This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രശലഭ മത്സ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രശലഭ മത്സ്യങ്ങള്‍

ചിത്രശലഭങ്ങളെപ്പോലെ വൈവിധ്യമാര്‍ന്ന നിറങ്ങളും വിശാലമായ ഭുജപത്രവും ഉള്ള മത്സ്യങ്ങള്‍. പാന്റോഡോന്റിഡേ (Pantodontidae) കുടുംബത്തില്‍പ്പെട്ട ആഫ്രിക്കന്‍ ശുദ്ധജല പറക്കും മത്സ്യങ്ങളും കീറ്റോഡോന്റിഡേ (Chaetodontidae) കുടുംബത്തില്‍പ്പെട്ട പവിഴപ്പുറ്റു മത്സ്യങ്ങളും ഇതിലുള്‍പ്പെടുന്നു.

ചതുര്‍നേത്ര ചിത്രശലഭ മത്സ്യം

1876-ല്‍ ആണ് ശുദ്ധജല ചിത്രശലഭ മത്സ്യങ്ങളെക്കുറിച്ച് ശാസ്ത്രലോകത്തിന് അറിവ് ലഭിച്ചത്. മധ്യപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന ഒരിനം ശുദ്ധജല ചിത്രശലഭ മത്സ്യമാണ് പാന്റഡോന്‍ ബുക്കോള്‍സി (Pantadon buchholzi). സു. 10 സെ.മീ. മാത്രം നീളമുള്ള ഇവയുടെ മുന്നറ്റം പരന്നതും കീഴ്ഭാഗം ഉരുണ്ടതുമാണ്. പുറകിലും പാര്‍ശ്വങ്ങളിലും കാണപ്പെടുന്ന തവിട്ടും ഇരുണ്ട പച്ചനിറവുമുള്ള പുള്ളികളും തവിട്ടും വെളുപ്പും നിറങ്ങള്‍ കലര്‍ന്ന വലുപ്പമുള്ള ഭുജപത്രങ്ങളും (pectoral fins) അത്യാകര്‍ഷകങ്ങളാണ്. ശ്രോണീപത്രങ്ങള്‍ (pelvic fins) നാലു നീണ്ട പത്രരശ്മികളായി (fin rays) രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ചലനസമയം ഇവ വികസിച്ച് പങ്കയുടെ രൂപംകൈവരിക്കുന്നു.

ചിത്രശലഭ മത്സ്യങ്ങളുടെ ഭൂജപത്രങ്ങളിലെ അസ്ഥികളും പേശികളും പറക്കലിന് അനുയോജ്യമാണ്. സു. 180 സെ.മീ. കുതിച്ചുചാടാനുള്ള കഴിവുണ്ട്. ഇവ തടാകങ്ങളിലും കുളങ്ങളിലും കളകള്‍ നിറഞ്ഞ ജലാശയങ്ങളിലും കണ്ടുവരുന്നു. ചെറുമത്സ്യങ്ങളെയും വെള്ളത്തില്‍ വീഴുന്ന ഷട്പദങ്ങളെയും ആഹരിക്കുന്നു. ജലോപരിതലത്തില്‍ പറക്കുന്ന ഷട്പദങ്ങളെപ്പോലും പിടികൂടാന്‍ ഇവയ്ക്കു സാധിക്കും. വലുപ്പമുള്ള വായും കുഴല്‍രൂപത്തിലുള്ള നാസാദ്വാരവും എടുത്തുപറയേണ്ട ഘടനാവിശേഷങ്ങളാണ്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ചിത്രശലഭ മത്സ്യങ്ങള്‍ക്കും ജീവനുള്ള ഷട്പദങ്ങള്‍ തന്നെയാണ് പ്രിയം. വളര്‍ത്തു മത്സ്യങ്ങളിലും പ്രജനനം സാധ്യമാണ്. ഇണചേരല്‍ പ്രക്രിയയുടെ ഭാഗമായി ആണ്‍മത്സ്യം നീണ്ട പത്രരശ്മികള്‍കൊണ്ട് പെണ്‍മത്സ്യത്തെ പിടികൂടുകയും ക്രമേണ രശ്മികള്‍ കൊണ്ടുതന്നെ ശരീരത്തെ ആവരണംചെയ്യുകയും ചെയ്യുന്നു.

ആണ്‍മത്സ്യം പെണ്‍മത്സ്യത്തിന്റെ പിറകില്‍ കയറിക്കൂടി കപട ഇണചേരല്‍ നടത്തുന്നതും അപൂര്‍വമല്ല. ആണ്‍മത്സ്യത്തിന്റെ വായുപത്രങ്ങളിലെ (anal fins) മധ്യരശ്മികള്‍ നീണ്ട് ഒരു കുഴലായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇത് ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയാന്‍ ഏറെ സഹായകമാണ്. നിക്ഷേപിക്കപ്പെടുന്ന മുട്ടകള്‍ ജലോപരിതലത്തില്‍ ഒഴുകിനടക്കുകയും സാധാരണനിലയില്‍ ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ വിരിയുകയുമാണ് പതിവ്. മുട്ടകള്‍ വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ അലക്തപ്രാണി (Aphid) പോലുള്ള ചെറുകീടങ്ങളെയാണ് ആഹരിക്കുന്നത്.

കീറ്റോഡോന്റിഡേ കുടുംബത്തില്‍പ്പെട്ട ചെറുതും വിവിധ വര്‍ണങ്ങളോടുകൂടിയതുമായ കടല്‍മത്സ്യങ്ങളാണ് ചിത്രശലഭമത്സ്യങ്ങളില്‍ ശ്രദ്ധേയം. ഇവ പ്രധാനമായും പവിഴപ്പുറ്റുകളിലാണ് കണ്ടുവരുന്നത്. പരന്ന ശരീവും നീണ്ട പൃഷ്ഠപത്രവും (dorsal fins) വായുപത്രവും ഇവയുടെ പ്രത്യേകതയാണ്. ചുറുചുറുക്കോടുകൂടി പവിഴപ്പുറ്റുകള്‍ക്കുചുറ്റും നീന്തുവാനും അപായസൂചന ലഭിച്ചാലുടന്‍ പുറ്റുകളുടെ വിടവുകളിലേക്ക് ഊളിയിടുവാനും ഉള്ള സിദ്ധി ഇവയ്ക്കുണ്ട്. വാലിന്റെ സമീപത്തായി കണ്ണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന പൊട്ട് (eye-spot) ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ 'കണ്ണി'നെ മത്സ്യത്തിന്റെ തലയുടെ ഭാഗമായി കരുതി ശത്രുക്കള്‍ ആക്രമിക്കാനൊരുങ്ങുമ്പോഴേക്കും പിറകോട്ടുനീന്തി തന്ത്രപരമായി രക്ഷപ്പെടാനുള്ള ഇവയുടെ കഴിവ് അപാരമാണ്.

ചിത്രശലഭ മത്സ്യങ്ങളുടെ വായ് ചെറുതാണ്. പവിഴപ്പുറ്റുകളുടെ വിടവുകളില്‍നിന്നും വിരകളെയും മറ്റു ചെറുജീവികളെയും ആഹരിക്കുന്നതിന് വായില്‍ കൂര്‍ത്ത പല്ലുകളും ഉണ്ട്. കെല്‍മോന്‍ റോസ്ട്രേറ്റസ് (Chelmon rostratus) മത്സ്യങ്ങളുടെ നീളമുള്ളതും കഴുല്‍രൂപത്തിലുള്ളതുമായ വദനഭാഗങ്ങള്‍ പവിഴപ്പുറ്റുകളിലെ ഇടുങ്ങിയതും ആഴമുള്ളതുമായ വിടവുകളില്‍നിന്നുപോലും ആഹാരം സമ്പാദിക്കുന്നതിനു സഹായിക്കുന്നു. നാല് ജനുസ്സുകളില്‍പ്പെട്ട 11 ഇനം ചിത്രശലഭ മത്സ്യങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലും യു.എസ്സിലുമായി ഉണ്ട്. അത്യാകര്‍ഷകമായ ചതുര്‍നേത്ര ചിത്രശലഭ മത്സ്യമായ കീറ്റോഡോന്‍ കപിസ്ട്രേറ്റസ് (Chaetodon capistratus)കരീബിയന്‍ കടലുകളിലും മെക്സിക്കോയിലും സുലഭമാണ്.

ചിത്രശലഭ മത്സ്യങ്ങള്‍ എന്ന പേരുതന്നെ ഏറെ സങ്കീര്‍ണതയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കാരണം പരസ്പരം മില്ലാത്ത അനേകം ഇനത്തിലുള്ള മത്സ്യങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു. ചിത്രശലഭ മത്സ്യങ്ങളെയും അവയോടു സാദൃശ്യമുള്ള കടല്‍ മാലാഖ മത്സ്യങ്ങളെയും (Marine Angel Fishes) ഒരു കുടുംബത്തില്‍ത്തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാലാഖ മത്സ്യങ്ങളും ചിത്രശലഭ മത്സ്യങ്ങള്‍ എന്നുതന്നെയാണ് അറിയപ്പെടുന്നതെങ്കിലും ഇവയ്ക്കു തമ്മില്‍ വളരെ അകന്ന ബന്ധമേയുള്ളൂ. അതുകൊണ്ട് ഇവയെ പ്രത്യേകം കുടുംബമായി കരുതുന്നതാവും ശരി. മനോഹരമായ വര്‍ണവും പവിഴപ്പുറ്റുവാസവുമാണ് ഇവയെ ഒന്നായി കാണാന്‍ പ്രേരിപ്പിച്ചത്. മാലാഖ മത്സ്യങ്ങളുടെ ശകുലപിധാന(gill cover)ത്തിനു പിന്നിലായി കാണുന്ന കൂര്‍ത്ത മുള്ളാണ് ചിത്രശലഭ മത്സ്യങ്ങളില്‍നിന്നും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഈ രണ്ടിനം മത്സ്യങ്ങളുടെയും വിശാലമായ ചിറകുകളാണ് ഇവയ്ക്ക് ഈ പേര് ലഭിക്കുവാനുള്ള പ്രധാന കാരണം.

ഇംപീരിയല്‍ മാലാഖ മത്സ്യമായ പൊമാകാന്തസ് ഇമ്പറേറ്റര്‍ (Pomacanthus imperator) ഏറെ വര്‍ണഭംഗിയുള്ളതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ നിറം പൂര്‍ണവളര്‍ച്ചയെത്തിയ മത്സ്യങ്ങളില്‍നിന്നും ഭിന്നമാണ്. ശത്രുക്കള്‍ക്കെതിരെ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ ഇവ വിദഗ്ധരാണ്. ഇവയുടെ അധികാരപരിധി പരസ്യപ്പെടുത്തുന്നതിനുള്ള ഉപാധി കൂടിയാണ് നിറം.

വാലിലെ വളരെ വിചിത്രമായ അടയാളങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരിനം ചിത്രശലഭ മത്സ്യമാണ് നീല മാലാഖ മത്സ്യമായ പൊമാകാന്തസ് സെമിസര്‍ക്കുലേറ്റസ് (Pomacanthus semicirculatus). സാന്‍സിബാറിലെ മത്സ്യച്ചന്തയില്‍ കൊണ്ടുവന്ന ഒരു മത്സ്യത്തില്‍ കണ്ട അടയാളങ്ങള്‍ക്ക് അറബിലിപിയോട് ഏറെ സാമ്യം ഉണ്ടായിരുന്നു. വാലിന്റെ ഒരു വശത്തു ക്രമപ്പെടുത്തിയിരുന്ന അടയാളങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഈശ്വരവിശ്വാസികളായ മുസ്ലിങ്ങള്‍ വായിച്ചത് 'ലാ ഇലാഹ ഇല്ലല്ലാഹു' (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല) എന്നും പുറകോട്ടു വായിച്ചത് 'ഷാനി അല്ലാഹ്' (അല്ലാഹു അയച്ച മുന്നറിയിപ്പ്) എന്നുമാണ്. ഈ മത്സ്യം വിറ്റതാകട്ടെ അയ്യായിരം രൂപയ്ക്കും.

ചിലയിനം പറക്കുംമത്സ്യങ്ങളുടെ (Exocoetus volitans, Cypselurus heterurus)കുഞ്ഞുങ്ങളും പൂര്‍ണ വളര്‍ച്ചയെത്തിയവയും തികച്ചും വിഭിന്നമായിരിക്കും. ഈ കുഞ്ഞുമത്സ്യങ്ങളെ പ്രത്യേകയിനമായി കരുതിപ്പോരുന്നു. ബഹുവര്‍ണാങ്കിതമായ ശരീരം ഏറെ ആകര്‍ഷകമാണ്. ഈ സവിശേഷതയാകണം ഇവയെ ചിത്രശലഭ മത്സ്യങ്ങള്‍ എന്നുവിളിക്കാന്‍ അമേരിക്കന്‍ സമുദ്ര ശാസ്ത്രജ്ഞനായ വില്ല്യം ബീബിയെ പ്രേരിപ്പിച്ചത്.

(ഡോ. ആര്‍. രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍