This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നമുണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നമുണ്ടി

Little Egret

ഒരിനം വെള്ളക്കൊറ്റി. സിക്കോണിഫോമിസ് (Ciconiformes)പക്ഷിഗോത്രത്തിലെ ആര്‍ഡെയ്ഡേ (Ardeidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാസ്ത്രനാമം : എഗ്രെറ്റ ഗാര്‍സെറ്റ (Egretta garzetta). ചെറുമുണ്ടി എന്നും പേരുണ്ട്. ശരീരത്തിന് മൊത്തത്തില്‍ തൂവെള്ളനിറമുള്ള ചിന്നമുണ്ടിയുടെ കൊക്കിനുമാത്രം നല്ല കറുപ്പുനിറമാണ്. നീണ്ടുകൂര്‍ത്ത കൊക്കുകളും നീണ്ടുവളഞ്ഞ കഴുത്തും കനംകുറഞ്ഞ നീണ്ട കാലുകളും ഉള്ള ഇവയെ ജലാശയങ്ങള്‍ക്ക് സമീപത്തും ചതുപ്പുപ്രദേശങ്ങളിലും ആണ് സാധാരണ കാണാറുള്ളത്. ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയവയാണ് മുഖ്യ ഇരകള്‍. ജലാശയങ്ങള്‍ക്ക് സമീപമുള്ള കരപ്രദേശത്ത് കയറി പുല്‍പോന്ത്, പുഴുക്കള്‍ എന്നിവയെയും പിടിച്ച് ഭക്ഷിക്കാറുണ്ട്.

സന്താനോത്പാദനകാലമടുക്കുമ്പോള്‍ ചിന്നമുണ്ടികളുടെ ശരീരത്തില്‍ ചില മാറ്റങ്ങളുണ്ടാകുന്നു. ഈ ഘട്ടത്തില്‍ ഇവയുടെ തലയില്‍ നീണ്ട രണ്ട് നാടത്തൂവലുകള്‍ മുളയ്ക്കും. അതോടൊപ്പം മാറത്തും പുറത്തും വെള്ളിക്കമ്പികളെപ്പോലിരിക്കുന്നതും മാര്‍ദവമുള്ളതുമായ തൂവലുകളും വളര്‍ന്നിറങ്ങുന്നു. ബാഹ്യ പ്രത്യേകതകള്‍മൂലം ആണ്‍-പെണ്‍ പക്ഷികളെ തമ്മില്‍ തിരിച്ചറിയാനാവില്ല. ഇവയുടെ സന്താനോത്പാദന പ്രത്യേകതകളെപ്പറ്റി വലിയ അറിവില്ല. കേരളത്തില്‍ അത്ര സുലഭമല്ലാത്ത ഈ പക്ഷികള്‍ ഇവിടെ കൂടുകെട്ടാറുണ്ടോ എന്നും സംശയമാണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും ഭാരതപ്പുഴയുടെ തീരത്തും ഇവയെ അപൂര്‍വമായി കാണാറുണ്ട്.

ഇവയുടെ ഭംഗിയേറിയ തൂവലുകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകളുടെ വസ്ത്രങ്ങളും തൊപ്പികളും മോടിപിടിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ഈ ആവശ്യത്തിനായി ചിന്നമുണ്ടികളെ ധാരാളമായി വേട്ടയാടിയിരുന്നതിനാല്‍ ഇവ ഒരു ഘട്ടത്തില്‍ വംശനാശഭീഷണിയെയും നേരിട്ടിരുന്നു. തൂവലുകളുടെ കയറ്റുമതിയിലെ നിയന്ത്രണങ്ങളും ഈ പക്ഷികളെ സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങളും പല രാജ്യങ്ങളിലും നിലവില്‍ വന്നതോടെ ഈ നിലയ്ക്ക് ഇന്ന് മാറ്റംവന്നിട്ടുണ്ട്. ചിന്നമുണ്ടികളെ സംരക്ഷിച്ചുവളര്‍ത്തി തൂവല്‍ ശേഖരിക്കാനുള്ള പദ്ധതികളും ചില സ്ഥലങ്ങളില്‍ നടപ്പിലാക്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍