This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലിയാര്‍പ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാലിയാര്‍പ്പുഴ

മലബാര്‍ പ്രദേശത്തെ ഒരു പ്രധാനപുഴ. സമുദ്രനിരപ്പില്‍ നിന്ന് സു. 2,066 മീ. ഉയരത്തില്‍ തമിഴ്നാട്ടിലെ ഇളമ്പലേരിക്കുന്നില്‍ നിന്നുദ്ഭവിക്കുന്ന ഈ പുഴ കേരളത്തില്‍ കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു. കോഴിക്കോടു ഭാഗത്ത് ബേപ്പൂര്‍പ്പുഴ എന്നാണ് ഇതറിപ്പെടുന്നത്. ഈ അന്തര്‍സംസ്ഥാന നദി ഫറൂക്ക് പട്ടണത്തിനു പടിഞ്ഞാറായി അറബിക്കടലില്‍ പതിക്കുന്നു. ഈ നദിയുടെ അഴിമുഖം ഒരു ചെറിയ മത്സ്യബന്ധന തുറമുഖമായി വികസിച്ചിട്ടുണ്ട്. നദിയുടെ ആകെ നീളം 169 കി.മീ. നീര്‍വാര്‍ച്ചാവിസ്താരം (drainage area) 2,923 ച.കി.മീ.

ചാലിയാര്‍പ്പുഴ

ചാലിപ്പുഴ, പൊന്‍പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, ഇരിഞ്ഞിപ്പുഴ, ഇരുത്തില്ലിപ്പുഴ എന്നിവയാണ് ചാലിയാര്‍പ്പുഴയുടെ പ്രധാന കൈവഴികള്‍. ഇവയില്‍ മൂന്നു പ്രധാനകൈവഴികള്‍ നിലമ്പൂരിന് ഏതാനും കി.മീ. അകലെവച്ച് സംഗമിക്കുന്നു. ഇതില്‍ കിഴക്കേ അറ്റത്തെ കൈവഴിയായ കരിമ്പുഴ മുകുര്‍ത്തിമുടിയില്‍ നിന്നുമുദ്ഭവിച്ച് ഇടതൂര്‍ന്ന മരങ്ങള്‍ നിറഞ്ഞ താഴ്വരയിലുടെയാണ് മുന്നോട്ടുപോകുന്നത്. മധ്യഭാഗത്തുള്ള പൊന്‍പുഴ, നീലഗിരി, വയനാട് ഭാഗങ്ങളിലെ പാറക്കെട്ടുകള്‍ നിറഞ്ഞ പശ്ചിമഘട്ടത്തിലൂടെ ഒഴുകുന്നു. ഇതിന്റെ ഗതിക്കിടയില്‍ ധാരാളം വെള്ളച്ചാട്ടങ്ങള്‍ കാണാം. ചാലിയാറിന്റെ പടിഞ്ഞാറേയറ്റത്തെ കൈവഴി വയനാടന്‍ കുന്നുകളിലൂടെയൊഴുകി വാവുമലയ്ക്കു കിഴക്കുഭാഗങ്ങളെ ജലസിക്തമാക്കുന്നു. നിലമ്പൂര്‍ താഴ്വരയുടെ മധ്യഭാഗത്തുള്ള തേക്കുവൃക്ഷങ്ങള്‍ക്കിടയിലൂടെ ഒഴുകുമ്പോള്‍ ഈ പുഴയില്‍ പല ചെറു അരുവികളും വന്നുചേരുന്നുണ്ട്. നിലമ്പൂര്‍ വനത്തിലെ തടി കോഴിക്കോട്ടെത്തിക്കുന്നതിനുള്ള പ്രധാനമാര്‍ഗം ചാലിയാര്‍പ്പുഴയായിരുന്നു. നിലമ്പൂര്‍ കാടുകളിലൂടെ ഒഴുകുന്ന ചാലിയാര്‍പ്പുഴയ്ക്കിരുവശവും ചെറിയ തോതില്‍ സ്വര്‍ണനിക്ഷേപമുള്ളതായി മനസ്സിലായിട്ടുണ്ട്. വളരെ ഗതാഗതയോഗ്യമാണ് ഈ പുഴ.

ചാലിയാര്‍പ്പുഴ ഇപ്പോള്‍ കടുത്ത മലിനീകരണഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പുഴയുടെ തീരത്തു പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ ചാലിയാര്‍ പുഴയുടെ നാശത്തിനു കാരണമാകുന്നു. മാവൂരിലെ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയായിരുന്നു ഇക്കൂട്ടത്തില്‍ പ്രമുഖം. ചാലിയാറിലെ മത്സ്യങ്ങള്‍ ഒന്നടങ്കം ചത്തൊടുങ്ങുന്നതിന് ഈ മാലിന്യങ്ങള്‍ കാരണമായി. ഇതുകൂടാതെ പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന ശുദ്ധജലമുപയോഗിക്കേണ്ട പല ചെറുകിട ഫാക്ടറികളുടെയും പ്രവര്‍ത്തനത്തെയും കോഴിക്കോട്ടു നഗരത്തിലേക്കുള്ള ശുദ്ധജലസംഭരണിയായ കുളമാട് ജലസംഭരണിയെയും ഇതു ബാധിച്ചു. എന്നാല്‍ ഗ്വാളിയര്‍ റയണ്‍സ് അടച്ചുപൂട്ടിയതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍