This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നക്കുട്ടുറുവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നക്കുട്ടുറുവന്‍

Small Green Barbet

മൈനയോളം വലുപ്പമുള്ള ഒരു ചെറുപക്ഷി. കുഴിത്തത്തയെന്നും പേരുണ്ട്. പിസിഫോമിസ് (Piciformes) പക്ഷിഗോത്രത്തില്‍പ്പെട്ട ചിന്നക്കുട്ടുറവന്റെ ശാസ്ത്രനാമം: മെഗാലൈമ വിരിഡിസ് (Ciconiformes). തല, കഴുത്ത്, മുഖം എന്നീ ഭാഗങ്ങള്‍ക്ക് തവിട്ടുനിറമാണ്. ഇളംമഞ്ഞനിറത്തിലുള്ള മാറിടത്തില്‍ തവിട്ടുനിറത്തിലുളള വരകളുണ്ട്. കണ്ണില്‍നിന്നും പിന്നിലേക്ക് കറുത്ത കണ്‍പട്ടയും അതിനുമുകളിലും താഴെയുമായി വെള്ളവരകളും കാണപ്പെടുന്നു. ചിറകുകളുടെ പുറവശത്തിനും വാലിനും ഉദരത്തിനും നല്ല പച്ചനിറമാണ്. തലയ്ക്കും കഴുത്തിനുമുള്ള തവിട്ടുനിറം അത്ര പ്രകടമല്ലാത്തതിനാല്‍ പക്ഷിയുടെ നിറം മൊത്തത്തില്‍ പച്ചയായി തോന്നിക്കും. തലയും ശരീരവും തടിച്ചുരുണ്ടതാണ്. പക്ഷിയുടെ കൊക്ക് മറ്റു ശരീരഭാഗങ്ങളുമായി പൊരുത്തപ്പെടാത്തവിധം തടിച്ചതാണ്. കൊക്ക് തലയോടുചേരുന്ന ഭാഗത്ത് മീശപോലെ തോന്നിക്കുന്ന നീണ്ട രോമങ്ങളും കാണപ്പെടുന്നുണ്ട്.

ചിന്നക്കുട്ടുറുവന്‍

ചെറുമരക്കൂട്ടങ്ങളിലും നാട്ടിന്‍പുറത്തും പകല്‍ സമയങ്ങളില്‍ 'കുട്രൂ' 'കുട്രൂ', കുര്‍-ര്‍ ര്‍ എന്ന് ഉറക്കെ ശബ്ദിച്ചുകൊണ്ട് പാറിപ്പറന്ന് ഇരതേടുന്ന ഇവ നമ്മുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റുന്നു. വിശ്രമവേളകളില്‍ ഇലക്കൂട്ടങ്ങള്‍ക്കിടയിലിരിക്കുന്ന ഈ പച്ചക്കിളിയെ പ്രത്യേകം തിരിച്ചറിയാനാവില്ല. മരച്ചില്ലകളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഇവ തറയില്‍ അപൂര്‍വമായേ ഇറങ്ങാറൂള്ളൂ. ചിന്നക്കുട്ടുറുവന്റെ കാലിലെ ഒന്നാമത്തെയും നാലാമത്തെയും വിരലുകള്‍ പുറകോട്ടു വളഞ്ഞും രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ മുന്നോട്ടു വളഞ്ഞുമാണിരിക്കുന്നത്. മരങ്കൊത്തിയെപ്പോലെ തടിയില്‍ പറ്റിപ്പിടിച്ച് കയറാനുള്ള ഒരു അനുകൂലമാണിതെങ്കിലും ചിന്നക്കുട്ടുറുവന്‍ മാളം തുരക്കുമ്പോള്‍ ഒഴികെ മറ്റവസരങ്ങളിലൊന്നും മരത്തടികളില്‍ പറ്റിപ്പിടിച്ചു കയറാറില്ല.

കായ്കളും പഴങ്ങളും ചെറുപുഴുക്കളുമാണ് ഇവയുടെ പ്രധാന ആഹാരം. ഡിസംബര്‍ മാസത്തോടെ ചിന്നക്കുട്ടുറുവന്‍ കൂട് തുരന്നുണ്ടാക്കാനാരംഭിക്കുന്നു. മുരിങ്ങ, മുരിക്ക് തുടങ്ങിയവയുടെ കട്ടികുറഞ്ഞ മരത്തടികള്‍ തുരന്നാണ് ഇവ കൂടുണ്ടാക്കാറുള്ളത്. കേടുവന്ന് ബലംകുറഞ്ഞ മാവിന്‍കൊമ്പിലും തേക്കുതടിയിലും ഇവ കൂടുതുരക്കാറുണ്ട്. കൂടിന്റെ പ്രവേശന ദ്വാരത്തിന് വൃത്താകൃതിയാണുള്ളത്. ഇവയുടെ സന്താനോത്പാദനകാലം ജനുവരി മുതല്‍ ജൂണ്‍ വരെയാണ്. വൃക്ഷങ്ങളില്‍ തുരന്നുണ്ടാക്കിയ കൂടുകളിലാണിവ മുട്ടയിടാറുള്ളത്. ഒരു പ്രജനനകാലത്ത് 2-4 മുട്ടകളിടാറുണ്ട്. മുട്ട വെളുത്ത് നീണ്ടുരുണ്ടതാണ്. പെണ്‍കിളി മുട്ടകള്‍ക്കുമീതെ അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഇണപ്പക്ഷികള്‍ പറന്നുനടന്ന് ആഹാരം ശേഖരിച്ചെത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍