This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിക്കന്‍പോക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിക്കന്‍പോക്സ്

വാരിസെല്ലാ-സോസ്റ്റര്‍ എന്ന വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗം; ഇത് ഹെര്‍പീസ് (Herpes) വിഭാഗത്തില്‍പ്പെടുന്ന ഒരു ഡി.എന്‍.എ വൈറസാണ്. കുട്ടികളിലാണ് അധികവും കാണപ്പെടുന്നത്. ചിക്കന്‍പോക്സ് ഇന്ത്യയൊട്ടുക്കും ധാരാളമായി കണ്ടു വരുന്നു. ശരത്-ശീതകാലങ്ങളിലാണ് രോഗാണു സംക്രമണ സാധ്യത കൂടുതല്‍. പൊക്കന്‍, നീര്‍പൊള്ളന്‍, വാരിസെല്ല (Varicella) തുടങ്ങിയ പേരുകളിലും ചിക്കന്‍പോക്സ് അറിയപ്പെടുന്നു. മുതിര്‍ന്നവരില്‍ ഷിങ്ഗിള്‍സ് ഹെര്‍പിസ് സോസ്റ്റെര്‍ (Shingles Herpes Zoster) എന്ന അസുഖത്തിനു കാരണമാകുന്നു.

രോഗിയുടെ ശരീരത്തുള്ള പോളകളുമായുള്ള സമ്പര്‍ക്കത്തിലുടെയോ അന്തരീക്ഷ വായുവിലൂടെയോ ചിക്കന്‍പോക്സ് പകരുന്നു. രക്തചംക്രമണത്തിലൂടെ വൈറസ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. എന്നാല്‍ രോഗം പ്രത്യക്ഷമാകുന്നത് ചര്‍മത്തിലൂടെയാണ്. വൈറസിന്റെ ഉദ്ഭവനകാലം (incubation period) ഏകദേശം മൂന്നാഴ്ചയാണ്. തുടര്‍ന്നു ചെറിയ പനി, തലവേദന, നടുവേദന, ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ചെറിയ സുതാര്യമായ പൊങ്ങലുകള്‍ (പൊക്കലുകള്‍) അഥവാ തടിപ്പുകള്‍ കൂട്ടമായി ഉരസ്സുഭാഗത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നു. അവിടെനിന്നും മുഖത്തും, കൈകാലുകളിലും അതിവേഗത്തില്‍ പകരുന്നു. പുതിയ പൊങ്ങലുകള്‍ ആദ്യത്തെ നാലഞ്ചു ദിവസങ്ങളില്‍ വന്നുകൊണ്ടേയിരിക്കും. ഏകദേശം 24 മണിക്കൂറിനുള്ളില്‍ പൊങ്ങലുകള്‍ വലുപ്പവ്യത്യാസത്തോടെ ചെറുകുമിള (vesicle)കളായി മാറുന്നു. തുടര്‍ന്ന് ഇതിനുചുറ്റുമുള്ള പുറന്തൊലി ചുവപ്പായി ഉള്ളിലെ ദ്രവം മഞ്ഞനിറമായി ഒടുവില്‍ പൊറ്റ(Scab)യായി മാറുന്നു. ഈ അവസ്ഥയിലാണ് കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. ഈ മൂന്നു അവസ്ഥ (പൊങ്ങല്‍-കുമിള-പൊറ്റ) കളിലുള്ള വ്രണങ്ങള്‍ ശരീരത്തിന്റെ ഒരേ ഭാഗത്തുതന്നെ പ്രത്യക്ഷപ്പെടുന്നു എന്നത് ചിക്കന്‍പോക്സിന്റെ ഒരു പ്രത്യേകതയാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ പൊറ്റ ഉണങ്ങി പൊഴിഞ്ഞ് രോഗം ഭേദമാകുന്നു. എന്നാല്‍ അവസാനത്തെ പൊറ്റ പൊഴിയുന്നതുവരെ രോഗം പകരാന്‍ സാധ്യയുണ്ട്. പൊറ്റപൊഴിഞ്ഞ് ഉണ്ടാകുന്ന പാടുകള്‍ കാലക്രമേണ മാഞ്ഞുപോകും.

ഈ രോഗം ബാധിച്ച കുട്ടികള്‍ക്കു പ്രായമാകുമ്പോള്‍ ഷിങ്ഗിള്‍സ് അസുഖം വരുവാനുള്ള സാധ്യത ഏറെയാണ്. ചിക്കന്‍പോക്സ് ഭേദമായാലും രോഗാണു നിഷ്ക്രിയാവസ്ഥയില്‍ ശരീരകലകളില്‍ വസിക്കുന്നു. വേണ്ട സമയത്ത് വീണ്ടും സജീവമായി ഈ അസുഖം ഉണ്ടാകുന്നു. ആകൃതിയിലും ആന്റിജന്‍ ഘടനയിലും ഒരു പോലെയെന്നതിനാല്‍ രണ്ടു രോഗങ്ങളും ഒരേ വൈറസിന്റെ സൃഷ്ടി എന്നാണ് ഭിഷഗ്വരന്മാര്‍ കരുതുന്നത്. വൈറസിന്റെ പ്രതികരണ സ്വഭാവ വ്യത്യാസമാണ് രോഗത്തിലും കാണുന്നത്. മേരുരജ്ജു (spinal cord) വിലും സംവേദക നാഡീകോശങ്ങളിലുമാണ് വൈറസ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. തന്മൂലം ഈ ഭാഗങ്ങള്‍ക്കു കഠിനമായ വേദനയും സമീപചര്‍മത്തില്‍ പൊങ്ങലുകളും ഉണ്ടാകുന്നു. ഇതാണ് ഷിങ്ഗിള്‍സ്.

ചിക്കന്‍പോക്സിനെ പലപ്പോഴും വസൂരിയായി തെറ്റിദ്ധരിക്കാനിടയാകുന്നു. എന്നാല്‍ ഇത് തിരിച്ചറിയുവാന്‍ ചില മാര്‍ഗങ്ങളുണ്ട്. വസൂരിയാലുണ്ടാകുന്ന വ്രണത്തിന്റെ പരിമാണം, അത് പ്രത്യക്ഷപ്പെടുന്ന ശരീരഭാഗങ്ങള്‍ എന്നിവ ചിക്കന്‍പോക്സില്‍ നിന്നും വ്യത്യസ്തമാണ്. കൂടാതെ വസൂരി മൂലമുണ്ടാകുന്ന പാടുകള്‍ നിലനില്ക്കുകയും ചെയ്യുന്നു.

ചിക്കന്‍പോക്സ് ലഘുവായ ഒരു രോഗം മാത്രമാണ്. രോഗം ഗൌരവതരമല്ലെങ്കിലും രോഗലക്ഷണങ്ങള്‍ കഠിനമാണ്. വൈറസ് ബാധമൂലം പ്രതിരോധശക്തി കുറയുന്നതിനാലും വ്രണത്തില്‍ ചൊറിയുന്നതിനാലും ബാക്റ്റീരിയബാധ ഉള്‍പ്പെടെയുള്ള ദ്വിതീയ സംക്രമണം (secondary infection) വരാനിടയുണ്ട്.

വിശ്രമമാണ് പ്രധാന ചികിത്സ. കൂടാതെ ചൊറിച്ചില്‍ മാറ്റാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പനിയുള്ളപ്പോള്‍ ധാരാളം ദ്രവാഹാരം നല്കേണ്ടതുണ്ട്. രോഗിയെ മറ്റുള്ളവരില്‍ നിന്നും വേര്‍പെടുത്തി ചികിത്സിക്കുന്നതുകൊണ്ട് രോഗസംക്രമണം തടയാം.

ചിക്കന്‍പോക്സിനോട് ബന്ധപ്പെട്ട് മസ്തിഷ്കവീക്കം (encephalitis), ന്യുമോണിയ, നേത്രാവരണവീക്കം (conjunctivitis) മുതലായ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്റ്റിറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിക്കുന്നവരില്‍ വ്രണത്തില്‍ രക്തസ്രാവം ഉണ്ടാകാനിടയുണ്ട്. ഗര്‍ഭിണികള്‍ ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ചിക്കന്‍പോക്സിനെതിരെ പ്രതിരോധവാക്സിന്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ നിലവിലില്ല. ഒരിക്കല്‍ രോഗമുണ്ടായാല്‍ മിക്കവര്‍ക്കും ആയുഷ്കാല പ്രതിരക്ഷകിട്ടുന്നു. വാക്സിന്‍ നിര്‍മാണവുമായി യു.എസ്. ശാസ്ത്രജ്ഞര്‍ ഗവേഷണം തുടര്‍ന്നുവരികയാണ്. പ്രാഥമിക പരീക്ഷണങ്ങളില്‍ വിജയിച്ചതായി അവകാശപ്പെടുന്നെങ്കിലും പൂര്‍ണവിജയം കൈവരിച്ചതായി പറയാറായിട്ടില്ല. ഹോമിയോ ചികിത്സാവിധിയില്‍ പ്രതിരോധമരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് തെളിയിക്കപ്പെട്ടിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍