This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രശലഭങ്ങളും നിശാശലഭങ്ങളും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രശലഭങ്ങളും നിശാശലഭങ്ങളും

വര്‍ണാഭമായ ചിറകുകളുള്ള ഷട്പദങ്ങള്‍. ഗോത്രനാമം: ലെപിഡോപ്റ്റെറാ (Lepidoptera). ഷട്പദഗോത്രത്തിലെ ഏറ്റവും വലിയ വിഭാഗമായ കോളിയോപ്റ്റെറ (Coleoptera) എന്ന വണ്ടുഗോത്രം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ലെപിഡോപ്റ്റെറയ്ക്കാണ്. ലെപിഡോപ്റ്റെറയില്‍ 1,40,000 സ്പീഷീസുണ്ട്. ആര്‍ട്ടിക് മുതല്‍ ഉഷ്ണമേഖലാ വനങ്ങള്‍ വരെ ചെറുപ്രാണികള്‍ക്കു ജീവിക്കാന്‍ സാധ്യമായ എല്ലാ വന്‍കരകളിലും ചിത്രശലഭങ്ങള്‍ കാണപ്പെടുന്നു. ചിത്രശലഭങ്ങള്‍ക്ക് സു. 20,000 സ്പീഷീസും നിശാശലഭങ്ങള്‍ക്ക് 1,20,000 സ്പീഷീസും ഉണ്ട്. ശലഭങ്ങളില്‍ രണ്ട് മില്ലിമീറ്റര്‍ ചിറകു വിസ്താരമുള്ള വാമനന്മാര്‍ മുതല്‍ 30 സെ.മീ. ചിറകു വിസ്താരമുള്ള ഭീമന്മാര്‍ വരെയുള്‍പ്പെടുന്നു.

എമ്പറന്‍ നിശാശലഭം അറ്റേണിയ പവേനിയ

ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും വേര്‍തിരിക്കുക എളുപ്പമല്ല. അതിനായി ഒരടിസ്ഥാനഘടകവുമില്ല. മിക്ക നിശാശലഭങ്ങളും രാത്രിഞ്ചരരാണ്. ചിത്രശലഭങ്ങള്‍ രാത്രിയും പകലും സഞ്ചരിക്കുന്നു. എന്നാല്‍ പകല്‍ പറക്കുന്ന നിശാശലഭങ്ങളുമുണ്ട്. നിശാശലഭങ്ങളില്‍ ഭൂരിഭാഗവും ചാരനിറമുള്ളവയായിരിക്കും. പക്ഷേ, ചില നിശാശലഭങ്ങള്‍ക്ക് ചിത്രശലഭങ്ങളോളംതന്നെ വര്‍ണഭംഗി കാണുന്നു. വിശ്രമവേളകളില്‍ ചിറകുകള്‍ മടക്കിവയ്ക്കുന്ന രീതിയാണ് ഇവയെ വ്യവച്ഛേദിച്ചറിയാനുള്ള ഒരു മാര്‍ഗം. സ്പര്‍ശിനികളുടെ വ്യത്യാസവും പ്രകടമാണ്. നിശാശലഭങ്ങള്‍ക്ക് നൂലുപോലുള്ള, അറ്റംകൂര്‍ത്ത സ്പര്‍ശിനികളാണുള്ളത്. ചിത്രശലഭങ്ങളുടെ സ്പര്‍ശിനികളുടെ അറ്റം ഗദപോലെ ഗോളാകൃതിയിലാണ്. എന്നാല്‍ ചില നിശാശഭലങ്ങളിലും അഗ്രത്തിന് ഗദാകൃതിയിലുള്ള സ്പര്‍ശിനികള്‍ കാണപ്പെടുന്നുണ്ട്.

ഏറ്റവും വലിയ ശലഭം ആസ്റ്റ്രേലിയ, പാപ്പുവാന്യൂഗിനിയിലെ പോപണ്‍ഡെറ്റാ താഴ്വര എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ക്വീന്‍ അലെക്സാണ്ഡ്രാസ് ബേഡ്വിങ് (Omithopetra Alexandrae) ആണ്. ചിറകുവിസ്താരം 28 സെ.മീ. അരിസ്റ്റലോക്കിയ ഡീല്‍സിയാനാ എന്ന ശാസ്ത്രനാമമുള്ള മുന്തിരിച്ചെടിയുടെ മാത്രം അതിഥിയായ ഈ ചിത്രശലഭത്തിന് ലോകത്തിലെ അത്യപൂര്‍വ ചിത്രശലഭം എന്ന പ്രത്യേകതയുമുണ്ട്. വളരെ ഉയരത്തില്‍ പറക്കുന്ന ഈ ചിത്രശലഭങ്ങളെ വിരളമായേ കാണാന്‍ കഴിയൂ എന്നതിനാല്‍ ഇവയുടെ സംഖ്യ കണക്കാക്കുക പ്രയാസമാണ്. ഈ ശലഭത്തിന്റെ പുഴുക്കള്‍പോലും ഭൂമിയില്‍നിന്നു 40 മീ. ഉയരത്തിലുള്ള ഇലകളിലാണ് കാണപ്പെടുന്നത്. 1990-ല്‍ 90-130 ഹെക്ടര്‍ പ്രദേശം സര്‍വേക്ഷണം ചെയ്തിട്ടും ഇതിന്റെ മൂന്നു പുഴുക്കളെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് അപൂര്‍വതയ്ക്കു തെളിവാണ്.

ഏറ്റവും വലുപ്പമുള്ള നിശാശലഭം ആസ്റ്റ്രേലിയ, പാപ്പുവാ ന്യൂഗിനി എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഹെര്‍ക്കുലിസ് (കോസ്ഡിനോസെറാ ഹെര്‍ക്കുലിസ്) ആണ്. ചിറകുവിസ്താരം 28 സെ.മീ. 36 സെ.മീ. ചിറകു വിസ്താരമുള്ള ഒരു പെണ്‍ നിശാശലഭത്തെ 1948-ല്‍ ഇന്തിസ് ഫെയില്‍ (ക്വീന്‍സ്ലന്‍ഡ്, ആസ്റ്റ്രേലിയ) എന്ന സ്ഥലത്തുനിന്ന് പിടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രസീലില്‍ കാണപ്പെടുന്ന അപൂര്‍വ നിശാശലഭമായ തൈസേനിയ അഗ്രിപ്പിനായുടെ ചിറകു വിസ്താരം 30.80 സെ.മീ. ആണ്. ഏറ്റവും ചെറിയ ശലഭം കാനറി ദ്വീപ് നിവാസിയും 2 മില്ലിമീറ്റര്‍ മാത്രം ചിറകു വിസ്താരമുള്ള സ്റ്റിഗ്മെല്ലാ റിഡികുലോസ ആണ് (ആധാരം-ഗിന്നസ് ബുക്ക് ഒഫ് റിക്കോഡ്സ്, 1992).


മുമ്പു ശലഭഗോത്രത്തെ റോപലോസെറാ (Rhopalocera- ചിത്രശലഭങ്ങള്‍), ഹെറ്റെറോസെറാ (Heterocera-നിശാശലഭങ്ങള്‍) എന്നിങ്ങനെ രണ്ടായി വര്‍ഗീകരിച്ചിരിക്കുന്നു. ഈ വര്‍ഗീകരണക്രമത്തില്‍ ചിത്രശലഭങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്കിയിരുന്നത്. ശലഭഗോത്രത്തിലെ പല ബൃഹത്കുടുംബങ്ങളില്‍ ഒന്നു മാത്രമാണ് ചിത്രശലഭങ്ങള്‍ എന്നതുകൊണ്ട് ഈ വര്‍ഗീകരണം അത്ര ശാസ്ത്രീയമല്ലെന്നുവന്നു. പിന്നീട് ശലഭങ്ങളുടെ വലുപ്പത്തെ ആധാരമാക്കി സൂക്ഷ്മ ലെപിഡോപ്റ്റെറ (Microlepidoptera) സ്ഥൂല ലെപിഡോപ്റ്റെറ, (Macrolepidoptera) എന്നിങ്ങനെ ഒരു വര്‍ഗീകരണമുണ്ടായി. തുടര്‍ന്ന് ചിറകുകളെ അടിസ്ഥാനമാക്കി ഹോമോന്യൂറ (Homoneura), ഹെറ്റെറോന്യൂറ (Heteroneura) എന്നിങ്ങനെയും ഒരു വര്‍ഗീകരണമുണ്ടായി. ഇപ്പോള്‍ നിലവിലുള്ള വര്‍ഗീകരണ പദ്ധതിയനുസരിച്ച് ശലഭഗോത്രത്തെ സ്യൂഗ്ലോപ്റ്റെറ (Zeugloptera), മോണോട്രൈസിയ (Monotrysia), ഡൈട്രൈസിയ (Ditrysia) എന്നിങ്ങനെ മൂന്ന് ഉപഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്. പെണ്‍ജനനേന്ദ്രിയത്തെ ആധാരമാക്കിയുള്ളതാണ് ഈ വര്‍ഗീകരണം.

ജീവിതചക്രം. ഏതാനും ദിവസം മുതല്‍ രണ്ടോ മൂന്നോ മാസം വരെയാണ് ശലഭങ്ങളുടെ ആയുര്‍ദൈര്‍ഘ്യം. ശൈത്യപ്രദേശങ്ങളില്‍ ഒരു വര്‍ഷംവരെ ജീവിച്ചിരിക്കുന്ന ചില ഇനങ്ങളുണ്ട്. മുട്ട, പുഴു (larva, caterpillar), സമാധി (pupa), പ്രായപൂര്‍ത്തിയെത്തിയ ശലഭം (imago) എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചാണ് ശലഭങ്ങള്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നത്.

ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമുള്ളവയാണ് ശലഭമുട്ടകള്‍. ചിലത് നാണയങ്ങള്‍പോലെ പരന്നിരിക്കും (ലൈസേനിഡേ, യൂക്ളൈഡേ ശലഭമുട്ടകള്‍); മറ്റു ചിലത്-പീറിഡേ-നീണ്ടു തക്ളിപോലെ കാണുന്നു. മുട്ടയ്ക്ക് സാധാരണയായി വെള്ള, പച്ച, ഓറഞ്ച് നിറങ്ങളാണ്. ചില ശലഭമുട്ടകളുടെ പുറത്തിനു മാര്‍ദവമുണ്ടെങ്കില്‍ മറ്റു ചിലവ കട്ടിയുള്ളതും വെള്ളം കടക്കാത്തതുമായിരിക്കും. മുട്ടയുടെ ഒരു വശത്തുള്ള ദ്വാരത്തിലൂടെയാണ് ആണ്‍ബീജം ഉള്ളില്‍ കടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിഞ്ഞ് പുഴുവായി മാറുന്നു. വേനല്‍ക്കാലത്ത് മുട്ടകള്‍ വിരിയാതെ ദീര്‍ഘനിദ്രയില്‍ കഴിയാറുണ്ട്.

ശലഭം മുട്ടയിടുന്നതിനും ചില പ്രത്യേകതകളുണ്ട്. ഒന്നു മാത്രമായോ കുറേ എണ്ണം ഒരുമിച്ചോ ഒട്ടിച്ചേര്‍ന്ന ഒരുപിടി മുട്ടകളായോ മുട്ടകള്‍ നിക്ഷേപിച്ചേക്കാം. ഒന്നിച്ചാണിടുന്നതെങ്കില്‍ പശിമയുള്ള ഒരു ദ്രാവകംകൊണ്ട് മുട്ടകള്‍ ഒട്ടിച്ചുവയ്ക്കും. മുട്ടകള്‍ ഒട്ടിച്ചേര്‍ക്കുമ്പോള്‍ ശലഭത്തിന്റെ ഉദരഭാഗത്തെ രോമങ്ങള്‍കൂടി കലര്‍ത്താറുണ്ട്. സ്പേയേറിയ കുടുംബത്തിലെ ശലഭങ്ങള്‍ ആതിഥേയ സസ്യങ്ങളുടെ മുകളിലോ സമീപത്തോ പറന്നാണ് മുട്ട നിക്ഷേപിക്കാറ്.

പുഴുവിനും ഏതാനും ദിവസത്തെ ആയുര്‍ദൈര്‍ഘ്യമേയുള്ളൂ. ചിലയിനങ്ങള്‍ ഈ ഘട്ടത്തില്‍ത്തന്നെ മാസങ്ങളോളം ദീര്‍ഘനിദ്രയില്‍ കഴിയുന്നു.

പുഴുവിന് വ്യതിരിക്തമായ തലയും മൂന്ന് ഖണ്ഡങ്ങളുള്ള വക്ഷസ്സും 10 ഖണ്ഡങ്ങളുള്ള ഉദരവും ഉണ്ട്. തലയില്‍ ഒരു കൂട്ടം കുഞ്ഞുകണ്ണുകളുണ്ട്-ഭൂരിഭാഗത്തിലും ആറ് കണ്ണുകളുള്ള നേത്രസമുച്ചയമാണ് (Ocelli or Stemater). തലയില്‍ ചവയ്ക്കാനുതകുന്ന വായ്, ഇരുവശങ്ങളിലായി ഓരോ സ്പര്‍ശിനി എന്നിവയുണ്ട്. വെളിച്ചത്തിന്റെ ഏറ്റക്കുറച്ചില്‍ അറിയാന്‍ മാത്രമേ നേത്രസമുച്ചയം ഉപകരിക്കുന്നുള്ളൂ.

വക്ഷസ്സിലെ മൂന്നു ഖണ്ഡങ്ങളില്‍ (പ്രൊതോറാക്സ്, മിസോതോറാക്സ്, മെറ്റാതോറാക്സ്) ഓരോന്നിലും ഓരോ ജോടി കുഞ്ഞിക്കാലുകളുണ്ട്. ഉദരഭാഗത്തെ ആദ്യത്തെ എട്ടു ഖണ്ഡങ്ങളിലോരോന്നിലും ഓരോ ജോടി സൂക്ഷ്മരന്ധ്രങ്ങളുണ്ട്. 3, 4, 5, 6, 10 എന്നീ ഖണ്ഡങ്ങളില്‍ ഓരോ ജോടി കാലുകള്‍ കാണുന്നു. മൃദുവായ പ്രതലത്തില്‍ നടക്കാന്‍ ഈ കാലുകളാണ് ഉപയോഗിക്കുന്നത്. പുറംമേനിയില്‍ രോമങ്ങള്‍, മുഴകള്‍, മുള്ളുകള്‍ എന്നിവ ഉണ്ട്. ഈ ആവരണവിശേഷങ്ങളാണ് ശലഭങ്ങളെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്.


ശലഭത്തിന്റെ ജീവിതചക്രം(1) മുട്ട (2) പുഴു (3) പ്യൂപ്പ (4) ശലഭം

മിക്ക ശലഭങ്ങളുടെയും പുഴുക്കള്‍ ഉരുണ്ടുനീണ്ടതായിരിക്കും. യൂക്ളൈഡേ ശലഭങ്ങളുടെ പുഴുക്കള്‍ക്കു ചപ്പിയ ഉടലാണ്. ഇവയുടെ ബഹുവര്‍ണ അലങ്കാര വിശേഷങ്ങള്‍ ശത്രുക്കളെ ഭയപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ ഉതകുന്നു. ഉടലിനുള്ളില്‍ നീണ്ട ആമാശയവും വലിയ പട്ടുഗ്രന്ഥികളുമാണുള്ളത്. തിന്നുതിന്നു വളരുക എന്നതാണ് പുഴുവിന്റെ ഏകധര്‍മം. വളരുന്നതോടൊപ്പം സാധാരണനിലയില്‍ അഞ്ചു തവണ ചട്ട കഴറ്റാറുണ്ട്. ചിലയിനങ്ങള്‍ രണ്ടു തവണ മാത്രമേ ചട്ട കഴറ്റാറുള്ളൂ. മറ്റു ചിലവ അസാധാരണ പരിതഃസ്ഥിതികളില്‍ പലതവണ ചട്ട കഴറ്റുന്നു. തലച്ചോറിന് പിന്നിലുള്ള അന്തഃസ്രാവികള്‍ സ്രവിപ്പിക്കുന്ന ഹോര്‍മോണുകളാണ് പുഴുവിന്റെ വളര്‍ച്ച, ചട്ട കഴറ്റല്‍, പ്യൂപ്പയിലേക്കും ശലഭത്തിലേക്കുമുള്ള രൂപാന്തരണം എന്നിവ നിയന്ത്രിക്കുന്നത്. വളര്‍ച്ച പൂര്‍ത്തിയാക്കിയ പുഴു തീറ്റ മതിയാക്കി അന്നനാളത്തിലെ വസ്തുക്കള്‍ മുഴുവന്‍ ഒഴിച്ചശേഷം സമാധിക്കു തയ്യാറെടുക്കുന്നു. ഭൂമിക്കടിയിലോ മരക്കൊമ്പിലോ പോടുകളിലോ കൊക്കൂണ്‍-സമാധിദശ കഴിച്ചുകൂട്ടുന്നു. ചില കൊക്കൂണ്‍ പട്ടുനൂല്‍കൊണ്ട് പൊതിഞ്ഞിരിക്കും. മറ്റു ചിലത് പളുങ്കുപോലെ വെട്ടിത്തിളങ്ങുന്നതും മറ്റു ചിലവ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിനുള്ള കട്ടിത്തോടണിഞ്ഞതുമായിരിക്കും. കൊക്കൂണില്‍ കാണുന്ന ചെറിയ തുറപ്പിലൂടെയാണ് ശലഭം വിരിഞ്ഞിറങ്ങുന്നത്. വളര്‍ച്ചാഘട്ടം കടന്നാലും ഉഷ്ണകാലം സമാഗതമാകുന്നതുവരെ ശിശിരനിദ്രയില്‍ കഴിഞ്ഞുകൂടിയ ശേഷമേ ചില ഇനങ്ങള്‍ സമാധിഘട്ടത്തിലേക്കു കടക്കാറുള്ളൂ.

വിശ്രമഘട്ടമെന്നു വിശേഷിപ്പിക്കുന്ന സമാധിദശയിലാണ് ശലഭത്തിന്റെ ജീവിതചക്രത്തിലെ സങ്കീര്‍ണവും വിപുലവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. സസ്യഭാഗങ്ങള്‍ തിന്നുകൊണ്ട് ഇഴഞ്ഞുനീങ്ങുന്ന പുഴുവിന് പഴച്ചാറ്, തേന്‍ തുടങ്ങിയ ദ്രവങ്ങള്‍ ഊറിക്കുടിക്കുവാനും പറന്നുസഞ്ചരിക്കുവാനും ലൈംഗികവൃത്തിക്ക് സജ്ജമാകാനും ഒക്കെ വേണ്ട ശരീരമാറ്റങ്ങള്‍ ഈ ദശയിലാണ് രൂപപ്പെടുന്നത്. പ്രായപൂര്‍ത്തിയെത്തുന്ന ശലഭത്തിന്റെ ശരീരാവയവങ്ങള്‍ പ്യൂപ്പയുടെ പുറന്തോടിലൂടെ കാണാന്‍ കഴിയും. സമാധിയുടെ ഒരു ഘട്ടത്തില്‍ പ്യൂപ്പയുടെ ചുവട്ടിലായി ഉണ്ടായിവരുന്ന കൊളുത്തില്‍ തൂങ്ങി തലകീഴായി കിടക്കുന്ന ജീവിയാണ് സമാധിദശയുടെ അന്ത്യത്തില്‍ തോടുപൊട്ടിച്ചു ശലഭമായി പറന്നുതുടങ്ങുന്നത്. നെഞ്ചുവികസിപ്പിച്ചാണ് ശലഭം കൊക്കൂണ്‍ തോടുപൊട്ടിക്കുന്നത്. പറന്നുതുടങ്ങുന്നതിനുമുമ്പു കുറേനേരം തുഴയുകയും തൂങ്ങിക്കിടക്കുകയും ഒക്കെ ചെയ്ത് ഉടലും ചിറകും ബലപ്പെട്ടശേഷമേ പറക്കാനാരംഭിക്കൂ.

വളര്‍ച്ച പൂര്‍ത്തിയായ ശലഭത്തിന് തല, വക്ഷസ്, ഉദരം, ചിറക് എന്നീ ഭാഗങ്ങളുണ്ട്. ഒരു ജോടി സ്പര്‍ശിനി, ഒരു ജോടി കണ്ണ്, തുമ്പിക്കൈയുടെ ആകൃതിയില്‍ വാച്ചിന്റെ സ് പ്രങ്പോലെയുള്ള ചുരുണ്ട വദനഭാഗം (Proboscis) എന്നിവയാണ് തലഭാഗത്തുള്ളത്. ആവശ്യമില്ലാത്തപ്പോള്‍ വദനഭാഗം ചുരുക്കി തലയുടെ കീഴെവയ്ക്കുന്നു. ആഹാരപദാര്‍ഥങ്ങള്‍ കടിക്കുകയോ അരയ്ക്കുകയോ വേണ്ടാത്തതിനാല്‍ ശലഭത്തിന് അണയോ ഹന്വസ്ഥിയോ ഇല്ല.

വക്ഷസ്സിലെ ആദ്യഖണ്ഡത്തില്‍ (പ്രൊതോറാക്സ്) കോളര്‍ പോലുള്ള ഒരു ജോടി അവയവം (Patagia), ഒരു ജോടി സൂക്ഷ്മരന്ധ്രങ്ങള്‍, ഒരു ജോടി മുന്‍കാലുകള്‍ എന്നിവയുണ്ട്. അടുത്ത ഖണ്ഡമായ മെറ്റാതോറാക്സിലാണ് പിന്‍ചിറകുകളും പിന്‍കാലുകളും.

ഉദരഭാഗത്ത് പത്ത് ഖണ്ഡങ്ങള്‍ ഉണ്ട്. ഏഴാം ഖണ്ഡം വരെ ഓരോന്നിലും ഓരോ ജോടി സൂക്ഷ്മരന്ധ്രങ്ങളുണ്ട്. ഏറ്റവും പിന്നിലാണ് ലൈംഗികാവയവങ്ങള്‍. ഇണചേരലിനും മുട്ടയിടുന്നതിനും ഉള്ള സംവിധാനം വികസിതമാണ്. ലൈംഗികാവയവങ്ങളാണ് ശലഭങ്ങളുടെ വര്‍ഗീകരണം സാധ്യമാക്കുന്നത്.

മിക്ക ശലഭങ്ങളും ഉദരത്തിലെ അവസാന ഖണ്ഡത്തില്‍ പതാകപോലെ പറപ്പിക്കാന്‍ കഴിയുന്ന ഒരു കൂട്ടം രോമങ്ങളുണ്ട്. ഈ രോമക്കൂട്ടം ഇണചേരലിനു മുന്നോടിയായുള്ള ചേഷ്ടകളില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഊറിക്കുടിക്കുന്ന തേനും മറ്റും ശലഭങ്ങളുടെ തലയ്ക്കും വക്ഷസ്സിനും ഇടയ്ക്കായി സ്ഥിതിചെയ്യുന്ന കണ്ഠസഞ്ചി(Crop)യില്‍ ശേഖരിക്കപ്പെടും. ഉദരത്തിനുള്ളില്‍ ഇരട്ട അണ്ഡാശയവും ബീജസഞ്ചികളും ഉണ്ട്. ഇവ പ്രത്യുത്പാദനഗ്രന്ഥികളുമായും ലൈംഗികാവയവങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്നു.

പുഴുവിന്റെ തൊലിക്കുള്ളില്‍ ചെറിയ അടപ്പുകള്‍പോലെ ഉണ്ടായിരുന്ന അവയവമാണ് സമാധിയവസ്ഥയില്‍ ചിറകുകളായി രൂപാന്തരം പ്രാപിക്കുന്നത്. ചിറകുകളിലൊട്ടാകെ ശാഖോപശാഖകളുള്ള ബലമുള്ള സിരകളുണ്ട്. സിരാവിന്യാസമാണ് ശലഭങ്ങളെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം. ശലഭങ്ങളുടെ വര്‍ഗീകരണത്തിനും പരിണാമപഠനങ്ങള്‍ക്കും ഇത് സഹായകമാണ്.

മൈക്രോപ്റ്റെറിജിഡേ, ഹെപിയാലിഡേ തുടങ്ങിയ ആദിമ ശലഭങ്ങളുടെ പിന്‍ചിറകുകളും സിരാവിന്യാസവും ഒരുപോലെയായിരുന്നു. എന്നാല്‍ പില്ക്കാല ശലഭങ്ങളില്‍ പിന്‍ചിറകുകള്‍ താരതമ്യേന ചെറുതും സിരാവിന്യാസം ലളിതവുമായി. ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ചിറകുകളില്‍ ഒന്നിനോടൊന്ന് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ശല്ക്കങ്ങളുണ്ട്.

രോമങ്ങളിലും ശല്ക്കങ്ങളിലും ഉള്ള വര്‍ണവസ്തുക്ക(pigments)ളാണ് ശലഭങ്ങള്‍ക്ക് നിറപ്പകിട്ട് നല്കുന്നത്.

സമീപ വസ്തുക്കള്‍ മനസ്സിലാക്കാന്‍ ശലഭനേത്രസമുച്ചയത്തിന് കഴിയുമെങ്കിലും ദൂരക്കാഴ്ചകള്‍ ഇവയുടെ കണ്ണിലെത്താറില്ല. നിറങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഇവയ്ക്കുകഴിയും. നഗ്നനേത്രങ്ങള്‍കൊണ്ട് മനുഷ്യന് കാണാന്‍ കഴിയാത്ത അള്‍ട്രാവയലറ്റ് രശ്മികള്‍ നിശാശലഭങ്ങള്‍ക്കു കാണാനാകും. ശലഭങ്ങള്‍ക്ക് പ്രത്യേകിച്ച്, ആണ്‍ശലഭങ്ങള്‍ക്ക് അസാധാരണമായ ഘ്രാണശേഷിയുണ്ട്. ഇവയുടെ സ്പര്‍ശിനികളില്‍ വളരെ ചെറുതും പ്രവര്‍ത്തനക്ഷമവുമായ നിരവധി ഘ്രാണഗ്രന്ഥികളുണ്ട്. തന്മൂലം ഇവയുടെ രസനാശേഷി മഹത്തരമാണ്.

ശലഭങ്ങള്‍ അത്യാകര്‍ഷകങ്ങളായ പ്രേമലീലകള്‍ കാട്ടാറുണ്ട്. വിവിധ ഇനങ്ങളുടെ ലൈംഗികചേഷ്ടകള്‍ വ്യത്യസ്തങ്ങളാണ്. നിറംകൊണ്ടോ ചേഷ്ടകൊണ്ടോ ആണ് ഇണകള്‍ പരസ്പരം തിരിച്ചറിയുന്നത്. ഇവ പിന്നീട് ലൈംഗിക ഗ്രന്ഥികളില്‍നിന്നും വിശേഷവത്കൃത വാസനാശല്ക്കങ്ങളില്‍നിന്നും സുഗന്ധദ്രവ്യങ്ങള്‍ സ്രവിപ്പിക്കുന്നു. ചക്രവര്‍ത്തീശലഭത്തിന് (Eudia Pavonia) 11 കി.മീ. അകലെ നിന്നുപോലും കന്യകാശലഭത്തില്‍നിന്നും ഉതിരുന്ന ലൈംഗികാകര്‍ഷണ വസ്തുവിന്റെ വാസന പിടിച്ചെടുക്കാനാവുമെന്ന് 1961-ല്‍ ജര്‍മനിയില്‍ നടത്തിയ പരീക്ഷണം തെളിയിച്ചിട്ടുണ്ട്. സാന്ദ്രതയേറിയ ആല്‍ക്കഹോള്‍ ആണ് ഈ സ്രവം (ഫോര്‍മുല: ഇ16ഒ29ഛഒ). ഒരു പെണ്‍ശലഭത്തില്‍ അടങ്ങിയിരിക്കുന്ന സ്രവത്തിന്റെ അളവ് 0.0001 മില്ലിഗ്രാമില്‍ താഴെയാണ്.

ഓരോ ഇനത്തിന്റെയും ഇണചേരല്‍ സമയം വ്യത്യസ്തമാണ്. രാത്രിസമയത്ത് ഇണചേരുന്നവ പകലിനെ ഒഴിവാക്കുന്നു.

കൂട്ടത്തോടെയാണ് ചില ജാതി ശലഭങ്ങള്‍ ജലാശയങ്ങളിലും മറ്റും കുടിനീരിനെത്തുക. രാത്രികാലങ്ങളില്‍ ഒരു വലിയ സംഘം ഒരുമിച്ച് ഒരിടത്തു മാത്രം വിശ്രമിക്കുന്ന സ്വഭാവവും ചില ഇനങ്ങള്‍ക്കുണ്ട് (ഉദാ. ഹെലികോണിയസ്). ദേശാന്തരഗമന വേളകളില്‍ 130 ദിവസംകൊണ്ട് ഒരു ശലഭം 3000 കി.മീ. താണ്ടിയതായി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വേഗതയുള്ള ദേശാടന ശലഭം മൊണാര്‍ക്കാണ്. മണിക്കൂറില്‍ 30-40 കി.മീ. വേഗത്തിലോടുന്ന ഒരു വാഹനത്തിനൊപ്പം പറക്കാനിവയ്ക്കുകഴിയുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചിത്രശലഭങ്ങളും പകല്‍ പറക്കുന്ന നിശാശലഭങ്ങളും ദേശാന്തരഗമനം നടത്തുന്നു. പീറിഡ് എന്നയിനം ചിത്രശലഭങ്ങള്‍ കോടിക്കണക്കിന് ഒരുമിച്ച് കടലിലേക്കു പറന്ന് കൂട്ട ആത്മഹത്യ നടത്താറുണ്ട്. വര്‍ഷകാലത്ത് ദക്ഷിണഗമനം നടത്തുകയും വസന്തകാലത്ത് ഉത്തര ദിക്കിലേക്കു മടങ്ങുകയും ചെയ്യുന്നത് പെയിന്റഡ് ലേഡി (Vanessa Carduii) യുടെ പ്രത്യേകതയാണ്.

ശലഭവും സസ്യ-ജന്തുജാലങ്ങളും. പുഴുവായിരിക്കുന്ന ഘട്ടത്തില്‍ ചെടികളുടെ തണ്ടും ഇലയും പൂവും കായും നിരന്തരം ഭക്ഷിച്ചാണ് ചിത്രശലഭങ്ങള്‍ വളരുന്നത്. കോസ്സിഡേ, ഏഗെറിഡേ എന്നീ കുടുംബങ്ങളിലെ ശലഭങ്ങള്‍ മരങ്ങളുടെ തടിയും വേരുമാണ് ഭക്ഷണമാക്കുന്നത്. പുല്ല്, നെല്ല് എന്നിവയുടെ തണ്ടുതുരന്നു ജീവിക്കുന്നവയും ഉണ്ട്. ചിലയിനങ്ങള്‍ കാട്ടില്‍ വീണുകിടക്കുന്ന ഉണങ്ങിയ ഇലമാത്രം തിന്നുന്നു. സസ്യരോഗങ്ങളുടെ വാഹകരാണ് ചില ശലഭങ്ങള്‍.

മിക്ക സപുഷ്ടികളും പരാഗണത്തിനു ശലഭങ്ങളെയാണ് ആശ്രയിക്കുന്നത്. ചില ഓര്‍ക്കിഡ് ഇനങ്ങളും മോണിങ്ഗ്ളോറി പോലുള്ള ചില ചെടികളും സ്ഫിങ്ങിഡേ നിശാശലഭങ്ങളെയാണ് ആശ്രയിക്കുന്നത്. ശലഭപ്പുഴുക്കളുടെ വിസര്‍ജ്യങ്ങള്‍ മണ്ണിന്റെ ഫലപുഷ്ടിക്ക് കാര്യമായ പ്രയോജനം ചെയ്യുന്നുണ്ട്. യൂക്കാ നിശാശലഭങ്ങള്‍ (ടെഗേറ്റിക്കുലാ) രസഭര സസ്യമായ യൂക്കാ പുഷ്പങ്ങളില്‍ പരാഗവിതരണം നടത്തുന്നതോടൊപ്പം മുട്ടയിടുകയും ചെയ്യുന്നു. മുട്ട പുഴുവായി കായ്ക്കുള്ളില്‍ ഇരുന്നുതിന്ന്, പ്യൂപ്പയും പിന്നെ ശലഭവുമായി പറന്നുപോകുന്നു. അന്വാദന(Symbiosis)മാണ് ഇവിടെ നടക്കുന്നത്.

എല്ലാ ജീവിത ദശകളിലും ശലഭങ്ങള്‍ക്ക് ധാരാളം ശത്രുക്കളുണ്ട്. പഴുതാര, ചിലന്തി, കടന്നല്‍, തവള, ഓന്ത്, കരണ്ടുതീനികള്‍, വാവല്‍, കുരങ്ങ്, ചിലയിനം പറവകള്‍ തുടങ്ങിയവ ശലഭങ്ങളെയും അവയുടെ മുട്ട, പുഴു എന്നിവയെയും ഇരയാക്കുന്നു. ചില കടന്നല്‍ ഇനങ്ങളും ടാക്കിനാ ഈച്ചകളുമാണ് പരാദങ്ങളായി ശലഭങ്ങളെ ആക്രമിക്കുന്നത്. പെണ്‍ കടന്നലും ടാക്കിനാ പെണ്ണീച്ചയും ശലഭങ്ങളുടെ ഉടലില്‍ത്തന്നെ മുട്ടയിടുന്നു. ഇവ ശലഭത്തിന്റെ ഉടലില്‍ത്തന്നെ വിരിഞ്ഞു രൂപാന്തരം പ്രാപിച്ച് ഒടുവില്‍ ആതിഥേയന്റെ കഥകഴിക്കുന്നു.

മറ്റു ഷട്പദങ്ങളുടെ വിസര്‍ജ്യങ്ങള്‍ക്കു പുറമേ തേനീച്ച, പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ കൂടുകളില്‍നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളുടെ സത്ത് ചില ചിത്രശലഭങ്ങള്‍ ആഹരിക്കാറുണ്ട്.

ശത്രുക്കളെ നേരിടാനുള്ള കരുത്തോ അവയില്‍നിന്ന് രക്ഷപ്പെടാനുള്ള കഴിവോ ശലഭങ്ങള്‍ക്കില്ല. പ്രജനനശേഷിയാണ് ഇതിന്റെ ഒന്നാം പ്രതിരോധനിര. ഒരു പെണ്‍ശലഭം ഒരു തവണ 50 മുതല്‍ 1000 വരെ മുട്ടയിടും. ഇതില്‍ കുറേയൊക്കെ ശത്രുവിന്റെ ആക്രമണത്തില്‍ നശിക്കുമെങ്കിലും അംഗസംഖ്യയില്‍ കാര്യമായ കുറവു വരാറില്ല. പ്രകൃതി ചില രക്ഷാമാര്‍ഗങ്ങളും ഇവയ്ക്കു നല്കിയിട്ടുണ്ട്. നോട്ടോഡോന്റിഡേ, ആര്‍ക്റ്റിഡേ, സൈഗേനിഡേ എന്നീ നിശാശലഭ കുടുംബങ്ങളെയും ഡാനായ്നേ, ഹെലികോണിനേ, പാപിലിയോനിഡേ എന്നീ ചിത്രശലഭ കുടുംബങ്ങളുടെയും പുഴുക്കള്‍ക്ക് ഗ്രന്ഥികളില്‍നിന്നും രക്തത്തില്‍നിന്നും അമ്ലങ്ങളും ആല്‍ക്കലോയ്ഡുകളും ഹൈഡ്രജന്‍ സയനൈഡും സ്രവിപ്പിക്കാനുള്ള കഴിവുണ്ട്. അരുചികരമോ വിഷാംശമുള്ളതോ ആയ ഈ സ്രവങ്ങള്‍ ശത്രുക്കളെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമാണ്. പുഴുക്കളുടെ വിഷസ്രവസിദ്ധി സമാധിദിശയിലും ശലഭമായിത്തീര്‍ന്നശേഷവും നിലനില്‍ക്കുന്നു. പ്രകൃതി പരിരക്ഷ നല്കിയിട്ടുള്ള ഇവയ്ക്ക് അത്യാകര്‍ഷങ്ങളായ വര്‍ണവിശേഷം ഉണ്ടാവുമെന്നത് ശ്രദ്ധേയമാണ്. പ്രത്യേക താളത്തോടെയാണ് ഇവ സഞ്ചരിക്കുക. അനുഭവത്തില്‍നിന്നും അപകടം മനസ്സിലാക്കിയ ശത്രുക്കള്‍ ഇവയെ കാണുമ്പോള്‍ത്തന്നെ ഒഴിവാക്കുന്നു. വിഷാംശമുള്ള ശലഭങ്ങളെ അനുകരിച്ച് നിര്‍ദോഷികളും ശത്രുക്കളില്‍നിന്ന് രക്ഷനേടാറുണ്ട്. യൂക്ലൈഡേ, മെഗലോ പൈജിഡേ തുടങ്ങിയ ശലഭകുടുംബങ്ങളിലെ പുഴുക്കളുടെ പുറത്ത് സൂചിപോലുള്ള രോമങ്ങളുണ്ട്. തൊട്ടാല്‍ ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ചൊറിച്ചിലുണ്ടാക്കുന്ന ഇവയ്ക്ക് ആട്ടാന്‍ പുഴു, ചൊറിയന്‍ പുഴു എന്നൊക്കെ പേരുകളുണ്ട്.

ശത്രുക്കളെ വിരട്ടിയോടിക്കാന്‍പോന്ന വര്‍ണവിശേഷവും രൂപവുമുള്ള ശലഭങ്ങളുമുണ്ട്. ചിറകുകള്‍ പല കഷണങ്ങളാണെന്നു തോന്നിപ്പിക്കുന്ന രൂപമാണ് ചിലയിനങ്ങള്‍ക്ക്. മറ്റു ചിലതിന് ഇലപ്പച്ചനിറവും ദ്വാരങ്ങളാണെന്നു തോന്നുമാറുള്ള വെള്ളപ്പുള്ളികളുമുണ്ട്. ശത്രുക്കളെ അമ്പരപ്പിക്കാനുതകുന്ന വര്‍ണങ്ങളുണ്ടാവും ചിലയിനങ്ങള്‍ക്ക് (ഉദാ. കാറ്റോ കലനുപ്റ്റാ). കടും ചുവപ്പ്, ഓറഞ്ച്, വെള്ള, കറുപ്പ് എന്നീ നിറങ്ങള്‍ ഒത്തുചേര്‍ന്ന ചിറകുകള്‍ പെട്ടെന്നുവീശി പറക്കുമ്പോള്‍ അക്രമിയുടെ കണ്ണു മഞ്ഞളിച്ചുപോവുകയും ആ നിമിഷംകൊണ്ട് ശലഭം രക്ഷപ്പെടുകയും ചെയ്യും.

ഇല ചുരുട്ടി കൂടുണ്ടാക്കി അതിനുള്ളില്‍ താമസമാക്കുന്ന ശലഭപ്പുഴുവിനെ മറ്റൊരിലയായി ശത്രുക്കള്‍ തെറ്റിദ്ധരിക്കുന്നതുമൂലവും ശലഭങ്ങള്‍ രക്ഷപ്പെടുന്നു. സൈക്കിഡേ കുടുംബത്തിലെ പുഴുക്കള്‍ ഇലയും ചെറുതണ്ടും ചേര്‍ത്താണ് കൂടുണ്ടാക്കുന്നത്.

ആര്‍ക്റ്റിഡേ കുടുംബത്തിലുള്ള കരടി ശലഭങ്ങള്‍ക്ക് വാവലിനെപ്പോലെ ശബ്ദമുണ്ടാക്കാന്‍ കഴിയും. ഇവയ്ക്ക് വാവലുകളുടെ ശബ്ദാതീതവേഗ പ്രേഷണങ്ങള്‍ തിരിച്ചറിയാനും അങ്ങനെ വാവലുകളില്‍നിന്ന് രക്ഷപ്പെടാനും കഴിയുന്നു.

സാമ്പത്തിക-പാരിസ്ഥിതിക പ്രാധാന്യം. താരതമ്യേന വളരെ കുറച്ചു ശലഭങ്ങള്‍ മാത്രമേ മനുഷ്യനു പ്രയോജനകരമായിട്ടുള്ളൂ. പട്ടുനൂലിന്റെ സ്രോതസ്സ് ബോംബിക്സ് മോറി (Bombyxmori) എന്ന ചിത്രശലഭത്തിന്റെ പുഴുവാണ്. പട്ടുനൂല്‍ പുഴുവിനെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി കൊക്കൂണ്‍ ഘട്ടത്തില്‍ അവയെ കൊന്ന് പട്ടുനൂല്‍ ശേഖരിക്കുന്നു (നോ. പട്ടുനൂല്‍ വ്യവസായം, മള്‍ബറി). കളനാശിനികളായ ചില സ്പീഷീസുമുണ്ട് (ഉദാ. കാക്റ്റോബ്ളാസ്റ്റിസ് കാക്റ്റോറം). ആസ്റ്റ്രേലിയയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലത്ത് കാടുപോലെ വളര്‍ന്ന കള്ളിച്ചെടിയെ നശിപ്പിക്കാന്‍ ഈ ശലഭത്തിനെയാണ് ഉപയോഗിച്ചത്. ജനിതകം, ശരീരശാസ്ത്രം, പരിണാമം എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് നിരവധി ശലഭങ്ങളെ പ്രയോജനപ്പെടുത്തിവരുന്നു.

മനുഷ്യരാശിക്ക് ഉപദ്രവകാരികളായ നിരവധി ശലഭങ്ങളുണ്ട്. വനസമ്പത്തിന് കനത്ത നാശമുണ്ടാക്കുന്നവയാണ് കോറിസ്റ്റോ ന്യൂറോഫ്യൂമിഫെറാന, അള്‍സോഫില, ഡാലിയ ക്രിറ്റ, ലിമാന്‍ട്രിയാ ഡിസ്പാര്‍, സ്യസൈറാ പൈറിന എന്നീയിനങ്ങള്‍. ഫലവൃക്ഷങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നവയാണ് ലാസ്പേയ്റേസിയ പൊമോനെല്ല, സാന്നിനോയ്ഡിയാ എക്സിറ്റിയോസാ തുടങ്ങിയ ശലഭങ്ങള്‍. വിളകള്‍ക്ക് നാശമുണ്ടാക്കുന്നവയാണ് നൊക്റ്റ്വിഡേ കുടുംബത്തില്‍പ്പെട്ട ശലഭങ്ങള്‍.

പരിസ്ഥിതിരംഗത്ത് ചിത്രശലഭങ്ങള്‍ക്കും നിശാശലഭങ്ങള്‍ക്കും ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. സസ്യഭാഗങ്ങള്‍ ധാരാളമായി തിന്നുതീര്‍ക്കുന്ന പുഴു ശലഭമായിത്തീരുമ്പോള്‍ പുഷ്പങ്ങളില്‍നിന്ന് തേനും പഴച്ചാറും ഊറിക്കുടിക്കുന്നതോടൊപ്പം പരാഗവിതരണവും നടത്തി സസ്യജാലത്തിന്റെ വംശവര്‍ധനയില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ധാരാളം ശലഭങ്ങള്‍ മറ്റു ജന്തുക്കള്‍ക്ക് ആഹാരമായിത്തീരുന്നുമുണ്ട്.

(കെ. രാജേന്ദ്രബാബു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍