This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരുദത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാരുദത്തം

ഭാസനാടകചക്രത്തില്‍ ഉള്‍പ്പെട്ട ഒരു സംസ്കൃത നാടകം. നാലങ്കങ്ങളാണ് ഇതിലുള്ളത്. വസന്തസേന എന്ന പ്രസിദ്ധ വേശ്യയും ചാരുദത്തന്‍ എന്ന ബ്രാഹ്മണവ്യാപാരിയും തമ്മിലുള്ള പ്രണയമാണ് ഇതിലെ ഇതിവൃത്തം. ഇതിവൃത്തപരമായി ഇതിനു ശൂദ്രകന്റെ മൃച്ഛകടികവുമായി തികഞ്ഞ സാദൃശ്യമുണ്ട്. ഏതാണ്ട് ഒരേ സംഭവങ്ങള്‍ തന്നെ രണ്ടിലും കാണാം. സംഭാഷണങ്ങളിലും ശ്ളോകങ്ങളിലുമുള്ള സമാനതകള്‍ ഈ രണ്ടു കൃതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. മൃച്ഛകടികത്തിലെ ശാര്‍വിലകന്‍, ഭൂത എന്നീ കഥാപാത്രങ്ങള്‍ യഥാക്രമം സജ്ജാലക, ബ്രഹ്മണി എന്നിങ്ങനെയാണ് ചാരുദത്തത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നതുമാത്രമാണ് ഒരു പ്രധാന വ്യത്യാസം. ഇക്കാരണങ്ങളാല്‍ മൃച്ഛകടികത്തിന്റെ സംഗ്രഹരൂപമാണ് ചാരുദത്തം എന്നു ചില പണ്ഡിതന്മാര്‍ വാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാദം ശരിയല്ലെന്നുള്ളതിനു നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില്‍ ആദ്യകൃതി ചാരുദത്തമാണ്. അതിനെ നവീകരിച്ച് പിന്നീട് സൃഷ്ടിച്ച കൃതിയാണ് മൃച്ഛകടികം. എന്തായാലും ഇതു ഭാസകൃതി ആണെന്നത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാസന്റെ അവിമാരകത്തോട് ഇതിവൃത്തപരമായും മറ്റുപല രചനകളോടും സൌന്ദര്യശാസ്ത്രപരമായും നിരവധി സമാനതകളുമുണ്ട്.

ഇതിലെ കഥാഗതി പരിശോധിക്കുമ്പോള്‍ത്തന്നെ ഇതൊരു അപൂര്‍ണ കൃതിയാണെന്നു വ്യക്തമാകും. അതുകൊണ്ട് നാലങ്കങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെങ്കിലും മറ്റു ഭാഗങ്ങള്‍ ഉണ്ടായിരിക്കാമെന്നും അനുമാനിക്കപ്പെടുന്നുണ്ട്. പ്രബലമായ വിശ്വാസം ചാരുദത്തം അപൂര്‍ണ കൃതിയാണെന്നും അതിന്റെ വികസിതമായ രൂപമാണ് ശൂദ്രകന്റെ മൃച്ഛകടികം എന്നതുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍