This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാമുണ്ഡി ഹില്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാമുണ്ഡി ഹില്‍സ്

Chamundi Hills

കര്‍ണാടകത്തിലെ മൈസൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന മലനിര. സമുദ്രനിരപ്പില്‍നിന്ന് സു. 1,057 മീ. ഉയരത്തില്‍, മൈസൂര്‍ നഗരത്തില്‍ നിന്ന് ഉദ്ദേശം 4 കി.മീ. തെ.കിഴക്കായി സ്ഥിതിചെയ്യുന്നു.

കുത്തനെ അരികുകളുള്ള ഒറ്റപ്പെട്ട ശിലകള്‍ നിറഞ്ഞ ഈ മലനിര മൈസൂറില്‍നിന്ന് വളരെ ദൂരത്തുവച്ചുതന്നെ ദൃശ്യമാണ്. ഇതിനു കിഴക്കുഭാഗത്തായിട്ടാണ് മനോഹരമായ ലളിതാദ്രിക്കുന്നിന്റെ സ്ഥാനം. ഈ ഭാഗത്തുനിന്ന് ധാരാളം റോഡുകള്‍ ചാമുണ്ഡി ഹില്‍സിലേക്ക് പോകുന്നുണ്ട്. വടക്കുഭാഗത്തുനിന്ന് ആയിരം കല്‍പ്പടവുകള്‍ കയറിയാല്‍ ചാമുണ്ഡിക്കുന്നിലെത്താം.

കുന്നിനു മുകളിലായിക്കാണുന്ന ചാമുണ്ഡീദേവിയുടെ ക്ഷേത്രമാണ് കുന്നിന്റെ പേരിനു കാരണം. ദുര്‍ഗാദേവിയുടെ അവതാരമായ ചാമുണ്ഡീദേവി കുടികൊള്ളുന്ന മലനിര എന്ന അര്‍ഥത്തിലാണ് 'ചാമുണ്ഡി ഹില്‍സ്' എന്നു പേരുവന്നത്. മൈസൂര്‍ രാജാക്കന്മാരുടെ പരദേവതയാണ് ചാമുണ്ഡേശ്വരി.

ഈ കുന്നില്‍ക്കാണുന്ന ഏറ്റവും പുരാതനക്ഷേത്രം മഹാബലേശ്വര ക്ഷേത്രമാണ്. ചാമുണ്ഡേശ്വരക്ഷേത്രത്തിനു തെക്കു ഭാഗത്തായിട്ടാണ് ഈ ശിവക്ഷേത്രം.

രക്തദാഹിയായ ചാമുണ്ഡേശ്വരിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ഈ ദേവീക്ഷേത്രത്തില്‍ മുന്‍കാലത്ത് നരബലി നടത്തിയിരുന്നതായി പറയപ്പെടുന്നു. മൈസൂര്‍ സുല്‍ത്താനായ ഹൈദരലിയാണ് ഈ സമ്പ്രദായം നിര്‍ത്തലാക്കിയത്.

1827-ല്‍ കൃഷ്ണരാജദേവരായര്‍ III ഇവിടെ പുനഃപ്രതിഷ്ഠ നടത്തിച്ചു. ക്ഷേത്രഗോപുരവും സമചതുരാകൃതിയില്‍ കാണുന്ന ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ മനോഹരരൂപവും അദ്ദേഹത്തിന്റെ സംഭാവനയാണ്. ക്ഷേത്രത്തിലേക്ക് താഴെനിന്നും കല്‍പ്പടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. കുന്നിന്റെ നെറുകയിലെത്തുന്നതിന് ഏകദേശം മുക്കാല്‍ ദൂരമെത്തുമ്പോള്‍ കല്ലില്‍ത്തീര്‍ത്ത ഒരു നന്ദിയുടെ ശില്പം കാണാം. ശിവന്റെ വാഹനമായി ഹിന്ദുക്കള്‍ ആരാധിക്കുന്ന ഈ നന്ദിയുടെ പ്രതിമയ്ക്ക് 5 മീറ്ററിലേറെ ഉയരമുണ്ട്. ഭീമാകാരമായ ആകൃതി, അവയവങ്ങളുടെ കൃത്യത, നിര്‍മാണശൈലി എന്നിവ കണക്കാക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഇപ്രകാരം മറ്റൊരു കലാരൂപവുമില്ല എന്നു കാണാം. ചാമുണ്ഡി ഹില്‍സിലെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ് നന്ദി. 1659-ല്‍ കിരീടധാരണം ചെയ്ത ദോഡദേവരാജനാണ് നന്ദിപ്രതിമ നിര്‍മിച്ചത്. ആയിരം പടികളുള്ള ചാമുണ്ഡി ഹില്‍സിലെ കല്‍പ്പടവും അദ്ദേഹത്തിന്റെ സംഭാവനയാണ്.

ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരിക്കുന്ന 'നക്ഷത്രമാലിക' എന്ന സ്വര്‍ണാഭരണം സുപ്രസിദ്ധമാണ്. 30 സംസ്കൃതശ്ലോകങ്ങള്‍ കൊത്തിയിട്ടുള്ള ഈ ആഭരണം കൃഷ്ണരാജഔദയാര്‍ III-ന്റെ കാണിക്കയാണ്. കൃഷ്ണരാജഔദയാര്‍ III-ന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയുടെയും പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായി അലങ്കരിച്ച ഈ രാജപ്രതിമയ്ക്ക് രണ്ടു മീറ്ററോളം ഉയരമുണ്ട്.

ഏകദേശം നൂറുകുടുംബങ്ങള്‍ അധിവസിക്കുന്ന ഒരു ചെറിയ ഗ്രാമം ഈ കുന്നിന്റെ ഭാഗത്തുണ്ട്. കുന്നിന്റെ ഏറ്റവും മുകളിലായി മൈസൂര്‍ രാജാവിന്റെ ഒരു കൊട്ടാരവും കാണാം. ക്ഷേത്രസന്ദര്‍ശനവേളയില്‍ രാജാവിനു താമസിക്കുന്നതിനായി നിര്‍മിച്ചതാണിത്. സഞ്ചാരികള്‍ക്കുവേണ്ടി ഒരു ടൂറിസ്റ്റ്ബംഗ്ലാവും ഇവിടെയുണ്ട്.

മൈസൂറിലെ ഒരു പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ ഈ കുന്നില്‍ നടക്കുന്ന ദസറാ ആഘോഷം സുപ്രസിദ്ധമാണ്. ദസറാക്കാലത്ത് നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ ഇവിടെ എത്തുന്നു. ഒന്‍പതു രാത്രികളിലായി നടക്കുന്ന ആഘോഷങ്ങളുടെ സമാപനം പത്താംദിവസമാണ്. ഈ ആഘോഷം സ്വദേശികളെയും വിദേശികളെയും ഒന്നുപോലെ ആകര്‍ഷിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍