This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിട്ടി

ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായോ, ഏതാനും വ്യക്തികളുമായോ ഒരു പൊതുസംഖ്യ ഗഡുക്കളായി സമാഹരിച്ച് ഒരു നിശ്ചിത കാലത്തേക്ക് നറുക്കിലൂടെയോ വിളിയിലൂടെയോ, ടെണ്ടറിലൂടെയോ പദ്ധതിയിലെ പ്രഖ്യാപിതസംഖ്യ പദ്ധതിയിലെ അംഗങ്ങള്‍ക്ക് കൈമാറുന്ന സാമ്പത്തിക-സമ്പാദ്യപദ്ധതി എന്നാണ് 1982-ലെ ഇന്ത്യന്‍ ചിട്ടിഫണ്ട് ആക്ട് സെക്ഷന്‍ (2) 'ചിട്ടി'യെ സംബന്ധിച്ച പരാമര്‍ശമുള്ള നിര്‍വചനം. ചിട്ടിഫണ്ട്, കുറി തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലൊട്ടാകെ തന്നെ പ്രചരിച്ചിട്ടുള്ള 'ചിട്ടി' അല്ലെങ്കില്‍ 'കുറി' എന്ന സമ്പ്രദായം പരസ്പര സഹായത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഏര്‍പ്പാടാണ്. പെട്ടെന്ന് ഉണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും സമ്പാദ്യം നിലനിര്‍ത്താനും ബാങ്കിങ് സമ്പ്രദായത്തിന്റെ അഭാവത്തില്‍ രൂപംകൊണ്ട ഈ മാര്‍ഗം ഏറെ പ്രയോജനപ്രദമാണ്. 'നിശ്ചിത അംഗങ്ങളാല്‍ സംഭാവന ചെയ്യപ്പെടുന്നതും അംഗസംഖ്യയ്ക്കു തുല്യമായി ആവര്‍ത്തിക്കപ്പെടുന്നതുമായ ഒരു നറുക്ക്' എന്നാണ് 'കുറി' എന്ന പദത്തിനു അര്‍ഥമായി നിഘണ്ടുകാരന്‍ ഗുണ്ടര്‍ട്ട് പറഞ്ഞിട്ടുള്ളത്.

ഓരോ ചിട്ടിക്കും ഓരോ സംഘാടകനുണ്ടായിരിക്കും 'തലയാള്‍', 'മുന്‍കുറിക്കാരന്‍' എന്നീ പേരുകളിലാണ് അയാള്‍ അറിയപ്പെടുന്നത്. അംഗങ്ങളില്‍നിന്നും വരിസംഖ്യ പിരിക്കുകയും ചിട്ടിപ്പണം വിതരണം ചെയ്യുകയുമാണ് തലയാളിന്റെ ചുമതല. നറുക്കുകുറി, ലേലക്കുറി, ഭാഗ്യക്കുറി തുടങ്ങി ഒട്ടനവധി രൂപത്തിലുള്ള ചിട്ടികളാണ് കണ്ടുവരുന്നത്. അംഗങ്ങളുടെ പേരെഴുതി നറുക്കിട്ടെടുക്കുകയും നറുക്ക് വീഴുന്നതനുസരിച്ച് സംഖ്യ നല്കുകയും ചെയ്യുന്ന രീതിയാണ് നറുക്കുകുറി. ഒരു കൂട്ടം ആളുകള്‍ (അംഗങ്ങള്‍) സംഭാവനചെയ്യുന്ന ഒരു പൊതുസംഖ്യ മാറിമാറി കൈയേല്‍ക്കുന്ന ഒരു ഏര്‍പ്പാടാണിത്. കുറി ആരംഭിക്കുന്നതിന് മുന്‍പ് സല (ചിട്ടിതുക), ഇടനേരം (കാലാവധി), അംഗസംഖ്യ അഥവാ വരിസംഖ്യ എന്നിവ നിശ്ചയിച്ചിരിക്കും. വിവാഹം, കച്ചവടം, കെട്ടിടനിര്‍മാണം തുടങ്ങിയ അനേകം ആവശ്യങ്ങള്‍ക്കായിട്ടാണ് ചിട്ടിപ്പണം ഉപയോഗിച്ചുവരുന്നത്. ലേലക്കുറിയും തത്ത്വത്തില്‍ നറുക്കുകുറിപോലെതന്നെയാണ്. ലേലക്രമമനുസരിച്ച് ഒരു കുറിക്കുപിന്നാലെ മറ്റൊന്നായി ലേലത്തിനിടും. ഏറ്റവും ചുരുങ്ങിയ സംഖ്യയ്ക്ക് ലേലം കൊള്ളുന്ന അംഗത്തിന് സംഖ്യ ലഭിക്കുന്നു.

ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപകമായിത്തീര്‍ന്നിരിക്കുന്ന ഭാഗ്യക്കുറികള്‍ക്കും ചിട്ടിയുടെ സ്വഭാവമാണുള്ളത്. ഇവിടെ വരിസംഖ്യ നല്കുന്നവരില്‍നിന്നും വളരെ ചുരുങ്ങിയ ഒരു ശതമാനത്തിനു മാത്രമാണ് നറുക്കെടുപ്പിലൂടെ സമ്മാനം നല്കുന്നത്. ഭാഗ്യക്കുറികളില്‍ നിന്നുള്ള ആദായം സംസ്ഥാന ഗവണ്‍മെന്റുകളുടെയും ഭാഗ്യക്കുറി നടത്തുന്ന സ്ഥാപനങ്ങളുടെയും വികസനാവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുന്നത്. ഇന്ത്യയിലെ പല പൊതുസ്ഥാപനങ്ങളും വരുമാനമാര്‍ഗമായി ലോട്ടറികള്‍ നടത്തിവരുന്നു.

കേന്ദ്രസര്‍ക്കാരിനു കീഴില്‍ 1982-ലെ ചിട്ടിഫണ്ട് ആക്റ്റിന്റെയും (ജമ്മു-കാശ്മീര്‍ ഒഴികെ), കേരളത്തില്‍ 1975-ലെ കേരള ചിട്ടീസ് ആക്റ്റിന്റെയും, തമിഴ്നാട്ടില്‍ 1961-ലെ തമിഴ്നാട് ചിട്ടിഫണ്ട് ആക്റ്റിന്റെയും, കര്‍ണാടകത്തില്‍ 1983-ലെ ദി ചിട്ടി ഫണ്ട്സ് (കര്‍ണാടക) നിയമത്തിന്റെയും ആന്ധ്രപ്രദേശില്‍ 1971-ലെ ദി ആന്ധ്രപ്രദേശ് ചിട്ട് ഫണ്ട്സ് ആക്റ്റിന്റെയും ന്യൂഡല്‍ഹിയില്‍ 1982-ലേയും 2007-ലേയും ചിട്ട്ഫണ്ട്സ് ആക്റ്റിന്റെയും നിയമത്തിന്റെയും മഹാരാഷ്ട്രയില്‍ 1975-ലെ മഹാരാഷ്ട്ര ചിട്ടിഫണ്ട് ആക്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമാനുസരണം അംഗീകാരം ലഭിച്ചുപോരുന്നത്.

ഒരു സാമ്പത്തിക സഹകരണ മാര്‍ഗമാണ് ചിട്ടി. പലയിനത്തിലുള്ള ചിട്ടികള്‍ ഇന്നു നിലവിലുള്ളതായി കാണാം. പല ഗുണങ്ങളുണ്ടെങ്കിലും ചിട്ടിസമ്പ്രദായം ദോഷങ്ങള്‍ക്കതീതമല്ല. ചിട്ടി നടത്തിപ്പുകാരന്‍ ക്രമക്കേട് കാണിച്ചാല്‍ അംഗങ്ങള്‍ക്കു തീര്‍ച്ചയായും നഷ്ടമുണ്ടാകും. ചിട്ടിയുടെ ഇടപാടുകള്‍ മുഴുവനും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ചിട്ടിയുടെ അലിഖിത നിയമങ്ങള്‍ തലയാളും മറ്റ് അംഗങ്ങളും അനുവര്‍ത്തിച്ചുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇതുതന്നെയാണ് ബഹുഭൂരിപക്ഷം ചിട്ടികളുടെയും വിജയത്തിന് ആധാരം. ഇന്നു ചിട്ടികള്‍ക്കു നിയമംമൂലം പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍. ഈയടുത്തകാലം വരെ കേരളത്തില്‍ ചിട്ടിഫണ്ടുകള്‍ക്കു വളരെയേറെ പ്രചാരമുണ്ടായിരുന്നു. കേരളത്തില്‍ മൂലധനരൂപീകരണത്തില്‍ ഒരു പ്രധാനപങ്കുവഹിച്ച ചിട്ടിഫണ്ടുകളെ സഹകരണ വായ്പാ സ്ഥാപനങ്ങളുടെ ഒരു മുന്നോടിയായി കണക്കാക്കാവുന്നതാണ്. ഇവിടെ ചിട്ടികള്‍ ആദ്യമായി രൂപംകൊണ്ടത് ധാന്യചിട്ടികളായിട്ടായിരുന്നു. തിരുവിതാംകൂര്‍ ബാങ്കിങ് എന്‍ക്വയറി കമ്മിറ്റി റിപ്പോര്‍ട്ട് ഇവിടത്തെ ചിട്ടിഫണ്ടുകളെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1928-29-ല്‍ തിരുവിതാംകൂറില്‍ 236 ലക്ഷം രൂപയുടെ മൂലധനമുള്ള 9931 ചിട്ടിഫണ്ടുകളാണുണ്ടായിരുന്നത്. 1970-71 ആയപ്പോഴേക്കും കേരളത്തിലെ ചിട്ടിഫണ്ടുകളുടെ ടേണോവര്‍ 78 കോടി രൂപയിലധികമായി. 1973-നു ശേഷം ചിട്ടിഫണ്ടുകളുടെ വളര്‍ച്ച മന്ദഗതിയിലായി. 1975-ലെ കേരളാചിട്ടി നിയമം, സ്വകാര്യചിട്ടിഫോര്‍മാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പല സ്വകാര്യചിട്ടിഫണ്ടുകളുടെയും പ്രവര്‍ത്തനം നിലച്ചു. നിരവധി ചിട്ടി ഫോര്‍മാന്മാര്‍ അയല്‍സംസ്ഥാനങ്ങളിലേക്കു കുടിയേറി ചിട്ടി ഫണ്ടുകള്‍ ആരംഭിച്ചു. ഒരു ചെറിയ ഗ്രൂപ്പിനുള്ളില്‍ പ്രവര്‍ത്തനം ഒതുക്കിയിരുന്ന ചിട്ടിഫണ്ടുകളില്‍ ഗഡുക്കളില്‍ വീഴ്ചവരുത്തുക, ചിട്ടിപ്പണം ചിട്ടി പിടിച്ചവര്‍ക്കു കൊടുക്കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ സാധാരണമായിരുന്നില്ല. എന്നാല്‍ ചില സ്ഥാപനങ്ങള്‍, പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍ ആരംഭിച്ചവ, ചിട്ടി സമ്പ്രദായത്തിനുതന്നെ ദുഷ്പേരുണ്ടാക്കി. 1955-ലെ തിരുവിതാംകൂര്‍-കൊച്ചി ബാങ്കിങ് എന്‍ക്വയറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തിലെ മിക്ക വാണിജ്യബാങ്കുകളും അവയുടെ ആരംഭദശയില്‍ ചിട്ടികളും കുറികളും നടത്തിയിരുന്നുവെന്നു പ്രതിപാദിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകളിലെ ചിട്ടി പ്രവര്‍ത്തനം പില്ക്കാലത്ത് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ നിരോധിച്ചു. ഇപ്പോള്‍ കേരളാഗവണ്‍മെന്റ് സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സര്‍ക്കാര്‍ തലത്തില്‍ ചിട്ടികള്‍ നടത്തിവരുന്നു.

(എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍