This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാല്ക്കന്തൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാല്ക്കന്തൈറ്റ്
Chalcanthite
കോപ്പര്‍ സള്‍ഫേറ്റിന്റെ ജലവുമായി ചേര്‍ന്നുള്ള ഒരു സംയുക്തം. ജലത്തില്‍ വളരെപ്പെട്ടെന്നു ലയിക്കുന്ന ഈ ധാതുവിന് നിര്‍ജലീകരണം സംഭവിച്ച ഉടന്‍തന്നെ പച്ചകലര്‍ന്ന വെള്ളനിറമുള്ള കോപ്പര്‍ സള്‍ഫേറ്റ് തരികളായി മാറും. ഫോര്‍മുല: CuSO4 5H2O. നീലനിറത്തിലോ നീലകലര്‍ന്ന പച്ചനിറത്തിലോ കാണപ്പെടുന്ന മനോഹരമായ ചാല്ക്കന്തൈറ്റിന്റെ പരലുകള്‍ ക്രിസ്റ്റലീകരിക്കുന്നത് ട്രൈക്ളിനിക്ക് വ്യൂഹത്തിലാണ്. ചിലപ്പോള്‍ ക്രിസ്റ്റലുകള്‍ അല്ലാതെ തന്തുമയമായ നേരിയ പാളികളായോ സ്റ്റാലക്റ്റൈറ്റുകളായോ കാണപ്പെടുന്നു. കാഠിന്യം 2.5, ആ.സാ. 2.88. ശംഖാഭമാര്ന്ന വിള്ളല്‍ (fracture), സഫ്ടികദ്യുതി മുതലായവയാണ് ഈ ധാതുവിന്റെ പ്രധാനപ്പെട്ട ഭൌതികഗുണങ്ങള്‍.
ചെമ്പയിര്-നിക്ഷേപങ്ങളില്‍ ഓക്സിഡേഷന് സംഭവിച്ച മേഖലയിലാണ് ചാല്ക്കന്തൈറ്റ് സാധാരണ കാണപ്പെടുന്നത്. ഒരു ദ്വിതീയ ധാതുവായ ചാല്ക്കന്തൈറ്റ്, ജിപ്സം, മെലന്റ്റൈറ്റ്, ബ്രോക്കന്റൈറ്റ് തുടങ്ങിയ സള്‍ഫേറ്റ് ധാതുക്കളോടൊപ്പം സ്ഥിതിചെയ്യുന്നു. വരണ്ട പ്രദേശങ്ങളില്‍ വ്യാവസായിക പ്രാധാന്യമുള്ള അളവില്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇത് ചെമ്പയിരിന്റെ പ്രധാനപ്പെട്ട ഒരു സ്രോതസ്സ് അല്ല. ലോകത്തില്‍ ഈ ധാതുവിന്റെ നിക്ഷേപം ഇംഗ്ലണ്ട്, അയര്‍ലണ്ട്, ജര്‍മനി, ചിലി, കാലിഫോര്‍ണിയ, ന്യൂമെക്സികോ തുടങ്ങിയ രാജ്യങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. നോ: കോപ്പര്‍