This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരക്കുട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാരക്കുട്ടന്‍

Gray-backed shrike

കേരളത്തില്‍ സാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. പാസെറിഫോര്‍മിസ് ഗോത്രത്തിലെ ലാനിനേ (Laniinae) ഉപകുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാ.നാ.: ലാനിയസ് സ്കാക്ക് (Lanius schach). ഈ ഉപകുടുംബത്തില്‍ ഏകദേശം 25 സ്പീഷീസുണ്ട്. ലാനിയസ് എറിത്രൊനോട്ടസ് (L. erythronotus), ലാനിയസ് ക്രിസ്റ്റേറ്റസ് (L. cristatus), ലാനിയസ് കോളുറോയ്ഡസ് (L. colluroides), ലാനിയസ് വിറ്റേറ്റസ് (L. vittatus) തുടങ്ങിയ സ്പീഷീസുകള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ കണ്ടുവരുന്നു. ഇവ തമ്മില്‍ വര്‍ണവ്യത്യാസം ഉണ്ട്. കുറ്റിക്കാടുകള്‍, കുന്നിന്‍പ്രദേശങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവയാണ് ഇവയുടെ വാസസ്ഥലങ്ങള്‍.

ഏകദേശം 18-25 സെ.മീ. ശരീരദൈര്‍ഘ്യമുള്ള ഈ പക്ഷിയുടെ ശബ്ദം വളരെ പരുക്കനാണ്. ഇക്കാരണങ്ങളാലാണ് ഇവ ഷ്റൈക്കുകള്‍ (Shrike) എന്നറിയപ്പെടുന്നത്. മറ്റ് പക്ഷികളുടെ ശബ്ദത്തെ വളരെ ഭംഗിയായി അനുകരിക്കുവാനുള്ള വിശേഷസ്വഭാവവും ഇവയ്ക്കുണ്ട്. ശരീരത്തിന്റെ മുകള്‍ഭാഗത്തിന് ചാരനിറവും അടിഭാഗത്തിന് വെള്ളനിറവുമാണ്. പൂര്‍വപൃഷ്ഠഭാഗങ്ങ ളില്‍ ഇരുമ്പിന്റെ നിറത്തിലുള്ള നേരിയ ഛായ (shade) കാണപ്പെടുന്നു. ശിരസ്സിന് സാമാന്യം വലുപ്പവും കാലുകള്‍ക്ക് നല്ല ബലവുമുണ്ട്. കറുപ്പുനിറമുള്ള വാലിന് നീളം കൂടുതലാണ്. കൊക്ക്, നേത്രം, കര്‍ണം എന്നീ ഭാഗങ്ങളില്‍ക്കൂടി കടന്നുപോകുന്ന കറുത്ത പട്ട ചാരക്കുട്ടനെ മറ്റ് പക്ഷികളില്‍നിന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. എന്നാല്‍ ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ ബാഹ്യമായി തിരിച്ചറിയാന്‍ പ്രയാസമാണ്. ചെറിയ ജീവികളെ വേട്ടയാടിയാണ് ഇവ ഭക്ഷിക്കുന്നത്. ബലിഷ്ഠവും മൂര്‍ച്ചയുള്ളതുമായ പരന്നകൊക്കും കാലും ഈ വേട്ടയാടലിനു സഹായിക്കുന്നു. ഇവ സാധാരണമായി കമ്പികളില്‍ ഇരിപ്പുറപ്പിച്ചാണ് ഇര പിടിക്കുന്നത്. കീടങ്ങള്‍, ചെറിയ ഇഴജന്തുക്കള്‍, ചെറുപക്ഷികള്‍, എലികള്‍ എന്നിവയാണ് മുഖ്യഭക്ഷണം. ആഹാരം ശേഖരിച്ചുവയ്ക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ഇതിനായി മുള്‍ച്ചെടികളില്‍ ഇരകളെ കുത്തിയിറക്കി വയ്ക്കാറുണ്ട്.

സാധാരണമായി മുള്ളുള്ള വൃക്ഷശിഖരങ്ങളില്‍ ചാരക്കുട്ടന്‍ മാ.-ജൂണ്‍ മാസങ്ങളില്‍ കൂട് കെട്ടുന്നു. ഇതിലേക്കായി ഉണങ്ങിയ വൃക്ഷഭാഗങ്ങള്‍, പുല്ല് എന്നിവ ഉപയോഗിക്കുന്നു. ഏകദേശം ഒരാഴ്ചക്കാലം കൂട് കെട്ടാനായി എടുക്കും. ഒരു പ്രാവശ്യം 3-6 മുട്ടകള്‍ വരെ നിക്ഷേപിക്കുന്നു. ഇളം പച്ചയും വെള്ളയും കലര്‍ന്ന നിറമുള്ള മുട്ടകളില്‍ തവിട്ടുനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുന്നു. പെണ്‍പക്ഷിയാണ് അടയിരിക്കുന്നതെങ്കിലും പക്ഷിക്കുഞ്ഞുങ്ങളെ ആണ്‍ പെണ്‍ പക്ഷികള്‍ ചേര്‍ന്ന് ശുശ്രൂഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍