This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നമേളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നമേളം

നാട്യമേളത്തിനുള്ള പൊതുനാമം. തമിഴ് ഭാഷയിലാണ് ചിന്നമേളം എന്ന പേര് നിലവിലുള്ളത്. ഈ സംഘത്തില്‍ നട്ടുവനാര്‍ (ഭരതനാട്യം ചെയ്യുന്ന നര്‍ത്തകിയെയും പക്കമേളക്കാരെയും നിയന്ത്രിക്കുന്നത് നട്ടുവനാരാണ്) പഴയകാലത്ത് പക്കമായി ഉപയോഗിച്ചിരുന്നത് പുല്ലാങ്കുഴലും മുഖവീണയുമായിരുന്നു. ശ്രുതിവാദ്യമായി ഉപയോഗിച്ചത് ബാഗ്പൈപ്പും. ഇപ്പോള്‍ ഇതിന് പകരമായി ക്ളാറനറ്റ് ആണ് ഉപയോഗിക്കുന്നത്. മുഖവീണ, ഫ്ളൂട്ട് എന്നിവയെ അപേക്ഷിച്ച് ശ്രുതി കൂട്ടാനും കുറയ്ക്കാനുമുള്ള സൌകര്യം ക്ളാറനറ്റിനുണ്ട്. അതുകൊണ്ട് ഫ്ളൂട്ടിന്റെയും മുഖവീണയുടെയും സ്ഥാനം ക്ലാറനറ്റിന് കിട്ടി. മുന്‍കാലങ്ങളില്‍ ഭരതനാട്യം ചെയ്യുന്ന കലാകാരന്റെയോ കലാകാരിയുടെയോ പിറകില്‍ അഞ്ചോ ആറോ അടി അകലത്തില്‍ നിന്നുകൊണ്ടായിരുന്നു പക്കവാദ്യം വായിച്ചിരുന്നത്. നൃത്തനൃത്യങ്ങള്‍ക്കിടയില്‍ കലാകാരിയോടൊപ്പം മുമ്പോട്ടും പിമ്പോട്ടും നീങ്ങിക്കൊണ്ടായിരുന്നു പക്കവാദ്യക്കാര്‍ പക്കം വായിച്ചിരുന്നത്. ഇപ്പോള്‍ അതിനൊക്കെ വളരെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്കമേളക്കാര്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നര്‍ത്തകരുടെ വലതുഭാഗത്തായി ഇരുന്നുകൊണ്ടാണ് പക്കമേളം ഇപ്പോള്‍ വായിക്കുന്നത്. നാട്യമേളത്തിന് ചിന്നമേളമെന്നും നാഗസ്വരമേളത്തിന് പെരിയമേളമെന്നുമാണ് തമിഴില്‍ പറയുന്നത്. ക്ളാറനറ്റിനോടൊപ്പം ആധുനിക യുഗത്തില്‍ വയലിനും മൃദംഗവും ഉപയോഗിക്കുന്നുണ്ട്. താളവാദ്യമായി ജാല്‍റായും ഉപയോഗിക്കുന്നുണ്ട്. നട്ടുവാംഗം (ജതി) പറയുന്ന നട്ടുവനാരാണ് ഈ താളവാദ്യം ഉപയോഗിക്കുന്നത്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍