This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിപ്പിമേഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിപ്പിമേഘം

Mother-of-pearl clouds

ഭൗമോപരിതലത്തില്‍നിന്ന് 19-30 കി.മീ. ഉയരത്തില്‍ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ മേഖലയില്‍ കാണപ്പെടുന്ന മേഘങ്ങള്‍. സാധാരണയായി മേഘങ്ങള്‍ ധ്രുവപ്രദേശങ്ങളില്‍ 8 കി.മീ. വരെയും ഭൂമധ്യരേഖാപ്രദേശങ്ങളില്‍ 16 കി.മീ. വരെയും ഉയരത്തിലാണ് കാണപ്പെടുക. എന്നാല്‍ ചില മേഘങ്ങള്‍ ഇതിലും ഉയരത്തില്‍ കാണാറുണ്ട്. ഇത്തരത്തിലുള്ള മേഘങ്ങളാണ് ചിപ്പിമേഘവും നോക്ടിലൂസന്റ് മേഘവും. അന്തരീക്ഷത്തിലെ വളരെ ഉയര്‍ന്ന പാളികളിലാണ് ഇവ ജന്മമെടുക്കുന്നത്. ഈ ഭാഗങ്ങളില്‍ വായുസാന്ദ്രത ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലേതിന്റെ ആയിരത്തില്‍ ഒരംശം മാത്രമാണ്. ചിപ്പിമേഘത്തിനും അതുപോലെയുള്ള മേഘങ്ങള്‍ക്കും കനം വളരെ കുറവായിരിക്കും. നീല, മഞ്ഞ ഇവ രണ്ടും കലര്‍ന്നത് എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. 50°-യിലും ഉയര്‍ന്ന അക്ഷാംശങ്ങളിലുള്ള ഭൂപ്രദേശങ്ങളില്‍ സൂര്യാസ്തമയത്തിന് പിമ്പും, സൂര്യോദയത്തിന് മുമ്പും അല്പസമയത്തേക്ക് ഈ മേഘങ്ങള്‍ കാണാനാവും. ഈ സമയങ്ങളില്‍ ചക്രവാളത്തിന് താഴെയുള്ള സൂര്യകിരണങ്ങള്‍ തട്ടിയാണ് ഇവയ്ക്ക് വിവിധ നിറങ്ങള്‍ കിട്ടുന്നത്. ചിപ്പിമേഘങ്ങള്‍ക്ക് ഈ പേര് കിട്ടുവാന്‍ കാരണം ഇവയുടെ വര്‍ണോജ്ജ്വലതയാണ്. മഞ്ഞുകാലത്ത് മാത്രമാണ് ഈ മേഘങ്ങളെ കാണാന്‍ കഴിയുന്നത്. വരണ്ട വായുവുള്ളതിനാല്‍ ബാക്കി കാലങ്ങളില്‍ ഇവ കാണപ്പെടാറില്ല.

സാധാരണ 10 കി.മീറ്ററിനുള്ളില്‍ മാത്രം കാണുന്ന തരംഗമേഘങ്ങള്‍ (wave clouds) സ്ട്രാറ്റോസ്ഫിയറില്‍ രൂപംകൊള്ളുമ്പോഴാണ് അവയെ ചിപ്പിമേഘം എന്നുവിളിക്കുന്നത്. പൊതുവേ പര്‍വതപ്രദേശങ്ങളില്‍ കാണപ്പെടുന്ന മേഘങ്ങള്‍ വായുവിന്റെ ആരോഹണംമൂലം ഉണ്ടാകുന്നവയാണ്. ഇങ്ങനെയുള്ള വായുപ്രവാഹം കമ്പനാവസ്ഥയില്‍ തുടരുകയും ക്രമേണ നിശ്ചലമായി തരംഗങ്ങളുടെ കേന്ദ്രമായി മാറുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത്തരത്തിലുള്ള ധാരാളം മേഘങ്ങള്‍ ശക്തിയായ കാറ്റിനെയും ചെറുത്തുനില്ക്കാറുണ്ട്. ഭൂതലത്തെ അപേക്ഷിച്ച് ഇവ നിശ്ചലമായി കാണപ്പെടുന്നു. വളരെ മിനുസമായ അതിരുകളുള്ള ഈ മേഘങ്ങളെയാണ് 'തരംഗമേഘങ്ങള്‍' എന്നുവിളിക്കുന്നത്. ഇതുപോലെ പര്‍വതങ്ങളാല്‍ പ്രതിഫലിപ്പിക്കപ്പെടുന്ന വായുതരംഗങ്ങള്‍ അന്തരീക്ഷത്തിലൂടെ സ്ട്രാറ്റോസ്ഫിയറിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്ന് ചിപ്പിമേഘങ്ങള്‍ക്ക് ജന്മം നല്കുന്നു. ഇങ്ങനെയുള്ള 'തരംഗപ്രതിഭാസം' ഉണ്ടാകണമെങ്കില്‍ കാറ്റിന്റെ അഥവാ വായുവിന്റെ വേഗം അന്തരീക്ഷത്തില്‍ എല്ലായിടത്തും ഒരുപോലെയായിരിക്കണം.

വളരെ താഴ്ന്ന ഊഷ്മാവാണ് ചിപ്പിമേഘങ്ങളുടേത്:- 80ഛഇ. ഇത്ര താഴ്ന്ന ഊഷ്മാവിലും ഇവയിലുള്ള ജലാംശം ഉറഞ്ഞു കട്ടിയാകുന്നില്ല. ഇവയിലടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് (H2S), ഓക്സിജന്‍ (O2) എന്നീ തന്മാത്രകളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന സള്‍ഫ്യൂറിക് ആസിഡ് (H2SO4) ന്യൂക്ലിയസ്സുകളാണ് ഈ പ്രത്യേകതയ്ക്കു കാരണം. ന്യൂക്ലിയസ്സുകളുടെ വലുപ്പം വളരെ കുറവാകുന്നു: 0.00015 മി.മീറ്റര്‍. അലാസ്ക, ഐസ്ലന്‍ഡ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലുള്ള പര്‍വതങ്ങളിലും അന്റാര്‍ട്ടിക്കയിലും ഈ മേഘങ്ങള്‍ സാധാരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍