This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാവക്കാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാവക്കാട്

തൃശൂര്‍ജില്ലയിലെ ഒരു സമുദ്രതീരതാലൂക്കും അതിന്റെ ആസ്ഥാനമായ മുനിസിപ്പല്‍ നഗരവും. തൃശൂരിന് 35 കി.മീ. വടക്കുപടിഞ്ഞാറായി കനോലി കനാലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ചാവക്കാട് ഇതേ പേരുള്ള വികസനബ്ളോക്കിന്റെ ആസ്ഥാനംകൂടിയാണ്. ഒരു വാണിജ്യകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. കൊപ്ര, കയര്‍, മത്സ്യം എന്നീ വ്യവസായങ്ങള്‍ക്ക് പ്രസിദ്ധമാണിവിടം. മുനിസിപ്പല്‍ നഗരത്തിന്റെ വിസ്തീര്‍ണം: 1241 ച.കി.മീ.; ജനസംഖ്യ: 37,789 (2001)

യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് കേരളത്തില്‍ സ്ഥാപിച്ച ഏഴു പള്ളികളിലൊന്നാണ് ഇവിടത്തെ പാലയൂര്‍ പള്ളിയെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവര്‍ഷവും ജൂല. 15-ന് നടക്കുന്ന പെരുന്നാളിനായി അസംഖ്യം തീര്‍ഥാടകര്‍ ഇവിടെ എത്താറുണ്ട്. എ.ഡി. ഒന്നാം ശതകത്തില്‍ കൊടുങ്ങല്ലൂര്‍ വഴിയാണ് സെന്റ് തോമസ് ചാവക്കാടെത്തിയതെന്നു കരുതപ്പെടുന്നു. ഇവിടെ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് പള്ളിയായി മാറ്റിയതെന്നാണ് വിശ്വാസം. സെന്റ് തോമസിനു ശിഷ്യപ്പെട്ട് മതംമാറിയ ഏതാനും നമ്പൂതിരിമാരെ ശപിച്ചുകൊണ്ട് മറ്റു നമ്പൂതിരിമാര്‍ ഇവിടെനിന്ന് യാത്രയായെന്നും അങ്ങനെ ശാപക്കാട്, ചാവക്കാടായി മാറിയെന്നും ഐതിഹ്യം പറയുന്നു.

പാലയൂര്‍പള്ളിക്ക് അല്പം കിഴക്കായി പഴയൊരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. മൈസൂര്‍ സൈന്യത്തില്‍നിന്നും ബ്രിട്ടീഷ് കേണലായിരുന്ന ഹാര്‍ട്ലി എ.ഡി. 1790-ല്‍ പിടിച്ചെടുത്ത കോട്ടയാണിത്. റോമാ-സിറിയന്‍ ക്രൈസ്തവദേവാലയത്തിനു സമീപം പ്രാചീനമായ ഒരു ജൂതക്കോളനിയും ഉണ്ടായിരുന്നു. 'ജൂതക്കുന്ന്' ഇന്നും ആ സ്മരണ പുലര്‍ത്തുന്നു. ജൂതന്മാര്‍ ഇവിടം ഉപേക്ഷിച്ചുപോയപ്പോള്‍ 'ജൂതക്കുന്നില്‍' എന്നും രാത്രി ഒരു വിളക്ക് കൊളുത്താനായി തിയ്യ സമുദായത്തില്‍പ്പെട്ട ഒരാളെ ഏര്‍പ്പാടു ചെയ്തിരുന്നുവെന്നും ഈ നൂറ്റാണ്ടിന്റെ ആരംഭംവരെ ഇവിടെ പതിവായി ദീപം കത്തിച്ചിരുന്നുവെന്നും മലബാര്‍ ജില്ലാ ഗസറ്റിയറില്‍ പറയുന്നുണ്ട്.

ഹൈദരാലിയുടെ ലഫ്റ്റനന്റായിരുന്ന ഹൈദ്രോസ്കുട്ടിയുടെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന മണത്തല മുസ്ലിംപള്ളി പ്രസിദ്ധമാണ്. ഇവിടത്തെ ചന്ദനക്കുടം നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ വമ്പിച്ച ജനക്കൂട്ടം എത്താറുണ്ട്. നൂറോളം ആനകളെ ചടങ്ങില്‍ എഴുന്നള്ളിച്ചു നിര്‍ത്തുന്നത് കമനീയമായ കാഴ്ചയാണ്. പള്ളിക്കടുത്ത് ഹൈദ്രോസ്കുട്ടി മരണമടഞ്ഞ സ്ഥലവും വിശുദ്ധമായി കരുതി ആരാധിക്കുന്നു. ഹൈദ്രോസ്കുട്ടിയുമായുള്ള ഉറ്റബന്ധം മൂലം നാടിന് 'കുട്ടങ്ങല്‍' എന്ന് പേരുണ്ടായിരുന്നു.

മമ്മിയൂര്‍ ആസ്ഥാനമായ പുന്നത്തൂര്‍ സ്വരൂപത്തിന്റെ കീഴിലായിരുന്നു പാലയൂരും ചുറ്റുമുള്ള ദേശങ്ങളും. 1717-ല്‍ ചാവക്കാട് ഡച്ചുകാരുടെ നിയന്ത്രണത്തിലായി. 1776-ല്‍ ഹൈദരാലി ഈ പ്രദേശം പിടിച്ചെടുത്തു. 1789 സെപ്. 26-ന് ബ്രിട്ടീഷ് സൈന്യത്തിനു കീഴടങ്ങുംവരെ മൈസൂര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശങ്ങള്‍.

പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രം ഇവിടെനിന്ന് 3 കി.മീ. അകലെയാണ്. ചാവക്കാട് വില്ലേജിന്റെ ഒരു ഭാഗം കൂടി ചേര്‍ന്നതാണ് ഗുരുവായൂര്‍ ടൌണ്‍ഷിപ്പ്. ചരിത്രപ്രസിദ്ധമായ ചേറ്റുവായ് ചാവക്കാടിന് 8 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു.

താലൂക്കാസ്ഥാനമെന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ ആഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയും മത്സ്യബന്ധനവുമാണ് മുഖ്യ തൊഴിലുകള്‍.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍