This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലക്കുടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാലക്കുടി

തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലുള്ള ഒരു മുനിസിപ്പല്‍ നഗരം. 1970-ല്‍ മുനിസിപ്പാലിറ്റിയായി. ചാലക്കുടിപ്പുഴയുടെ തീരത്താണ് പട്ടണം. നാഷണല്‍ ഹൈവേയില്‍ അങ്കമാലിക്കും തൃശൂരിനും മധ്യേയുള്ള ഒരു പ്രധാനകേന്ദ്രമാണിത്. തൃശൂരിന് 31 കി.മീ. തെക്കായുള്ള ഇവിടെ ഒരു റെയില്‍വേസ്റ്റേഷനുണ്ട്. തിരുവനന്തപുരത്തുനിന്ന് റോഡുവഴി 268 കി. മീറ്ററാണ് ദൂരം. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ വിസ്തീര്‍ണം: 2,523 ച.കി.മീ.

കോടശേരി, കല്ലൂര്‍ വടക്കുംമുറി, കൊരട്ടി, മേലൂര്‍, പരിയാരം, വെറ്റിലപ്പാറ എന്നീ ആറു പഞ്ചായത്തുകള്‍ ചേര്‍ന്ന ചാലക്കുടി വികസനബ്ളോക്കിന്റെ ആസ്ഥാനം കൂടിയാണിവിടം. തൃശൂര്‍ ജില്ലയിലെ ഒരു അസംബ്ലി നിയോജകമണ്ഡലമായ ചാലക്കുടിയില്‍ ഏതാനും പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനവ്യവസായ വകുപ്പിന്‍കീഴിലുള്ള ഒരു പൊതുമേഖലാസ്ഥാപനമാണ് ചാലക്കുടി റിഫ്രാക്ടറീസ്. പ്രവര്‍ത്തനരഹിതമായിരുന്ന കൊച്ചിന്‍ പോട്ടറീസ് എന്ന സ്ഥാപനം ഏറ്റെടുക്കാനായി സംസ്ഥാന ഗവണ്‍മെന്റ് 1969-ല്‍ ചാലക്കുടി പോട്ടറീസ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചു. കമ്പനിയുടെ പേര് പിന്നീട് ചാലക്കുടി റിഫ്രാക്ടറീസ് എന്നു മാറ്റി. ഉയര്‍ന്ന നിലവാരമുള്ള ഇഷ്ടികകളാണ് കമ്പനിയില്‍ ആദ്യം ഉണ്ടാക്കിയിരുന്നത്. ക്രമേണ റിഫ്രാക്ടറി ഉത്പാദനം ഏറ്റെടുത്തു. മേന്മയേറിയ റിഫ്രാക്ടറി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏകസ്ഥാപനമാണിത്. 125 ലക്ഷം രൂപയാണ് കമ്പനിയുടെ അധികൃതമൂലധനം.

മോട്ടോര്‍ വാഹനങ്ങള്‍ക്കുവേണ്ട ടയര്‍ ഉത്പാദിപ്പിക്കാനായി 1972-ല്‍ ചാലക്കുടിയില്‍ അപ്പോളോ ടയേഴ്സ് ഫാക്ടറി സ്ഥാപിച്ചു. കമ്പനിയുടെ രജിസ്റ്റ്രേഡ് ആഫീസ് കൊച്ചിയിലും ആസ്ഥാനം ഡല്‍ഹിയിലുമാണ്. റൂണാക് സിങ് എന്ന വ്യവസായപ്രമുഖനാണ് കമ്പനിയുടെ സ്ഥാപകന്‍. അമേരിക്കയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ ജനറല്‍ ടയര്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണ് അപ്പോളോ ടയേഴ്സ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിവര്‍ഷം നാലുലക്ഷം ടയറും അത്രയും ട്യൂബുമാണ് കമ്പനി നിര്‍മിക്കുന്നത്. പോളിസ്റ്ററും ഫൈബര്‍ഗ്ലാസ്സും ചേര്‍ത്തുള്ള പോളിഗ്ലാസ് റേഡിയല്‍ ടയര്‍ ഇന്ത്യയില്‍ ആദ്യമായി ഉത്പാദിപ്പിച്ചത് ഇവിടെയാണ്. കമ്പനിയുടെ അധികൃതമൂലധനം 12 കോടി രൂപയും അടച്ചുതീര്‍ത്ത മൂലധനം 8 കോടി രൂപയുമാകുന്നു. 1200-ഓളം ജീവനക്കാരുണ്ട്.

എസി കറന്റ് കണ്‍ട്രോള്‍സ് 1971 ജൂണില്‍ ചാലക്കുടിയില്‍ രജിസ്റ്റര്‍ ചെയ്തു. എസി കറന്റ് വേരിയബിള്‍ സ്പീഡ് ഡ്രൈവ് ആണ് കമ്പനിയുടെ ഉത്പന്നം. 1974 ഫെ.-ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചു. ഒരു വര്‍ഷം 4000 സ്പീഡ് ഡ്രൈവ് ഉണ്ടാക്കാനുള്ള ലൈസന്‍സ് 1970-ല്‍ ഇന്ത്യാഗവണ്‍മെന്റ് നല്കി. ജപ്പാനിലെ ഒരു കമ്പനിയുമായി സാങ്കേതിക സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഒരുകോടി രൂപയാണ് അധികൃതമൂലധനം.

സ്റ്റാര്‍ച്ചും ബന്ധപ്പെട്ട ഉത്പന്നങ്ങളും നിര്‍മിക്കാന്‍ 1965-ല്‍ 'റ്റപിയോക്കാ പ്രോഡക്ട്സ്' ചാലക്കുടിയില്‍ സ്ഥാപിതമായി. സ്റ്റാര്‍ച്ചിനു പുറമേ ഡെക്സ്റ്റ്മറിന്‍, ഗ്ളൂക്കോസ്, യെലോ ഡസ്റ്റ് എന്നിവയാണ് ഈ ഫാക്ടറിയിലെ ഉത്പന്നങ്ങള്‍. അഹമദാബാദിലെ ഒരു വ്യവസായ സ്ഥാപനമാണ് ഈ ഫാക്ടറി നടത്തുന്നത്. തടി, പ്ളൈവുഡ്, തീപ്പെട്ടി എന്നീ വ്യവസായങ്ങളുമുണ്ട്. താലൂക്കിലെ ഏറ്റവും പ്രസിദ്ധമായ ചന്ത ഇവിടെയാണ്. കുരുമുളകാണ് മുഖ്യ വാണിജ്യവസ്തു.

തിരുവിതാംകൂറിലെ 'നെടുങ്കോട്ട' ആക്രമിക്കാന്‍ ടിപ്പുസുല്‍ത്താന്‍ പടയൊരുക്കം നടത്തിയ സ്ഥലമാണ് ചാലക്കുടി. സുഖകരവും ആരോഗ്യപ്രദവുമായ കാലാവസ്ഥയാണ് ഇവിടത്തേത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആതിരപ്പിള്ളി ജലപാതം നഗരത്തിനടുത്താണ്. തെങ്ങ്, നെല്ല് എന്നിവയാണ് മുഖ്യവിളകള്‍. പനമ്പള്ളി സ്മാരകഗവണ്‍മെന്റ് കോളജ്, എസ്.എച്ച്. കോളജ് എന്നിവ മുഖ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നു.

ചാലക്കുടിപ്പുഴ: ആനമലയിലെ നെല്ലിയാംപതിയില്‍ നിന്നുദ്ഭവിക്കുന്ന ചാലക്കുടിപ്പുഴയ്ക്ക് പതനഘട്ടംവരെ 144 കി.മീ. നീളമുണ്ട്. ഷോളയാര്‍, പറമ്പിക്കുളം, കരിയാര്‍കുറ്റി, കരപ്പാറ എന്നീ നാലു പോഷകനദികള്‍ ചേര്‍ന്നതാണ് ചാലക്കുടിപ്പുഴ. കൊടുങ്ങല്ലൂരിന് 9.6 കി.മി. കിഴക്കുള്ള ഇലന്തിക്കരയില്‍ വച്ച് ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നു.

128.5 ലക്ഷം രൂപ ചെലവില്‍ 1957-ല്‍ പൂര്‍ത്തിയാക്കിയ 'ചാലക്കുടി ഘട്ടം-1 ജലസേചനപദ്ധതി' 11,495 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കുന്നു. 60 ലക്ഷം രൂപ ചെലവില്‍ 1966-ല്‍ പൂര്‍ത്തിയാക്കിയ 'ചാലക്കുടി ഘട്ടം-2 ജലസേചന പദ്ധതി' 8,195 ഹെക്ടര്‍ സ്ഥലം ജലസേചിതമാക്കുന്നുണ്ട്.

പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുതപദ്ധതി ചാലക്കുടിപ്പുഴയെ ആശ്രയിച്ചുള്ളതാണ്.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍