This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍ട്ടര്‍ ആക്റ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാര്‍ട്ടര്‍ ആക്റ്റുകള്‍

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കുത്തകാവകാശത്തിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതിന് പുറപ്പെടുവിച്ച ശാസനങ്ങള്‍.

18-ാം ശ.-ത്തിന്റെ അന്ത്യത്തിലും 19-ാം ശ.-ത്തിന്റെ ആദ്യപകുതിയിലും ബ്രിട്ടീഷ് ഗവണ്‍മെന്റ് ചാര്‍ട്ടര്‍ ആക്റ്റുകള്‍ പുറപ്പെടുവിച്ചു.

1600 ഡി. 31-ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നല്കിയ ചാര്‍ട്ടര്‍ പ്രകാരം കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപാരത്തിനുള്ള കുത്തകാവകാശങ്ങള്‍ക്കൊപ്പം അവിടെ നിയമം നടപ്പിലാക്കുന്നതിനും യുദ്ധം പ്രഖ്യാപിക്കുന്നതിനും രാജ്യവിസ്തൃതി കൂട്ടുന്നതിനുമുള്ള അധികാരം നല്കി. കമ്പനിയുടെ അധികാരം ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ഉള്‍പ്പെട്ട 24 അംഗ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരുന്നു. കാലക്രമേണ കമ്പനിക്ക് ഇന്ത്യയുടെമേലുള്ള അധികാരം കൂടിക്കൂടിവന്നു. ബ്രിട്ടനില്‍ കമ്പനിക്കെതിരെ വിമര്‍ശനങ്ങളുണ്ടായി.

1793-ലെ ചാര്‍ട്ടര്‍ ആക്റ്റ് പ്രകാരം കമ്പനിയുടെ കുത്തകാവകാശം 20 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തു. ഗവര്‍ണര്‍ ജനറലിന്റെ അധികാരം വിപുലപ്പെടുത്തി. ബംഗാളിലേതുപോലെ മറ്റു പ്രസിഡന്‍സികളിന്മേലും പരമാധികാരം ഗവര്‍ണര്‍ ജനറലിനു നല്കി. കൂടാതെ ഓര്‍ഡിനന്‍സുകളും റഗുലേഷനുകളും പുറപ്പെടുവിക്കാനും അധികാരം നല്കി. ഗവര്‍ണര്‍ ജനറല്‍, പ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍, കൗണ്‍സിലര്‍മാര്‍, സര്‍വസൈന്യാധിപന്‍ തുടങ്ങിയവര്‍ക്ക് അധികാരത്തിലിരിക്കുന്ന സമയം ഇന്ത്യ വിട്ടുപോകാന്‍ പാടില്ല. സിവില്‍ സര്‍വീസില്‍ ഇന്ത്യാക്കാരെ ഒഴിവാക്കി. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശമ്പളം ഇന്ത്യന്‍ വരുമാനത്തില്‍നിന്ന് കൊടുക്കാന്‍ തുടങ്ങി. കമ്പനിയുടെ സാമ്പത്തികസ്ഥിതി ക്രമീകരിക്കാന്‍ നടപടി ആരംഭിച്ചു.

1813-ല്‍ കമ്പനിയുടെ കുത്തകാവകാശം അവസാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് 1813-ല്‍ പുറപ്പെടുവിച്ച ചാര്‍ട്ടര്‍ ആക്റ്റ് അനുസരിച്ച് കമ്പനിയുടെ കുത്തകാവകാശം 20 വര്‍ഷത്തേക്കുകൂടി നീട്ടിയെങ്കിലും ഇന്ത്യയിലെ അവരുടെ വ്യാപാരകുത്തകാവകാശം നിര്‍ത്തലാക്കി. കൂടാതെ ചൈനയില്‍ വ്യാപാരകുത്തകാവകാശം നല്കുകയും ചെയ്തു. ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും ഇന്ത്യയില്‍ വ്യാപാരം നടത്തുന്നതിന് അനുവാദം കൊടുത്തു. കമ്പനിയുടെ ഇന്ത്യയിലെ അധീന പ്രദേശങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അധികാരം സ്ഥാപിച്ചു. സാഹിത്യ, സാംസ്കാരിക, ശാസ്ത്രപുരോഗതിക്കായി വര്‍ഷംതോറും ഒരു ലക്ഷം രൂപ നീക്കിവയ്ക്കാന്‍ നിബന്ധനയുണ്ടാക്കി. ക്രിസ്തീയ മതസംഘടന ഇന്ത്യയില്‍ രൂപവത്കരിക്കാനും, കമ്പനിക്ക് കൊല്‍ക്കത്തയില്‍ ഒരു ബിഷപ്പിനെയും മൂന്ന് ആര്‍ച്ച്ഡീക്കന്മാരെയും നിയമിക്കാനുമുള്ള അവകാശവും നല്കി.

1833-ലെ ചാര്‍ട്ടര്‍ ആക്റ്റ് കമ്പനിയുടെ കാലാവധി 20 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചുകൊടുത്തതിനൊപ്പം ഭരണഘടനാപരമായ ചില മാറ്റങ്ങളും വരുത്തി. കമ്പനിയുടെ വ്യാപാര അവകാശം എടുത്തുകളയുകയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലെ തദ്ദേശ ഭരണസമിതിയായി മാറ്റുകയും ചെയ്തു. 1833 മുതല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയിലെ യഥാര്‍ഥ ഭരണാധികാരിയായി. ബംഗാളിലെ ഗവര്‍ണര്‍ ജനറല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി. ഗവര്‍ണര്‍ ജനറലിന്റെ കൗണ്‍സിലിന് ഇന്ത്യന്‍ ജനതയ്ക്കും ബ്രിട്ടീഷിന്ത്യാക്കാര്‍ക്കും നിയമം നടപ്പാക്കുന്നതിനുള്ള അധികാരം നല്കി. കൗണ്‍സില്‍ ഒരു നിയമാംഗത്തെക്കൂടി ചേര്‍ത്ത് സംഖ്യ നാലാക്കി. മെക്കാളെ പ്രഭുവാണ് ആദ്യത്തെ നിയമാംഗം. കൗണ്‍സിലിന്റെ എല്ലാ മീറ്റിങ്ങിലും ഇദ്ദേഹത്തിന് പങ്കെടുക്കാമെങ്കിലും നിയമനിര്‍മാണം സംബന്ധിച്ചകാര്യങ്ങള്‍ക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. നിയമനിര്‍മാണത്തിലും നികുതി കാര്യങ്ങളിലും മുംബൈ, ചെന്നൈ പ്രസിഡന്‍സികള്‍ കൊല്‍ക്കത്താ ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു. എന്നാല്‍ ഇവിടത്തെ നീതിനിര്‍വഹണം ഗവര്‍ണറുടെ മൂന്നംഗ കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. കമ്പനിക്ക് വരുമാനത്തിന്റെ 10.5 ശ.മാ. നല്കി. ഗവര്‍ണര്‍ ജനറല്‍, കൗണ്‍സില്‍, സര്‍വസൈന്യാധിപന്‍ എന്നിവര്‍ ചേര്‍ന്നതാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സുപ്രീം കൗണ്‍സില്‍. ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം നല്കി. മതത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ ജോലി നിഷേധിക്കാന്‍ പാടില്ല.

1853-ലെ ചാര്‍ട്ടര്‍ ആക്റ്റ് പ്രകാരം കമ്പനിയുടെ കാലാവധി പുതുക്കിയെങ്കിലും എത്രകാലത്തേക്കെന്ന് പറഞ്ഞിരുന്നില്ല. പാര്‍ലമെന്റ് മറ്റു രീതിയില്‍ നയിക്കുന്നതുവരെ കമ്പനിക്ക് ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഭരണം നടത്താന്‍ അനുവാദം കൊടുത്തു. കോര്‍ട്ട് ഒഫ് ഡയറക്ടര്‍മാരുടെ അംഗസംഖ്യ 24-ല്‍ നിന്ന് 18 ആക്കി കുറച്ചു. ഇതില്‍ 6 പേര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിക്കുന്നവരായിരിക്കും. ബംഗാളിന്റെ ഭരണം ഒരു ലഫ്. ഗവര്‍ണറുടെ കീഴിലായി. പുതിയ പ്രസിഡന്‍സികള്‍ രൂപവത്കരിച്ചു.

ബോര്‍ഡ് ഒഫ് കണ്‍ട്രോളിന്റെ പ്രസിഡന്റിന്റെ പദവി സ്റ്റേറ്റ് സെക്രട്ടറിക്കു തുല്യമായി. ബോര്‍ഡംഗങ്ങള്‍ക്കു വേതനം കൊടുക്കാന്‍ തുടങ്ങി. ഡയറക്റ്റര്‍മാര്‍ക്ക് സിവില്‍ സര്‍വീസില്‍ നിയമനം നടത്താനുള്ള അധികാരം നിര്‍ത്തലാക്കി. മത്സരപ്പരീക്ഷവഴി നിയമനം നടത്തി. ഗവര്‍ണര്‍ ജനറലിന്റെ കൗണ്‍സിലിന്റെ ഘടനയില്‍ മാറ്റം വരുത്തി. നിയമാംഗത്തിന് നീതിനിര്‍വഹണ കാര്യങ്ങളില്‍ വോട്ടവകാശം നല്കി. കൗണ്‍സിലിന്റെ അംഗസംഖ്യ 12 ആയി വര്‍ധിപ്പിച്ചു-ഗവര്‍ണര്‍ ജനറല്‍, സര്‍വസൈന്യാധിപന്‍, നീതിനിര്‍വഹണ കൗണ്‍സിലിലെ 4 അംഗങ്ങള്‍, 6 നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍. 6 അംഗങ്ങളില്‍ നാലുപേര്‍ 4 പ്രവിശ്യകളുടെയും മറ്റു രണ്ടുപേര്‍ ബംഗാളിലെ ചീഫ് ജസ്റ്റിസും, കൊല്‍ക്കത്തയിലെ സുപ്രീം കോടതി ജഡ്ജിയുമാണ്. ഈ നടപടി എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് ലെജിസ്ളേറ്റീവ് കൗണ്‍സിലിന്റെ വേര്‍തിരിവിനെയാണ് സൂചിപ്പിക്കുന്നത്. എല്ലാ നിയമങ്ങള്‍ക്കും ഗവര്‍ണര്‍ ജനറലിന്റെ അംഗീകാരംവേണം. കൂടാതെ നിയമങ്ങള്‍ വീറ്റോ ചെയ്യാനും ഇദ്ദേഹത്തിന് അധികാരമുണ്ട്. ഇന്ത്യന്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതിന് ഒരു നിയമ കമ്മിഷന്‍ രൂപവത്കരിക്കാനും ഈ ആക്റ്റ് ശുപാര്‍ശ ചെയ്തു.

1858-ലെ വിക്റ്റോറിയാരാജ്ഞിയുടെ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഭരണം ഇന്ത്യയില്‍ അവസാനിക്കുകയും ചാര്‍ട്ടര്‍ ആക്റ്റുകളുടെ പ്രസക്തി ഇല്ലതാവുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍