This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിങ്ങം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിങ്ങം
Leo
1. രാശിചക്രത്തിലെ അഞ്ചാം രാശി. അതായത് 120ബ്ബ മുതല്‍ 150ബ്ബ വരെയുള്ള മേഖല. സിംഹത്തിന്റെ പര്യായങ്ങളും ലേയവും ചിങ്ങം രാശിയുടെ മറ്റു പേരുകളാണ്. മകം, പൂരം, ഉത്രത്തിന്റെ പ്രഥമപാദം എന്നീ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. രാശ്യാധിപന്‍ സൂര്യന്‍, പുരുഷ രാശിയും ആഗ്നേയവും സ്ഥിരവും ദിവാരാശിയും സൗര്യരാശിയും ചതുഷ്പാദ്രാശിയുമാണ് ചിങ്ങം.
ചിങ്ങംരാശിയില്‍ സൂര്യന്‍ പ്രവേശിക്കുന്ന സമയമാണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത്. ഇത് ക്രിസ്തുവര്‍ഷത്തിലെ ആഗ.-സെപ്. മാസങ്ങളിലായാണ് വരുന്നത്. സംസ്കൃതത്തില്‍ ശ്രാവണമാസമെന്നും തമിഴില്‍ ആവണിമാസമെന്നുമാണ് അറിയപ്പെടുന്നത്.
2. മലയാളമാസങ്ങളിലെ ആദ്യമാസം. കേരളീയര്‍ക്ക് പുതുവര്‍ഷത്തിന്റെ നാന്ദിയാണ് ചിങ്ങപ്പുലരി. (മലബാറില്‍ ചിങ്ങം വര്‍ഷാവസാനത്തിലെ മാസമാണ്. അവിടെ കന്നിയാണ് ആദ്യമാസം.) ചിങ്ങത്തെ വരവേല്ക്കാനായി നിലനിന്നിരുന്ന വിഭിന്ന ആചാരാനുഷ്ഠാനങ്ങളില്‍ പലതും ഇന്നും അവശേഷിക്കുന്നുണ്ട്. കര്‍ക്കടകം ഒടുങ്ങുന്ന അന്ന് സന്ധ്യനേരത്തു നടത്താറുള്ള 'ആടിയറുതികര്‍മം' ഇതിനുദാഹരണമാണ്, അതു പഞ്ഞകര്‍ക്കിടകത്തെയും ഒരാണ്ടത്തെ ദുരിതങ്ങളെയും തൂത്തെറിഞ്ഞ് ആവണിപ്പുലരിയെ ആനയിക്കാനുള്ള ആചാരവിശേഷമാണ്. ചേട്ടയെ (ജ്യേഷ്ഠ) പുറത്താക്കുന്നുവെന്ന സങ്കല്പത്തില്‍ ഒരു മുറത്തില്‍ കരിക്കലത്തിന്റെ ചീളുകളും കുറ്റിച്ചൂലും മാറാലയും കരിക്കൊള്ളിയും വാരിത്തുമ്പും ഇട്ട് വീടു വലംവെച്ച്, 'നഞ്ചും പിഞ്ചും പുറകെ പോ ആവണിമാസമകത്തേവാ'
എന്നു പറഞ്ഞ്, പുറത്തേക്കെറിയുന്നതാണ് ആ ചടങ്ങ്. തെക്കന്‍ കേരളത്തിലാണ് ഇത് നിലനില്‍ക്കുന്നത്. ചിലേടങ്ങളില്‍ ചിങ്ങപ്പിറവിക്കു ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം കൈനീട്ടം കൊടുക്കുന്ന ചടങ്ങുമുണ്ട്.
ചിങ്ങം പരമ്പരാഗതമായി, കാര്‍ഷിക വിളവെടുപ്പിന്റെ മാസമാണ്. നിറഞ്ഞ പത്തായങ്ങളും കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറുന്ന കാര്‍ഷിക കലകളും കൊണ്ട് സമൃദ്ധവും ഐശ്വര്യപൂര്‍ണവുമാണ് കേരളത്തിലെ ചിങ്ങമാസം. അത് മലയാളിയുടെ ഉത്സവമാസം കൂടിയാണ്. കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചിങ്ങമാസത്തിലാണ് ആഘോഷിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അത്തച്ചമയാഘോഷവും കളികളും പാട്ടുകളും പൂക്കളമൊരുക്കലും കോടിയുടുക്കലുമെല്ലാം കൊണ്ട് ചിങ്ങം വര്‍ണശബളമാകുന്നു. ഈ ദേശീയയോത്സവത്തിനുപുറമേ ആറന്മുള ഉത്തൃട്ടാതി വള്ളംകളിപോലെയുള്ള പ്രസിദ്ധമായ പ്രാദേശിക വിനോദങ്ങളും, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ജയന്തി, വിനായക ചതുര്‍ഥി തുടങ്ങിയ വിശേഷദിനങ്ങളും ചിങ്ങത്തിലാണ് നടക്കുന്നത്. ഗ്രാമഗ്രാമാന്തരങ്ങളില്‍പ്പോലും ചിങ്ങം കലകള്‍ക്കും വിനോദങ്ങള്‍ക്കുമുള്ള ഒരു മാസമായി പരിണമിക്കുന്നത് കാണാം.
ചിങ്ങമാസം കേരളത്തിലെ വസന്തമാസം കൂടിയാണ്. പൂവിട്ട് നില്ക്കുന്ന സസ്യലതാദികളും ചിങ്ങനിലാവും ചിങ്ങവെയിലുമെല്ലാം ഈ മാസത്തെ പ്രകൃതിരമണീയമാക്കുന്നു.
(ഡോ. കെ.പി. ധര്‍മരാജ അയ്യര്‍; സ.പ.)