This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താവിഷ്ടയായ സീത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താവിഷ്ടയായ സീത

മഹാകവി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം.1919-ല്‍ ഈ കൃതി പ്രകാശിതമായി. പതിവുശൈലിവിട്ട് ആശാന്‍ പുരാണപ്രസിദ്ധമായ ഒരു ഇതിവൃത്തം അവലംബിച്ചെഴുതിയ കൃതി എന്ന സവിശേഷത ഇതിനുണ്ട്. മലയാളത്തിലെ 'നാടകീയ സ്വഗതാഖ്യാന' രൂപത്തിലുള്ള ദീര്‍ഘവും ചാരുതയാര്‍ന്നതുമായ കാവ്യവും ഇതുതന്നെ.

ഉത്തരരാമായണത്തിലെ ഒരു മുഹൂര്‍ത്തമാണ് കവിതയുടെ പശ്ചാത്തലം. രാമനാല്‍ പരിത്യക്തയായ സീത വാല്മീകിയുടെ ആശ്രമത്തില്‍ കഴിയവെ, ഏകാന്തമായ ഒരു സന്ധ്യാനേരത്ത് തന്റെ ഭൂതവര്‍ത്തമാനങ്ങളിലേക്ക് നടത്തുന്ന വിചാരയാത്രയായാണ് ഈ കാവ്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവസാനനിമിഷത്തില്‍പ്പോലും ആത്മശുദ്ധി തെളിയിച്ച സീതയുടെ ഉള്ളില്‍ പരിത്യാഗത്തിന്റെ പേരില്‍ ഉണ്ടാകാനിടയുള്ള മാനസിക വിക്ഷോഭങ്ങളുടെ സൂക്ഷ്മമായ വെളിപ്പെടുത്തലുകളാണ് ഇതിലുള്ളത്. സീതയുടെ സംയമനവും ചിത്തപാരുഷ്യവും ആത്മപരിശോധനയും ചേര്‍ന്ന് സൃഷ്ടിച്ച സമ്മിശ്രവികാരങ്ങളെ 192 ശ്ലോകങ്ങളിലായി ആവിഷ്കരിച്ചിട്ടുള്ള ഈ കൃതി, അനുകൂലവും പ്രതികൂലവുമായ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകവഴി മലയാളകാവ്യലോകത്തില്‍ സവിശേഷമായൊരു സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ട്.

"ഒരു നിശ്ചയമില്ലയൊന്നിനും

വരുമോരോ ദശ വന്നപോലെ പോം

വിരയുന്നു മനുഷ്യനേതിനോ

തിരിയാ ലോകരഹസ്യമാര്‍ക്കുമേ.

എന്ന നായികയുടെ നിസ്സംഗവും നിര്‍മലവുമായ ചിന്തയിലാരംഭിക്കുന്ന കാവ്യം,

"നെടുനാള്‍ വിപിനത്തില്‍ വാഴുവാ-

നിടയായ് ഞങ്ങളതെന്റെ കുറ്റമോ?

പടു രാക്ഷസചക്രവര്‍ത്തിയെ-

ന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ?

എന്നിങ്ങനെ രോഷാകുലമായ വിചാരശകലങ്ങളിലൂടെ വികാസം പ്രാപിക്കുന്നു ആദികവിയുടെ മൗനത്തെ സീതയുടെ വിചാരഭാഷയിലൂടെ ഭഞ്ജിച്ച ഈ കാവ്യം.

"അരുതെന്തയി! വീണ്ടുമെത്തി ഞാന്‍

തിരുമുമ്പില്‍ തെളിവേകി ദേവിയായ്

മരുവീടണമെന്ന് മന്നവന്‍

കരുതുന്നോ ശരി പാവയോ ഇവള്‍?

എന്ന ഭാഗത്തെത്തുമ്പോള്‍ യാഥാസ്ഥിതിക മനസ്സുകളെ രോഷംകൊള്ളിക്കുന്ന ഒന്നായിത്തീര്‍ന്നു.

വിലാപകാവ്യവൃത്തമെന്ന് പ്രസിദ്ധമായ 'വിയോഗിനി'യിലാണ് ആശാന്‍ കാവ്യം ചമച്ചിരിക്കുന്നത്. അംഗിയായ രസം വിപ്രലംഭശൃംഗാരമാണ്. മാനസികാപഗ്രഥനത്തില്‍ അനിതരമായ സിദ്ധിവിശേഷങ്ങള്‍ പ്രകടമാക്കുന്ന ഈ കൃതി ആശാന്റെ ഏറ്റവും മികച്ച രചന എന്ന നിലയിലും വാഴ്ത്തപ്പെട്ടിട്ടുണ്ട്.

ഈ കൃതിയെക്കുറിച്ചുള്ള വിമര്‍ശനഗ്രന്ഥങ്ങളില്‍ ശ്രദ്ധേയമായത് സുകുമാര്‍ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യം ആണ്. ഇതിനെക്കുറിച്ചുണ്ടായിട്ടുള്ള നിരൂപകമതങ്ങളുടെ ക്രോഡീകരണവും വിശകലനവുമാണ് തായാട്ടു ശങ്കരന്റെ സീതയും നിരൂപകന്മാരും. എന്‍. ഗോപാലപിള്ള വൃത്താനുവൃത്തമായി കാവ്യം സംസ്കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് (സീതാ വിചാരലഹരി). പി.വി. കൃഷ്ണവാര്യരുടെ ചിന്താഗ്രസ്തനായ ശ്രീരാമന്‍ (1953), പി. ഉണ്ണിക്കൃഷ്ണന്‍ നായരുടെ ലക്ഷ്മണവിഷാദം (1954), കുന്നത്തേരി രാമന്‍മേനോന്റെ ധര്‍മസങ്കടം (1957) എന്നിവ ഇതിന്റെ ഉപോത്പന്നങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍