This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാന്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാന്ത്

1. നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബന്ധകവസ്തു. ചുണ്ണാമ്പ്, സിമന്റ് എന്നിവ തനിച്ചോ, കൂട്ടായോ, മണലും വെള്ളവും ചേര്‍ത്ത് കുഴച്ച് ചാന്ത് നിര്‍മിക്കുന്നു. നിര്‍മാണ പദാര്‍ഥങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് മര്‍ദത്തെ സമമായി വിതരണം ചെയ്യുവാന്‍ ചാന്ത് സഹായിക്കുന്നു. ഹാരപ്പയിലും, മൊഹന്‍ജൊദരോയിലും നടത്തിയ ഗവേഷണങ്ങളില്‍ നിന്നും ഒരു തരം ചാന്ത് അക്കാലത്തും ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം. പ്രകൃതിദത്തമായ ചാന്ത് (ചെളി, കളിമണ്ണ്) മാത്രമാണ് പുരാതനകാലത്ത് (ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഗ്രീസ്) ഉപയോഗിച്ചിരുന്നത്. റോമക്കാര്‍ അഗ്നിപര്‍വത ചാരവും ചുണ്ണാമ്പും കലര്‍ന്ന മിശ്രിതം ബന്ധകവസ്തുവായി ഉപയോഗിച്ചിരുന്നു. പുരാതന ഭാരതീയ വാസ്തുവിദ്യയില്‍ കുമ്മായച്ചാന്തിന്റെ ഉപയോഗം ശ്രദ്ധേയമാണ്. കെട്ടിനും തേപ്പിനും നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നത് കുമ്മായച്ചാന്താണ്. ഒരു ഭാഗം നീറ്റുചുണ്ണാമ്പും മൂന്ന് അല്ലെങ്കില്‍ നാലുഭാഗം മണലും വെള്ളവും ചേര്‍ത്ത് കുമ്മായ ച്ചാന്ത് ഉണ്ടാക്കുന്നു. ചുണ്ണാമ്പുമായുള്ള പ്രതിക്രിയ സാവധാനത്തിലാണ് നടക്കുന്നത്. ചുണ്ണാമ്പും അന്തരീക്ഷ വായുവിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡുമായി രാസപ്രവര്‍ത്തനം നടന്ന് കാല്‍സിയം കാര്‍ബണേറ്റും മണലുമായി ചേര്‍ന്ന് കാല്‍സിയം സിലിക്കേറ്റും ഉണ്ടാകുന്നു. ഈ രാസവസ്തുക്കളാണ് കുമ്മായം ഉറയ്ക്കുന്നതിനു സഹായിക്കുന്നത്. ജലാംശം ബാഷ്പീകരണം വഴി പുറത്തുപോകുന്നു. ചുമരുകള്‍ക്കും തറയ്ക്കും മനോഹാരിതയും മിനുസവും കൂട്ടാന്‍ ചാന്തിനോട് കരുപ്പെട്ടി, ചിരട്ടക്കരി, കോഴിമുട്ട, കള്ളിച്ചെടിയുടെ ചാറ് തുടങ്ങിയ വസ്തുക്കള്‍ ചേര്‍ത്തിരുന്നു.

സിമന്റിന്റെ ആവിര്‍ഭാവംവരെ കുമ്മായച്ചാന്താണ് സാര്‍വത്രികമായി ഉപയോഗിച്ചിരുന്നത്. ജലത്തിലും വായുവിലും ഏറ്റവും സ്ഥിരതയുള്ള വസ്തുവാണ് സിമന്റ്. കുമ്മായത്തിന് സിമന്റ് ചാന്തിനെക്കാള്‍ താരതമ്യേന ബലക്കുറവാണ്. കൂടാതെ ഇത് ഈര്‍പ്പമുള്ള മണ്ണിലും വെള്ളത്തിനടിയിലെ പണികള്‍ക്കും യോജിച്ചതുമല്ല. സാധാരണയായി ഒരുഭാഗം സിമന്റും രണ്ടുമുതല്‍ എട്ടു വരെ ഭാഗം മണലും ചേര്‍ത്താണ് സിമന്റ് ചാന്ത് ഉണ്ടാക്കുന്നത്. ഇതിനോട് ഒരു ഭാഗം നീറ്റുചുണ്ണാമ്പും ചേര്‍ക്കാറുണ്ട്. ഇതുമൂലം പ്ലാസ്തികത കൂടുകയും വിള്ളലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഇവിടെയും കുമ്മായച്ചാന്തില്‍ നടക്കുന്നതുപോലെയുള്ള രാസപ്രവര്‍ത്തനങ്ങളിലൂടെയാണ് ദൃഢീകരണം സംഭവിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത അനുപാതങ്ങളിലാണ് ഘടകവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഘടകവസ്തുക്കളില്‍ ഏറ്റവും വിലയേറിയത് സിമന്റാണ്. ചാന്തിന്റെ ഉറപ്പ്, ജലരോധകസ്വഭാവം എന്നിവ സിമന്റിന്റെ ചേരുവയെ ആശ്രയിച്ചിരിക്കും. കാലാവസ്ഥയ്ക്കനുയോജ്യമായ സിമന്റ് ചാന്തിനോട് ഉപ്പ്, മാങ്ഗനീസ്, പഞ്ചസാര തുടങ്ങിയ പദാര്‍ഥങ്ങള്‍ അധിമിശ്രണമായി ചേര്‍ക്കുന്നു. കൂടുതല്‍ മിനുസം കിട്ടാനായി തനിസിമന്റ്ചാന്താണ് ഉപയോഗിക്കുന്നത്. വിവിധതരം വര്‍ണകങ്ങള്‍ സിമന്റിനോടുചേര്‍ത്ത് നിറമുള്ള ചാന്ത് ഉത്പാദിപ്പിക്കുന്നു. മൊസേക്ക്, ഗ്രാനൈറ്റ്, മാര്‍ബിള്‍ കോണ്‍ക്രീറ്റ് തുടങ്ങിയ പണികള്‍ക്ക് പ്രത്യേകതരം ചാന്ത് ഉപയോഗിച്ചുവരുന്നു. സാങ്കേതിക പുരോഗതിയെ ആശ്രയിച്ച് ചാന്തിലെ ഘടകവസ്തുക്കള്‍, നിര്‍മാണരീതി എന്നിവയ്ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

2. തിലകം തൊടുന്നതിനുപയോഗിക്കുന്ന ഒരു അംഗരാഗക്കൂട്ട്. പച്ചരിയും ചവ്വരിയുംകൂടി വറുത്തുപൊടിച്ച് ചെമ്പരത്തിപ്പൂവിന്റെ നീരില്‍ചേര്‍ത്തു തിളപ്പിച്ചു കുറുക്കിയാണ് ചാന്തുണ്ടാക്കുന്നത്. ഇതിന്റെ നിറം കറുപ്പാണ്. ആധുനിക കാലത്ത് പലതരം ചായങ്ങള്‍ ചേര്‍ത്ത് അനവധി വര്‍ണങ്ങളില്‍ ചാന്ത് നിര്‍മിച്ചുവരുന്നു. നോ: അംഗരാഗങ്ങള്‍

3. നമ്പൂതിരിമാര്‍ ഉപയോഗിക്കുന്ന ഒരിനം ഭാഷയും (സമാവര്‍ത്തനം) ചാന്ത് എന്ന പേരിലറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍