This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിതല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിതല്‍

ഐസോപ്റ്റെറാ ഗോത്രത്തില്‍പ്പെട്ടതും സാമൂഹിക ജീവിതം നയിക്കുന്നതുമായ ഒരു ക്ഷുദ്രകീടം. ബാഹ്യപ്രകൃതിയിലും സ്വഭാവസവിശേഷതകളിലും ഇവയ്ക്ക് ഉറുമ്പിനോട് സാദൃശ്യമുണ്ട്. അതിനാലാണ് ഇവ വെള്ള ഉറുമ്പുകള്‍ (White ants) എന്ന പേരിലും അറിയപ്പെടുന്നത്. പക്ഷേ, ഉറുമ്പുകളോടുള്ളതില്‍ കൂടുതലായി ഇവയ്ക്ക് പാറ്റ (cockroach)കളോടാണ് ബന്ധമുള്ളത്. വിവിധ ധര്‍മങ്ങളുള്ള പല ജാതികള്‍ ഉള്‍പ്പെട്ട സമൂഹമായിട്ടാണ് ചിതലുകള്‍ കാണപ്പെടുന്നത്. പ്രത്യുത്പാദക ജാതികള്‍ (reproductive castes), വന്ധ്യജാതികള്‍ (sterile castes) തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഓരോന്നും പ്രത്യേക കാലങ്ങളിലാണ് ചിതല്‍ക്കൂടുകളില്‍ ധാരാളമായി കാണപ്പെടുന്നത്.

പ്രത്യുത്പാദക ജാതികള്‍. പ്രത്യുത്പാദന ശേഷിയുള്ള ആണും പെണ്ണും അടങ്ങിയ ലൈംഗികരൂപങ്ങളാണിവ എന്നു പറയാം. രണ്ടുജോടി ചിറകുകളും ദൃഢതയുള്ള ശരീരവും സ്ക്ളീറോട്ടീകരിച്ച ചര്‍മവും ഇവയുടെ പ്രത്യേകതകളാണ്. മഴക്കാലത്ത് ഈ ഇനത്തില്‍പ്പെട്ട ചിറകുള്ള ചിതലുകള്‍ കൂടുകളില്‍നിന്ന് കൂട്ടമായി പറന്നുയരാറുണ്ട്, ഈയല്‍, ഈയാംപാറ്റ, മഴപ്പാറ്റ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഈ ഇനം കുറച്ചു സമയം പറന്നശേഷം ആണും പെണ്ണും ജോടികളായി മാറുകയും മണ്ണില്‍ ചെറിയ അറയുണ്ടാക്കി അതില്‍ താമസമാരംഭിക്കുകയും ചെയ്യും. ഏറെ താമസിയാതെ മുട്ടകള്‍ ഇടും. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ ചിതല്‍ സമൂഹത്തിലെ ഒരു പ്രത്യേകവിഭാഗമായി മാറുന്നു. ഇവ ശ്രമികര്‍ അഥവാ വേലക്കാര്‍ എന്ന പേരിലാണറിയപ്പെടുന്നത്. കൂടുവൃത്തിയാക്കുക, ആഹാരസാധനങ്ങള്‍ ശേഖരിക്കുക എന്നീ ജോലികളാണ് ഇവയ്ക്കുള്ളത്. മുട്ടയിടീലിനുശേഷം പെണ്‍ചിതലുകളുടെ ജനനേന്ദ്രിയങ്ങളുടെ വളര്‍ച്ചമൂലം ഉദരം അമിതമായി വളര്‍ന്ന് ഇവ 5-9 സെ.മീറ്ററോളം നീളമുള്ള റാണി (റെടിക്കുലിടെര്‍മിസ് ഫ്ലാവിപെസ്) ആയിത്തീരുന്നു. ശരീരത്തിന്റെ വലുപ്പക്കൂടുതല്‍ മൂലം സഞ്ചാരശേഷി കുറയുന്ന റാണിക്ക് വേലക്കാരാണ് ഭക്ഷണം നല്കുന്നത്. ഉമിനീരും ചിലയിനം കവകങ്ങളും മാത്രമാണ് റാണിയുടെ ഈ ഘട്ടത്തിലെ ഭക്ഷണം. മുട്ടകളിട്ട് കോളനി വിപുലീകരിക്കുക എന്ന കര്‍മം മാത്രമാണ് റാണിക്കുള്ളത്. ആദ്യകാലങ്ങളില്‍ ദിവസേന 15-50 വരെ മുട്ടകളിടുന്ന റാണിക്ക് കാലപ്പഴക്കത്തില്‍ ആയിരക്കണക്കിനു മുട്ടയിടാനുള്ള ശേഷിയുണ്ടാവുന്നു.

വന്ധ്യജാതികള്‍. ഇതില്‍ ശ്രമികര്‍, പടയാളികള്‍ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. ചിതല്‍ സമൂഹത്തില്‍ അംഗസംഖ്യ കൂടുതലുള്ള വിഭാഗവും വന്ധ്യജാതികള്‍ തന്നെ. ശ്രമികര്‍ ഇനത്തിന് ഇളം നിറമാണുള്ളത്. ഇവയുടെ ചര്‍മത്തിന് കട്ടിയും കുറവാണ്. എങ്കിലും ചിബുകങ്ങള്‍ക്ക് (mandibles) നല്ല ബലമുണ്ടായിരിക്കും. ശ്രമികരില്‍ ആണ്‍ പെണ്‍ ഇനങ്ങള്‍ ഉണ്ടെങ്കിലും ജനനേന്ദ്രിയങ്ങള്‍ വളര്‍ച്ച പ്രാപിക്കാറില്ല. ആഹാരസമ്പാദനവും റാണി, മുട്ട, ലാര്‍വ എന്നിവയുടെ പരിചരണവുമാണ് ഇവയുടെ ജോലികള്‍. ആഹാരശേഖരണത്തിനായി കവകത്തോട്ടങ്ങള്‍ (fungus gardens) വളര്‍ത്തിയെടുക്കാനും ഇവ സഹായിക്കുന്നു. വന്ധ്യജാതികളിലെ രണ്ടാമത്തെയിനമായ പടയാളികളിലും ആണ്‍-പെണ്‍ വര്‍ഗങ്ങളുണ്ട്. വളര്‍ച്ചയെത്താത്ത ലൈംഗികവയവങ്ങളും പ്രത്യേക ആകൃതിയുമാണിവയ്ക്കുള്ളത്. പടയാളികളില്‍ത്തന്നെ തലവീര്‍ത്തവയും മുള്ളുപോലെ തല മുന്നോട്ട് ഉന്തിനില്ക്കുന്നവയും ഉണ്ട്. രണ്ടാമത്തെയിനം നസ്യൂട്ടുകള്‍ എന്നാണറിയപ്പെടുന്നത്.

ശത്രുക്കളില്‍നിന്ന് ചിതല്‍ സമൂഹത്തെ സംരക്ഷിക്കുന്നത് പടയാളിച്ചിതലുകളാണ്. ശക്തിയേറിയ ചിബുകങ്ങള്‍ ഉപയോഗിച്ചും ഒരുതരം വിഷദ്രാവകം ശത്രുക്കളില്‍ പ്രയോഗിച്ചും ആണ് ഇത് സാധ്യമാക്കുന്നത്. ശിരസ്സിനുള്ളിലെ വിഷഗ്രന്ഥിയില്‍ നിന്നുള്ള വിഷദ്രാവകം തലയുടെ മുന്‍വശത്തുള്ള ലലാട (frontal) സുഷിരത്തിലൂടെയാണ് പുറപ്പെടുവിക്കുന്നത്. നസ്യൂട്ടുകളില്‍ ഈ സുഷിരം തലയിലെ മുള്ളിന്റെ അറ്റത്തായിട്ടാണ് കാണപ്പെടുക.

ജിവിതചക്രം. ചിതലുകളുടെ മുട്ടവിരിയുന്നതിന് 24-90 ദിവസങ്ങള്‍ വേണ്ടിവരും. മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വകളും വളര്‍ച്ച മുഴുപ്പിക്കുവാന്‍ മാസങ്ങളെടുക്കും. ഈ ഭേദമനുസരിച്ച് ലാര്‍വയുടെ വളര്‍ച്ചക്കാലം 6 മുതല്‍ 32 വരെ മാസങ്ങള്‍ ആവാറുണ്ട്. വന്ധ്യജാതികള്‍ക്ക് 2-4 വര്‍ഷവും ലൈംഗിക ജാതികള്‍ക്ക് 15-50 വര്‍ഷവും ആയുസ്സുണ്ട്.

ചിതലുകളുടെ ആഹാരം പച്ചയോ ഉണങ്ങിയതോ ആയ സസ്യഭാഗങ്ങളാണ്. ചിതലുകള്‍ പലവിധത്തിലുള്ള കൂടുകളുണ്ടാക്കുന്നു. ചിലയിനം തടികള്‍ക്കുള്ളില്‍ ഗാലറികള്‍ ഉണ്ടാക്കി അവയ്ക്കുള്ളില്‍ കഴിയുന്നു. മണ്ണില്‍ കൂടുണ്ടാക്കുന്ന ഇനങ്ങളും വിരളമല്ല. വലിയ പുറ്റുകള്‍ നിര്‍മിക്കുന്ന ചിതലിനവുമുണ്ട്. ആസ്റ്റ്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഭീമാകാരങ്ങളായ ചിതല്‍പ്പുറ്റുകളുണ്ട്. ആറു മീ. ഉയരവും നാലു മീ. വ്യാസവുമുള്ള പുറ്റുകള്‍വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചിതല്‍പ്പുറ്റുകളുടെ ചില അറകള്‍ക്കുള്ളില്‍ ശ്രമിക ഇനത്തില്‍പ്പെട്ട ചിതലുകള്‍ കവകത്തോട്ടങ്ങള്‍ നിര്‍മിക്കാറുണ്ട്. വളരെ നേര്‍മയായി പൊടിച്ച സസ്യഭാഗങ്ങളുപയോഗിച്ചാണ് കവകത്തോട്ട നിര്‍മാണത്തിനാവശ്യമായ ആധാരവസ്തുക്കളുണ്ടാക്കുന്നത്. ഇപ്രകാരം വളര്‍ത്തിയെടുക്കുന്ന കവകങ്ങള്‍ ചിതലുകളുടെ പ്രധാന ആഹാരമാണ്.

പ്രത്യേക കൂടൊന്നും കെട്ടാതെ മണ്ണില്‍ കഴിയുന്ന ഒഡൊണ്‍ ടോടെര്‍മിസ് ഒബേസണ്‍ എന്നയിനം കേരളത്തില്‍ ധാരാളമായി കാണപ്പെടുന്നു. വേരുകള്‍ ആഹാരമാക്കുന്ന ഈ ഇനം കൃഷിക്ക് വളരെയേറെ ദോഷം ചെയ്യാറുണ്ട്.

ചിതലുകളെ നശിപ്പിക്കാനുള്ള ഫലപ്രദമായമാര്‍ഗം കീടനാശിനികളുടെ ഉപയോഗമാണ്. ഫിറോമോണുകള്‍, ഹോര്‍മോണുകള്‍ എന്നിവ ഉപയോഗിച്ചുള്ള ജൈവനിയന്ത്രണമാര്‍ഗങ്ങളും ഇന്ന് നിലവിലുണ്ട്. ഗൃഹനിര്‍മാണാവസരത്തില്‍ത്തന്നെ ചിതല്‍ നിര്‍മാര്‍ജനത്തിനായി പ്രത്യേക പരിരക്ഷ നല്കുന്ന സംവിധാനങ്ങളും ഇന്നു നിലവില്‍ വന്നിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍