This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിഞ്ചില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിഞ്ചില

തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന കരണ്ടുതീനിയിനത്തില്‍പ്പെട്ട ഒരു ചെറിയ സസ്തനി. റോഡന്‍ഷ്യ ജന്തുവര്‍ഗത്തിലെ ചിഞ്ചില്ലിഡെ (Chinchillidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗിനിപ്പന്നികളോട് ഏറെ ബന്ധമുള്ള ഇവയുടെ ശരീരം കാഴ്ചയ്ക്ക് ചെറിയ മുയലിനെപ്പോലെയിരിക്കും. പക്ഷേ, വാലിന് അണ്ണാന്റെ വാലിനോടാണ് സാമ്യം. ചിഞ്ചില ലാനിഗര്‍ (Chinchilla laniger), ചിഞ്ചില ബ്രെവികോഡെറ്റ (Chinchilla brevicaudata) എന്നിങ്ങനെ രണ്ട് സ്പീഷിസുകളുണ്ട്. ഒന്നാമത്തെയിനം ചിലിയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇവയ്ക്ക് വലുപ്പം കുറവുമാണ്.

ചിഞ്ചില

സമുദ്രനിരപ്പില്‍നിന്ന് 1000-4000 മീ. ഉയരത്തിലുള്ള മാളങ്ങള്‍, പാറകള്‍ക്കിടയിലെ വിള്ളലുകള്‍ എന്നിവയാണ് ചിഞ്ചിലയുടെ ആവാസസ്ഥാനങ്ങള്‍. വര്‍ണപ്പൊലിമയേറിയ മൃദുരോമചര്‍മം (Fur) ഇവയുടെ പ്രത്യേകതയാണ്. ഈ രോമചര്‍മത്തിന് വിപണിയില്‍ വില കൂടുതലുമാണ്. ഇക്കാരണത്താല്‍ ചിഞ്ചില കടുത്ത വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. പെറു, അര്‍ജന്റീന, ബൊളീവിയ, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ സുലഭമായിരുന്ന ഈ ജീവി മനുഷ്യന്റെ വേട്ടയാടല്‍മൂലം അവിടെയൊക്കെ ഏതാണ്ട് നാമാവശേഷമായിക്കഴിഞ്ഞു. ഇപ്പോള്‍ നിയമംമൂലം വേട്ടയാടല്‍ നിരോധിച്ചിരിക്കുകയാണ്. കൂടാതെ ചിഞ്ചിലയെ സംരക്ഷിക്കുവാനായി അനേകം വളര്‍ത്തു കേന്ദ്രങ്ങള്‍ പല രാജ്യങ്ങളിലും ആരംഭിച്ചു. ഇവയുടെ ജീവിതകാലം ശ.ശ. 10 വര്‍ഷമാണെങ്കിലും വളര്‍ത്തു കേന്ദ്രങ്ങളില്‍ ഏകദേശം 20 വര്‍ഷംവരെ ഇവ ജീവിക്കുന്നു.

ചിഞ്ചിലയുടെ ശരീരത്തിന് 25-38 സെ.മീ. ദൈര്‍ഘ്യം വരും; ശരീരഭാഗം 450-900 ഗ്രാമും. ശരീരത്തിന്റെ മുകള്‍ ഭാഗത്തെ രോമാവരണത്തിന് നീലയും ചാരവും കലര്‍ന്ന നിറവും അടിഭാഗത്തിന് മഞ്ഞയും വെള്ളയും കലര്‍ന്നനിറവുമാണ്. കര്‍ണ ഭാഗത്ത് രോമങ്ങള്‍ കാണുന്നില്ല. എന്നാല്‍ വാല്‍ രോമനിബിഡമാണ്. മുഖത്തിനും കണ്ണുകള്‍ക്കും നല്ല വലുപ്പമുണ്ട്. 20 പല്ലുകള്‍ കാണപ്പെടുന്നു. മുന്‍കാലുകള്‍ കുറുകിയും പിന്‍കാലുകള്‍ നീളം കൂടിയും ഇരിക്കുന്നു. ചിഞ്ചിലകള്‍ പൊതുവേ രാത്രീഞ്ചരജീവികളാണ്.

സസ്യഭോജിയായ ഇവയുടെ പ്രധാന ആഹാരം പുല്ലുകളും കുറ്റിച്ചെടികളുമാണ്. കൂട്ടം ചേര്‍ന്ന് ജീവിക്കാനുള്ള പ്രവണത ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. പെണ്‍ചിഞ്ചിലയ്ക്ക് വലുപ്പം കൂടുതലുണ്ട്. ഏകദേശം 112 ദിവസമാണ് ഗര്‍ഭകാലം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ 1 മുതല്‍ 6 വരെ കുഞ്ഞുങ്ങള്‍ കാണും.

ചിഞ്ചില എലി, ചിഞ്ചില മുയല്‍ തുടങ്ങി മറ്റു ചില ജീവിവര്‍ഗങ്ങള്‍ക്കും ചിഞ്ചിലയുടേതു പോലെയുള്ള രോമാവരണം കാണപ്പെടുന്നു. പക്ഷേ, ഇവയ്ക്കൊന്നിനും ചിഞ്ചിലയുമായി യാതൊരു ബന്ധവുമില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍