This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രലേഖ(ഫിലിം സൊസൈറ്റി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രലേഖ (ഫിലിം സൊസൈറ്റി)

ഒരു ഫിലിം സൊസൈറ്റി. നല്ല സിനിമയുടെ നിര്‍മാണത്തിനും പ്രചാരണത്തിനുംവേണ്ടി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിച്ച പ്രസ്ഥാനമാണിത്. 1964-ല്‍ ആരംഭിച്ച കേരളത്തിലെ ഈ ആദ്യ ഫിലിം സൊസൈറ്റിയുടെ മുഖ്യ ശില്പികള്‍ പൂന ഫിലിം ഇസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായിരുന്ന അടൂര്‍ ഗോപാലകൃഷ്ണനും ബോംബെ ഭാരതീയ വിദ്യാഭവനില്‍ ജേണലിസം വിദ്യാര്‍ഥിയായിരുന്ന കുളത്തൂര്‍ ഭാസ്കരന്‍ നായരുമാണ്. ചലച്ചിത്രനിര്‍മാണം, ചലച്ചിത്ര സാഹിത്യരചന, ചലച്ചിത്രാസ്വാദകസംഘങ്ങളുടെ രൂപീകരണം എന്നിവയായിരുന്നു ചിത്രലേഖയുടെ മുഖ്യപരിപാടികള്‍.

നല്ല സിനിമയ്ക്കുവേണ്ടിയുള്ള പശ്ചാത്തലം ഒരുക്കുന്നതിനായി ചലച്ചിത്ര സാഹിത്യരചനയ്ക്കാണ് പ്രഥമ പരിഗണന നല്കിയത്. പിന്നീട് നല്ല ചിത്രങ്ങള്‍ കാണുന്നതിന് താത്പര്യമുള്ളവര്‍ക്കായി വിദേശത്തുനിന്ന് അത്തരം ചിത്രങ്ങള്‍ വരുത്തി പ്രദര്‍ശിപ്പിക്കുക, പ്രസിദ്ധ സംവിധായകരെയും വിമര്‍ശകരെയും ക്ഷണിച്ചുവരുത്തി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ പരിപാടികളും ചിത്രലേഖ നടപ്പാക്കിത്തുടങ്ങി.

കവിതകള്‍, സാഹിത്യകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ കേരളത്തിലങ്ങോളമിങ്ങോളം 100-ലധികം ഫിലിം സൊസൈറ്റികള്‍ സംഘടിപ്പിക്കുന്നതിന് ചുരുങ്ങിയ കാലത്തിനകം ചിത്രലേഖയുടെ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. 'അസോസിയേഷന്‍ ഒഫ് ഫിലിം സൊസൈറ്റീസ് ഇന്‍ കേരള' എന്ന സംഘടനയും ചിത്രലേഖ മുന്‍നിന്നു രൂപീകരിക്കുകയുണ്ടായി. ക്രമേണ വ്യാവസായികാടിസ്ഥാനത്തിലുള്ള ചിത്രനിര്‍മാണം ലക്ഷ്യം വച്ചുകൊണ്ട് സഹകരണസംഘമായി (ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റീവ്) ഇതുമാറി. സംഘത്തിന്റെ സ്ഥാപക ചെയര്‍മാന്‍ കെ.ആര്‍. ഇലങ്കത്തും വൈസ് ചെയര്‍മാന്‍ കുളത്തൂര്‍ ഭാസ്കരന്‍ നായരും സെക്രട്ടറി അടൂര്‍ ഗോപാലകൃഷ്ണനുമായിരുന്നു.

മലയാളത്തിലെ പുതിയ സിനിമയ്ക്കു തുടക്കംകുറിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' ചിത്രലേഖയുടെ പ്രഥമ സംരംഭമായിരുന്നു. ദേശീയതലത്തിലുള്ള നിരവധി അവാര്‍ഡുകള്‍ ഈ ചിത്രംനേടി. 1974-ല്‍ തിരുവനന്തപുരത്ത് വേളി കായലിന്റെ തീരത്ത് ആക്കുളത്ത് ചിത്രലേഖ സ്റ്റുഡിയോയ്ക്കു തുടക്കം കുറിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഈ സംരംഭത്തിനുവേണ്ട സഹായസഹകരണങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യുന്നതില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ചിത്രലേഖയുടെ ബാനറില്‍ നിര്‍മിച്ച 'കൊടിയേറ്റവും' നിരവധി അവാര്‍ഡുകള്‍ നേടി. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്കു വെളിയിലും ചിത്രലേഖയുടെ ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമാലോകത്ത് ചിത്രലേഖ സൃഷ്ടിച്ച നല്ല സിനിമയുടെ ഭാവുകത്വവും സംസ്കാരവും ഒട്ടധികം പുതിയ ചലച്ചിത്രകാരന്മാര്‍ക്കു മുന്നോട്ടുവരുന്നതിന് അവസരമുണ്ടാക്കി.

സ്വന്തം സ്റ്റുഡിയോയും സാമ്പത്തിക സൗകര്യങ്ങളുമുണ്ടായെങ്കിലും മൂന്നാമതൊരു ചിത്രം നിര്‍മിക്കാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞില്ല. പലവിധ ആഭ്യന്തര പ്രശ്നങ്ങളില്‍പ്പെട്ടു പത്തുവര്‍ഷമായി നിര്‍ജീവാവസ്ഥയിലായിരുന്ന ചിത്രലേഖാ ഫിലിം സൊസൈറ്റി 1996-ല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

(കുളത്തൂര്‍ ഭാസ്കരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍