This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാമ

മഴയെ മാത്രം ആശ്രയിച്ച് കൃഷിചെയ്യപ്പെടുന്ന ഒരു ചെറു ധാന്യവിള. ഗ്രാമിനെ സസ്യകുടുംബത്തില്‍പ്പെടുന്ന ഇതിന് 'ലിറ്റില്‍ മില്ലറ്റ്' (little millet) എന്നാണ് ഇംഗ്ളീഷിലെ പേര്. ശാ.നാ. പാനികം മിലിയേര്‍ (Panicum miliare).

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഇന്ത്യയില്‍ ചാമക്കൃഷി ചെയ്തിരുന്നു. ഋഷിമാരുടെ പ്രധാന ആഹാരമായും ഇത് കണക്കാക്കപ്പെട്ടിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2350 മീ. ഉയരത്തില്‍ വരെ ഇത് കൃഷി ചെയ്യുന്നുണ്ട്. ഫലപുഷ്ടികുറഞ്ഞ മണ്ണില്‍പ്പോലും ഇത് നന്നായി വളരും.

മൂന്നോ നാലോ പ്രാവശ്യം നിലം ഉഴുത് ഒരുക്കിയശേഷമാണ് ചാമവിത്ത് വിതയ്ക്കുന്നത്. വിതച്ചശേഷം വിത്ത് മണ്ണിനടിയിലാക്കാന്‍ ഒരു പ്രാവശ്യംകൂടി ഉഴുന്നു. ഒരു ഹെക്ടര്‍ സ്ഥലത്ത് വിതയ്ക്കാന്‍ 8-10 കി.ഗ്രാം വിത്തു മതിയാകും. സാധാരണഗതിയില്‍ ചാമയ്ക്ക് വളം ചേര്‍ക്കേണ്ട ആവശ്യമില്ല. വിതച്ച് ഒരു മാസം കഴിഞ്ഞ് ഇടയിളക്കുകയും കളപറിക്കുകയും ചെയ്യണം. മൂപ്പെത്തിയാല്‍ കൊയ്തെടുത്ത് ചെറിയ കെട്ടുകളാക്കി ഒരാഴ്ച വയ്ക്കുന്നു. ഒരാഴ്ചയ്ക്കുശേഷം കാളകളെകൊണ്ട് ചവിട്ടിച്ച് ധാന്യം വേര്‍പെടുത്തുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് 200-500 കി.ഗ്രാം ധാന്യം കിട്ടും. മാത്രമല്ല, 700-1000 കി.ഗ്രാം വയ്ക്കോലും ലഭിക്കും. ആവശ്യത്തിന് മഴയുണ്ടെങ്കില്‍ കാലവര്‍ഷാരംഭത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം നിലം ഉഴുത് കട്ടയുടച്ച് വിത്തുവിതയ്ക്കുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളിലാണ് സാധാരണമായി വിത്തിടാറുള്ളത്. മറ്റു വിളകള്‍ കൃഷിചെയ്യാന്‍ കൊള്ളാത്ത മണ്ണില്‍പ്പോലും ചാമ നന്നായി വളരും. അതിനാല്‍ വിളപരിക്രമം ചാമയില്‍ വളരെ കുറവാണ്. ആന്ധ്രയില്‍ ചില പ്രദേശങ്ങളില്‍ ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ ചാമയും മുതിരയും കൃഷിചെയ്യുന്നു. കേരളത്തിലും മുതിരക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ചാമക്കൃഷി നടത്താറുണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും ലഭിക്കുന്ന പ്രദേശങ്ങളില്‍ കാലവര്‍ഷക്കാലത്ത് ചാമയും തുലാവര്‍ഷക്കാലത്ത് മുതിരയും കൃഷിചെയ്യുന്നു. നീലഗിരിയില്‍ ഉരുളക്കിഴങ്ങിനുശേഷം ഇത് കൃഷിയിറക്കുന്നു. ബജ്റ, വരക്, കൂവരക്, പയറുവര്‍ഗങ്ങള്‍ എന്നിവയുമായി ചേര്‍ത്തും ഇത് വളര്‍ത്തുന്നുണ്ട്.

രണ്ടിനം ചാമയുണ്ട്. ഒരിനത്തിന് ഒരു മാസത്തെ മൂപ്പും മറ്റേതിന് നാലരമാസത്തെ മൂപ്പുമാണുള്ളത്. കതിരിന്റെ ആകൃതിയും ധാന്യത്തിന്റെ നിറവും രണ്ടിനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.

പൊതുവേ ക്ഷാമകാലത്തു മാത്രമാണ് ചാമ ആഹാരമായി ഉപയോഗിക്കുന്നത്. നെല്ലു പുഴുങ്ങുന്നതുപോലെ ഇതും പുഴുങ്ങിക്കുത്തി ഉപയോഗിക്കാം. കന്നുകാലികള്‍ക്കും പുഴുങ്ങി തീറ്റയായി കൊടുക്കാറുണ്ട്. വളര്‍ത്തു പക്ഷികള്‍ക്കും പ്രധാന ആഹാരമായി ചാമ ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ വയ്ക്കോല്‍ ഉത്തരേന്ത്യയില്‍ വളമായി ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍