This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചായക്കൂട്ടുവ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചായക്കൂട്ടുവ്യവസായം

Dyestuffs Industry

രാസവ്യവസായത്തില്‍ ഉപയോഗിക്കുന്ന സങ്കേതത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് ചായക്കൂട്ടുവ്യവസായം. ഏതൊരു ജൈവരാസവസ്തുവിന്റെയും ഉത്പാദനത്തിന് വിപുലവും സങ്കീര്‍ണവുമായ സാങ്കേതികവിദ്യ ആവശ്യമുണ്ട്. ഇതില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന പ്രക്രിയകളെല്ലാംതന്നെ ചായക്കൂട്ടുവ്യവസായത്തിലെ ഉത്പാദനത്തില്‍ കാണുന്നു.

അന്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ആരംഭിച്ച ചായക്കൂട്ടുവ്യവസായം ഇന്ന് വളരെയേറെ പുരോഗതി നേടിക്കഴിഞ്ഞു. ഈ വ്യവസായത്തിന്റെ ഉത്പന്നങ്ങളായ ചായക്കൂട്ടുകളുടെ കാര്യത്തില്‍ ഇന്ത്യ ഇന്ന് സ്വയംപര്യാപ്തമാണ്. കയറ്റുമതിമേഖലയിലും ഈ വ്യവസായം അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ചായക്കൂട്ടുത്പന്നങ്ങളുടെ ഏറ്റവും പ്രധാന ഉപഭോക്താവ് ടെക്സ്റ്റൈല്‍ വ്യവസായമാണ്. പിഗ്മെന്റ് എമള്‍ഷന്‍, വാറ്റ് ഡൈസ്, റിയാക്റ്റീവ് ഡൈസ് തുടങ്ങി മറ്റു പരമ്പരാഗത ചായക്കൂട്ടിനങ്ങള്‍ വരെയുള്ളവയുടെ ഉത്പാദനശേഷി ഇന്ന് തൃപ്തികരമാണ്. പെയിന്റ്, പ്രിന്റിങ് മഷി, പ്ലാസ്റ്റിക്സ്, റബ്ബര്‍ എന്നീ വ്യവസായങ്ങള്‍ക്കാവശ്യമായ പിഗ്മെന്റുകളുടെ ഉത്പാദനശേഷി സാരമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് നിറമേകാന്‍ കഴിവുള്ള ഭക്ഷ്യനിറക്കൂട്ടുകള്‍ ആവശ്യമായ മാനദണ്ഡങ്ങളുപയോഗിച്ച് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ചില ഭക്ഷ്യോത്പന്ന വ്യവസായികള്‍ ജനങ്ങളെ, പ്രത്യേകിച്ചും ഗ്രാമീണരെ, കബളിപ്പിക്കാനായി നിരോധിക്കപ്പെട്ട നിറങ്ങള്‍ ഉപയോഗിക്കുന്നു. അതുകാരണം വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഭക്ഷ്യനിറങ്ങളുടെ ഉത്പാദനത്തിനുപോലും ഇടിവുണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ ചായക്കൂട്ടുവ്യവസായത്തിന് സംഘടിത മേഖലയില്‍ 48 യൂണിറ്റുകളാണ്. ഈ വ്യവസായത്തിലെ സ്ഥാപിതശേഷി 36,709 ടണ്ണാണ്. എന്നാല്‍ മിക്ക വര്‍ഷങ്ങളിലും ഈ സ്ഥാപിതശേഷി പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. 1986-87-ലെ ചായക്കൂട്ടു വസ്തുക്കളുടെ ഉത്പാദനം 19,007 ടണ്‍ മാത്രമായിരുന്നു. ഈ വ്യവസായത്തിലെ ചെറുകിടമേഖലയില്‍ ഉദ്ദേശം 900 യൂണിറ്റുകളുണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. എല്ലാ ഉത്പാദന ശാലകളിലും കൂടിയുള്ള മൊത്തം ഉത്പാദനത്തിന്റെ മൂല്യം 400 കോടി രൂപയോളമാണ്. അസംഘടിതമേഖലയിലെ ഉത്പാദനവും ചേര്‍ത്ത് കണക്കാക്കിയാല്‍ ഉദ്ദേശം 30,000 ടണ്ണോളം വരുന്ന ചായക്കൂട്ടുത്പന്നങ്ങള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. സംഘടിതമേഖലയിലെ സ്ഥിരം മൂലധനമുടക്ക് 200 കോടി രൂപയോളമാണ്. ഉദ്ദേശം 35,000 പേര്‍ക്ക് പ്രത്യക്ഷമായും മറ്റ് ഒട്ടനവധിപേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കാന്‍ ഈ വ്യവസായത്തിനു കഴിയുന്നു.

ഇന്ത്യയിലെ തുണിമില്‍ വ്യവസായത്തിന്റെ ഗതിവിഗതികളോട് ബന്ധപ്പെട്ടിരിക്കുകയാണ് ഇവിടത്തെ ചായക്കൂട്ടുവ്യവസായം. രണ്ടാം ലോകയുദ്ധകാലത്ത് ചായക്കൂട്ടുസാധനങ്ങളുടെ ഇറക്കുമതി നിര്‍ത്തിയതോടുകൂടി ആഭ്യന്തരമായി ചായക്കൂട്ടുവ്യവസായത്തിന്റെ ആവശ്യവും പ്രാധാന്യവും വര്‍ധിച്ചു. ഇന്ത്യയിലെ ആദ്യത്തെ ചായക്കൂട്ടു നിര്‍മാണഫാക്ടറി (അതുല്‍ പ്രോഡക്റ്റ്സ്) പൂണെയിലാണ് സ്ഥാപിക്കപ്പെട്ടത്. ഈ ഫാക്ടറി 1947-ല്‍ സ്ഥാപിതമായെങ്കിലും ഉത്പാദനം ആരംഭിച്ചത് 1952-ല്‍ മാത്രമായിരുന്നു. അമര്‍ ഡൈകം 1954-ല്‍ ഉത്പാദനമാരംഭിച്ചു. അതോടെ ഇന്ത്യന്‍ ഡൈസ്റ്റഫ് ഇന്‍ഡസ്ട്രീസും രംഗപ്രവേശം ചെയ്തു. 1957-ല്‍ ഇംപീരിയല്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, ബേയര്‍, ഹോചേസ്റ്റ് എന്നീ കമ്പനികളുടെ സഹകരണത്തോടുകൂടി ഓര്‍ഗാനിക് പിഗ്മെന്റുകള്‍ ഉത്പാദിപ്പിച്ചു തുടങ്ങി. അറുപതുകളുടെ ആരംഭത്തില്‍ സാന്‍ഡോസ്, ഹിക്സണ്‍, ദാദാജി സുദര്‍ശന്‍ കെമിക്കല്‍സ്, യൂണിവേഴ്സല്‍ ഡൈസ്റ്റഫ്സ് മുതലായ കമ്പനികള്‍ വിവിധ ഇനം ചായക്കൂട്ടുകള്‍ ഉത്പാദിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തു. ചായക്കൂട്ടു വ്യവസായരംഗത്ത് വിദേശ കമ്പനികള്‍ ഒരു സുപ്രധാന പങ്കാണ് വഹിച്ചത്. ഈ വിദേശ കമ്പനികളില്‍ പ്രധാനപ്പെട്ടവ സ്വിറ്റ്സര്‍ലണ്ടിലെ ഐ.സി.ഐ. (I.C.I), എ.എന്‍.സി.എ. ഒഫ് ഇറ്റലി (ANCA of Italy), സിബാ, സാന്‍ഡോസ് എന്നീ കമ്പനികളും ജര്‍മനിയിലെ ബേയര്‍, ഹോചെസ്റ്റ് എന്നീ കമ്പനികളുമാണ്.

1960-വരെ ഈ വ്യവസായത്തിനാവശ്യമായ ചില നിവേശവസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. അതിനുശേഷം ഈ വസ്തുക്കള്‍ ആഭ്യന്തരമായിത്തന്നെ ഉത്പാദിപ്പിക്കപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനപങ്കുവഹിച്ചത് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് കമ്പനിയും പെട്രോകെമിക്കസ് യൂണിറ്റുകളായ ഹെര്‍ഡില്ലിയാ, ഇന്ത്യന്‍ പെട്രോകെമിക്കല്‍ല്‍സ് ലിമിറ്റഡ് (IPCL) എന്നിവയായിരുന്നു. 1954 മുതല്‍ 64 വരെയുള്ള കാലയളവില്‍ ഇന്ത്യാഗവണ്‍മെന്റ് ചായക്കൂട്ടുവ്യവസായത്തിന് സംരക്ഷണം നല്കിയിരുന്നു.

ചെറുകിടമേഖല. ഈ വ്യവസായരംഗത്ത് ചെറുകിട മേഖല ഗണ്യമായ ഒരു പങ്കാണ് വഹിച്ചിരുന്നത്. ആസിഡ്, ബേസിക്, ഡയറക്ട് ചായങ്ങളുടെ ഉത്പാദനത്തില്‍ ചെറുകിടമേഖല വന്‍കിടമേഖലയ്ക്ക് അനുബന്ധമായി പ്രവര്‍ത്തിച്ചുവരുന്നു. ക്ലോറോബെന്‍സിന്‍, മെറ്റാലിക് ആസിഡ്, സള്‍ഫനേറ്റഡ് ഡെറിവേറ്റിവ്സ് തുടങ്ങിയ നിവേശ വസ്തുക്കളും ഇപ്പോള്‍ ചെറുകിട വ്യവസായമേഖല ഉത്പാദിപ്പിക്കുന്നു. വന്‍കിടമേഖലയിലാകട്ടെ സങ്കീര്‍ണമായ സങ്കേതങ്ങളുപയോഗിച്ചുള്ള ചായക്കൂട്ടുകള്‍ നിര്‍മിക്കുന്നു. തുണി വ്യവസായരംഗത്തുള്ള അനിശ്ചിതാവസ്ഥ കാരണം പെയിന്റുകള്‍, പ്രിന്റിങ് മഷി, തുകല്‍, പ്ലാസ്റ്റിക്സ്, റബ്ബര്‍ ഉത്പന്നങ്ങള്‍ എന്നീ അനുബന്ധ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ വന്‍കിട വ്യവസായമേഖല നിര്‍ബന്ധിതമായിട്ടുണ്ട്.

ഒരു ചെറിയ കാലയളവിനുള്ളില്‍ ചായക്കൂട്ടുവ്യവസായത്തിലുണ്ടായിട്ടുള്ള വൈവിധ്യം അദ്ഭുതാവഹമാണ്. അനേകം വന്‍കിട-ചെറുകിട വ്യവസായ യൂണിറ്റുകള്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എണ്‍പതുകളില്‍ ഈ രംഗത്തുള്ള ചെറുകിട യൂണിറ്റുകളെ എക്സൈസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. ഇത് ഈ മേഖലയില്‍ കൂടുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ആവിര്‍ഭാവത്തിനു വഴിയൊരുക്കുക മാത്രമല്ല, അവയ്ക്കു വന്‍കിട യൂണിറ്റുകളോട് മത്സരിക്കുവാന്‍ ആവശ്യമായ ശേഷി നല്കുകയും ചെയ്തു. വന്‍കിട വ്യവസായ യൂണിറ്റുകള്‍ക്ക് പരിസരമലിനീകരണത്തിനെതിരായി നടപടികളെടുക്കുവാന്‍ കൂടുതല്‍ മുതല്‍മുടക്കേണ്ടിവരുന്നു. കൂടാതെ മറ്റു ആനുകൂല്യങ്ങള്‍ നല്കാനും അവര്‍ നിര്‍ബന്ധിതരാണ്. ഇക്കാരണങ്ങളാല്‍ അവയ്ക്കു ചെറുകിട യൂണിറ്റുകളില്‍ നിന്നുള്ള മത്സരത്തെ ചെറുക്കുവാന്‍ ഏറെ പാടുപെടേണ്ടിവന്നു. 1981-ല്‍ ടെക്സ്റ്റൈല്‍ വ്യവസായരംഗത്തുണ്ടായ പ്രശ്നങ്ങള്‍ ചായക്കൂട്ടുവ്യവസായത്തെ വളരെയേറെ പ്രതികൂലമായി ബാധിച്ചു. 1981, 82 എന്നീ വര്‍ഷങ്ങളില്‍ കയറ്റുമതിയിലും കുറവുണ്ടായി.

കയറ്റുമതി. ചായക്കൂട്ടുവ്യവസായത്തില്‍ മൂലധന നിക്ഷേപച്ചെലവും തൊഴിലാളികള്‍ക്കു നല്കേണ്ടിവരുന്ന വേതനച്ചെലവും വര്‍ധിച്ച തോതിലുള്ളതാണ്. വ്യാവസായികമായി പുരോഗതി നേടിയ രാജ്യങ്ങളില്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ വന്‍കിട യൂണിറ്റുകള്‍ ശ്രമം നടത്തുന്നില്ല. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ആ രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള അവബോധവും വര്‍ധിച്ച ഉത്പാദനച്ചെലവുമാണ് ഇതിനു കാരണം. അതിനാല്‍ ചോദനവും യഥാര്‍ഥ ഉത്പാദനവും തമ്മില്‍ വലിയ വിടവുണ്ടായിട്ടുണ്ട്. ആ രാജ്യങ്ങളിലെ വിപണികളെ സമീപിക്കാന്‍ ഇന്ത്യയ്ക്ക് ഇതൊരു അവസരമുണ്ടാക്കിയിരിക്കുകയാണ്. 1970-71-ല്‍ 2.57 കോടി രൂപ മാത്രം വില വരുന്ന ചായക്കൂട്ടുത്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നത്. ഇത് 1989-90-ല്‍ 529 കോടി രൂപയായി ഉയര്‍ന്നു. 1990-91-ല്‍ കയറ്റുമതി മൂല്യം 700 കോടി രൂപയില്‍ കവിഞ്ഞു. എല്ലായിനം ചായക്കൂട്ടുകളുടെയും കയറ്റുമതി വര്‍ധിക്കുമെങ്കിലും ഡയറക്ട് ഡൈസ്, വാറ്റ് ഡൈസ്, ആസിഡ് ഡൈസ്, ഓര്‍ഗാനിക് പിഗ്മെന്റ്സ്, റിയാക്റ്റീവ് ഡൈസ് എന്നിവയിലുള്ള കയറ്റുമതി വളരെ കൂടുതല്‍ ഉയരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നൂതന സന്ദര്‍ഭങ്ങളെ ചൂഷണം ചെയ്യുന്നതിനു തടസമായി വര്‍ത്തിക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയില്‍ പ്രധാനമായവ അസംസ്കൃത വസ്തുക്കളുടെയും സേവനങ്ങളുടെയും ഉയര്‍ന്ന വിലനിരക്കുകളും ചെറുകിട ഉത്പാദനശാലകളിലെ ഉത്പാദനത്തോതിന്റെ വ്യാപ്തിക്കുറവുമാണ്. ഇന്ന് ഇന്ത്യയിലെ ചായക്കൂട്ടുവ്യവസായത്തിലെ ഉത്പാദനച്ചെലവ് വ്യാവസായിക പ്രധാനമായ രാജ്യങ്ങളുടേതിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍