This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രകാവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രകാവ്യം

ചിത്രരൂപത്തിലുള്ള കാവ്യം. 'യദപ്യംഗമപിചാരുതച്ചിത്രം' എന്ന് അപ്പയ്യദീക്ഷിതര്‍ ചിത്രകാവ്യത്തെ നിര്‍വചിക്കുന്നു. കാവ്യത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങള്‍ ധ്വനികാവ്യം, ഗുണീഭൂതവ്യംഗ്യം, ചിത്രകാവ്യം എന്നിവയാണ്. ഇവയില്‍ ധ്വനി ഉത്തമമായും ഗുണീഭൂതവ്യംഗ്യം മധ്യമമായും ചിത്രകാവ്യം അധമമായും കണക്കാക്കപ്പെടുന്നു.

ചിത്രകാവ്യത്തിന് ശബ്ദചിത്രം, അര്‍ഥചിത്രം, ഉഭയചിത്രം എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. ശബ്ദചിത്രങ്ങള്‍ ശബ്ദാലങ്കാരമായോ വിലോമകാവ്യമായോ ചിത്രബന്ധങ്ങളായോ ആണ് നിബന്ധിക്കുന്നത്. ശബ്ദാലങ്കാരങ്ങളില്‍ അനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ളേഷം, വക്രോക്തി എന്നിവയാണു പ്രധാനം. ഒരു വരിയെത്തന്നെ മുന്നോട്ടും പിന്നോട്ടും വായിക്കുമ്പോള്‍ അര്‍ഥം പൂര്‍ണമാവുകയോ വ്യത്യസ്താര്‍ഥം കിട്ടുകയോ ചെയ്യുന്ന കാവ്യമാണ് വിലോമകാവ്യം. ചിത്രബന്ധങ്ങള്‍ ഗതിചിത്രം, ആകാരചിത്രം, ബന്ധചിത്രം എന്ന് മൂന്ന് വിധം. ഗതിചിത്രങ്ങളില്‍ അര്‍ധഭ്രമം (അര്‍ധപാദചലനം), സര്‍വതോഭദ്രം (എല്ലാദിശകളിലേക്കുമുള്ള ചലനം), ഗോമൂത്രികം (പശു മൂത്രമൊഴിക്കുന്നതുപോലെ), തുരഗപാദം (കുതിരയുടെ പാദചലനം), ഷാരയന്ത്രം (ചതുരംഗം പോലെ) എന്നിവ പെടുന്നു. ഈ ബന്ധങ്ങളില്‍ ഒരു നിര്‍ദിഷ്ടരീതിയില്‍ വായിക്കുമ്പോള്‍ കവിതയ്ക്ക് അര്‍ഥം ലഭിക്കുന്നു. അക്ഷരങ്ങളെ പദ്മം, ചക്രം, മുസലം, നാഗം, മുരജം, രഥം മുതലായവയുടെ ആകൃതിക്ക് യോജിക്കുന്ന വിധത്തില്‍ വിന്യസിച്ചു പദ്യമുണ്ടാക്കുന്നതിന് 'പദ്മാദി ആകാരബന്ധങ്ങള്‍' എന്നുപറയുന്നു. കുട, പതാക, വാള്‍ തുടങ്ങിയവയുടെ സാങ്കല്പിക രൂപങ്ങള്‍ക്കനുസരിച്ച് വര്‍ണങ്ങളെ നിബന്ധിക്കുന്നത് ബന്ധചിത്രം.

അര്‍ഥചിത്രത്തില്‍ എല്ലാവിധ അര്‍ഥാലങ്കാരങ്ങളുംപ്പെടുന്നു. ഇതില്‍ത്തന്നെ സാമ്യമൂലകങ്ങളാണ് പ്രധാനം. ഇവയെ അധമകാവ്യങ്ങളുടെ കൂട്ടത്തില്‍ പെടുത്താനാവില്ലെന്ന് അപ്പയ്യദീക്ഷിതരും ജഗന്നാഥപണ്ഡിതരും അഭിപ്രായപ്പെടുന്നു.

ഉഭയചിത്രം ശബ്ദചിത്രവും അര്‍ഥചിത്രവും കലര്‍ന്നതാണ്. പ്രഹേളികകളും കൂടചിത്രവുമാണിതില്‍ പ്രധാനം. കാവ്യഗതമായ ചോദ്യോത്തരങ്ങളും ശ്ളേഷവുമാണ് പ്രഹേളികകള്‍. കൂടചിത്രത്തില്‍ കവി ചില ഭാഗങ്ങളെ ഒളിച്ചുവയ്ക്കുകയോ ഒരക്ഷരമോ വര്‍ണമോ വിസര്‍ഗമോ ഉപേക്ഷിക്കുകയോ ചെയ്യുന്നു. അനുവാചകന്‍ പദ്യത്തിന്റെ അര്‍ഥം കണ്ടെത്തണം.

കഥാത്രയി, പഞ്ചകല്യാണി, നളോദയം, ത്രിപുരദഹനം, യുധിഷ്ഠിരവിജയം എന്നിവ ചിത്രകാവ്യങ്ങള്‍ക്കുദാഹരണമാണ്. രാഘവ പാണ്ഡവീയം എന്ന ചിത്രകാവ്യത്തിലെ എല്ലാ പദ്യത്തിനും രാമായണപരമായും ഭാരതപരമായും ഉള്ള അര്‍ഥമുണ്ട്.

മലയാളത്തില്‍ സമ്പൂര്‍ണമായ ചിത്രകാവ്യങ്ങള്‍ വിരളമാണ്. അനന്തപുരവര്‍ണനം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൃതിയാണെന്നു കരുതാം. രാമചന്ദ്രവിലാസം, രുഗ്മാംഗദചരിതം എന്നീ മഹാകാവ്യങ്ങള്‍ ചിത്രസര്‍ഗം സ്വീകരിച്ചിട്ടുണ്ട്. കൊച്ചുണ്ണിത്തമ്പുരാന്റെ പാണ്ഡവോദയത്തില്‍ യമകരൂപേണ ശബ്ദചിത്രം സ്വീകരിച്ചിട്ടുണ്ട്. കുട്ടമത്തിന്റെ കാളിയമര്‍ദനം, നീതിവര്‍മന്റെ കീചകവധം എന്നിവയിലും ഈ രീതി കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍