This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിക്കറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിക്കറി

കമ്പോസിറ്റെ സസ്യകുലത്തില്‍പ്പെടുന്ന ഒരു പാനീയവിള. ശ.നാ.: സിക്കോറിയം ഇന്റിബസ് (Cichorium intybus). മെഡിറ്ററേനിയന്‍ പ്രദേശമാണ് ചിക്ക(ക്കൊ)റിയുടെ ജന്മദേശം. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബല്‍ജിയം, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ചിക്കറി ധാരാളമായി കൃഷിചെയ്തുവരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഇവിടങ്ങളില്‍ വമ്പിച്ചതോതില്‍ ചിക്കറി കൃഷി ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്. മിഷിഗണില്‍ 1890 മുതല്ക്കേ ഇത് കൃഷി ചെയ്യുന്നുണ്ട്. യൂറോപ്പില്‍ ചിക്കറി കൃഷി തുടങ്ങി വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിക്കയില്‍ കൃഷി തുടങ്ങിയത്. ഇന്ത്യയില്‍ 1918 മുതല്‍ ചിക്കറി കൃഷി ആരംഭിച്ചു. കോയമ്പത്തൂരിലാണിതിന്റെ കൃഷി ആദ്യം തുടങ്ങിയത്. പിന്നീട് കേരളത്തിലെ ദേവികുളം, പീരുമേട് എന്നീ സ്ഥലങ്ങളിലും, തമിഴ്നാട്ടിലെ നീലഗിരിയിലും, ഗുജറാത്തിലെ ജാംനഗറിലും പഞ്ചാബിലെ ലൂധിയാനയിലും ഇതിന്റെ കൃഷി വ്യാപിച്ചു. ദേവികുളത്ത് നൂറിലധികം ഏക്കര്‍ സ്ഥലത്ത് ചിക്കറി കൃഷിയുണ്ട്. ദക്ഷിണേന്ത്യയില്‍ ചോളം, ഉള്ളി എന്നിവയോടൊപ്പം വിളപരിക്രമത്തില്‍ ചിക്കറിയും ഉള്‍പ്പെടുത്താറുണ്ട്.

വളരെക്കാലം നിലനില്ക്കുന്ന ഒരു കുറ്റിച്ചെടിയാണിത്. രണ്ടരമീറ്ററോളം ഉയരത്തില്‍ വളരും. സസ്യത്തിന് ചുവടുഭാഗത്ത് ധാരാളം ഇലകളുണ്ട്. ഇലകള്‍ ചിലപ്പോള്‍ പിച്ഛകമായിരിക്കും. തായ്വേര് നല്ല നീളമുള്ളതാണ്. മാംസളമായ ഈ വേര് 30 സെന്റിമീറ്ററോളം നീളം വയ്ക്കും. പുഷ്പമഞ്ജരി 'ഹെഡ്' ആയിരിക്കും പുഷ്പങ്ങള്‍ക്ക് നല്ല തിളക്കമുള്ള നീല നിറമാണ്. 'അക്കീനു'കളാണ് ഫലങ്ങള്‍.

വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ വളരുമെങ്കിലും ചിക്കറിച്ചെടി നന്നായി വളരുന്നത് സമശീതോഷ്ണകാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണും ചിക്കറി കൃഷിക്ക് അനുയോജ്യമാണ്. മണ്ണിന് പശിമകൂടുതലുണ്ടെങ്കില്‍പ്പോലും വളക്കൂറുള്ളതാണെങ്കില്‍ നല്ല വിളവു ലഭിക്കും. ചെളി നിറഞ്ഞമണ്ണ് ആണെങ്കില്‍ കിഴങ്ങ് മണ്ണില്‍ നിന്ന് പിഴുതെടുക്കാനും, പിഴുതെടുത്ത കിഴങ്ങ് വൃത്തിയാക്കാനും ബുദ്ധിമുട്ടാണ്. മണല്‍ കലര്‍ന്ന ഇളക്കമുള്ള പശമണ്ണില്‍ കൃഷിയിറക്കുമ്പോള്‍ നല്ല വലുപ്പമുള്ള കിഴങ്ങുകളുണ്ടാകാറുണ്ട്.

ചിക്കറിയുടെ തായ്വേര് ആഴത്തില്‍ ഇറങ്ങുന്നതിനാല്‍ കൃഷി സ്ഥലം നന്നായി താഴ്ത്തി ഉഴുത് മണ്ണ് തയ്യാറാക്കേണ്ടതാണ്. അടിവളമായി കാലിവളം ചേര്‍ത്ത് ഒരു തവണകൂടി ഉഴുതുമറിക്കുന്നു. മണ്ണ് നിരപ്പാക്കുന്നതിനുമുന്‍പ് ഒന്നു കൂടി ഉഴുത് വരമ്പുകളാക്കി വെട്ടിത്തിരിക്കുന്നു. ജലസേചനത്തിനും നീര്‍വാര്‍ച്ചയ്ക്കും വേണ്ടി ഇടയ്ക്കിടെ ചെറിയ തോടുകള്‍ ഉണ്ടാക്കുന്നു. വിത്ത് തുല്യ അളവില്‍ മണലുമായി കലര്‍ത്തി വിതക്കുന്നു. ഒരേക്കര്‍ സ്ഥലത്തേക്ക് ഒരു കി.ഗ്രാം. വിത്ത് മതിയാവും. വിത്തുവിതച്ചശേഷം അല്പം മണല്‍ വിതറി വിത്ത് മൂടണം. വിത്ത് അധികം താഴ്ന്നുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിതച്ച് കഴിഞ്ഞ് വെള്ളം നനയ്ക്കണം. മൂന്നുനാല് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളയ്ക്കും. ശരിക്ക് വേര് പിടിക്കുന്നതുവരെ നന്നായി നനയ്ക്കുകയും വേണം.

വിതച്ച് രണ്ടാഴ്ച ആകുമ്പോഴേക്കും തൈകള്‍ക്ക് 3-5 ഇലകളുണ്ടാകുന്നു. ഈയവസരത്തില്‍ മണ്ണിളക്കുകയും കളപറിക്കുകയും ചെയ്യണം. അടുത്ത രണ്ടാഴ്ച കഴിഞ്ഞാല്‍ തൈകളെ 20-25 സെ.മീ. അകലത്തില്‍ നിര്‍ത്തിയശേഷം ബാക്കി ചെടികളെ പിഴുതു മാറ്റണം. പിഴുതുമാറ്റപ്പെടുന്ന തൈകളെ വേറെ കുഴികളില്‍ നടാവുന്നതാണ്. ചെടികള്‍ വളരെ അടുത്തുടുത്ത് വളരുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കും.

ഇന്ത്യയില്‍ കാര്യമായ രോഗബാധയോ കീടശല്യമോ ചിക്കറിക്ക് ഉണ്ടാകാറില്ല. മഴ, മണ്ണിലെ ജലാംശം എന്നിവ വര്‍ധിച്ചാല്‍ കിഴങ്ങുകള്‍ പാകമാകുമ്പോഴേക്കും അഴുകിത്തുടങ്ങും.

വിതച്ച് അഞ്ചുമാസമാകുമ്പോഴേക്കും കിഴങ്ങുകള്‍ ശേഖരിക്കാം. മണല്‍ കൂടുതലുള്ള മണ്ണില്‍ കിഴങ്ങ് വേഗം പാകമാകുന്നു. രാവിലെ കൃഷിസ്ഥലം നനച്ചശേഷം കിഴങ്ങുകള്‍ കൈകൊണ്ട് പിഴുതെടുക്കുകയോ മണ്‍വെട്ടികൊണ്ട് ഇളക്കിയെടുക്കുകയോ ചെയ്യുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് 13-25 ടണ്‍ പച്ചക്കിഴങ്ങ് ലഭിക്കും. കിഴങ്ങ് എടുത്തശേഷം ഇലകള്‍ കാലിത്തീറ്റയായും പച്ചില വളമായും ഉപയോഗിക്കാറുണ്ട്.

കിഴങ്ങുകള്‍ കഴുകി ഒരു സെന്റിമീറ്ററോളം കനത്തിലുള്ള കഷണങ്ങളാക്കി 7-10 ദിവസം വെയിലില്‍ ഉണക്കുന്നു. പിഴുതെടുത്താലുടനെ മുറിച്ച് ഉണക്കണം. കിഴങ്ങില്‍ ധാരാളം സ്റ്റാര്‍ച്ച് ഉള്ളതിനാല്‍ അത് പുളിച്ച് രുചി നഷ്ടപ്പെടും. ചില സ്ഥലങ്ങളില്‍ ചിക്കറിക്കിഴങ്ങ് തീച്ചൂടില്‍ ഉണക്കുന്നു. ഉണങ്ങിയ കിഴങ്ങുകളെ വലുപ്പമനുസരിച്ച് നാല് തരങ്ങളാക്കിത്തിരിച്ച് വെവ്വേറെ വറുത്തെടുക്കുന്നു. വറുത്ത കഷണങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ചൂടുള്ള ഇരുമ്പു സിലിണ്ടറുകളിലിട്ട് വനസ്പതിയും ചേര്‍ത്ത് അരമണിക്കൂര്‍ ചൂടാക്കുന്നു. വനസ്പതി ചേര്‍ക്കുന്നതില്‍ ചിക്കറിയുടെ രുചിയും നിറവും മെച്ചപ്പെടുന്നു. കിഴങ്ങുകഷണങ്ങള്‍ കൈകൊണ്ടു പെറുക്കി പാഴ്സാധനങ്ങളെ നീക്കം ചെയ്ത് പൊടിച്ചെടുക്കുന്നു. ഈ ചിക്കറിപ്പൊടിയെ പാകപ്പെടുത്തുമ്പോള്‍ കാപ്പിപ്പൊടിയുമായി കൂട്ടിക്കലര്‍ത്തുന്നു. ചിക്കറി കലര്‍ത്തിയ കാപ്പിയാണ് 'ഫ്രഞ്ചു കാപ്പി' എന്നറിയപ്പെടുന്നത്. ഗവണ്‍മെന്റ് നിജപ്പെടുത്തിയതനുസരിച്ച് കാപ്പിപ്പൊടിയില്‍ ചേര്‍ക്കുന്ന ചിക്കറി അളവ് 48 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. ചിക്കറി തൈകളുടെ ഇലകളും ഇളം തണ്ടുകളും പച്ചക്കറിയായും ഉപയോഗിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍