This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തന്‍സേവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തന്‍സേവ

ചാത്തനെ ഉപാസിക്കുന്ന പ്രവൃത്തി. ചാത്തന്‍ സങ്കല്പവും ചാത്തന്‍സേവയും വളരെ പഴക്കമുള്ള ഒരു വിശ്വാസമാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതിനുസമാനമായ സങ്കല്പങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. കുസൃതിയായ ഭൂതം എന്നര്‍ഥമുള്ള 'പോള്‍ടര്‍ഗൈസ്റ്റ്' (Poltergeist) എന്ന ജര്‍മന്‍ സംജ്ഞയില്‍ ലോകത്തിന്റെ പല ഭാഗത്തും പ്രചാരത്തിലുള്ളത് കുട്ടിച്ചാത്തനു സമാനമായ സങ്കല്പങ്ങളാണ്. ചാത്തന്‍സേവമൂലം ഉദ്ദിഷ്ടകാര്യം എളുപ്പം സാധിക്കും എന്ന സങ്കല്പമാണ് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. അതിപുരാതനകാലം മുതല്‍ ചാത്തന്‍ എന്ന പ്രാകൃത ദൈവസങ്കല്പവും ചാത്തനാട്ടം തുടങ്ങിയ കര്‍മങ്ങളും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ചാത്തനെ വശത്താക്കി ചാത്തന്‍സേവ ചെയ്യിക്കുന്നതിന് ചില പ്രത്യേക നിഷ്ഠകളും മന്ത്രോപാസനകളും ആവശ്യമാണ്. ചാത്തനെ വശത്താക്കിക്കഴിഞ്ഞാല്‍ ഉപാസകന്‍ ചാത്തനെ സദാ പ്രീതിപ്പെടുത്തിക്കൊണ്ടിരിക്കണം. അല്ലാത്തപക്ഷം ചാത്തന്‍ ഉപാസകനെത്തന്നെ ഉപദ്രവിക്കും. ചാത്തന്‍സേവകരുടെ നിര്‍ദേശമനുസരിച്ചാണ് മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ചാത്തനേറും മറ്റു കുസൃതികളും ചെയ്യുന്നത് എന്നാണ് വിശ്വാസം. സാധാരണ സന്ധ്യകഴിഞ്ഞാണ് ചാത്തന്‍ശല്യങ്ങള്‍ ആരംഭിക്കുന്നത്. ചാത്തന്‍ശല്യങ്ങള്‍കൊണ്ട് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കാറില്ല. ചാത്തനുപദ്രവത്തിന്റെ കാലാവധി രണ്ടോ മൂന്നോ ദിവസം മുതല്‍ മൂന്നു മാസംവരെ തുടരാമെങ്കിലും മൂന്നു ആഴ്ചയില്‍ക്കൂടുതല്‍ നീണ്ടു നില്ക്കുന്നത് വിരളമാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടായ വളര്‍ച്ചയും വികാസവും ഈ പ്രാകൃത വിശ്വാസത്തിനു കോട്ടം വരുത്തിയിട്ടുണ്ട്. ചാത്തന്‍ ചെയ്യുന്നതായി വിശ്വസിക്കുന്ന പല പ്രവൃത്തികളും ചില പ്രകൃതി പ്രതിഭാസങ്ങളോ മനുഷ്യന്‍തന്നെ ചെയ്യുന്ന കാര്യങ്ങളോ ആണെന്ന് കരുതപ്പെടുന്നു.

ചാത്തന്‍ ഒരു ദലിത് ദൈവിക സങ്കല്പമാണ്. അബ്രാഹ്മണ ജനതയായിരുന്നു ആദ്യകാലങ്ങളില്‍ ചാത്തന്‍സേവ നടത്തിയിരുന്നത്. അതിന്റെ പ്രാദേശിക മിത്തുകളില്‍ മേലാളര്‍ക്കെതിരെ കീഴാളജനത നടത്തിയ പ്രതിരോധങ്ങളുടെ ഭാവനാത്മകപ്രതികരണം അടങ്ങിയിട്ടുണ്ട്. വള്ളോ സ്ത്രീയുടെ പുത്രനായി ജനിച്ച ചാത്തന്‍ കാളകാട്ടില്ലത്തെ ഇടയനായിരുന്നു. കാലിമേച്ചു നടക്കുമ്പോള്‍ കടുത്തവിശപ്പും ദാഹവും അനുഭവപ്പെട്ടു. ചുറ്റും അരുവിയോ, പൊയ്കയോ ഒന്നും ഇല്ലായിരുന്നു. അങ്ങനെ വന്നപ്പോള്‍ ഒരു കാളയെ അറുത്ത് രക്തം കുടിച്ചു. പിറ്റേദിവസം കാളകാട്ടച്ചന്‍ (നമ്പൂതിരി) കണികാണാന്‍ എത്തിയപ്പോള്‍ ചെങ്കൊമ്പന്‍കാളയെ കാണാനില്ല. അപ്പോഴാണ് കാളയെ അറുത്ത് ചോരകുടിച്ച വിവരം നമ്പൂതിരി അറിഞ്ഞത്. ഉടനെ ചാത്തനെ കൊന്ന് 'ചുട്ടുപൊട്ടിച്ചു'. തീയില്‍ നിന്ന് 64 ചാത്തന്മാരുണ്ടായി. അവര്‍ നമ്പൂതിരിയോട് പ്രതികാരം ചെയ്യാന്‍ തുടങ്ങി. ഇത് കുട്ടിച്ചാത്തന്‍ പുരാവൃത്തങ്ങളിലൊന്ന്. നമ്പൂതിരിയോട് പ്രതികാരം ചെയ്യാന്‍ കെല്പുള്ള അമാനുഷിക ശക്തിയെ ഉപാസിക്കുകയെന്നാല്‍ ജാതീയവും, അധികാരപരവുമായ അടിച്ചമര്‍ത്തലുകളോട് പ്രതികരിക്കാനും പ്രതിരോധിക്കാനും ശക്തിനേടുക എന്നുകൂടി അര്‍ഥമുണ്ട്.

ഇന്ത്യയില്‍ ബ്രാഹ്മണിസം എങ്ങനെയാണോ കീഴാള, പ്രാദേശിക ദൈവസങ്കല്പങ്ങളെ സ്വാംശീകരിച്ചുകൊണ്ട് തങ്ങളുടെ അധീശത്വത്തെ നിലനിര്‍ത്താന്‍ ശ്രമിച്ചത്, അതേ പാത ഇവിടെയും സ്വീകരിക്കപ്പെട്ടു എന്ന് കരുതേണ്ടിവരും. അബ്രാഹ്മണിക ദൈവങ്ങള്‍, ബ്രാഹ്മണിക്കല്‍ മഹാദൈവങ്ങളുടെ മായയും, ഉപദൈവങ്ങളുമായിത്തീരുന്നതോടെ സാംസ്കാരിക ആധിപത്യത്തിന്റെ സങ്കീര്‍ണരൂപങ്ങള്‍ ഉരുത്തിരിയുന്നു. ഇത് നിലനില്‍ക്കുന്ന ആധിപത്യം തുടരാനും അതിനെതിരായ പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്താനും, ഇല്ലാതാക്കാനുംതന്നെ സഹായകരമായിത്തീരുന്നു. തൊട്ടുകൂടാത്തവരുടെ, ഗോമാംസം ഭക്ഷിക്കുന്നവരുടെ ദൈവം ബ്രാഹ്മണികവത്കരിക്കപ്പെട്ടതിന്റെ വഴികള്‍ ചാത്തന്മാര്‍ ശ്രീപരമേശ്വരന് വിഷ്ണുമായയില്‍ ജനിച്ച പുത്രന്മാരാണെന്നും, മായയ്ക്കധീനമായാണ് ഇവര്‍ വര്‍ത്തിക്കുന്നതെന്നും മറ്റുമുള്ള മിത്തുകളില്‍ നിന്ന് വായിച്ചെടുക്കാം.

ചില നമ്പൂതിരി കുടുംബങ്ങള്‍ ചാത്തന്‍സേവ നടത്തുന്നുണ്ട്. ചാത്തന്‍ ശല്യമുണ്ടാകുന്ന വീടുകളിലേക്ക് ഇവര്‍ അരി, ഭസ്മം എന്നിവ ജപിച്ചുകൊടുത്തയയ്ക്കുകയോ എഴുത്തെഴുതിക്കൊടുക്കുകയോ ചെയ്യുമ്പോള്‍ ശല്യം തീരുമെന്നാണ് വിശ്വാസം. നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും കിട്ടിയെന്നു അവകാശപ്പെടുന്ന ചില വിഗ്രഹങ്ങള്‍ ഉപയോഗിച്ച് പൂജനടത്തുന്ന ചില അബ്രാഹ്മണകുടുംബങ്ങളാണ് ഇന്ന് ചാത്തന്‍സേവയുമായി ബന്ധപ്പെട്ടു പ്രശസ്തി ആര്‍ജിച്ചിട്ടുള്ളത്.

ചാത്തന്‍ വിക്രിയകളുടെ മനഃശാസ്ത്രം. പാരാസൈക്കോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ കൗമാരപ്രായത്തിലുള്ള ചില വ്യക്തികളാണ് മിക്കപ്പോഴും ചാത്തന്‍ശല്യത്തിനു കാരണക്കാരാകാറുള്ളത്. അബോധ മനസ്സിന്റെ സിദ്ധികൊണ്ടു (Psychokinesis) സ്പര്‍ശനം കൂടാതെ വസ്തുക്കളില്‍ ചലനമോ അവസ്ഥാഭേദമോ ഉണ്ടാക്കാന്‍ വ്യക്തികള്‍ക്കു കഴിയുമെന്ന നിഗമനമാണ് ഇതിനടിസ്ഥാനം. കൗമാരപ്രായത്തില്‍ ഈ ശക്തി ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതായി ഇവര്‍ അവകാശപ്പെടുന്നു. അടിച്ചമര്‍ത്തപ്പെട്ട വൈകാരിക പ്രശ്നങ്ങളാണ് പലപ്പോഴും ഇതിനു കാരണം. ലൈംഗികമായ അസൂയ, സ്വതന്ത്രമായി വീട്ടിനു പുറത്തുപോകാനും കൂട്ടുകാരുമായി ബന്ധപ്പെടാനും വീട്ടുകാര്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍, കടുത്ത വിരസത എന്നിവയൊക്കെ ഇതിനു കാരണമാകാം. വീട്ടുജോലിക്കു നില്‍ക്കുന്ന ബാലികാബാലകന്മാര്‍ക്ക് വീട്ടുകാരോടു തോന്നുന്ന അമര്‍ഷം ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട വികാരമായി മാറാറുണ്ട്. ഇത്തരം വ്യക്തികള്‍ക്ക് ഉണ്ടാകുന്ന മനഃശാസ്ത്രപരമായ പ്രേരകങ്ങളുടെ ചലനം വീട്ടിലുള്ള മറ്റു ചില വസ്തുക്കളുടെ ചലനത്തിനു കാരണമാകാം. മറ്റു പ്രത്യക്ഷ കാരണങ്ങള്‍ ഒന്നുമില്ലാതെ ഉണ്ടാകുന്ന ഇത്തരം ചലനങ്ങള്‍ ചാത്തന്റെ വിക്രിയയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മേല്പറഞ്ഞ തരത്തിലുള്ള വ്യക്തികള്‍ ബോധപൂര്‍വംതന്നെ കുസൃതികള്‍ കാണിച്ചെന്നുവരാം. മറ്റുചിലര്‍ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ അത്ര ബോധപൂര്‍വമല്ലാതെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു കൃത്രിമങ്ങള്‍ കാണിക്കും. ചിലപ്പോള്‍ ഒരു വ്യക്തിയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന മാനസികപ്രേരണകള്‍ മറ്റു വ്യക്തികളെയും സ്വാധീനിക്കുകയും ആദ്യത്തെ വ്യക്തിയുടെ അഭാവത്തില്‍ സംഭവങ്ങള്‍ നടക്കുകയും ചെയ്യും.

പോള്‍ടര്‍ഗൈസ്റ്റ് ഗവേഷണം. ചാത്തന്റെ പേരില്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെ സംബന്ധിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ മറ്റേതെങ്കിലും കാരണംമൂലം ഉണ്ടാകുന്നതാണോ എന്നു മനസ്സിലാക്കാനാണ് അധികം ഗവേഷകരും ശ്രമിച്ചിട്ടുള്ളത്. സാധനങ്ങള്‍ മറിഞ്ഞുവീഴുന്നതിനു പല കാരണങ്ങള്‍ ഇവര്‍ നിരത്തുന്നുണ്ട്. ഭൂമികുലുക്കം, വാഹനങ്ങള്‍ സഞ്ചരിക്കുന്നതുമൂലം ഉണ്ടാകുന്ന കുലുക്കം എന്നിവ വസ്തുക്കള്‍ മറിഞ്ഞുവീഴുന്നതിനു കാരണമാകാം. എലി, മരപ്പട്ടി തുടങ്ങിയവയുടെ ശല്യവും ചലനങ്ങളും ശബ്ദങ്ങളും ഉണ്ടാക്കാം. തമാശയ്ക്കു വേണ്ടിയോ, താമസിക്കുന്നവരെ വിരട്ടി ഓടിക്കുന്നതിനുവേണ്ടിയോ ലൈംഗികമായ ആകര്‍ഷണത്തിന്റെ ഫലമായോ പലരും പല കുസൃതികളും കാണിച്ചെന്നുവരാം. മാനസികമായ തകരാറുള്ളവര്‍ ചിലപ്പോള്‍ ചില വിക്രിയകള്‍ കാണിക്കാന്‍ നിര്‍ബന്ധിതരായിത്തീരും. നൂല്‍കെട്ടിയും ചെറിയ കെണികള്‍ വച്ചും തറയില്‍ ചോക്കുപൊടി വിതറിയും ആള്‍ നടന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കാം. ഓരോ സംഭവവും നടക്കുമ്പോള്‍ ആ സ്ഥലവുമായി വീട്ടിലുള്ള ഓരോ വ്യക്തിയുടെയും ദൂരം അളന്നുനോക്കിയും സൈക്കിക്ക് ഫീല്‍ഡിന്റെ കേന്ദ്രബിന്ദു എവിടെയാണെന്ന് കണ്ടുപിടിക്കാവുന്നതാണ്. വീഡിയോ റെക്കോഡിങ്, ഫ്ളാഷ് ലൈറ്റുകള്‍ തുടങ്ങിയവ സംഭവങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ഉപകരിക്കും. നോ: കുട്ടിച്ചാത്തന്‍

(ഡോ. വി. ജോര്‍ജ് മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍