This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്തോര്‍ഗഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്തോര്‍ഗഡ്

Chittorgarh

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന നഗരവും. നഗര വിസ്തീര്‍ണം: 10,856 ച.കി.മീ. ജനസംഖ്യ: 96,028 (2001). ഉദയ്പൂരിന് 104 കി.മീ. വടക്കുമാറി സ്ഥിതിചെയ്യുന്നു ഈ നഗരം. പഴയ ഒരു നാട്ടു രാജ്യമായിരുന്ന ഈ പ്രദേശത്തിന് രജപുത്ര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. 7-ാം ശ.-ത്തില്‍ ഇവിടെ ഭരണാധികാരിയായിരുന്ന ചിത്തരങ് ആണ് ചിത്തോര്‍(ഡ്)(ചിറ്റൂര്‍) സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് ചിത്രകൂട് എന്നായിരുന്നു ഇതിന്റെ പേര്. ചിത്തോരിന് തെ. ചിത്തരങ് എന്ന പേരുള്ള ഒരു തടാകം ഇന്നും കാണുന്നുണ്ട്. മുസ്ലിം ഭരണാധികാരികളായിരുന്ന അലാവുദീന്‍ ഖില്‍ജി (1303), ഗുജറാത്തിലെ ബഹാദൂര്‍ഷാ (1534), മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന ബാബര്‍ (1527), അക്ബര്‍ (1567-68) തുടങ്ങിയവര്‍ ഇവിടം ആക്രമിച്ചിട്ടുണ്ട്. ചിത്തോര്‍ ആക്രമിച്ചവരെയെല്ലാം ധീരമായി നേരിട്ട രജപുത്രരുടെയും എതിരാളികള്‍ക്ക് കീഴടങ്ങേണ്ടിവരുമെന്നറിയുമ്പോള്‍ത്തന്നെ ആത്മാഹൂതി ചെയ്യുന്ന രജപുത്രവനിതകളുടെയും കഥയാണ് ചിത്തോറിനു പറയാനുള്ളത്. രജപുത്രവനിതകള്‍ സ്വീകരിച്ചുപോന്ന ഈ ആത്മാഹൂതി ജോഹര്‍ എന്ന് അറിയപ്പെട്ടിരുന്നു. റാണി പദ്മിനി, റാണി കര്‍ണാവതി തുടങ്ങിയവര്‍ ജോഹര്‍ ആചാര പ്രകാരം ആത്മാഹൂതി ചെയ്ത രജപുത്രവനിതകളായിരുന്നു.

ചിത്തോര്‍ ഭരിച്ചിരുന്ന പ്രധാനപ്പെട്ട രജപുത്രഭരണാധികാരികള്‍ മഹാറാണ കുംഭന്‍, മഹാറാണ സംഘന്‍, മഹാറാണ പ്രതാപ്, റാണാ ഉദയ് സിങ് എന്നിവരായിരുന്നു. അക്ബറോടു പൊരുതി വീരചരമം പ്രാപിച്ച റാണാ ഉദയ് സിങ്ങിന്റെ അനുയായികള്‍ ആയിരുന്നു ജയ്മാലും ഫാത്തയും. ഇവരുടെ ധീരത അക്ബറിനെ ആകര്‍ഷിക്കുകയും അവരുടെ ഓര്‍മയ്ക്കായി ആഗ്രയിലുള്ള തന്റെ കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ രണ്ടു പേരുടെയും മാര്‍ബിള്‍ പ്രതിമകള്‍ അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു.

ചിത്തോര്‍ പ്രശസ്തിനേടിയത് റാണാകുംഭിന്റെ ഭരണകാലത്തായിരുന്നു. ഗുജറാത്തിലെയും മാള്‍വയിലെയും ഭരണാധികാരികളെ തോല്പിച്ച ഇദ്ദേഹം വിജയസ്തൂപം എന്നര്‍ഥം വരുന്ന ജയസ്തംഭം ചിത്തോറില്‍ സ്ഥാപിച്ചു. ഒന്‍പത് നിലകളുള്ള ജയസ്തംഭത്തിന് 37 മീ. ഉയരമുണ്ട്. ജയദേവന്റെ ഗീതഗോവിന്ദം രാജസ്ഥാനിയിലേക്ക് പകര്‍ത്തിയ ഇദ്ദേഹം ഭാഷാപണ്ഡിതനായിരുന്നതോടൊപ്പം നല്ല ഒരു കലാസ്നേഹിയുമായിരുന്നു.

ഇവിടത്തെ ചിറ്റൂര്‍ കോട്ട, ജയസ്തംഭം, റാണി പദ്മിനി കൊട്ടാരം, ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം ശില്പമനോഹാരിതയ്ക്ക് പേരുകേട്ടവയാണ്. രജപുത്രരുടെ ധീരോദാത്തത, ഔന്നത്യം, രാജ്യസ്നേഹം എന്നിവയുടെ നിദര്‍ശനമായി ഇവ നിലകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍