജവംശത്തിന്റെ ഭരണത്തിലിരുന്ന നാട്ടുരാജ്യമായിരുന്നു ഇത്. പഴയ കോലത്തുനാട്ടില്‍ പെടുന്നതാണ് ചിറയ്ക്കല്‍ നാട്ടുരാജ്യം. കോലത്തുനാടിന്റെ ഉദ്ഭവം ഇന്നും അജ്ഞാതമാണെങ്കിലും സംഘകാലത്ത് ഏഴിമലയ്ക്കടുത്ത് ആസ്ഥാനമുറപ്പിച്ചിരുന്ന 'മൂഷകവംശം' എന്നൊരു പ്രത്യേക രാജവംശത്തിന്റെ കീഴിലായിരുന്നു ചിറയ്ക്കല്‍-കാസര്‍കോട് പ്രദേശങ്ങളെന്നു ചരിത്രത്തില്‍ പറയുന്നുണ്ട്. 1766-ല്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരലി ഇവിടം കീഴടക്കി. അക്കാലത്ത് മലബാറിന്റെ തെക്കന്‍ഭാഗങ്ങള്‍ മൈസൂറാധിപത്യത്തിന്‍ കീഴിലായിരുന്നു. ചിറയ്ക്കലൊഴികെ സാമൂതിരിയടക്കമുള്ള മറ്റെല്ലാ നാട്ടുരാജാക്കന്മാരും മൈസൂറിനു കപ്പം കൊടുത്തുകൊള്ളാമെന്ന ഉടമ്പടി മുഖേന തങ്ങളുടെ കിരീടം വീണ്ടെടുത്തു. രണ്ടാം മൈസൂര്‍ യുദ്ധകാലത്ത് ഇംഗ്ലീഷുകാര്‍ മാഹി ആക്രമിച്ചപ്പോള്‍ ഹൈദരലി ചിറയ്ക്കല്‍ രാജാവിനോടും മറ്റു നാട്ടുരാജാക്കന്മാരോടും ഇംഗ്ലീഷുകാരോടും പൊരുതി മാഹിയിലെ ഫ്രഞ്ചു കോളനി സംരക്ഷിക്കുവാന്‍ ഉത്തരവു കൊടുത്തു. എന്നാല്‍ മാഹി കീഴടക്കിയ ബ്രിട്ടീഷ് പട്ടാളം 1776 നവംബറില്‍ തന്നെ ഇവിടം വിട്ട് തലശ്ശേരിയില്‍ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. തലശ്ശേരിയെ കോലത്തുനാടിന്റെയും കടത്തനാടിന്റെയും ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കുവാനായിരുന്നു ഇത്. ചിറയ്ക്കല്‍, കോഴിക്കോട്, കടത്തനാട് എന്നീ നാട്ടുരാജാക്കന്മാര്‍ക്ക് അഭയം കൊടുത്തതിന്റെ പേരില്‍ ടിപ്പുവും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന രാമവര്‍മയും തമ്മില്‍ 1789-ല്‍ നടന്ന യുദ്ധങ്ങളില്‍ ചില വിജയങ്ങള്‍ ടിപ്പുവിനായിരുന്നുവെങ്കിലും തിരുവിതാംകൂര്‍ പൂര്‍ണമായി കീഴടക്കാനാകാതെ അദ്ദേഹത്തിനു പിന്‍വാങ്ങേണ്ടിവന്നു.

മലബാറില്‍ ആധിപത്യമുറപ്പിച്ച ബ്രിട്ടീഷുകാര്‍ മലബാറിനെ ആറ് ഡിവിഷനുകളും 10 താലൂക്കുകളുമായി വിഭജിച്ചു. ഇതില്‍ വടക്കേയറ്റത്തുള്ള തലശ്ശേരി ഡിവിഷന്‍ ചിറയ്ക്കല്‍, കോട്ടയം, കുറുമ്പ്രനാട് എന്നിവ ചേര്‍ന്നതായിരുന്നു. 1794 ന. 4-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി പാലക്കാട്ടരചനായിരുന്ന ഇട്ടിക്കോമ്പിയച്ചന് കരംപിരിവിന്റെ 20 ശതമാനത്തോളം പിരിവ് സ്വന്തമായി അനുഭവിക്കാനുള്ള അവകാശം വിട്ടുകൊടുത്തു. ഇതേ അവകാശം മുമ്പുതന്നെ അനുഭവിച്ചു പോന്നിരുന്ന മറ്റു പ്രധാന നാട്ടുരാജാക്കന്മാരായിരുന്നു കോഴിക്കോട്ടു സാമൂതിരിയും ചിറയ്ക്കല്‍ രാജാവും. അടങ്ങാത്ത സ്വാതന്ത്ര്യഭിവാഞ്ഛയും ഒന്നിനും വഴങ്ങാത്ത മനോധൈര്യവും കൈമുതലായിരുന്ന ചിറയ്ക്കല്‍ രാജാക്കന്മാര്‍ ശത്രുക്കള്‍ക്ക് പേടിസ്വപ്നവും നിരന്തര മനഃശല്യവുമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍