This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാറ്റുപക്ഷികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാറ്റുപക്ഷികള്‍

പാസ്സെറിഫോര്‍മിസ് ഗോത്രത്തിലെ പാടുന്ന പക്ഷികള്‍. വിവിധതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള വിശേഷസ്വഭാവം ഇവയ്ക്കുണ്ട്. ഇതാണ് ഇവയുടെ പേരിനാധാരവും. പ്രധാനമായി റ്റര്‍ഡിഡേ ( Turdidae), സില്‍വിഡേ (Sylviidae), ഡൂലിഡേ (Dulidae), പറൂലിഡേ (Parulidae) എന്നീ കുടുംബങ്ങളില്‍ ഉള്‍പ്പെടുന്ന പക്ഷികളെയാണ് ചാറ്റുപക്ഷികളായി കണക്കാക്കുന്നത്. ഇവ അധികവും ദേശാടനസ്വഭാവമുള്ളവയാണ്. ആഗോളവ്യാപകമായി ബുഷ്ചാറ്റ് (Bush Chat), സ്റ്റോണ്‍ ചാറ്റ് (Stone chat), വിന്‍ചാറ്റ് (Win chat), യല്ലോ-റോസ്-റെഡ്-ബ്രസ്റ്റഡ് ചാറ്റ്സ് (Yellow-Rose-Red-Breasted chats), പാംചാറ്റ് (Palm chat), ത്രഷസ് (Thrushes) തുടങ്ങിയ ഒട്ടനവധി പക്ഷികള്‍ ഈ വിഭാഗത്തിലുണ്ട്. ഇന്ത്യയില്‍ കാണുന്ന ചുറ്റീന്തല്‍ക്കിളി, വയല്‍ക്കുരുവി, ചിലുചിലിപ്പന്‍, പുല്‍ക്കുരുവി, പോതപ്പൊട്ടന്‍, നിലാട്ടന്‍ തുടങ്ങിയ ധാരാളം പക്ഷികള്‍ വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. പൊതുവായി ചാറ്റുപക്ഷികളുടെ ആവാസകേന്ദ്രങ്ങള്‍ പുല്‍പ്രദേശങ്ങള്‍, കുറ്റിക്കാടുകള്‍, പാറയിടുക്കുകള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവയാണ്. കൊക്ക് വളരെ ചെറുതും തൂവലുകള്‍ മനോഹരവുമാണ്. കീടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. ആവാസകേന്ദ്രങ്ങളില്‍ സസ്യഭാഗങ്ങള്‍കൊണ്ട് കൂട് കെട്ടുന്നു.

അമേരിക്കയിലുള്ള ചാറ്റുപക്ഷിയിനമാണ് ഇക്റ്റെറിയ വൈറന്‍സ് (Icteria virens). ഇംഗ്ലീഷില്‍ യല്ലോ ബ്രസ്റ്റഡ് ചാറ്റ് എന്നറിയപ്പെടുന്നു. പറുലിഡേ കുടുംബത്തിലെ ഏറ്റവും വലുപ്പമുള്ള ചാറ്റുപക്ഷിയും ഇതുതന്നെയാണ്. ശീതകാലമാകുമ്പോള്‍ ഇവ മധ്യഅമേരിക്കയിലേക്ക് ദേശാടനം നടത്തുന്നു. ഏകദേശം 18 സെ.മീ. നീളമുള്ള ഇതിന്റെ ശരീരത്തിന്റെ മുകള്‍ഭാഗത്തിന് പച്ചകലര്‍ന്ന തവിട്ടുനിറവും അടിഭാഗത്തിനു മഞ്ഞനിറവുമാണ്. കൊക്കിന്റെ അടിഭാഗം മുതല്‍ കണ്ണുവരെ വെളുത്ത രേഖകള്‍ ഉണ്ട്. പൂവനും പിടയും തമ്മില്‍ നിറവ്യത്യാസം ഇല്ല. കുറ്റിക്കാടുകളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം. ഇവിടെത്തന്നെ ചുള്ളിക്കൊമ്പ്, ഇല, പുല്ല് എന്നിവ ഉപയോഗിച്ച് ഇവ കൂട് കെട്ടുന്നു. ഒരു പ്രജനനഘട്ടത്തില്‍ ഏകദേശം 3-5 മുട്ടകള്‍വരെയിടുന്നു. വെളുത്ത നിറമുള്ള മുട്ടയില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ട്. പക്ഷിക്കുഞ്ഞുങ്ങളെ പൂവനും പിടയും ചേര്‍ന്നു ശുശ്രൂഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍